മുത്തങ്ങയിലെ നരിവേട്ട
മലയാളത്തില്‍ സാമൂഹികാവബോധം സൃഷ്ടിക്കുന്ന, കീഴാള വിഷയത്തിനുമേല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സിനിമകള്‍ക്ക് തീര്‍ച്ചയായും സ്പേസ് ഉണ്ട്. 2025 ലെ ആറു മാസത്തിനിടയില്‍ ആറിലധികം ജാതിപീഡനങ്ങളാണ് കേരളം ചര്‍ച്ച ചെയ്തത്. ‘നരിവേട്ട’ തീയേറ്ററില്‍ നിറഞ്ഞോടുമ്പോഴായിരുന്നു ബിന്ദു എന്ന ദളിത് യുവതിക്ക് ഇല്ലാത്ത മോഷണക്കേസില്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പോലീസ് പീഡനം നേരിടേണ്ടി വന്ന സംഭവം കേരളം ചര്‍ച്ച ചെയ്തത്. അതിനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് വീഡിയോയില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്. കറുത്ത നിറത്തിന്റെ പേരില്‍ ചീഫ് സെക്രട്ടറി പോലും ആക്ഷേപിക്കപ്പെട്ട നാടാണ് കേരളം.

ഇന്ത്യന്‍ ഭരണഘടനപ്രകാരം സംരക്ഷിത ജനവിഭാഗത്തിലാണ് സ്ഥാനമെങ്കിലും അവഗണിതസ്വത്വം പതിച്ചുകൊടുത്തിട്ടുള്ള വിഭാഗത്തിലാണ് ആദിവാസി ഗോത്രജനതയെ പരിഗണിക്കപ്പെടുന്നത്. കാലാകാലങ്ങളായി ഇതരവിഭാഗങ്ങളും ഭരണകൂടവും അധിനിവേശത്തിനും ചൂഷണത്തിനും ഇരകളാക്കി അവരുടെ ഭൂമിയും വിഭവങ്ങളും മാനവശേഷിയും അറിവുകളുമൊക്കെ തകര്‍ക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തുവരുന്നത് പതിവ് കാഴ്ചകളായി മാറിയിട്ടുണ്ട്. അസംഘടിതരും അവികസിതരുമായ ഗണത്തിലാണ് ഉള്പ്പെടുത്തിയിട്ടുള്ളതെന്നതിനാല് ഗോത്രജനതയെ എത്രമോശവും ഹീനവും നീചവുമായ രീതിയില്‍ കൈകാര്യം ചെയ്താല്‍പോലും തെറ്റില്ലെന്ന തരത്തിലൊരു മേധാവിത്വമനോഭാവം നാഗരികജീവിതം പിന്തുടരുന്നവര്ക്കിടയില് വ്യാപകമായിട്ടുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 342-ല്‍ പട്ടികവര്‍ഗങ്ങളായി കണക്കാക്കപ്പെടുന്ന ജാതികള്‍, വംശങ്ങള്‍, ഗോത്രങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ പ്രസിഡന്റിന്റെ അധികാര പരിധിക്ക് കീഴിലാണ് വരുന്നത്. ഭരണഘടനയുടെ 1951 ല്‍ പാസ്സാക്കിയ ആദ്യ ഭേദഗതി, പട്ടികജാതി-പട്ടികവര്‍ഗ പൗരന്മാരുടെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കിയിട്ടുള്ളതുമാണ്. വികസന പദ്ധതികളാല്‍ കുടിയിറക്കപ്പെട്ട ഗോത്രങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം, മതിയായ പുനരധിവാസം, സുസ്ഥിരമായ ഉപജീവനത്തിനുള്ള അവസരങ്ങള്‍, പുരോഗതി തുടങ്ങിയവയെല്ലാം ഉറപ്പാക്കണമെന്നതാണ് വ്യവസ്ഥ ചെയ്യുന്നത്.
കേരളത്തിലെ ഗോത്രജനതയുടെ ഭൂമിസമരങ്ങള്ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഒന്നും ഒറ്റയുമായി സ്വയം തെളിഞ്ഞും സ്വയം അണഞ്ഞും പോയിരുന്ന പ്രതിഷേധങ്ങളിലേക്കും അവര്‍ ഉയര്‍ത്തുന്ന ഊരുകള്‍ക്ക് പുറത്ത് അത്ര പരിചിതമല്ലാത്ത പ്രശ്നങ്ങളിലേക്കും പൊതുസമൂഹത്തിന്റെ ശ്രദ്ധയെ വഴിതിരിച്ചുവിട്ട സംഭവങ്ങളുടെ തുടക്കമായി ‘മുത്തങ്ങ സമര’ ത്തെ കണക്കാക്കാം.
സിനിമയില്‍ കാണുന്ന മുത്തങ്ങാസമരം
വേണ്ടത്ര വികസിച്ചിട്ടില്ലാത്ത ഗോത്രജീവിതങ്ങളുടെ ദൈന്യത വിചാരണയ്ക്ക് എടുത്ത ഗൗരവപ്പെട്ട സംഭവമായിട്ടാണ് 2003 ല്‍ വയനാട് മുത്തങ്ങയില്‍ ഗോത്രജനത നടത്തിയ ഐതിഹാസിക സമരവും പോലീസ്വെടിവെയ്പ്പും ജീവന് നഷ്ടമാകലുകളും നില്‍ക്കുന്നത്. ചിതലരിച്ചുപോയ ഒരു ജീവല്പ്രശ്നത്തിന്റെ 22 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ പൊടിപിടിച്ചുപോയ ഓര്‍മ്മകളുടെ ഫയലുകള്‍ കേരളത്തിന് മുന്നില്‍ വീണ്ടും തുറന്നിട്ടത് ടൊവീനോതോമസ് നായകനായ ‘നരിവേട്ട’ സിനിമയാണ്. പോലീസിന്റെ 18 റൗണ്ട് വെടിവെയ്പ്പും മരണപ്പെട്ടുപോയ ജോഗിയെന്ന ആദിവാസി യുവാവും വിനോദ് എന്ന പോലീസുകാരനുമെല്ലാം നിറഞ്ഞുനില്ക്കുന്ന സംഭവത്തിന്റെ ചലച്ചിത്രരൂപം മലയാളിയുടെ ഫോള്‍ഡറില്‍ സേവ് ചെയ്യപ്പെടുന്ന ആദിവാസിപ്രശ്നങ്ങളുടെ കനപ്പെട്ട സിനിമകളിലൊന്നായി മാറേണ്ടതാണ്.
കേരളത്തിലെ ഒരു പ്രധാന സംഭവം ചര്ച്ചയ്ക്കുവെച്ചിരിക്കുന്നു എന്ന നിലയില്‍ അഭിനേതാക്കളുടെ പ്രകടനവും സംവിധാനവും തിരക്കഥയും ക്യാമറയും പശ്ചാത്തലസംഗീതവും എല്ലാം ഈ വിചാരണയില്‍ അപ്രസക്തമായി കണക്കാക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള തീം എന്ന നിലയില്‍ അതിനെ മാത്രമേ ചര്ച്ചയ്ക്കെടുക്കുന്നുള്ളൂ. ഹിറ്റ് സിനിമ എന്ന യാഥാര്‍ത്ഥ്യത്തിന് ഭൂരിപക്ഷത്തിന് ഇഷ്ടമായത് എന്ന് കൂടി അര്‍ത്ഥമുണ്ട്. ആ നിലയില്‍ ചേരുവകള്‍ ഒത്തിട്ടുണ്ട് എന്ന കാര്യം അടിവരയിടുന്നു. ടൊവീനോ, ചേരന്, സുരാജ് വെഞ്ഞാറമൂട്, ആര്യാസലീം, പ്രശാന്ത് മാധവന്, പ്രണവ്, നായിക പ്രിയംവദ എന്നിവരെല്ലാം ഏറ്റെടുത്ത വേഷങ്ങള്‍ മികവുറ്റതാക്കി. അബിന്ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥയും അനുരാജിന്റെ സംവിധാനമികവും മികച്ച സിനിമാ അനുഭവമാക്കി നരിവേട്ടയെ മാറ്റുന്നുണ്ട്.
എല്ലാ കലാമേന്മയ്ക്കും ഉള്ളില്‍ നിര്‍ത്തി മുത്തങ്ങാസംഭവത്തിന്റെ ഗൗരവത്തിലേക്ക് ഒരു പോലീസുകാരന് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് സിനിമ. ബ്യൂറോക്രസി, ഭരണകൂട ഭീകരത, മനുഷ്യാവകാശലംഘനം, ക്രിമിനല്‍ പോലീസിംഗ്, റാങ്ക്ലിസ്റ്റ് സമരം, മദ്ധ്യവര്‍ത്തി സമൂഹത്തിലെ തൊഴിലില്ലായ്മ, പ്രണയം എന്നിങ്ങനെ മള്‍ട്ടി ഡൈമന്‍ഷന്‍ ഓട്ടപ്രദക്ഷിണം നടത്തുന്നതിനാല്‍ കുറഞ്ഞ ദൈര്‍ഘ്യമാണ് മുത്തങ്ങാസമരത്തിന് കൊടുത്തിട്ടുള്ളത്. പക്ഷേ വിഷയത്തിന്റെ മുഴുനീള പ്രസന്‍സ് സിനിമയില്‍ ഉണ്ടാക്കാന്‍ കഴിയുന്നതിന്റെ ഒരു ബ്രില്യന്‍സ് സിനിമയിലുണ്ട്. ക്ലൈമാക്സ് കണ്ടിറങ്ങുമ്പോള്‍ ഉള്ളുലയുകയും കണ്ണു നിറയുകയും ചെയ്തിരുന്നു എന്നത് സാക്ഷ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ദളിത് ആദിവാസി അവകാശ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ വാദികള്‍ എന്നിവരെ എളുപ്പത്തില്‍ വീഴ്ത്താന്‍ കഴിയുന്ന കെണി മാവോയിസ്റ്റ്, വ്യാജഏറ്റുമുട്ടലുകളാണെന്ന ചര്‍ച്ചയും സിനിമ ചെയ്യുന്നുണ്ട്.
2014 ല്‍ ഗോത്രജനത സെക്രട്ടേറിയേറ്റിന് മുന്നില്‍ 162 ദിവസം പ്രതിഷേധിച്ച സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു. ഒരു വലിയ സംഭവം രണ്ടരമണിക്കൂറിനുള്ളിലിട്ട് എഡിറ്റ് ചെയ്യുമ്പോള്‍ വരാവുന്ന വിഷയചോര്ച്ചയുടെ പരിമിതിക്കപ്പുറത്തല്ല സിനിമ നില്‍ക്കുന്നത്. സിനിമകള്‍ എല്ലായ്പ്പോഴും പ്രതിബദ്ധത കൂടിയാണ്. അവ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തലുകളിലേക്ക് നയിക്കുന്ന സ്മാരകശിലകള്‍ കൂടിയാണെന്നത് അണിയറക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്. ആ ബോദ്ധ്യത്തില്‍ മുത്തങ്ങാസമരം പൂര്‍ണ്ണമായും ഡോക്യുമെന്റേഷന് ചെയ്യുന്ന സിനിമയായി നരിവേട്ടയെ കാണാനാകില്ല. സ്വന്തം ജീവിതവും സഹപ്രവര്‍ത്തകന്റെ ജീവനും അധികാരികളില്‍ നിന്നും ഭീഷണി നേരിടുന്ന ട്വിസ്റ്റ് മുതല്‍ അല്ലാതെ ഇത്രയും വലിയ സമരത്തെ വിദ്യാഭ്യാസവും ലോകാറിവുകളും ഉണ്ടായിട്ടും പക്ഷേ ഒരു മനുഷ്യാവകാശ ധ്വംസനമായി സ്വമേധയാ നായകന് തോന്നുന്നതായി സിനിമ എവിടെയും കാട്ടിത്തരുന്നില്ല.

ആദിവാസി, ദളിത് വിഷയങ്ങള്‍ സിനിമയാകുമ്പോള്‍
മുത്തങ്ങാസമരം എന്ന വിഷയം അപഗ്രഥനത്തിന് എടുക്കുമ്പോള്‍ സി.കെ. ജാനുവും ഗീതാനന്ദനും ഗോത്രസമൂഹവും സമരനായകരും പ്രധാനഭാഗത്തുണ്ട്. പക്ഷേ സിനിമ പോലീസ്കഥയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്കി മുത്തങ്ങാസംഭവത്തെ സൈഡാക്കിയാണ് കൊണ്ടുപോകുന്നത്. ഇത്തരം കഥകള്‍ ഉയര്‍ത്തിവിടുന്ന ഒരു സാമൂഹികപ്രതിബദ്ധത കണക്കാക്കിയാല്‍ നായകന്റെ ഉപകഥകളുടെ ബാദ്ധ്യതയേക്കാള് കേരളം കണ്ട ഗൗരവമേറിയ പ്രശ്നം എന്ന നിലയില്‍ സമരത്തിലേക്കും ഗോത്രജീവിതത്തിന്റെ ഉള്ളറകളിലേക്കും അല്‍പ്പം കൂടി റിസര്‍ച്ചുകളും ഡീറ്റെയ്ലിംഗും കാഴ്ചക്കാര്‍ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നു. ദലിത് ജീവിതങ്ങളുടെ ഇരുട്ട് കേരളത്തിലെ സാമൂഹ്യവ്യവസ്ഥയില്‍ ഒരു പ്രധാനകാര്യമാണെങ്കിലും ദളിതനെ സെന്‍ട്രലൈസ് ഡ് ഫോക്കസിംഗ് ചെയ്യപ്പെട്ട സിനിമയെടുക്കാനുള്ള ആത്മവിശ്വാസം മലയാളസിനിമയോ പ്രേക്ഷകരോ ഇതുവരെ ആര്‍ജ്ജിച്ചിട്ടില്ല എന്നതാകാം ഈ ഒതുക്കലിന് കാരണം.
മറ്റൊരു കാര്യം പറയാന്‍ വേണ്ടി ദളിത്വിഷയത്തെ പ്രധാന കഥയ്ക്കൊപ്പം ഓരത്തുകൂടി കൊണ്ടുപോകുന്ന പതിവ് രീതിയാണ് മിക്കവാറും മലയാള സിനിമയില്‍ കണ്ടു വരുന്നത്. തമിഴില്‍ ദളിത് നായകന്മാരും അവരുടെ സംസ്കാരവും മിത്തുമെല്ലാം സിനിമകളാക്കപ്പെടുമ്പോള് ജാതിയോ വംശമോ വര്‍ണ്ണമോ ഒക്കെ മലയാളസിനിമയില്‍ പരസ്യമായി ദൃശ്യത ഇന്നും നേടുന്നില്ല. കീഴാള ജീവിതരീതി അടയാളങ്ങളായി വീടിന്റെ ഉമ്മറത്ത് വെച്ചിരിക്കുന്ന മാലയിട്ട് വിളക്ക് കൊളുത്തുന്ന ശ്രീനാരായണഗുരുവിന്റെയോ അയ്യന്കാളിയുടേയോ അംബേദ്ക്കറിന്റേയോ ചിത്രങ്ങള്‍,ചക്കപ്പഴം എന്നിങ്ങനെയെല്ലാമുള്ള ഫ്രെയിമുകള്‍ വെച്ച് സൂചന നല്‍കും.
മലയാളത്തില്‍ സാമൂഹികാവബോധം സൃഷ്ടിക്കുന്ന, കീഴാള വിഷയത്തിനുമേ ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സിനിമകള്‍ക്ക് തീര്‍ച്ചയായും സ്പേസ് ഉണ്ട്. 2025 ലെ ആറു മാസത്തിനിടയില്‍ ആറിലധികം ജാതിപീഡനങ്ങളാണ് കേരളം ചര്‍ച്ച ചെയ്തത്. കേസുകള്‍ എടുക്കുന്നുണ്ടെങ്കിലും സാംസ്കാരികമായി ഉയര്‍ന്ന സമൂഹത്തില്‍ മനുഷ്യനെ മനുഷ്യനായി കാണാനാകാത്ത ‘മനോരോഗ’ങ്ങളെ ചികിത്സിക്കേണ്ടുതണ്ടെന്ന ബോദ്ധ്യപ്പെടുത്തലിനുള്ള ഉത്തരവാദിത്വവും ലോകത്ത് ഏറ്റവും കൂടുതല്‍ റീച്ചുള്ള മാധ്യമം എന്ന നിലയില്‍ മലയാളത്തിന്റെ തനതുസിനിമ എവിടെയും ഏറ്റെടുത്തിട്ടില്ല എന്നത് അതിന്റെ കുറ്റകരമായ മൗനമായി തന്നെ കണക്കാക്കണം.

ജാതിയുടെ ഒളിച്ചുകടത്തല്‍
‘നരിവേട്ട’ തീയേറ്ററില്‍ നിറഞ്ഞോടുമ്പോഴായിരുന്നു ബിന്ദു എന്ന ദളിത് യുവതിക്ക് ഇല്ലാത്ത മോഷണക്കേസില്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പോലീസ് പീഡനം നേരിടേണ്ടി വന്ന സംഭവം കേരളം ചര്‍ച്ച ചെയ്തത്. അതിനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് വീഡിയോയില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്. കറുത്ത നിറത്തിന്റെ പേരില്‍ ചീഫ് സെക്രട്ടറി പോലും ആക്ഷേപിക്കപ്പെട്ട നാടാണ് കേരളം. ഇതൊക്കെ ചെയ്യുന്നതില്‍ യാതൊരു കുറ്റബോധവും വേണ്ടെന്ന തരത്തിലുള്ളതും അല്ലെങ്കില്‍ ഇതും തങ്ങളുടെ അവകാശങ്ങളില്‍ പെടും എന്നതരത്തിലുള്ള മനോനിലയുണ്ടല്ലോ. അതാണ് കൂടുതല്‍ അപകടം.
നവോത്ഥാന ഉപാധി എന്ന നിലയില്‍ കൂടി ചലച്ചിത്രത്തെ പരിഗണിച്ചാല്‍ മലയാള സിനിമാ വ്യവഹാരങ്ങളില്‍ ജാതിപീഡനങ്ങള്‍ ഗോപ്യമായിട്ടാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കാണാനാകും. മലയാളികളുടെ ജാതിയില്ലെന്ന കപടമനോഭാവത്തിനുമേല് വരുന്ന പ്രേക്ഷകഭീതിയാണ് കേരളത്തില്‍ ദളിത് വിഷയങ്ങളില്‍ സിനിമ ഉണ്ടാകാതെ പോകുന്നതിലെ ആത്മവിശ്വാസക്കുറവിന് കാരണം. കേരളത്തില്‍ ജാതിപീഡനത്തെക്കുറിച്ച് പരസ്യമായി പറഞ്ഞാല്‍ ‘ഇപ്പോഴും ജാതിപീഡനമോ?’ എന്ന് മൂക്കത്ത് വിരല്‍ വെയ്ക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. ഇവര്‍ ജാതിയെ സുന്ദരമായി ഒളിച്ചുകടത്തുന്നവരാണ്.
വിദ്യാഭ്യാസത്തിന്റെ ഔന്ന്യത്യം വെച്ച് കേരളത്തില്‍ ജാതിയുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ജാതി തിരിച്ചുള്ള മാട്രിമോണിയല്‍ സൈറ്റുകളുള്ള സംസ്ഥാനമാണ് കേരളം എന്നത് കൂടി ഓര്‍ക്കണം. പത്രത്തില്‍ നല്കുന്ന വിവാഹപരസ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/പിന്നോക്ക വിഭാഗത്തില്‍ പെടുന്നവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് പ്രത്യേകം ചേര്‍ക്കുന്നതും കാണാം. മോഹന്‍ലാലും സുരേഷ്ഗോപിയും സമാന ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടില്ലായിരുന്നെങ്കില് പരസ്യമായി ദളിത് പ്രശ്നങ്ങള്‍ ജനക്കൂട്ടത്തിന് മുന്നില്‍ വിളിച്ചുപറയുന്ന റാപ്പര്‍ ‘ഹിരണ്‍ദാസ് മുരളി’യെ പുലിപ്പല്ല് കേസില്‍ നമ്മള് ഗോതമ്പുണ്ട തീറ്റിച്ചേനെയെന്നും ഉറപ്പാണ്.

ആദിവാസി പ്രശ്നങ്ങളുടെ
വിസിബിലിറ്റി കൂടി
അവഗണിക്കപ്പെട്ട് ഒരുപക്ഷേ സ്വയം അണഞ്ഞുപോയേക്കുമായിരുന്ന ഒരു ലളിത സമരത്തിന്റെ വെടിപ്പുരയ്ക്കായിരുന്നു മുത്തങ്ങയില്‍ ഭരണകൂടം തീവെച്ചത്. കേരള മനഃസ്സാക്ഷിയ്ക്ക് മുന്നിലേക്ക് അധ:സ്ഥിതജീവിതങ്ങളുടെ അവസ്ഥയും അവര്‍ക്ക് മേല്‍ വീഴുന്ന അധികാര – മേധാവിത്വങ്ങളുടെ നീതിനിഷേധങ്ങളിലെ മനഃസ്സാക്ഷിവിചാരണയുമായിരുന്നു മുത്തങ്ങാസംഭവം. മുത്തങ്ങാസമരത്തിന് ശേഷം ദളിതുകളേക്കാള്‍ പലപ്പോഴും ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് വിസിബിലിറ്റി കൂടാന്‍ ഇത് കാരണമായി. സമരം പരാജയപ്പെട്ടെങ്കിലും ആദിവാസിയെന്ന അവഗണിത ടേമില്‍ നിന്നും പുറത്തുകടക്കാനും പ്രതിരോധത്തിന്റെ ഗോത്രമഹാസഭയിലേക്ക് ഉയരാനുള്ള ധൈര്യവും ഊര്‍ജ്ജവും കരുത്തും സമരം ഗോത്രജനതയ്ക്ക് നല്കി. ആദിവാസി പ്രശ്നങ്ങള്‍ പ്രധാന വര്‍ത്തമാനങ്ങളിലേക്ക് കടന്നുവരാനിടയായി. പ്രൈംടൈം ചാനല്‍ ചര്‍ച്ചകളുണ്ടായി. പത്രത്തിന്റെ ജനറല്‍ പേജുകളിലേക്കും വിഷയം കടന്നുവന്നു. ഭൂമിവിഷയം മാത്രമല്ല ആദിവാസികള്‍ നേരിടുന്ന വിവിധതരം മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് കൂടി ശ്രദ്ധയുണ്ടാക്കി. മോശം ആരോഗ്യസ്ഥിതി, കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം, തൊഴിലില്ലായ്മ, കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചൂഷണം, ആറളം, തൊവരിമല ഭൂസമരങ്ങള്‍, ആദിവാസി ഊരുകളിലെ ശിശുമരണങ്ങള്‍, പോഷകാഹാരക്കുറവ്, പട്ടിണി മരണങ്ങള്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങള്‍, ഭൂമി പ്രശ്നങ്ങള്‍, തൊഴില്‍, പ്രകൃതി – വനവിഭവ ചൂഷണങ്ങള്‍, അധിനിവേശ പ്രശ്നങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടങ്ങി ഗോത്രജനതയുടെ പ്രശ്നങ്ങള്‍ സാമൂഹ്യ മനഃസ്സാക്ഷിയെ ഉണര്‍ത്താനും ഇടപെടാനും കാരണമായത് മുത്തങ്ങ സമരം കൊളുത്തിയ ഫയറായിരുന്നു. സവര്‍ണരെ മുഴുവന്‍ അട്ടിമറിച്ച് ദളിതുകള്‍ക്ക് മുകളില്‍ നില്‍ക്കണം എന്നതല്ല ഈ പറഞ്ഞതിനര്‍ത്ഥം. ഇന്ത്യന്‍ ഭരണഘടനയില്‍ അനുശാസിക്കുന്ന തുല്യനീതിയും സ്വാതന്ത്ര്യവും കണക്കാക്കണമെന്നും ദളിതുകള്‍ക്ക് കൂടി അര്ഹതപ്പെട്ടതുമാണെന്നുമാണ്.






