ക്യാപ്ടനും മേജറും നടക്കാനിറങ്ങിയപ്പോള്‍
അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയെ മുസ്ലിം മുന്നണി എന്ന് വിളിച്ചായിരിക്കും സി.പി.എം. അഭിസംബോധന ചെയ്യുക. യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലീം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ. കോണ്‍ഗ്രസ് -അതില്‍ കോണ്‍ഗ്രസ്സിന്റെ ശബ്ദം തന്നെ മുങ്ങിപോകുമെന്നായിരിക്കും സി.പി.എം. വാദം. ഭരണം യുഡിഎഫിന് കിട്ടിയാല്‍ മുസ്ലീം ലീഗ് ഭരിക്കും. ഈ നരേറ്റീവ് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തും. മുമ്പ് ലീഗുയര്‍ത്തിയ അഞ്ചാം മന്ത്രി വാദം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരുന്നു.ഇതാണ് 2026ന്റെ സൂചന

കഴിഞ്ഞ ദിവസം ഞാന്‍ ഒരു ചോദ്യം കേട്ടു. ”ചേട്ടാ നിങ്ങള്‍ക്കാരെയാണ് ഇഷ്ടം. ക്യാപ്ടനെയാണോ മേജറെയാണോ?” ചോദ്യം കേട്ടയാള്‍ ആദ്യം ഒന്ന് പകച്ചു; പിന്നീട് അയാള്‍ക്ക് മനസ്സിലായി ചോദ്യ കര്‍ത്താവ് ചോദിച്ചതെന്താണെന്ന്. എനിക്ക് സതീശനെയും രമേശ് ചെന്നിത്തലയെയും ഇഷ്ടമാണ്. ഉത്തരം പറഞ്ഞത് ഒരു കോണ്‍ഗ്രസ്സുകാരനാണെന്ന് എനിക്ക് മനസ്സിലായി. മാധ്യമങ്ങളുടെ സ്വാധീനം മനസ്സിലാക്കാന്‍ ഇതെന്നെ സഹായിച്ചു. സാധാരണക്കാരുടെ ഇടയില്‍ ക്യാപ്റ്റനും മേജറും ആരാണെന്ന് തിരിച്ചറിയാന്‍ മാധ്യമങ്ങളുടെ ഇടപെടല്‍ സഹായിച്ചുകഴിഞ്ഞു. ഈ അക്ഷര ചിഹ്നം ഇനി ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ക്യാപ്റ്റനുവേണ്ടി അണിനിരക്കുന്നവരും മേജറുടെ കൂടെ നില്‍ക്കുന്നവരും പെരുകും. കോണ്‍ഗ്രസ്സിന്റെ പ്രശ്‌നമതാണ്.ഒരു ഏകീകൃത നേതൃത്വം അകലെയാണ്.
നിലമ്പൂരില്‍ യുഡിഎഫ് വിജയിച്ചു. അഞ്ചാം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കൈയ്യിലിരുന്ന സീറ്റ് പിടിച്ചുകൊണ്ടാണ് യുഡിഎഫ് മുന്നേറ്റം രജിസ്റ്റര്‍ ചെയ്തത്. ഇതൊരു ലോംഗ് മാര്‍ച്ചാണ്. 2026ലെ ഭരണം പിടിച്ചെടുക്കലിലേയ്ക്കുള്ള ദീര്‍ഘയാത്ര. അതൊരു സ്വപ്‌നസാക്ഷാത്കാരം കൂടിയാണ് .കോണ്‍ഗ്രസ്സിനും മുസ്ലീംലീഗിനും .മറ്റ് ഘടകകക്ഷികള്‍ എന്ന് പറയുന്നവര്‍ക്ക് കാര്യമായ പ്രസക്തിയില്ല. അതിനാല്‍ ആവേശപ്പോരാട്ടത്തില്‍ ലീഗും കോണ്‍ഗ്രസ്സും മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ്സിന് എപ്പോഴും എന്തെങ്കിലും തര്‍ക്കിക്കാന്‍ വേണം. ഇപ്പോള്‍ അവരെ ചുഴ്ന്ന് നില്‍ക്കുന്നത് നിലമ്പൂര്‍ വിജയത്തിന്റെ ക്രെഡിറ്റ് ആര്‍ക്കാണ് എന്നതാണ്. നിലമ്പൂര്‍ വിജയം മാധ്യമങ്ങള്‍ സതീശന്റെ തൊപ്പിയിലെ തൂവലായി തുന്നിചേര്‍ത്തു. അപ്പോള്‍ പലരും ചോദിച്ചു: സതീശന്‍ മാത്രമാണോ പട നയിച്ചതും വിജയം വരിച്ചതും. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ വന്ന ഫോട്ടോകളില്‍ ‘ദിനചിത്രം’ എന്ന നിലയില്‍ ആഘോഷിച്ചത് പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും സതീശനും നില്‍ക്കുന്ന ചിരിപ്പടമായിരുന്നു. അതിന്റെ ചുവട്ടില്‍ മനോരമ എഴുതി ‘വിജയനും വിജയിയും’ പിന്നീട് ആര്‍ക്കും സംശയങ്ങള്‍ ഇല്ല. അതെ അത് സതീശ വിജയമാണ്. ഇത് അത്രയ്ക്കങ്ങ് ആഘോഷിക്കണ്ടെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചു. അവര്‍ പരസ്പരം ചോദിച്ചു സതീശന്‍ ഒറ്റയ്ക്കാണോ യുദ്ധം നയിച്ച് നേടിയത്? കൂടെ ഒരു അരിവെപ്പുകാരന്‍ പോലും ഇല്ലായിരുന്നോ?
ഈ ചോദ്യങ്ങളുടെ ഉത്തരമാണ് മുന്‍പ്രതിപക്ഷ നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല തന്റെ മുഖാമുഖത്തില്‍ പ്രകടമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതില്‍ അദ്ദേഹത്തിന് പരിഭവം ഉണ്ടായി. അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഞാന്‍ പ്രതിപക്ഷനേതാവായിരിക്കെ എത്ര ഉപതിരഞ്ഞെടുപ്പുകള്‍ ജയിച്ചു. നിങ്ങളെന്നെ ക്യാപ്റ്റനാക്കിയോ? ഇല്ല; നിങ്ങള്‍ എന്നെ കാലാള്‍ പോലുമാക്കിയില്ല. ഇതിനെ വിളിക്കുന്നത് പി.ആര്‍. വര്‍ക്കെന്നാണ്. ചില മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും സതീശനെ പ്രൊമോട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി നടത്താത്ത പ്രമോഷനാണ് ചില ഇഷ്ടതാരങ്ങള്‍ ചെയ്യുന്നത്.
മാധ്യമങ്ങള്‍ തന്നെ ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറായിരുന്നെന്നായിരുന്നു സതീശന്റെ പ്രസ്താവന. വ്യക്തികളല്ല; ടീം യുഡിഎഫാണ് നിലമ്പൂരിലെ വിജയത്തിന്റെ പിന്നിലെന്നും സതീശന്‍ വ്യക്തമാക്കി. അതെ; തെരഞ്ഞെടുപ്പുകള്‍ പ്രത്യേകിച്ച് നിയമസഭയും ലോകസഭയും ടീം വര്‍ക്കില്‍ മാത്രം വിജയിക്കുന്ന തെരഞ്ഞെടുപ്പാണ്. ഒരു വാര്‍ഡിലെ തെരഞ്ഞെടുപ്പ് വേണമെങ്കില്‍ ഒറ്റയ്ക്ക് ഒരാള്‍ക്ക് വിജയിക്കാം. അതുകൊണ്ടാണ് നിലമ്പൂരില്‍ അന്‍വര്‍ തോറ്റത്.

എന്തായാലും കോണ്‍ഗ്രസ്സിന്റെ പുതിയ തര്‍ക്കത്തിന് നിലമ്പൂര്‍ കാരണമായി. സതീശനും ഷാഫിപറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും അടങ്ങിയ യുവനിര കോണ്‍ഗ്രസ്സിലെ പുതിയ ഗ്രൂപ്പായി വികാസപ്പെടുകയാണ്. ഈ ധ്രുവീകരണം നടക്കുമ്പോള്‍ മറുവശത്ത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പ് വളര്‍ന്നുവരും. രണ്ട് ഗ്രൂപ്പിനെയും കെ.സി. വേണുഗോപാല്‍ ഹാന്റില്‍ ചെയ്യും. കാരണം, വേണുഗോപാലാണ് ഹൈക്കമാന്റ്.
രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കിയത് നിലമ്പൂരിലെ വിജയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പങ്കുണ്ടെന്ന് തന്നെയാണ്. പക്ഷെ മുഴുവന്‍ ക്രെഡിറ്റും സതീശന്‍ എടുക്കണ്ട. ബിഗ് സല്യൂട്ട് മുസ്ലീംലീഗിനാണ്. സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും സ്വന്തം സ്ഥാനാര്‍ത്ഥിയെപ്പോലെ ആര്യാടന്‍ ഷൗക്കത്തിനെ കൊണ്ടു നടന്നു. പ്രിയങ്കഗാന്ധിയുണ്ടാക്കിയ ആവേശവും കെ.സി. വേണുഗോപാലിന്റെ സാന്നിദ്ധ്യവും പ്രധാനപ്പെട്ടതായിരുന്നു. താന്‍ ഉള്‍പ്പെടെയുള്ള മുന്‍ പിസിസി അദ്ധ്യക്ഷന്മാരുടെ പ്രവര്‍ത്തനവും വിജയത്തിന് അടിത്തറ പാകിയ കാര്യങ്ങളായിരുന്നെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
സതീശന്റെ ‘മിഷന്‍ 63’ നെ രമേശ് ചെന്നിത്തല തള്ളി. കോണ്‍ഗ്രസ്സിന് 63-ല്‍ കൂടുതല്‍ കിട്ടിയാല്‍ എന്താ കുഴപ്പം. പായസത്തിന് നെയ്യ് കൂടിയാല്‍ നല്ലതല്ലേ എന്നായിരുന്നു രമേശ് മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചത്. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് ചിന്തകള്‍ അവസാനിക്കുന്നില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അസ്വസ്ഥരാണ്. അതിനാല്‍ ക്രെഡിറ്റ് തര്‍ക്കം അവസാനിപ്പിക്കാന്‍ തീരുമാനമായി. എന്നാല്‍ നമുക്ക് ആഘോഷപൂര്‍വം തമ്മില്‍ തല്ലാം എന്ന് പറഞ്ഞാണ് സമിതി പിരിഞ്ഞത്.
നിലമ്പൂര്‍ എന്താണ് പറഞ്ഞത്?
ഓരോ തെരഞ്ഞെടുപ്പും ഓരോ സന്ദേശമാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വലിയ സന്ദേശം നല്‍കി. ആ സന്ദേശം പിണറായി വിജയനും സി.പി.എംനുമായിരുന്നു എല്ലാ ലോക്‌സഭ നിയോജക മണ്ഡലങ്ങളിലും എല്‍.ഡി.എഫ് തോറ്റത് ഒരു ലക്ഷത്തിലധികം വോട്ടിനാണ് .എല്‍.ഡി.എഫ് തോറ്റു എന്ന് മാത്രമല്ല എല്‍.ഡി.എഫിന് രാഷ്ട്രീയമായി രണ്ട് തിരിച്ചടികള്‍ ഉണ്ടായി. തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.എമ്മിന്റെ പൊതുധാരണ മുസ്ലീം സമൂഹം എല്‍.ഡി.എഫിന് വോട്ടു ചെയ്യുമായിരുന്നു. പൗരത്വ നിയമത്തിനെതിരെയും പലസ്തീനിലെ കൂട്ടക്കൊലയ്ക്ക് എതിരെയും സി.പി.എം നടത്തിയ റാലികള്‍ മുസ്ലീം വോട്ട് സമാഹരിക്കാനുള്ള നീക്കങ്ങളായി മാറി. മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി സഖാവ് എളമരം കരീമിനെ ‘കരീമിക്കയാക്കി’. ആ ഫ്‌ളക്‌സ് ബോര്‍ഡ് കണ്ട സഖാക്കള്‍ മുസ്ലീം പ്രീണനം മണത്തു. അതിന്റെ പ്രതിഫലനം കേരളത്തിലുടനീളമുണ്ടായി. സി.പി.എം. എട്ടുനിലയില്‍ പൊട്ടി. ആ പൊട്ടലില്‍ സി.പി.എംന്റെ അടിത്തറ വോട്ടായ ഈഴവരുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകി. ആലപ്പുഴയിലും ആറ്റിങ്ങലിലും തൃശൂരും ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകി. ആ പ്രഹരം സി.പി.എംന് എളുപ്പത്തില്‍ മനസ്സിലായി. അതിന്റെ തിരിച്ചറിവിലാണ് നിലമ്പൂരില്‍ മത്സരിച്ചത്. അതുകൊണ്ട് 45% മുസ്ലീം വോട്ടുള്ള നിലമ്പൂരില്‍ ഒരു മുസ്ലീമിനെ സ്ഥാനാര്‍ത്ഥിയാക്കാതെ സ്വരാജിനെ മത്സരിപ്പിച്ചത്.



വളരെ വ്യക്തമായ രാഷ്ട്രീയ നിലപാടും മതേതര കാഴ്ചപ്പാടും പുലര്‍ത്തുന്ന സ്വരാജ് മത്സരിച്ചപ്പോള്‍ സി.പി.എംന് അതിന്റെ സ്വത്വം തിരിച്ചുകിട്ടി. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും വിലയിരുത്തിയതു പോലല്ല കാര്യങ്ങള്‍ നിലമ്പൂരില്‍ നടന്നത്. സി.പി.എംന് അവിടെ ലഭിക്കാവുന്ന വോട്ടുകള്‍ മുഴുവന്‍ ലഭിച്ചു. അന്‍വര്‍ ഇല്ലെങ്കില്‍ കുറെ വോട്ടുകള്‍ കൂടി സിപിഎമ്മിന് ലഭിക്കുമായിരുന്നു. കൂടിയാല്‍ 70,000 അതില്‍ കൂടുതല്‍ വോട്ടുപിടിക്കാന്‍ ഇടതുപക്ഷത്ത് നിന്ന് ആര്‍ക്കും കഴിയില്ല. ഇതിനിടയില്‍ സി.പി.ഐ. പറഞ്ഞ ഫലിതം നമ്മള്‍ കേട്ടു. സ്വരാജ് വ്യക്തിപരമായി വോട്ട് പിടിച്ചില്ലെന്ന്. തൃപ്പൂണിത്തുറയിലെ സ്വരാജ് വൈരം അവര്‍ ഒന്നുകൂടി വെളിപ്പെടുത്തി. വ്യക്തിപരമായി വോട്ട് പിടിക്കാന്‍ ശേഷിയുള്ള എത്ര സ്ഥാനാര്‍ത്ഥികള്‍ സി.പി.ഐയില്‍ ഉണ്ട്? അവരുടെ എണ്ണം വളരെ വിരളമാണ്. സ്വരാജ് സൂക്ഷിക്കുക. സ്വരാജ് എവിടെ നിന്നാലും സി.പി.ഐ. വോട്ടു ചെയ്യില്ല.
പുതുപ്പള്ളിയില്‍ നിന്ന്
നിലമ്പൂരിലെത്തുമ്പോള്‍
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത് സി.പി.എംന്റെ പിടിപ്പുകേടില്‍ നിന്നായിരുന്നു. അന്‍വര്‍ പിച്ചുംപേയും പറയാന്‍ തുടങ്ങിയപ്പോള്‍ അയാളെ മാനേജ് ചെയ്യണമായിരുന്നു. ആദ്യം സി.പി.എംഉം പിണറായി വിജയനും അന്‍വറിന്റെ അധിക പ്രസംഗത്തെ കോമഡിയായി കണ്ടു. അപ്പോള്‍ അന്‍വര്‍ പറഞ്ഞത് പിണറായി വിജയന്‍ തനിക്ക് പിതൃതുല്യനാണ് എന്നായിരുന്നു. എന്നാല്‍ തനിക്ക് മാധ്യമ പരിലാളന കിട്ടുന്നതു കണ്ട് അന്‍വര്‍ അതില്‍ രമിക്കാന്‍ തുടങ്ങി. ‘അന്‍വര്‍ മാധ്യമങ്ങളെ കാണുന്നു’ എന്നത് ടെലിവിഷനില്‍ ബ്രേക്കിംഗ് ന്യൂസായി. അന്‍വറിന്റെ ആത്മരതി വര്‍ദ്ധിച്ചു. മാധ്യമങ്ങളെ കാണാതെ അന്‍വറിന് ഉറക്കം വരാതെയായി. പിന്നീട് നാം കണ്ടത് അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെ മാഫിയ തലവന്‍ എന്ന് വിളിക്കുന്നതാണ്. സ്വര്‍ണകള്ളക്കടത്തുകാരന്‍ എന്നും പറയുന്നുണ്ടായിരുന്നു. തൃശൂരില്‍ പൂരം കലക്കിയത് ആര്‍.എസ്.എസിന്റെ അജണ്ട പ്രകാരം അജിത്കുമാര്‍ ആയിരുന്നു എന്ന് അന്‍വര്‍ വിളിച്ചു പറഞ്ഞു. മാത്രമല്ല അന്‍വര്‍ പറഞ്ഞത് തിരുവനന്തപുരത്ത് കൊട്ടാര സദൃശമായ രമ്യഹര്‍മ്മം അഴിമതി പണം കൊണ്ട് അജിത് നിര്‍മ്മിക്കുന്നു എന്നായിരുന്നു. മാധ്യമങ്ങള്‍ അജിത്കുമാറിന്റെ വീട് നിര്‍മ്മാണം ലോകത്തെ മുഴുവന്‍ കാണിച്ചു. പക്ഷെ ഇതുവരെ ഒരു കോടതിയും അതിനെ ചോദ്യം ചെയ്തില്ല. മാധ്യമങ്ങളോടും അന്‍വറിനോടും തന്നെയും സാധാരണ ജനങ്ങള്‍ ചോദിക്കുകയാണ് അജിത്കുമാറിന്റെ പുര നിര്‍മ്മാണത്തിന് അഴിമതി പണമല്ലേ ഉപയോഗിച്ചത് പിന്നെന്തേ അയാളെ ജയിലില്‍ അടക്കാത്തത്? നമുക്കുത്തരമില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫി ന്റെ കൈയ്യില്‍ നിന്ന് ഒരു നിയമസഭ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 11077 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി. കഴിഞ്ഞ 9 വര്‍ഷമായി യുഡിഎഫിന്റെ കൈയ്യിലിരുന്ന സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇരട്ടി മധുരമുള്ള വിജയം. മിന്നുന്ന വിജയമായി അത് കൊണ്ടാടി.
നമുക്ക് ഗ്രൗണ്ട് റിയാലിറ്റി എന്താണെന്ന് നോക്കാം. സ്വരാജ് നിലമ്പൂരില്‍ നേടിയത് 66660 വോട്ടാണ്. സി.പി.എം.ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് 2006ല്‍ ആയിരുന്നു. അന്ന് മത്സരിച്ച പി. ശ്രീരാമകൃഷ്ണന് 69542 വോട്ട് കിട്ടിയിരുന്നു. ശ്രീരാമകൃഷ്ണന്‍ നേടിയ വോട്ടില്‍ 2882 വോട്ടാണ് സ്വരാജിന് കുറഞ്ഞത്. അന്‍വര്‍ മത്സരത്തിനില്ലായിരുന്നെങ്കില്‍ 72000 വോട്ടുവരെ സി.പി.എമ്മിന് നേടാന്‍ കഴിയുമായിരുന്നു. അതാണ് എല്‍ഡിഎഫിന്റെ പരമാവധി നഷ്ടം. ഇനി യുഡിഎഫിന്റെ കാര്യം പരിശോധിച്ചാല്‍ അവര്‍ക്ക് 2021-ല്‍ ലഭിച്ച വോട്ട് നേടാനായില്ല. വി.വി. പ്രകാശ് നേടിയത് 78527 വോട്ടായിരുന്നു. ആര്യാടന്‍ ഷൗക്കത്ത് 2025-ല്‍ നേടിയത് 77737 വോട്ടാണ്. അതായത് യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ 790 വോട്ട് കുറഞ്ഞു. മുസ്ലീം ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥിയെപ്പോലെ ആര്യാടന്‍ ഷൗക്കത്തിനെ നെഞ്ചേറ്റി. കോണ്‍ഗ്രസ് എം.എല്‍.എ. മാരും എം.പി.മാരും ഓരോ ബൂത്തിന്റെയും ചുമതല ഏറ്റെടുത്തു. ഒരു കേഡര്‍ പാര്‍ട്ടിയെ വെല്ലുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നിട്ടും 2021ല്‍ നേടിയ വോട്ടു നേടാന്‍ യു.ഡി.എഫിനു കഴിഞ്ഞില്ല .മറുവശത്ത് ഇടതുപക്ഷം അതിന്റെ എല്ലാ കഴിവുകളും പ്രയോഗിച്ചു. ഓരോ വീട്ടിലും മന്ത്രിമാര്‍ എത്തി. ഭരണസ്വാധീനം പരമാവധി ഉപയോഗിച്ചു. എന്നിട്ടും അവര്‍ക്ക് 2021-ല്‍ നേടിയ വോട്ടിനെക്കാള്‍ 14567 വോട്ട് കുറവു നേടാനെ കഴിഞ്ഞുള്ളു. രണ്ട് മുന്നണികളും ഫലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പുറകിലായി. ഈ സീറ്റ് പരമ്പരാഗതമായി യുഡിഎഫ് സീറ്റാണ്. അത് പൊളിക്കാനാണ് ഏത് ചെകുത്താനെയും കൂട്ടുപിടിക്കാം എന്ന് എല്‍ഡിഎഫ് തീരുമാനിച്ചത്. അങ്ങിനെയാണ് അന്‍വറിനെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് നിലമ്പൂര്‍ എടുത്തത്. പക്ഷെ പരീക്ഷണം വിജയിച്ചെങ്കിലും അന്‍വര്‍ അന്‍വറിന്റെ സ്വഭാവം കാണിച്ചു. അയാള്‍ എല്‍ഡിഎഫിനെ കമഴ്ത്തി അടിച്ചു. അന്‍വര്‍ കൊണ്ടുവന്ന വോട്ട് അന്‍വറിനൊപ്പം പോയി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് 90,000 ത്തിനു മുകളില്‍ .എല്‍.ഡി.എഫ് നേടിയത് 29000. ഈ വ്യത്യാസം ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിനെ ബോധ്യപ്പെടുത്തി. ഞെട്ടേണ്ടതില്ല; പിടിക്കാം. ഈ ആത്മവിശ്വാസം എല്‍.ഡിഎഫിന് നല്‍കുകയായിരുന്നു നിലമ്പൂര്‍.ഒറ്റക്കാഴ്ചയില്‍ യുഡിഎഫിന് മിന്നുന്ന വിജയം എന്ന് പറയാമെങ്കിലും അവര്‍ നിന്നിടത്ത് തറഞ്ഞു പോയിരിക്കുന്നു.ഇത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.
പുതുപ്പള്ളിയിലും ചേലക്കരയിലും ഇതായിരുന്നില്ല വോട്ടുനില. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയിരുന്നു. അദ്ദേഹം മരിച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം 37719 ആയി ഉയര്‍ന്നു. യുഡിഎഫ് കൂടുതല്‍ നേടിയത് 28675 വോട്ടാണ്. ഇത് അക്ഷരാര്‍ത്ഥത്തില്‍ പിണറായി വിജയനെ ഞെട്ടിച്ചതാണ്. ഇതിന് സമാനമായ തോല്‍വിയാണ് ചേലക്കരയില്‍ സിപിഎം അനുഭവിച്ചത്. സീറ്റ് നിലനിര്‍ത്തിയെങ്കിലും ഭീമമായ ഭൂരിപക്ഷച്ചോര്‍ച്ച സംഭവിച്ചു. സഖാവ് രാധാകൃഷ്ണന് 39400 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് 12101 ആയി കുറഞ്ഞു. 27299 വോട്ടിന്റെ നഷ്ടം. പുതുപ്പള്ളിയിലും ചേലക്കരയിലും എല്‍ഡിഎഫിന് ഭൂരിപക്ഷത്തില്‍ 27500 വോട്ടിന്റെ നഷ്ടമാണ് ഉണ്ടായത്. ഈ കണക്ക് വെച്ച് നോക്കിയാല്‍ നിലമ്പൂരില്‍ എല്‍ഡിഎഫിന് ഒന്നും സംഭവിച്ചില്ല. ഒരു തരത്തിലും അടിസ്ഥാന വോട്ടില്‍ ചോര്‍ച്ചയില്ല എന്ന കാര്യം വ്യക്തമാണ്. പുതുപ്പള്ളി എല്‍ഡിഎഫിനെ ഞെട്ടിച്ചെങ്കില്‍ നിലമ്പൂര്‍ എല്‍ഡിഎഫിനെ സമാശ്വസിപ്പിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം സി.പി.എംൽ. വിമര്‍ശനം കേട്ടത് എം.വി. ഗോവിന്ദനും പിണറായി വിജയനുമാണ്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് ഗോവിന്ദന്‍ നിലമ്പൂര്കാരോട് പറഞ്ഞത് ഞങ്ങള്‍ ആര്‍.എസ്.എസുമായി സഹകരണത്തിലാണെന്ന്. ഇപ്പോള്‍ മാത്രമല്ല മുമ്പും ആര്‍.എസ്.എസുമായി സഹകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്താവന പാര്‍ട്ടിയുടെ വിശ്വാസ്യതയെയും രാഷ്ട്രീയ അടിത്തറയെയും ബാധിക്കുമെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. പക്ഷെ ഗോവിന്ദന്‍ അംഗന്‍വാടി കുട്ടിയായി പരിണമിച്ചു. ആര്‍.എസ്.എസുമായി ചങ്ങാത്തം പുലര്‍ത്തുന്ന എഡിജിപി അജിത്കുമാറിനെ ചുമന്ന് പിണറായി വിജയന്റെ തോളൊടിഞ്ഞന്നാണ് ചിലരുടെ വിമര്‍ശനം.

യു.ഡി.എഫ് മുസ്ലീം മുന്നണി
നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത 2026ന്റെ കര്‍ട്ടന്‍ റെയ്‌സറായി അത് മാറി എന്നതാണ്. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചത് സ്ട്രാറ്റജിക്കലായിട്ടായിരുന്നു. സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പാര്‍ട്ടിയുടെ നയം സ്വയം പ്രസ്താവിക്കുന്ന സ്ഥാനാര്‍ത്ഥിയായി അയാള്‍ മാറി. എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാട് പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് മെമ്പറെ അവതരിപ്പിച്ച് തെഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റി. പാര്‍ട്ടിയുടെ മുഖം മതേരത്വത്തിന്റേതാണ് എന്ന പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ യുഡിഎഫിന്റെ സ്ഥിതി അതിനെ മുസ്ലീം മുന്നണിയാക്കി മാറ്റി. ജമാ അത്തെ ഇസ്ലാമിയുടെ പങ്കാളിത്തം യുഡിഎഫിനെ ചെറുതായി ബാധിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെക്കുറിച്ച് ജോണി ലൂക്കോസ് ചോദിച്ചപ്പോള്‍ സതീശന്‍ തിരിച്ചു ചോദിച്ചത് ആ വോട്ട് വേണ്ടെന്ന് പറയണോ എന്നായിരുന്നു. മാത്രമല്ല സതീശന്‍ മറ്റൊന്നുകൂടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മാറിയെന്ന്. അങ്ങിനെ മാറുന്നതാണോ ജമാഅത്തെ ഇസ്ലാമി? ഇല്ല അവര്‍ക്ക് മതരാഷ്ട്രവാദത്തില്‍ നിന്ന് മാറാനാവില്ല. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് കേരളത്തില്‍ നിന്ന് അവരുടെ നയത്തില്‍ മാറ്റം വരുത്താന്‍ ആകില്ല. ഇതെല്ലാം സി.പി.എംന് ‘shot in arms” ആണ്. കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആയുധം. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയെ മുസ്ലിം മുന്നണി എന്ന് വിളിച്ചായിരിക്കും സി.പി.എം. അഭിസംബോധന ചെയ്യുക. യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലീം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ. കോണ്‍ഗ്രസ് -അതില്‍ കോണ്‍ഗ്രസ്സിന്റെ ശബ്ദം തന്നെ മുങ്ങിപോകുമെന്നായിരിക്കും സി.പി.എം. വാദം. മുസ്ലീം ഡോമിനന്‍സ് യുഡിഎഫിന് പ്രതികൂല ഘടകമാകും. ഭരണം യുഡിഎഫിന് കിട്ടിയാല്‍ മുസ്ലീം ലീഗ് ഭരിക്കും. ഈ നരേറ്റീവ് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തും. മുമ്പ് ലീഗുയര്‍ത്തിയ അഞ്ചാം മന്ത്രി വാദം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരുന്നു.ഇതാണ് 2026ന്റെ സൂചന






