“ജാത്യാധികാരത്തിന്റെ സിലബസും പെടഗോഗിയും”

വേടന്റെ റാപ്പ് മ്യൂസിക് കാലിക്കറ്റ് സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയപ്പോൾ അതിനെ എതിർത്തും അനുകൂലിച്ചും നിരവധി ചർച്ചകൾ ഉണ്ടായി. ഇപ്പോഴത്തെ ബോർഡ് ഓഫ് സ്റ്റഡീസൊന്നും അത്ര പോരെന്നും പഴയകാലത്തെ ബോർഡ് ഓഫ് സ്റ്റഡീസുകൾ മഹാസംഭവമാണെന്നും ചില “പണ്ഡിതവര്യന്മാർ ” ചാനലുകളിലും എഴുത്തിലും നിരവധിയായി സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് കേട്ടു. അത്തരം പ്രാചീനതാഭക്തർ ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന അഗ്രഹാരസമമായ പഴയസർവ്വകലാശാലാ ചത്വരങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ കണ്ണിൽ പെടാത്തവരാണ് എന്നതിൽ സംശയിക്കേണ്ടതില്ല.

എഴുതാനും വായിക്കാനും അറിയാത്ത രണ്ടുപേർ മദ്രാസ് യൂണിവേഴ്സിറ്റിയിലെ സംസ്കൃതപ്രവേശക പരീക്ഷാബോർഡിൽ അംഗങ്ങളായിരുന്നു. വ്യുൽപ്പത്തിയായിരുന്നില്ല, ഉല്പത്തിയായിരുന്നു ആ വലിയ കടന്നിരിക്കലിന്റെ യോഗ്യതാ മാനദണ്ഡം. ബ്രാഹ്മണജാതിയിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് അവർ ആ അക്കാദമിക് ബോഡിയിൽ കടന്നുകൂടിയത്. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി കൊഴിഞ്ഞ ഇലകൾ എന്ന ആത്മകഥയിൽ അക്കാര്യം സരസമായി സൂചിപ്പിക്കുന്നത് നോക്കുക.
“അപ്പോഴേക്കും ഒന്നുരണ്ട് മെമ്പർമാരുടെ കള്ളിവെളിച്ചത്തായി.
ആ ” മഹാബ്രാഹ്മണർ” രണ്ടുപേർക്കും ദേവനാഗരി ലിപി വായിക്കാൻ അറിഞ്ഞുകൂടായിരുന്നു. ഉടനെ ഞാൻ അതിന്മേൽ കയറിപ്പിടിച്ചു. ദേവഭാഷയുടെ അടയാളങ്ങൾപോലും അറിയാതെ വെറും ജന്മനാബ്രാഹ്മണ്യത്തിന്റെ പേരിൽ സംസ്കൃതത്തിന്റെ അധികൃതവക്താക്കളായിത്തീരുന്നത് തികച്ചും ഗർഹണീയമാണെന്നായി ഞാൻ. അങ്ങോട്ടുമിങ്ങോട്ടും നിയന്ത്രണംവിട്ടു കുറെ പറയേണ്ടിവന്നു. ഒടുവിൽ സുബ്രഹ്മണ്യ ശാസ്ത്രികൾ വിധിച്ചു, എന്റെകർമ്മണാബ്രാഹ്മണ്യത്തിനു ദേവനാഗരി അറിയാത്ത അവരുടെ ജന്മനാ ബ്രാഹ്മണ്യത്തേക്കാൾ വിലകൽപ്പിച്ചേയ്ക്കാമെന്ന്. ആവൂ ഞാനൊരു കണക്കിനു ഹിരണ്യഗർഭംകഴിഞ്ഞ് ആഭിജാത്യം നേടി. അന്നുതൊട്ട് ഞാൻ അവരുടെ കൂട്ടത്തിൽ ഒരു സമശീർഷനായി. ഒന്നിച്ചിരുന്ന് കാപ്പികുടിച്ചിട്ടേ അന്നു ഞാൻ ഇറങ്ങിപ്പോന്നുള്ളൂ. “
അക്കാലമത്രയും സവർണ്ണ വിഭാഗങ്ങൾ മാത്രം കയ്യടക്കിവെച്ച ഒരിടത്തേക്ക് ബ്രാഹ്മണകുലത്തിൽ ജനിക്കാത്ത ജോസഫ് മുണ്ടശ്ശേരി ചെന്നപ്പോൾ ഉണ്ടായ മുറുമുറുപ്പുകളും ആ മുറുമുറുപ്പുകൾ പരിഹരിച്ചതുമാണ് ആത്മകഥയിൽ സൂചിപ്പിക്കുന്നത്. എഴുത്തറിയാത്ത ബ്രാഹ്മണ മെമ്പർമാരെ നടപ്പ്അക്കാദമിക് ബോഡിയിൽ തുടരാൻ അനുവദിച്ചുകൊണ്ട് പാഠ്യപദ്ധതിയെന്ന സവർണാധികാരവുമായി താൻ ഒരു സമവായമുണ്ടാക്കി എന്നാണ് ജോസഫ് മുണ്ടശ്ശേരി ഈ എഴുത്തിലൂടെ തുറന്നുപറയുന്നത്.
അദ്ദേഹം എഴുതുന്നു
” വേറെ പല കാരണങ്ങളാലും ആസ്ഥാന ലബ്ധിക്കു വിലയേറിപ്പോയി. അവിടെ എന്റെ മുൻഗാമി ആരായിരുന്നു ? സാക്ഷാൽ പുന്നശേരിനമ്പി. ആ ഒരൊറ്റ കാരണത്താൽ വളരെ കനപ്പെട്ടതായി എന്റെ ജയം. അവിടംകൊണ്ടും തീർന്നില്ല. നാടാടെയാണ് ഒരു അഹിന്ദു ആ ബോർഡിലേക്ക് കാൽ കുത്തിയത്. സവർണ്ണനുമല്ല -അവർണ്ണനുമല്ല, ഒരു നസ്രാണി, എന്ന് വെച്ചാൽ ബൗദ്ധരിൽ ബൗദ്ധൻ ദേവഭാഷയുടെ കൈകാര്യകർത്താവായി കടന്നുവരികയോ? പരമാർത്ഥത്തിൽ ഈ ചോദ്യം ബ്രാഹ്മണബോർഡിനെ കുറഞ്ഞൊന്നു മോഹലസ്യപ്പെടുത്തുക തന്നെചെയ്തു. കുപ്പുസ്വാമി ശാസ്ത്രികളുടെ ഗോത്രക്കാർ പുന്നശ്ശേരിയെപോലും ബ്രാഹ്മണ്യംപോരെന്നുള്ള ന്യായത്തിന്മേൽ അല്പമൊന്നു തരംതാഴ്ത്തിക്കൊണ്ടിരുന്നവരാണ്. ആ ആഭിജാത്യകോമരങ്ങളുണ്ടോ ഈയുള്ളവനെ വെച്ചുപൊറുപ്പിക്കുന്നു? രണ്ടായാലും സ്ഥാനത്തു കയറിയിരുന്ന് ഒരു കൈ നോക്കിക്കളയാം എന്നു ഞാൻ തീർച്ചയാക്കി ” ( പേജ് 74 കൊഴിഞ്ഞ ഇലകൾ)
വേടന്റെ റാപ്പ് മ്യൂസിക് കലിക്കറ്റ് സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയപ്പോൾ അതിനെ എതിർത്തും അനുകൂലിച്ചും നിരവധി ചർച്ചകൾ ഉണ്ടായി. ഇപ്പോഴത്തെ ബോർഡ് ഓഫ് സ്റ്റഡീസൊന്നും അത്ര പോരെന്നും പഴയകാലത്തെ ബോർഡ് ഓഫ് സ്റ്റഡീസുകൾ മഹാസംഭവമാണെന്നും ചില “പണ്ഡിതവര്യന്മാർ ” ചാനലുകളിലും എഴുത്തിലും നിരവധിയായി സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് കേട്ടു. അത്തരം പ്രാചീനതാഭക്തർ ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന അഗ്രഹാരസമമായ പഴയസർവ്വകലാശാലാ ചത്വരങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ കണ്ണിൽ പെടാത്തവരാണ് എന്നതിൽ സംശയിക്കേണ്ടതില്ല.

കേരളത്തിലെ
പ്രാചീന വിദ്യാഭ്യാസം
ബ്രാഹ്മണ കുമാരന്മാർക്ക് മാത്രമായി നടത്തിപ്പോന്നിരുന്ന വേദാദ്ധ്യായനമായിരുന്നു. അച്ചടിയോ ലേഖന വിദ്യയോ കാര്യമായി വികസിച്ചിട്ടില്ലാത്തതിനാൽ വേദങ്ങൾ കാണാപ്പാഠം പഠിക്കുക എന്നതായിരുന്നു അവിടെ മുഖ്യം. ഉൽപാദന പ്രക്രിയയുമായോ ബഹുജന കേന്ദ്രീകൃതമായ സാമൂഹിക ജീവിതവുമായോ ഈ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാഠ്യപദ്ധതി പൊതുജീവിതത്തെ ഒരു തരത്തിലും സ്വാധീനിച്ചതുമില്ല .തുടർന്നുണ്ടായ ക്രിസ്ത്യൻ, ഇസ്ലാം മതപാഠശാലകളിൽ ബൈബിൾ, ഖുർആൻ തുടങ്ങിയ ആത്മീയതയുടെ ടെസ്റ്റുകൾ മാത്രമാണ് നിലനിന്നിരുന്നത്. ശാസ്ത്രീയ പാഠങ്ങൾ എല്ലായിടത്തും നിഷ്ഠപോലെ ഉപേക്ഷിക്കുന്നത് ആധുനികപൂർവ്വ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വ്യക്തമാണ്.
മലയാളത്തിൽ അച്ചടി ആരംഭിക്കുന്നതുതന്നെ ക്രിസ്തുമത സംബന്ധികളായ ഗ്രന്ഥങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. 1772 ൽ അച്ചടിച്ച സംക്ഷേപവേദാർത്ഥം എന്ന് പ്രസിദ്ധമായ ടെസ്റ്റിന്റെ പൂർണ്ണനാമം “നസ്രാണികൾ ഒക്കെക്കും അറിയേണ്ടും സംക്ഷേപ വേദാർത്ഥം ” എന്നാണ് . ആ ടെക്സ്റ്റ് ക്രിസ്തുമത വിശ്വാസികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പേരിൽ തന്നെ സൂചനയുണ്ട്. അധ്യയനപ്രക്രിയ ലക്ഷ്യമിടുന്ന ഈകൃതി രൂപപ്പെട്ടിട്ടുള്ളത് ഗുരുശിഷ്യ സംവാദരൂപത്തിലാണ് .

ജോസഫ് മുണ്ടശേരി

അതിന്റെ ആദ്യഭാഗം ചേർക്കുന്നു.

“ഒന്നാംപാഠം
ഗുരു :- നിന്നെ സൃഷ്ടിച്ചതാര്
ശിഷ്യൻ :- ഉടയ തംപുരാൻ എന്നെ
സൃഷ്ടിച്ചു
ഗു :- തംപുരാൻ എന്തിനു നിന്നെ സൃഷ്ടിച്ചു
ശി :- തന്നെ അറിഞ്ഞു സ്നേഹിച്ചതിന്റെ
ശുദ്ധമാനമാൎഗ്ഗം കാത്തുംകൊണ്ട തന്റെചിറ്റാഴ്‌മക്കിരിപ്പാൻയെന്നതിന്ന‌ തംപുരാൻഎന്നെസൃഷ്ടിച്ചു
ഗു :-തന്നെ സ്നേഹിച്ചസെവിക്കുന്നവൎക്ക എതുസമ്മാനം തംപുരാൻ കല്പിച്ചു
ശി :-എന്നന്നെക്കുമുള്ള ആകാശത്തിലെ
മോക്ഷം
ഗു:-ആകാശമോക്ഷത്തിൽഎന്തെല്ലാംസ്വൈൎയ്യമുള്ളു “
മലയാളത്തിൽ പിന്നീട് പ്രചരിച്ച പാഠപുസ്തകങ്ങളിലെല്ലാം സംക്ഷേപ വേദാർത്ഥത്തിന്റെ ശൈലി നിലനിൽക്കുന്നത് കാണാം.
ആളുകൾ സംസാരിക്കുന്നത് ഗദ്യമായതുകൊണ്ട് തന്നെ ഭാഷയുടെ നൈസർഗികമായ രൂപം ഗദ്യമാണെന്ന് മനസ്സിലാക്കാം. സാഹിസാഹിത്യമെന്ന നിലക്ക് പദ്യത്തിനാണ് പ്രാമുഖ്യമുണ്ടായിരുന്നത്. ഓർത്തുവെക്കാനുള്ള എളുപ്പംകൊണ്ടാവണം പ്രാചീനതയിൽ പദ്യം കൂടുതൽ പഥ്യമായത്. ഭാഷയിൽ എഴുതപ്പെട്ട കൃതികളേറെയും പദ്യത്തിലായിരുന്നു. പാഠപുസ്തകങ്ങളുടെ ആവശ്യം എന്ന നിലക്കാണ് മലയാളത്തിൽ ഗദ്യം ശക്തിപ്പെടുന്നത് .
പാഠപുസ്തകത്തിലേക്ക് തെരഞ്ഞെടുക്കാൻ ആവശ്യത്തിന് ഗദ്യകൃതികൾ ഇല്ലായിരുന്നെന്ന കാര്യം കൊഴിഞ്ഞ ഇലകൾ എന്ന ഗ്രന്ഥത്തിൽ ജോസഫ് മുണ്ടശ്ശേരി സൂചിപ്പിക്കുന്നുണ്ട്.
“ബോർഡിൽ മിക്കതവണയും നല്ല നല്ല ഗദ്യ കൃതികൾക്കായിരുന്നു ക്ഷാമം .പഴയ ഈടുവെപ്പിൽ നിന്നാണെങ്കിൽ എടുത്തുപയോഗിക്കാവുന്നവയായിട്ടു നാലോ അഞ്ചോ എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ദുലേഖ ,കുന്ദലത, മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ഭാസ്കരമേനോൻ, ഭൂതരായർ എന്നിവയൊക്കെത്തന്നെ. “
(പേജ്132 , കൊഴിഞ്ഞ ഇലകൾ )
(ഇവിടെ സരസ്വതി വിജയം എന്ന പോത്തേരി കുഞ്ഞമ്പുവിന്റെ നോവൽ പരാമർശിച്ചിട്ടില്ല എന്നത് തികച്ചും അപലപനീയമാണ്.)

ഇത്തരം സന്ദർഭങ്ങളിൽ മദിരാശി യൂണിവേഴ്സിറ്റിയിലും തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിലുമെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്ന സ്വാർത്ഥത മുൻനിർത്തി സാഹിത്യകൃതികൾ തട്ടിക്കൂട്ടിയുണ്ടാക്കുന്ന ഇടപാട് അധികാരികൾ തന്നെ നടത്തുന്ന കാര്യം വിമർശനാത്മകമായി ജോസഫ് മുണ്ടശ്ശേരി എഴുതുന്നുണ്ട്.
“മദിരാശി യൂണിവേഴ്സിറ്റിയിൽ ഏർപ്പെടുത്തിയ പുതിയ പാഠപദ്ധതിയനുസരിച്ച് ഇൻ്റർ മീഡിയറ്റിനും രണ്ടാമത്തെ പാർട്ടായി ദേശഭാഷാധ്യായനം നിർബന്ധമായിത്തീർന്നു. അതോടെ ആ ക്ലാസുകളിലേക്ക് കൊല്ലം തോറും എട്ടും പത്തും സാഹിത്യകൃതികൾ വെവ്വേറെ പ്രിസ്ക്രൈബ് ചെയ്യുക എന്ന സമ്പ്രദായം നടപ്പായി. മലയാളത്തിലെ സാഹിത്യകാരന്മാർക്കും പ്രസാധകന്മാർക്കും ഈ പുത്തൻ നടപടി ഒരനുഗ്രഹമായി എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല . ആ സംഭവത്തിനുശേഷം മദിരാശി മലയാളം ബോർഡ് ഓഫ് സ്റ്റഡീസിന്റെ പ്രാധാന്യം ഒന്നെടുത്തു മറിയുകതന്നെചെയ്തു. സാഹിത്യകൃതികളുടെ പ്രാണേതാക്കളും പ്രസാധകന്മാരും ബോർഡ് സ്റ്റഡീസിന്റെ അമരത്തിരുന്ന മാന്യന്മാരുടെ പടിക്കൽ കൊല്ലം തോറും സത്യാഗ്രഹമനുഷ്ഠിക്കലായി. അതിന്റെഫലമെന്തായിരുന്നു ? സാഹിത്യരംഗത്ത് യഥാർത്ഥത്തിൽ സേവനമനുഷ്ഠിക്കാൻ കെൽപ്പുണ്ടായിരുന്നവരെ മിക്കവാറും തോൽപ്പിക്കുന്ന മട്ടിൽ കുറെ ടെക്സ്റ്റ് ബുക്ക് സാഹിത്യകാരന്മാരും അവരുടെ പ്രസാധകന്മാരും ബോർഡ് ഓഫ് സ്റ്റഡീസിനെ കാക്കപിടുത്തം തൊട്ടുള്ള എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് കയ്യടക്കിക്കളഞ്ഞു “
( പുറം 130 കൊഴിഞ്ഞ ഇലകൾ)
രാജാവിന്റെ ചില ആനുകൂല്യങ്ങൾ എന്ന തലക്കെട്ടോടുകൂടിയാണ് കേരളവർമ്മ ടെക്‌സ്റ്റ് ബുക്ക് കമ്മിറ്റിയുടെ സർവ്വാധിപതിയായിരിക്കുന്നതിനെ
കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ വിശേഷിപ്പിക്കുന്നത്.
അദ്ദേഹം എഴുതുന്നു. “താൻ പുത്തനായി 1041-മാണ്ടു സ്ഥാപിച്ച മലയാളം പള്ളിക്കൂടങ്ങളുടെ ആവശ്യത്തിലേക്ക് വേണ്ട ഗദ്യപുസ്തകങ്ങൾ രചിക്കുന്നതിന് മാധവരായർ 10 42-മാണ്ടു ഒരു അധ്യക്ഷനും മൂന്ന് അംഗങ്ങളും അടങ്ങിയ ഒരു സമിതിയെ സംഘടിപ്പിച്ചു. അതിൽ ആദ്യം ഒരംഗമായി അവിടുന്ന്കൂടി നിയമിതനാകാനുള്ള കാരണം അധ്യക്ഷനായ അണ്ണാജിരായർക്ക് ഇംഗ്ലീഷും, മറ്റു രണ്ടംഗങ്ങളായ സുബ്ബാ ദീക്ഷിതർക്കും കോളേജ് മുൻഷി രാമൻ തമ്പിക്കും യഥാക്രമം സംസ്കൃതവും മലയാളവും മാത്രമേ പരിചയമുണ്ടായിരുന്നു എന്നുള്ളതാണ്. കേവലം നാലു പേരിൽ ഒരാൾ മാത്രമായിരുന്ന അവിടെത്തേക്കുതന്നെയാണ് തന്നിമിത്തം കമ്മറ്റിയുടെ ആവിർഭാവം മുതൽ സ്വയം പുസ്തകം നിർമ്മിക്കുകയും ചിലപ്പോൾ മറ്റുള്ളവരെക്കൊണ്ട് നാമമാത്രമായി എഴുതിച്ച് അവയുടെ അലകും പിടിയും മാറ്റി മുദ്രാപണാർഹമാക്കുകയും ചെയ്യേണ്ടിവന്നത്. “
(പേജ് ,427 കേരള സാഹിത്യ ചരിത്രം ഉള്ളൂർ വോളിയം 4 )
ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിലെ സ്വജനപക്ഷപാതങ്ങളും അനർഹരുടെ കടന്നുവരവുമെല്ലാം മേൽ സൂചനകളിൽ ദൃശ്യമാണ്. അക്കാദമികമായ എല്ലാത്തരം അധികാരങ്ങളിലേക്കുമുള്ള പ്രവേശനം ലഭിക്കുന്നതിൽ വിദ്യാഭ്യാസ യോഗ്യതയെക്കാൾ രാജപ്രീതിയായിരുന്നു മുന്നിട്ടുനിന്നിരുന്നത് എന്ന കാര്യം ചരിത്രവിവരണങ്ങളിൽ വ്യക്തമാണ്. രാജഭക്തിയിലേക്കും പുരാണങ്ങളിലും വിദ്യാർത്ഥികളെ ചേർത്തുനിർത്താനുതകുന്ന കൃതികളാണ് ടെക്സ്റ്റ് ബുക്കിലേക്കായി അക്കാലത്തു നിർമ്മിച്ചത് എന്നകാര്യം വ്യക്തമാണ്. പഞ്ചതന്ത്രം കഥകൾ, ഈസോപ്പ് കഥകൾ,വിക്രമാദിത്യ കഥകൾ എന്നിവയും പാഠപുസ്തകങ്ങളിൽ കടന്നുവരുന്നത് കാണാം.

വരേണ്യതയോടും അതിന്റെ ബോധതലങ്ങളോടും ചേർന്നുനിൽക്കുന്നതാണ് മിക്കവാറും പാഠപുസ്തകങ്ങളിലെ ഭാഷയും ആശയലോകവും .
വരേണ്യവും ഏകതാനവുമായ ഒരു പ്രത്യയശാസ്ത്ര ലോകമാണത്. അതിന്റെതുടർച്ചയിൽ അടുത്തകാലത്തുപോലും ” അമ്മ എനിക്ക് പാലും പഴവും തരും. അതു കഴിച്ചില്ലെങ്കിൽ അമ്മ കരയും” എന്ന മട്ടിലുള്ള പാഠങ്ങൾ ഉണ്ടായി വന്നത്. പാലെന്നല്ല, പഴങ്കഞ്ഞിപോലും കുടിക്കാനില്ലാത്ത കുട്ടികളിൽ ഇത്തരം “പാലുപുരാണങ്ങൾ ” അപകർഷമല്ലാതെ യാതൊരു ഉൽക്കർഷവും നിർമ്മിക്കില്ല എന്ന് ചിന്തിക്കാനുള്ള ബോധം ആ സിലബസ് കമ്മിറ്റിക്ക് ഉണ്ടായിരുന്നില്ല എന്നകാര്യം ഇന്ന് ഏതൊരാൾക്കും മനസ്സിലാവും. “പാലുപുരാണത്തിന്റെ ” അത്തരം പാഠങ്ങൾ തങ്ങളിൽ ഉണ്ടാക്കിയ അപകർഷത സംബന്ധിച്ച് പിന്നീട് നിരവധിയാളുകൾ എഴുതിയിട്ടുമുണ്ട്. വരേണ്യമായ ചെറിയൊരു വിഭാഗത്തിന്റെ ജീവിതക്രമത്തെ മുഴുവൻ മനുഷ്യരിലേക്കും അടിച്ചേൽപ്പിക്കുന്ന അത്തരം ടെക്സ്റ്റ് ബുക്കുകൾ സാമൂഹിക ജീവിതത്തെ പിന്നോട്ടടിക്കാനാണ് ഉപകരിച്ചത്. പഴഞ്ചൻ ബോധവും ആധുനികതയും തമ്മിൽ എല്ലാ സിലബസ് കമ്മറ്റികളിലും ഏറ്റുമുട്ടിയത് വ്യക്തമാണ് .പല ഘട്ടങ്ങളിലും പഴഞ്ചൻ ബോധങ്ങൾ വിജയം നേടുന്നതു കൊണ്ട് തന്നെയാണ് പ്രാചീന സാഹിത്യത്തിന്റെ കാഴ്ചബംഗ്ലാവുകൾ മാത്രമായി നമ്മുടെ മലയാളം സിലബസുകൾ മാറിപ്പോയത്.അത്തരം പ്രവണതകളെ മുണ്ടശ്ശേരി എഴുതുന്നത് ഇങ്ങനെയാണ്.
“തിരുവനന്തപുരത്തുകാരൻ ശ്രീ പി അനന്തൻപിള്ളയുടെ കാര്യത്തിലും ഒട്ടൊക്കെ ഈ നയമാണ് അനുവർത്തിക്കപ്പെട്ടിരുന്നത്. അല്പം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞതിനു ശേഷമേ അംഗീകരിക്കൂ എന്നൊരന്തരം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്നില്ലെന്നില്ല.മിക്കപ്പോഴും അദ്ദേഹത്തിന്റെപിൻബലം സിൻഡിക്കേറ്റ് അംഗവും ബോർഡ് അധ്യക്ഷനും ആയിരുന്ന ശ്രീ എ. ഗോപാല മേനോനാണ്. വേറെ ചില മെമ്പർമാർ ചെയ്തിരുന്നത് സ്വന്തം പുസ്തകങ്ങൾ അത്രയൊന്നും ഇല്ലാതിരുന്നതിനാൽ ,കെട്ടിക്കിടക്കുന്ന അന്യന്മാരുടെ പുസ്തകങ്ങൾക്ക് വേണ്ടി കൈമടക്കി വീറോടെ വാദിക്കുകയാണ്. ഈ വിധത്തിൽ ഭിന്നതാല്പര്യക്കാരായിരുന്നാലും ഒരു കാര്യത്തിൽ അവരെല്ലാം ഏകസ്കന്ധന്മാരായി നിലകൊണ്ടിരുന്നു –
പുതിയ തലമുറക്കാരിൽ നിന്നും പുതിയ വീക്ഷണഗതിയുമായി വന്നുകൊണ്ടിരുന്ന സാഹിത്യകൃതികളെ ധിക്കരിക്കുന്ന കാര്യത്തിൽ “
(പുറം 131 കൊഴിഞ്ഞ ഇലകൾ)

ഉള്ളൂർ

പുതിയ ആളുകളെ അകറ്റിനിർത്തുന്നതിന് ഉള്ളൂരിനെപ്പോലുള്ള ടെക്സ്റ്റ് ബുക്ക് ബുദ്ധിജീവി ശ്രമിച്ചതായി മുണ്ടശ്ശേരി വിലയിരുത്തുന്നുണ്ട്. ഉള്ളൂരിന്റെ കൃതികളിൽ ഉള്ളതുപോലെ ദുർഗ്രഹങ്ങളായ സംസ്കൃത പദങ്ങളും ഇതിഹാസഗർഭങ്ങളായ പ്രയോഗങ്ങളും ധാരാളം ഉണ്ടെങ്കിലേ പഠിക്കാനുള്ള വകയുള്ളൂ എന്നാണ് ഉള്ളൂർ വിശ്വസിച്ചിരുന്നത്. വള്ളത്തോളിന്റെ കൃതികളോട് പോലും ഉള്ളൂരിന് താല്പര്യമുണ്ടായിരുന്നില്ല എന്ന് മുണ്ടശ്ശേരി എഴുതുന്നു. വള്ളത്തോളിന്റെ കൃതികളിൽ താല്പര്യമുള്ള നിരവധി പേർ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉണ്ടായതുകൊണ്ട് ഉള്ളൂരിന് അത് തടയാൻ കഴിഞ്ഞിരുന്നില്ല. കുമാരനാശാന്റെ കൃതികൾക്ക് നേരെ സിലബസ് വരേണ്യരിൽ എതിർപ്പാണ് കൂടുതൽ ഉണ്ടായിരുന്നത്. എന്നാൽ ആശാൻ കൃതികൾ സിലബസിൽ വരുന്നതിനെ എതിർത്തു സംസാരിക്കാൻ ഇക്കൂട്ടർ കാര്യമായി ധൈര്യപ്പെട്ടിരുന്നില്ല. അന്നത്തെ തെക്കൻ തിരുവിതാംകൂറിലെ കാലാവസ്ഥയെ ഭയപ്പെട്ടിട്ടാവാം ഇവർ മൗനം ദീക്ഷിച്ചത് എന്ന് മുണ്ടശ്ശേരി സൂചിപ്പിക്കുന്നുണ്ട്. ആശാന്റെകൃതികൾ സിലബസിൽ വരുന്നതിനെ എതിർക്കാൻ കഴിയാത്ത കാലാവസ്ഥ എന്താണ് തെക്കൻ തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്?

വള്ളത്തോൾ

തീർച്ചയായും ശ്രീനാരായണ പ്രസ്ഥാനം മുന്നോട്ടുവെച്ച ബുദ്ധിജീവികളുടെ മുഴക്കമുള്ള ശബ്ദവും ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക ‘എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനത്തിന്റെ കരുത്തുമാണ് ഈ സൂചിപ്പിക്കപ്പെടുന്ന കാലാവസ്ഥ. സിലബസിലേക്ക് സാമൂഹിക വിഭാഗങ്ങൾ കടന്നുവരുന്നതിൽ ആ വിഭാഗത്തിന്റെ ദൃശ്യതയും പ്രധാനമാണ് എന്ന് ഈ സൂചന നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതേസമയം തന്നെ സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കെ പി കറുപ്പൻ തുടങ്ങിയവരുടെ കൃതികൾ സിലബസിൽ ഇടം നേടിയില്ല എന്നതും പാഠ്യപദ്ധതികളിലെ പുറത്താക്കലിന്റെ ഉദാഹരണമായി തന്നെ മനസ്സിലാക്കണം.
സിലബസിൽ കൃതികൾ കയറിപ്പറ്റുന്നതിലും ഒഴിവാക്കപ്പെടുന്നതിലും പടലപ്പിണക്കങ്ങളും സ്വജനപക്ഷപാതങ്ങളും മൂലം പലതരം അയുക്തികൾ പ്രവർത്തിച്ചതും മുണ്ടശ്ശേരിഎഴുതുന്നുണ്ട്.
“ശ്രീ നാലാപ്പാടന്റെ ‘കണ്ണുനീർത്തുള്ളി’ ബി എ ക്ലാസ്സിലേക്ക് ഒരിക്കൽ നിർദ്ദേശിച്ചപ്പോൾ ഉടനെ അദ്ദേഹം (ഉള്ളൂർ) എന്റെചെവിയിൽ മന്ത്രിച്ചത് ഇങ്ങനെയാണ് .
“അതയാളുടെ ഭാര്യയെ കുറിച്ചുള്ളതല്ലേ മുണ്ടശ്ശേരി ? അതൊക്കെ ക്ലാസിൽ പഠിപ്പിച്ചിട്ടെന്താ കാര്യം? “
ഞാൻ വിട്ടില്ല
അപ്പോൾ വി .സി ബാലകൃഷ്ണ പണിക്കരുടെഒരുവിലാപമോ ? ഭാര്യയെ കുറിച്ചുള്ളതാണല്ലോ അതും ? ഞാൻ ഇങ്ങനെ തിരിച്ചടിച്ചപ്പോൾ അദ്ദേഹത്തിന്റെ പടം താനേ താണുപോയി. മഹാകവി ഉള്ളൂരിന്റെഈ സമീപനമൊന്നും കഥയാക്കാനില്ല, നവീന്മാരുടെ കൃതികളെപ്പറ്റി ബോർഡിൽ മറ്റ് അംഗങ്ങൾ എടുത്തിരുന്ന നിലപാടോർക്കുമ്പോൾ യാതൊരു രാഷ്ട്രീയവുമില്ലെങ്കിൽ തന്നെയും പുതിയവരുടെ കൃതികളോടെതിർപ്പാണവർക്ക്. അഞ്ചും പത്തും കൊല്ലം കഴിയാതെ അവയെപ്പറ്റി എന്തു പറയാനാണ് എന്ന് ചോദിച്ചിരുന്നവരുണ്ട്. പക്ഷേ അതേ മാന്യന്മാർ അതാതു കൊല്ലം തട്ടിപ്പടച്ചു ഉള്ളൂരും മറ്റും ഹാജരാക്കിയിരുന്ന കൃതികൾക്കു പഴയ നെയ്യിന്റെ വില കൽപ്പിക്കാൻ തെല്ലും മടിച്ചിരുന്നുമില്ല. ആളു വില കല്ലുവില എന്നേയുള്ളൂ ” (പേജ് 132 കൊഴിഞ്ഞ ഇലകൾ)
+918547546530

Author

88 Views
Scroll to top
Close
Browse Categories