ശ്രീനാരായണഗുരു മഹാനിഘണ്ടു

രാമയ്യര്‍, മഞ്ചേരി (അഡ്വക്കേറ്റ്):
ജീവിതകാലം (1887-1958)
ബ്രഹ്മവിദ്യാസംഘം, മഹാബോധിസംഘം, ആര്യസമാജം, സര്‍വെന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി, എന്നീ സംഘടനകള്‍ മലബാറില്‍ രൂപീകരിക്കുന്നതിന് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു.
പിന്നോക്കസമുദായക്കാരുടെ സമുന്നതിക്കായും ജാതിവ്യത്യാസത്തിനെതിരായും നടന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സവര്‍ണ്ണ പക്ഷത്തു നിന്നു അയിത്താചരണത്തിനെതിരെ പ്രവര്‍ത്തിച്ചു. ഒരു തീയന്റെ വിവാഹസദ്യയില്‍ പങ്കുകൊണ്ടതിനു സ്വസമുദായ ഭ്രഷ്ട് നേരിട്ടു. അവര്‍ണ്ണര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന തളി ക്ഷേത്രത്തിനരികിലെ റോഡിലൂടെ മിതവാദി കൃഷ്ണനെ കൂട്ടി മഞ്ചേരി രാമയ്യര്‍ നടന്നു. കളക്ടര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് കൊടുത്തശേഷമായിരുന്നു ഇതു ചെയ്തത്. അവര്‍ണ്ണര്‍ക്ക് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ അവരുടെ കേസു വാദിക്കാന്‍ തയ്യാറായി. ഗുരുവിനോടു നിസീമമായ ഭക്തി പുലര്‍ത്തി.കോഴിക്കോടു് ഗുരു പ്രതിഷ്ഠ നിര്‍വ്വഹിച്ച ശ്രീകണ്‌ഠേശ്വരക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ചു.

രാമസ്വാമികള്‍:
കൊല്ലം പട്ടത്താനത്ത് ജനിച്ച രാമസ്വാമികള്‍ തമിഴില്‍ അസാമാന്യ പാണ്ഡിത്യമുള്ളയാളായിരുന്നു. ഗുരുവിന്റെ ദര്‍ശനങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. രാമസ്വാമികള്‍ എഴുതിയ ‘വേദാന്തപ്രദീപം’ എന്ന തമിഴ് പുസ്തകത്തിന് തിരുവിതാംകൂറിലും മദിരാശിയിലും വലിയ അംഗീകാരവും സ്വീകരണവും ലഭിച്ചു. ഈ ഗ്രന്ഥത്തിന് വിവേകോദയത്തിലൂടെ പരിചയക്കുറിപ്പെഴുതിയത് മഹാകവി കുമാരനാശാനാണ്. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘സ്ത്രീകളോട്’ എന്ന പേരില്‍ അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ട്. ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ പുസ്തകം അദ്ദേഹം രചിച്ചത്. രാമസ്വാമികള്‍ കൊല്ലം പട്ടത്താനത്ത് സ്ഥാപിച്ച രാമസ്വാമി മഠം ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ ശാഖയായി പ്രവര്‍ത്തിച്ചു വരുന്നു. 1917 (കൊല്ലവര്‍ഷം 1093) ല്‍ രാമസ്വാമികള്‍ സമാധിയായി
രാമസ്വാമി നായ്ക്കര്‍ ഇ.വി:
തന്തൈ പെരിയാര്‍, എന്നു പ്രശസ്തനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്. 1879 സെപ്തം. 17ന് ഈറോഡില്‍ ജനിച്ചു. ജാതിവിരുദ്ധപ്രചരണത്തിന്റെ നേതാവ്, യുക്തിവാദി. ഹിന്ദി ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തി. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അനുഭാവി. ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം കോണ്‍ഗ്രസ്സ് വിട്ടു. ദ്രാവിഡ കഴകം രൂപീകരിക്കുന്നതില്‍ സഹകരിച്ചു. സ്വാഭിമാന പ്രസ്ഥാനത്തിനു തുടക്കമിട്ടു. വൈക്കം സത്യഗ്രത്തില്‍ സജീവമായി പങ്കെടുത്തു. ബ്രാഹ്മണമേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചു. 1973 ഡിസംബര്‍ 24നു അന്തരിച്ചു.

രാമാനന്ദസ്വാമികള്‍:
തൃശൂരിലെ പെരിങ്ങോട്ടുകര തച്ചപ്പള്ളി കുടുംബംഗമായിരുന്നു.1895 ഫെബ്രുവരി 4ന് ജനനം. ശിവലിംഗസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ച് സംസ്‌കൃതം, തമിഴ്, സിദ്ധവൈദ്യം തുടങ്ങിയ വിഷയങ്ങളില്‍ പാണ്ഡിത്യം വരിച്ച് ഉപരിപഠനം നടത്തുകയും രാമാനന്ദ സ്വാമികള്‍ എന്ന പേരില്‍ ഗോവിന്ദാനന്ദ സ്വാമികളില്‍ നിന്നു ദീക്ഷ സ്വീകരിച്ചു സംന്യസിക്കുകയും ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ സ്ഥാപാകാംഗങ്ങളില്‍ ഒരാള്‍. ധര്‍മ്മസംഘം സെക്രട്ടറി, ശിവഗിരി തീര്‍ത്ഥാടന സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 1957 ജൂണ്‍ 9 നു സമാധി.
രാമുണ്ണി കൊറ്റിയത്ത്:
ജഗന്നാഥ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന ശ്രീ ജ്ഞാനോദയം സംഘത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡണ്ട്. ഗുരുവിന്റെ സന്ദേശങ്ങള്‍ വടക്കേ മലബാറില്‍ പ്രചരിപ്പിക്കുന്നതിന് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. തലശ്ശേരിയിലാണ് കൊറ്റിയത്തു വീട്. ജനിച്ചതും (1856) പഠിച്ചു വളര്‍ന്നതും കണ്ണൂരില്‍. വക്കീലുദ്യോഗമായിരുന്നു. ആലപ്പുഴയിൽ എസ്.എന്‍.ഡി.പി യോഗം മൂന്നാം വാര്‍ഷിക യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. 1907 മുതല്‍ 14 വര്‍ഷം ജ്ഞാനോദയ യോഗം പ്രസിഡന്റായി തുടര്‍ന്നു. തലശ്ശേരിയിലും സമീപപ്രദേശങ്ങളിലുമായി 200-ഓളം ശ്രീനാരായണമഠങ്ങള്‍ സ്ഥാപിക്കാന്‍ ഉത്സാഹിച്ചു. തലശ്ശേരി മുന്‍സിപ്പാലിറ്റി രൂപീകരണകാലം മുതല്‍ കൗണ്‍സിലര്‍, 1891 മുതല്‍ ചെയര്‍മാന്‍ പദവി. 1921 ല്‍ അന്തരിച്ചു.

രാരിച്ചന്‍ മൂപ്പന്‍ (കല്ലിങ്ങല്‍ മഠത്തില്‍):
മലബാറിലെ തിയ്യവിഭാഗങ്ങള്‍ക്കിടയിലെ സാമൂഹികപരിഷ്‌ക്കരണം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച കല്ലിങ്ങല്‍ മഠത്തില്‍ രാരിച്ചന്‍ മൂപ്പന്‍ 1858 ജനുവരി 20 നു ജനിച്ചു. സാമൂതിരി കോവിലകം കഴിഞ്ഞാല്‍ സമ്പന്നതയിലും ആഢ്യത്വത്തിലും മുന്നിട്ടുനിന്ന തറവാടായിരുന്നു കല്ലിങ്ങല്‍ മഠം. ഗുരു പ്രതിഷ്ഠ നടത്തിയ കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ നിര്‍മ്മാണസാരഥ്യം രാരിച്ചന്‍ മൂപ്പനായിരുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ മലബാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് നിന്ന് കേരളസഞ്ചാരി പ്രസിദ്ധീകരിച്ചു. ശ്രീകണ്‌ഠേശ്വരക്ഷേത്രയോഗത്തിന്റെ പ്രസിഡന്റ് ആയിരുന്നു. 1919 ജൂണ്‍ 19 ന് അന്തരിച്ചു.
വക്കം മൗലവി: മുഹമ്മദ് മൗലവി
(വക്കം) കാണുക.
വനജാക്ഷി മണ്ഡപം:
ഗുരു സമാധിയായപ്പോള്‍, ഭൗതിക ശരീരം ദര്‍ശനത്തിനു വെച്ചത് വനജാക്ഷി മണ്ഡപത്തിലാണ്. ഗുരുശിഷ്യനായ ആലുംമൂട്ടില്‍ ഗോവിന്ദ ദാസ് അകാലത്തില്‍ മരിച്ചു പോയ മകള്‍ വനജാക്ഷിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച് നല്‍കിയതാണ് വനജാക്ഷി മണ്ഡപം. ശാരദാമഠത്തിനു സമീപമാണ് സ്ഥിതി ചെയ്തിരുന്നത്.
വനിതാമുന്നേറ്റം :
സമുദായത്തിലെ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും മുന്നേറേണ്ടതിന്റെ പ്രാധാന്യം കത്തുകളിലും സന്ദേശങ്ങളിലുമായി ഗുരു എടുത്തുപറഞ്ഞിരുന്നു. വിദ്യാഭ്യാസമാണ് ജനങ്ങളെ നന്നാക്കാനുള്ള മരുന്ന് എന്ന ആദര്‍ശം ഇക്കാര്യത്തിലും വഴികാട്ടി. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം വിജ്ഞാനവര്‍ദ്ധിനിസഭ, യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ നേരിട്ടുകൊണ്ട് സ്ത്രീവിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കി. തിരുവനന്തപുരം മഹാരാജാസ് കോളേജിനടുത്ത് ശ്രീനാരായണ വിദ്യാര്‍ത്ഥിസദനത്തിന് തുടക്കമിട്ടു. സ്ത്രീകള്‍ക്ക് അപമാനകരവും കുടുംബത്തിന് ധനച്ചെലവുമുണ്ടായിരുന്ന തിരണ്ടുകല്യാണം, പുളികുടി തുടങ്ങി അനാചാരങ്ങള്‍ ഇല്ലാതാക്കി. വിവാഹം മുതല്‍ ധൂര്‍ത്തുകള്‍ക്കുപയോഗിക്കുന്ന പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവിടാന്‍ നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ച തത്ത്വസംഹിതയ്‌ക്കെതിരെ ആയിരുന്നല്ലോ ഗുരുവിന്റെ പോരാട്ടം തന്നെ. സ്ത്രീകള്‍ക്ക് ആത്മീയപ്രവര്‍ത്തനത്തില്‍ മുഴുകാനും അവസരം നല്‍കി. വിവാഹത്തിനുമുമ്പ് സ്ത്രീപുരുഷന്മാര്‍ക്ക് കണ്ട് സംസാരിക്കാനവസരം നല്‍കണമെന്നു നിര്‍ദ്ദേശിച്ചു.
1912 ചെറായിലെ ഒരു യോഗത്തില്‍ ഗുരു ഇപ്രകാരം ഉപദേശിച്ചു. സമൂഹത്തില്‍ പുരുഷനു മാത്രമല്ല സ്ത്രീകള്‍ക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ അവരെ പിറകോട്ട് തള്ളിവിടരുത്. ആലുവ അദ്വൈതാശ്രമത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പത്രക്കുറിപ്പില്‍ നിന്ന് ഈ ആശ്രമത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം താമസിച്ചു പഠിക്കുന്നതിനായി കന്യാമഠം പോലെ ഒരു ധര്‍മ്മപാലനമഠവും ഉണ്ടാകണമെന്നു നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടികള്‍ക്ക് കൈത്തൊഴില്‍ പഠിക്കുവാനും അവസരങ്ങളൊരുക്കി. ശൈശവവിവാഹം, സ്ത്രീധനം, ബഹുഭാര്യാത്വം ഇവയ്‌ക്കെതിരെ കര്‍ശനമായി നിലകൊണ്ടു. ഇപ്രകാരം സമസ്ത മേഖലകളിലും സ്ത്രീകള്‍ മുന്നോട്ട് വരാന്‍ അവസരമൊരുക്കി. യോഗത്തിന്റെ സമ്മേളനങ്ങളുടെ അവിഭാജ്യഘടകമായി വനിതാസമ്മേളനവും നടന്നുവന്നു. ശ്രീനാരായണ ധര്‍മ്മസോദരീമഠവും സ്ത്രീമുന്നേറ്റത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ്.






