ഗോവയുടെ പിക്കാസോ

ലോകരക്ഷകപള്ളിക്കു മുന്നിലെ നാൽക്കവലയില്‍ നിന്ന് ഒരു കുടുസുവഴി തിരിയുന്നത് മാരിയോയുടെ വീട്ടിലേക്കാണ്. മരങ്ങള്‍ നിറഞ്ഞ ഒരു പറമ്പിലൂടെയുള്ള നാട്ടുവഴി അവസാനിക്കുന്നത് വലിയ ഗേറ്റുകളുള്ള പോര്‍ച്ചുഗീസ് രീതിയിലുള്ള ഒരു വലിയ വീടിനുമുമ്പിലാണ്. മുന്നിലായി ”മരിയോ മിരാന്‍ഡ” എന്ന സിറാമിക് പ്ലേറ്റിലുള്ള നിറം മങ്ങിയ ഫലകം. വിശ്വപ്രസിദ്ധനായ ചിത്രകാരന്റെ ഗോവയിലെ ഭവനം. ഗോവയിലെ മീന്‍വില്‍ക്കുന്ന പെണ്ണുങ്ങളേയും, ഭക്ഷണശാലകളേയും നിത്യജീവിതത്തേയുമൊക്കെ സവിശേഷമായ വരകളിലൂടെ അവതരിപ്പിക്കുന്ന ചിത്രകലാ സങ്കേതമായിരുന്നു അദ്ദേഹത്തിന്റേത്.

കൗമാരകാലത്ത് ധാരാളമായി കാണുന്ന സോവിയറ്റ് റഷ്യയുടെ പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ മാഗസിനുകളില്‍ കുലീനമെന്ന തോന്നിയ പരിചയമുള്ള ഒരെണ്ണം പില്കാലത്ത് നിന്നുപോയ ‘ഇലസ്‌ട്രേറ്റഡ് വീക്കിലി’ ആയിരുന്നു. അന്നും, ഒരുപക്ഷേ ഇന്നും പിടിതരാതിരുന്ന ആംഗലേയഭാഷയുടെ പരിമിതി വീക്കിലിയിലെ ചിത്രങ്ങളിലും, അതിലെ മരിയോ മിരാന്‍ഡയുടേയും ആര്‍.കെ.ലക്ഷ്മണന്റേയും കാര്‍ട്ടൂണുകളില്‍ കാഴ്ചയെ ഒതുക്കി.

മിരാന്‍ഡയുടെ വരകള്‍ക്ക് ഒരു മാസ്മരികത ഉണ്ടായിരുന്നു. കേവലം കാര്‍ട്ടൂണുകള്‍ക്കപ്പുറം ഒരു ഇലസ്‌ട്രേഷന്റെ രൂപത്തില്‍ മരിയോയുടെ കറുപ്പും വെളുപ്പും നിറങ്ങള്‍ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. വീക്കിലിയുടെ മിനുസമുള്ള ധവളിമയില്‍ പതിഞ്ഞ കറുപ്പുവരകള്‍ ആകര്‍ഷകമായിരുന്നു. ഒരു പക്ഷേ മരിയോയേയും പിന്നെ ഗോവയേയും അറിയുന്നത് ആ വരകളിലൂടെ ആയിരുന്നു.

ആദ്യകാലഗോവന്‍ യാത്രകളില്‍ അവിടെ ഒരു ഗ്രാമത്തില്‍ വിശ്രമജീവിതം നയിച്ചിരുന്ന മിരാന്‍ഡ എന്ന ലെജന്‍ഡിനെ ഒന്നുകാണാന്‍ ആഗ്രഹിച്ചിരുന്നു. ഗോവയില്‍ മഡ് ഗാം സ്റ്റേഷനില്‍ ചെന്നിറങ്ങുമ്പോഴൊക്കെ കാഴ്ചകളെ വലുതായി സ്വാധീനിച്ചത് അവിടെത്തെ ഭിത്തികളിലെ മരിയോയുടെ ഗ്രാഫിറ്റികളായിരുന്നു. 2011 ല്‍ മരിയോ മിരാന്‍ഡ ഈ ലോകം വിട്ടുപോയി. ഏറെക്കാലം കഴിഞ്ഞാണ് മരിയോയുടെ ലൗട്ടോളിമിലെ വീട്ടിലെത്തുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രശാന്തമായ ഒരു ഗ്രാമപ്രദേശമാണ് സൗത്ത് ഗോവയിലെ ലൗട്ടോളിം. അവിടുത്തെ സാല്‍വഡോ ഡോമുണ്ടോ എന്ന ലോകരക്ഷകന്റെ പള്ളി ഗ്രാമത്തിന്റെ പ്രധാന കവലയിലാണ്. സമീപത്തായി ഗോവ ബിഗ് ഫൂട്ട് എന്ന തീം പാര്‍ക്കുണ്ട്.

ഗ്രാമത്തിലൂടെയുള്ള ഒരു നടത്തത്തിലൂടെ അവിടുത്തെ ജീവിത്തേയും സംസ്‌കാരത്തേയും അറിയുവാനുള്ള കാഴ്ചകള്‍ ഒരുക്കിയ ഒരു പ്രദേശിക മ്യൂസിയമാണ് ബിഗ് ഫൂട്ട് . ഈ ഓപ്പണ്‍ എയര്‍ മ്യൂസിയത്തില്‍ നൂറുവര്‍ഷം മുമ്പുള്ള ഒരു ഗോവന്‍ ഗ്രാമത്തെ സൃഷ്ടിച്ചിരിക്കുന്നു. ഒരു നാടിന്റെ പാരമ്പര്യത്തേയും സംസ്‌കൃതിയേയും അറിയുവാനുള്ള മികച്ച മാധ്യമമായി ‘ആന്‍സെസ്ട്രല്‍ ഗോവ’ എന്ന ഈ ബിഗ് ഫൂട്ട് മ്യൂസിയം മാറിയിരിക്കുന്നു. മ്യൂസിയം ഒരു ആസ്വാദകന് പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധവും സഹവര്‍ത്തിത്തവും മനസിലാക്കുന്നതിനുള്ള ശില്പങ്ങളുടെ ഒരു ഭവനമായി വര്‍ത്തിക്കുന്നു.

ലോകരക്ഷകപള്ളിക്കു മുന്നിലെ നാൽക്കവലയില്‍ നിന്ന് ഒരു കുടുസുവഴി തിരിയുന്നത് മാരിയോയുടെ വീട്ടിലേക്കാണ്. മരങ്ങള്‍ നിറഞ്ഞ ഒരു പറമ്പിലൂടെയുള്ള നാട്ടുവഴി അവസാനിക്കുന്നത് വലിയ ഗേറ്റുകളുള്ള പോര്‍ച്ചുഗീസ് രീതിയിലുള്ള ഒരു വലിയ വീട്ടിനുമുമ്പിലാണ്. മുന്നിലായി ”മരിയോ മിരാന്‍ഡ” എന്ന സിറാമിക് പ്ലേറ്റിലുള്ള നിറം മങ്ങിയ ഫലകം. വിശ്വപ്രസിദ്ധനായ ചിത്രകാരന്റെ ഗോവയിലെ ഭവനം.
ഗോവയിലെ മീന്‍വില്‍ക്കുന്ന പെണ്ണുങ്ങളേയും, ഭക്ഷണശാലകളേയും നിത്യജീവിതത്തേയുമൊക്കെ സവിശേഷമായ വരകളിലൂടെ അവതരിപ്പിക്കുന്ന ചിത്രകലാ സങ്കേതമായിരുന്നു അദ്ദേഹത്തിന്റേത്. മാരിയോയുടെ ചിത്രരചനാ രീതി അക്കാലത്ത് പ്രസിദ്ധമായ ക്യൂബിസത്തിലെ ജ്യാമിതീയ ചലനങ്ങളുടെ അനുരണനങ്ങള്‍ ആയിരുന്നെന്ന് വ്യാഖ്യാനങ്ങളുണ്ട്. വിചിത്രമായ ഒരു ഇംപ്രഷനിസ്റ്റ് കാഴ്ചകള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായിരുന്നു എന്ന് ചിത്രകലാ നിരൂപകര്‍ വിലയിരുത്തുന്നു.
ഏതായാലും ഈ കുറിപ്പിന്റെ തലക്കെട്ടില്‍ അര്‍ത്ഥമാക്കുന്നത് സ്‌പെയിനില്‍ താരപരിവേഷമുണ്ടായിരുന്ന ചിത്രകാരനായ പാബ്ലോ പിക്കാസോയ്ക്കുള്ള പരിഗണനയാണ് ഗോവയില്‍ അവിടുത്തെ ജനത മാരിയോ മിരാന്‍ഡയ്ക്ക് നല്കിയിരുന്നതെന്നു മാത്രം.

1985 ല്‍ ഇറങ്ങിയ ശ്യാംബെനഗല്‍ ചിത്രമായ ‘ത്രികാല്‍’ എന്ന സിനിമയില്‍ മിരാന്‍ഡയുടെ വീട് ചിത്രീകരിച്ചിട്ടുണ്ട്. മിരാന്‍ഡയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനത്തോടെ, തന്നെ ഏറെ സ്വാധീനിച്ച മിരാന്‍ഡയുടേയും കുടുംബത്തിന്റേയും കഥ പരാമര്‍ശിക്കുന്നതാണ് സിനിമ. അറുപത്തി ഒന്നില്‍ ഇന്ത്യന്‍ സൈന്യം പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിക്കുന്ന പശ്ചാത്തലമാണ് സിനിമയുടെ കാതല്‍.
ഗോവന്‍ ജീവിതത്തിന്റെ കണ്ണാടിയായി മിരാന്‍ഡയുടെ ചിത്രങ്ങള്‍ മാറി. പനാജിയില്‍ മണ്‌ഡോവിതീരത്തുള്ള ഗാലറിയില്‍ മിരാന്‍ഡയുടെ ചിത്രപ്പണികള്‍ വിവിധ മാധ്യമങ്ങളിലായി കലാസ്‌നേഹികള്‍ക്ക് കൗതുകം പകരുന്നു. ഭാരത സര്‍ക്കാരിന്റെ പത്മപുരസ്‌കാരങ്ങളായ പത്മശ്രീയും പത്മഭൂഷനും മരിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പത്മവിഭൂഷന്‍ മരണാനന്തര ബഹുമതിയായും നല്കി. പ്രകൃതിയുടെയും, തിരക്കേറിയ മാര്‍ക്കറ്റുകളുടേയും ആവേശം നുരയുന്ന മദ്യശാലകളുടേയും പ്രണയിക്കുന്നവരുടേയും ലൈംഗികയുടേതുമൊക്കെയായി മരിയായോയുടെ കാന്‍വാസുകള്‍ എന്നും സജീവമായിരുന്നു. ചിത്രകലയുടെ മരിയോ മാജിക്കുമായി പനാജിയിലെ മ്യൂസിയം അസ്വാദകരെ ആകര്‍ഷിച്ച് കാലത്തിലേക്ക് തുറന്നുവച്ച കണ്ണാടിപോലെ തുറന്നിരിക്കുന്നു.
യാത്രകളേയും ആള്‍ക്കൂട്ടങ്ങളേയും സ്‌നേഹിച്ചിരുന്ന മാരിയോ രണ്ടില്‍നിന്നും തന്റെ വരയ്ക്കുള്ള വിഭവങ്ങള്‍ ആവോളം ശേഖരിച്ചു. നിരന്തരം വരകളിലും ടോണുകളിലും പരീക്ഷണങ്ങള്‍ നടത്തി. തന്റെ കലാജീവിതത്തെ എന്നും പരിഷ്‌കരിച്ചു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ മാരിയോ മിരാന്‍ഡയുടെ വരകള്‍ക്ക് കാലാതീതമായ ആസ്വാദകരും ഉണ്ടായി.

കാവി ആര്‍ട്ട്
ഗോവയുടെ നാടോടിപാരമ്പര്യത്തില്‍ വളര്‍ന്ന പരമ്പരാഗത കലാരൂപമാണ് കാവിആര്‍ട്ട്, കൊങ്കണ്‍ തീരത്തെ കരകൗശല വിദഗ്ദ്ധരുടെ കലാവൈദഗ്ദ്ധ്യമാണ് കാവിആര്‍ട്ടിനെ രൂപപ്പെടുത്തിയത്. ഇതിലെ കാവിനിറവും വെള്ളനിറവും സ്വാഭാവികമായപ്രകൃതിജന്യ വസ്തുക്കള്‍ വച്ചാണ് ഉണ്ടാക്കുന്നത്. ചുണ്ണാമ്പുകല്ലില്‍ നിന്ന് വെള്ളനിറം ഉണ്ടാക്കും. കുമ്മായം, മണല്‍ ,ശര്‍ക്കര എന്നിവയുടെ മിശ്രിതം ചുമരില്‍ പുരട്ടിയാണ് ഇത്തരം ചിത്രത്തിന് കാന്‍വാസ് തയ്യാറാക്കുന്നത്. ലാറ്ററൈറ്റ് മണ്ണില്‍ നിന്നുള്ള ചുവപ്പ് പിഗ്‌മെന്റുകള്‍ വേര്‍തിരിച്ച് കാവിനിറവും തയ്യാറാക്കുന്നു. പ്രകൃതിയുടെ ഈ മിശ്രിതം നീണ്ടകാലം മങ്ങിപ്പോകാതെ നിലനില്‍ക്കുന്നതാണ്. പരമ്പരാഗതമായി ക്ഷേത്രച്ചുമരുകളും വീടുകളും മേല്‍ക്കൂരകളുമൊക്കെ അലങ്കരിക്കുവാനാണ് സാധാരണയായി ഈ കലാരൂപം ഉപയോഗിച്ചിരിക്കുന്നത്.
ഈ പരമ്പരാഗത കലാരൂപം അലങ്കരിക്കുന്ന പഴയകെട്ടിടങ്ങള്‍ ഈ കലാരൂപത്തിന്റെ സമൃദ്ധി പുതുതലമുറകളിലേക്ക് പകരാനായി കൊങ്കണ്‍ തീരത്ത് പലയിടത്തും, കാവിആര്‍ട്ടുള്ള നിര്‍മ്മിതികളെ സംരക്ഷിതസ്മാരകങ്ങളാക്കി സൂക്ഷിക്കുന്നു. കൊങ്കണ്‍ മേഖലകളിലെ വീടുകളിലും, ആരാധനാലയങ്ങളിലും, ഗോവയിലെ റോമന്‍ കത്തോലിക്കാപ്പള്ളികളുടെ ചുവരുകളിലുമൊക്കെ കാവി ആര്‍ട്ട് കാണാം. ഗോവയുടെ സവിശേഷമായ പരമ്പരാഗത തദ്ദേശീയ ചിത്രകലാസങ്കേതത്തെ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കുന്നതിനായി പരിശീലനപപരിപാടികളും മറ്റും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു നടപ്പിലാക്കുന്നു. പോര്‍ച്ചുഗീസ് അധിനിവേശകാലത്തു ക്രിസ്ത്യന്‍ കലാരൂപങ്ങളും ബൈബിള്‍ ചിത്രങ്ങളുമൊക്കെ കാവിആര്‍ട്ടിന്റെ വിഷയങ്ങളായതോടെ അത് കൂടുതല്‍ ജനങ്ങളിലെത്തി. പുരാണകഥകളും, ജ്യാമിതീയപാറ്റേണുകളും പ്രകൃതിയിലെ നിത്യപരിചയ ചിത്രങ്ങളും ചേര്‍ന്ന കാവിആര്‍ട്ടിലേക്ക് ബൈബിള്‍ ചിത്രീകരണങ്ങളും വന്നതോടെ വലിയവികാസമായി. ഈ ചിത്രകല അക്കാലത്ത് വലിയതോതില്‍ ജനകീയമാവുകയും ചെയ്തു.
പതിനാറാം നൂണ്ടാറ്റിലേക്ക് എന്നു കരുതുന്ന ഈ കലാരൂപത്തിന് ഇന്ന് കലാതീതമായ ആസ്വാദകരുണ്ട്. പുതിയതലമുറയിലെ ചിത്രകാരന്മാര്‍ ഈ കലാപത്തെക്കുറിച്ച് അറിയാനും പഠിക്കാനുമായി മുന്നിട്ടിറങ്ങുന്നു. ശ്രദ്ധേയമായ പഠനങ്ങളും കാവിആര്‍ട്ടിനെ അറിയുവാനായി നടക്കുന്നു. ഈ ഏകവര്‍ണ അധിഷ്ടിതമായ കലാരൂപത്തെ സംരക്ഷിക്കാനുള്ള വര്‍ക്കുഷോപ്പുകളും ധാരാളമായി സംഘടിപ്പിക്കുന്നു. കാവിആര്‍ട്ടിന്റെ പ്രകൃതിയുമായുള്ള ബന്ധവും ലളിതമായ ആഖ്യാനശൈലിയും ആകര്‍ഷകമായ ഘടകങ്ങളാണ്.
93870 34142

Author

70 Views
Scroll to top
Close
Browse Categories