അനന്ത കാലമായിമാറിയ യോഗനയനങ്ങള്‍
ശ്രീനാരായണനില്നിന്നും പ്രസരിച്ച ഈശ്വരീയത, ശ്രീബുദ്ധന് പറഞ്ഞതുപോലെ,സ്വന്തം വിളക്കിന്റെ പ്രഭയില്‍ ജ്വലിച്ചതായിരുന്നു. പ്രാണവായു തുല്യം തന്നെ പൊതിഞ്ഞുനിന്ന പരമാത്മചൈതന്യത്തിന്റെ ഇച്ഛകളാണ് നിത്യോന്മേഷദായകമായ സന്യസ്ഥാവസ്ഥയാല് പതിതരെ ആശ്വസിപ്പിക്കാന്‍ ഗുരുവിനെ പ്രാപ്തനാക്കിയത്.

വിശ്വമൊന്നാകെ കാലാതീത തപസ്സിന്റെ കുളിര്‍ത്തെന്നല്‍ നിരന്തരം വീശുന്നുണ്ടെന്ന് അനുഭവപ്പെടുത്തുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ സ്മൃതികള്‍. വാസ്തവത്തില്‍ സ്മൃതി, ഓര്‍മ്മ എന്നീ വാക്കുകള്‍ പോലും പാപമാണ്. ബ്രഹ്മാണ്ഡമാകെ നിത്യവും തിളങ്ങി വിളങ്ങുന്ന ചേതസ്സിന്റെ ചേതസ്സായ ഗുരു എങ്ങനെയാണ് ഓര്‍മ്മയാവുക….! ഒരിക്കലുമില്ല. അസ്വസ്ഥതകളുടെ ആഴിത്തിരകളില്പെട്ട് ആടിയുലഞ്ഞവരെ കണ്ട് ഉള്ളം തപിച്ചപ്പോഴാണ് കൊച്ചു നാണുവില്‍ നിന്നും ശ്രീനാരായണ ഗുരുവിലേക്കുള്ള ഉയിര്‍പ്പ് സംഭവിച്ചത്.
മനുഷ്യകുലത്തെ നൊമ്പരപ്പെടുത്തുന്ന ലോകക്രമത്തെഗാഢമായി ആശ്ളേഷിക്കുന്നതായിരുന്നു പിന്നീടുള്ള ഗുരുവിന്റെചികിത്സാ വിധികള്‍. എക്കാലത്തെയും ഈശ്വരസ്തവമായി അത്കാലാന്തരങ്ങളില് അലയടിച്ചു.
വിദൂരതകളിലേക്കുള്ള അലച്ചിലുകള്‍ക്ക് വിരാമമിട്ട്,ഗുരുമനസ് സ്വസ്ഥമായപ്പോള്‍ നിന്ദിതരും പീഡിതരുമായ ഒരു ജനത ആ മഹാകടാക്ഷത്തിന്റെ പ്രഭാവലയത്തില്‍ സ്വാസ്ഥ്യപ്പെടുകയായിരുന്നു എന്നത് കാലത്തിന്റെ സാക്ഷി മൊഴി.
അവനവനോട് സ്വയമേവ തോന്നുന്ന മതിപ്പാണ് ലോകഗതിയെ ഈശ്വരീയതയുടെ തിളങ്ങുന്ന കലാസൃഷ്ടിയാക്കാന്‍ മഹാത്മാക്കളെ പ്രേരിപ്പിക്കുന്നത്. ശ്രീനാരായണനില്നിന്നും പ്രസരിച്ച ഈശ്വരീയത, ശ്രീബുദ്ധന് പറഞ്ഞതുപോലെ,സ്വന്തം വിളക്കിന്റെ പ്രഭയില്‍ ജ്വലിച്ചതായിരുന്നു. പ്രാണവായു തുല്യം തന്നെ പൊതിഞ്ഞുനിന്ന പരമാത്മചൈതന്യത്തിന്റെ ഇച്ഛകളാണ് നിത്യോന്മേഷദായകമായ സന്യസ്ഥാവസ്ഥയാല് പതിതരെ ആശ്വസിപ്പിക്കാന്‍ ഗുരുവിനെ പ്രാപ്തനാക്കിയത്.
1856-1928 ആയിരുന്നല്ലോ ഗുരുവിന്റെ അവതാരകാലം. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, ആത്മീയ സാഹചര്യങ്ങള്‍ ഒട്ടും ആശാവഹമല്ലാതിരുന്ന കാലത്തെ പിറവി. അതിനുശേഷം 40 വര്‍ഷം കഴിഞ്ഞാണ് ഗുരുവിന്റെ കാരുണ്യവൃത്തികള്‍ ഭാരതം അറിഞ്ഞു തുടങ്ങിയതെന്നത് ചരിത്രലിഖിതം. ”നാണു ആശാന് എന്നും നാണുഗുരുവെന്നും അറിയപ്പെട്ടിരുന്ന,പേരും പെരുമയും ആശിക്കാത്ത ഒരു നിഷ്കാമകര്‍മയോഗി, നെയ്യാറ്റിന് തീരത്തുള്ള അരുവിപ്പുറം എന്ന നാടും കാടും യോജിക്കുന്ന പ്രദേശത്ത് അധിവസിച്ചിരുന്നു” എന്ന് മന്നത്ത് പദ്മനാഭന് കുറിച്ചിട്ടുണ്ട്.
നാരായണഗുരു ഉള്‍പ്പെടെയുള്ള സന്യസ്ഥപരമ്പരകളെകുറിച്ച് എഴുതിയപ്പോള്‍ ‘അപൂര്വ്വവൈദ്യന്മാരെന്നാണ്…’ ഗുരു നിത്യചൈതന്യയതി വിശേഷിപ്പിച്ചത്. ഗുരുക്കന്മാരായി ജീവിച്ചവര്‍ മനുഷ്യരെ തൊടാന്‍ മടിച്ചിരുന്ന കാലത്താണ് നാരായണഗുരു എല്ലാ അര്‍ത്ഥത്തിലും അവരെ തൊട്ടത്. അദ്ദേഹത്തിന്റെ ഓരോ വാക്കും നോട്ടവും സ്പര്‍ശനവും അനുകമ്പാര്ദ്രതയുടെ ഔഷധമായിരുന്നു. ഗുരുവിന്റെ അത്യപൂര്വ്വവൈദ്യശോഭ അധഃകൃതമനസ്സുകളില് സുഗന്ധവാഹിയായ തെന്നലായി പരിണമിച്ചു.
ശാന്തവും നിശ്ചലവുമായ ഒരു തടാകം. അതില്‍ നീലാകാശത്തിന്റെ പ്രതിഫലനം. എന്നാല്പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി ആകാശം യാതൊന്നും ചെയ്യുന്നില്ല. ‘നീ എന്നില്‍ പ്രതിഫലിക്കണേ…’ എന്ന് തടാകം ആവശ്യപ്പെടുന്നുമില്ല. അതങ്ങനെസംഭവിക്കുകയാണ്, ആരുടെയും പ്രയത്നമില്ലാതെ…. ഇതുപോലെയാണ് ഒരു ജ്ഞാനിയുടെ ഉള്ളവും. അതില്‍ ഇക്കാണായതെല്ലാം പ്രതിഫലിക്കുന്നു; പ്രത്യേക ചിന്തയോ തയ്യാറെടുപ്പുകളോ ഇല്ലാതെ…അതിന് ജ്ഞാനി ഒന്നും ചെയ്യുന്നതേയില്ല. അവിടെ രാഗദ്വേഷങ്ങളോ പ്രിയാപ്രിയങ്ങളോ ഇല്ല. അതാണ് ജ്ഞാനനില. ആ ജ്ഞാനാവസ്ഥയിലാണ് ഗുരുദേവന് ദൈവകേന്ദ്രിതമാനവികത പ്രസരിപ്പിച്ചത്. പാണനും പറയനും തീയരും ഉള്‍പ്പെട്ട നന്നായി തീരുന്ന മനുഷ്യകുലത്തെ വിഭാവന ചെയ്തത്. അത് ഗുരുവിന്റെമനഃകണ്ണാടിയുടെ ദര്‍ശനമായിരുന്നു. അതുകൊണ്ട് കാലം ഇങ്ങനെ ഒരു ഗുരുവിന് ജന്മമേകിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
ദ്വന്ദങ്ങളെന്ന് മനുഷ്യന് വിചാരിക്കുന്നതൊക്കെ ഏകമാകുന്ന ഒരിടമുണ്ട്- പരമാത്മചൈതന്യ സന്നിധിയാണത്. അതേസന്നിധി തന്നെയാണ് ശ്രീനാരായണ ഋഷി.ജാതി, മത, വര്‍ഗ ഭേദബുദ്ധികളൊക്കെ ഏകദൃഷ്ടിയില് ദര്‍ശിച്ച പരമാത്മാവായ ഗുരു. വര്‍ത്തമാനകാല വേര്‍തിരിവുകളുടെ നിരുന്മേഷകതകള് കുടഞ്ഞെറിഞ്ഞ്, ”ആഴമേറും നിന്മഹസാം ആഴിയില്‍ ആഴ്ന്നും വാഴ്ന്നും” പവിത്രാത്മാക്കളാകണമെന്നല്ലേ അദ്ദേഹത്തിന്റെ കല്പന. സ്വന്തം ആത്മത്തെ തിരിച്ചറിഞ്ഞതിന്റെ ആഹ്ളാദഗീതികളായിരുന്നു ഗുരുവിന്റെസ്തോത്ര-ദാര്‍ശനിക- പ്രബോധനാത്മക- ഗദ്യകൃതികള്‍. അത് അദ്ദേഹത്തിന്റെ വെളിപാടായിരുന്നു. അത്തരത്തിലുള്ള സ്വയം കണ്ടെത്തലിലൂടെ മാത്രമേ ഭേദങ്ങളകന്ന് നിലനില്ക്കാനാവൂഎന്നും അദ്ദേഹം തെളിയിച്ചു. ഭാരതത്തിന്റെ നവോത്ഥാന ധന്യതകളിലൊന്നായിരുന്നു അത്. തപശ്ചര്യയുടെ പ്രകാശവഴികളിലൂടെ മടക്കയാത്രയില്ലാത്തവിധം പാദങ്ങള്‍ ഉറപ്പിച്ചു ഗുരു സഞ്ചരിക്കുകയായിരുന്നു.
‘അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണ” മെന്ന് നാടിന്റെ ഹൃദയം തൊട്ട ഗുരുവിന് മാത്രമേ ഉരുവിടാനാകൂ. മനുഷ്യനൊന്നാണെന്നും ഭേദവ്യത്യാസങ്ങള്‍ മനുഷ്യനിര്‍മ്മിതമാണെന്നും ആത്മസാക്ഷാത്കാരത്തിന് എല്ലാ മനുഷ്യര്ക്കുംഅര്ഹതയുണ്ടെന്നും ആ ദീര്‍ഘദൃഷ്ടി അന്നേ ഗാനം ചെയ്തിരുന്നല്ലോ..
”തനിക്ക് ജാതിയോ മതമോ ഇല്ലെന്ന് സമാധ്യാവസ്ഥയ്ക്ക് എത്രയോ മുമ്പേ ഗുരു പ്രസ്താവിച്ചു. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു പ്രത്യക ബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്…..” എന്ന് സി.ആര്. കേശവന് വൈദ്യര് രേഖപ്പെടുത്തിയതാണല്ലൊ. ഗുരു ഭക്തര്‍ മാത്രമല്ല, സമകാലീന കേരളം തന്നെ ശ്രീ നാരായണ ഗുരുവിലേക്ക് തിരിച്ചു നടക്കേണ്ടതിലേക്കാണ് ഈ വാക്കുകള്‍ ഊന്നുന്നത്.
സമസ്ത മനുഷ്യരാശിയുടെയും പൂര്‍ണതയ്ക്കുവേണ്ടി ഉഴറിയപ്പോഴാണ് ശ്രീനാരായണന് ജാതി മത ഭേദത്തിന്റെ എതിരാളിയും അദ്വൈതത്തിന്റെ പ്രചാരകനുമായത്. ഗുരു എന്തൊക്കെ ഭാവന ചെയ്തു, എന്തൊക്കെ പ്രവര്‍ത്തിച്ചു, എന്തെല്ലാം അവഗണിച്ചു…. 1887-1923 കാലഘട്ടം അതാണല്ലോ പറയുന്നത്.
പുതുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്. ഗുരുവിന്റെ ജീവിതവും ഉദ്ബോധനങ്ങളും കൃതികളും ഒരിക്കലും മാഞ്ഞു പോകാത്ത ആ സാന്നിധ്യവും അറിഞ്ഞു മറക്കാനുള്ളതല്ല. ഗുരു ജപിച്ചു തന്ന ഒരു ലോകസൃഷ്ടിക്ക് അതില്‍ നിരന്തരം ആഴ്ന്ന് മുങ്ങി സ്നാനപ്പെടേണ്ടതുണ്ട്. സ്വന്തം അനുഭൂതിവിഭൂതികള്ക്ക് സാര്‍വലൗകികമായ ഒരു ഇടം ഒരുക്കിയിട്ടിട്ടാണ് ഗുരു മറഞ്ഞത്. കടന്നുപോയവര്ക്കുംഇപ്പോഴുള്ളവര്ക്കും വരാനിരിക്കുന്നവര്ക്കുമായി ആ ‘ദീനാവന പരായണന്‍’ കരുതി വച്ച തൊക്കെയും ഈ മണ്ണില്‍ തന്നെയുണ്ടെന്ന് ഓര്‍ക്കണം.
മനുഷ്യരാശിക്കു മേല്‍ ഒരു മേലാപ്പായി ഉയര്‍ന്നു നില്ക്കുന്ന തത്ത്വശാസ്ത്ര സംഹിതയെയല്ല, മറിച്ച് മനുഷ്യരെ നിരന്തരം തഴുകി നില്‍ക്കേണ്ട ശാശ്വത മൂല്യങ്ങളെയാണ് ഗുരു തൊട്ടു കാണിച്ചതും വ്യാഖ്യാനിച്ചതും അനുഭവമാക്കാന്‍ ഉപദേശിച്ചതും. അതൊക്കെ ജീവിതത്തെ വിശുദ്ധമാക്കേണ്ട അരുളുകളാണെന്ന് ഇനി എന്നാണ് നമുക്ക് വെളിപ്പെടുക…! മനുഷ്യന്റെ ഉള്ളാഴങ്ങളെ സ്നാനപ്പെടുത്താന്‍ പ്രജ്ഞാസ്ഥിരതനായി അലഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ യോഗനയനങ്ങള്‍ തുടര്‍ന്നും നമ്മളില്‍ പതിയേണ്ട കാലമാണിത്.
നിത്യ പ്രവാഹിയാണല്ലോ കാലം. ആ ഒഴുക്കിന്റെ ഗതിവിഗതികള്‍ക്കൊപ്പം സഞ്ചരിച്ച മഹര്‍ഷിവര്യനാണ് ഗുരു. ആ യോഗനയനങ്ങള്‍ പതിയാത്ത പ്രപഞ്ചഘടകങ്ങളില്ല. അപരന് കളിമട്ടില്‍ കണ്ട ചിത്രങ്ങളായിരുന്നില്ല ഗുരു ദര്‍ശിച്ചത്. അനന്തകാലമായി പരിണമിച്ച യോഗനയനങ്ങളുടെദര്ശനമായിരുന്നു അത്. ത്രികാലങ്ങള്‍ അതില്‍ ഉള്ളടങ്ങിയിരുന്നു.






