നിറത്തിന്റെ നിരര്‍ത്ഥകതയും വ്യക്തിബോധത്തിന്റെ ‘ഗുരുത്വവും’
ഭൂമിയുടെ ഉപരിതലത്തിന്റെ ആറ് ശതമാനവും കരവിസ്തൃതിയുടെ 20ശതമാനവും ആഫ്രിക്കയാണ്. മനുഷ്യന്റെ ആദ്യരൂപങ്ങളുടെയും ആധുനിക മനുഷ്യന്റെ ഉല്‍പ്പത്തിയുടെയും പിള്ളത്തൊട്ടില്‍ ഈ ജൈവ വൈവിധ്യങ്ങളുടെ വിളഭൂമിയായ ആഫ്രിക്കയാണ്.
ഇന്ത്യക്കാരന്‍, ദ്രാവിഡന്‍, വെള്ളക്കാരന്‍, ആര്യന്‍, മംഗോളിയന്‍ നീഗ്രോ തുടങ്ങിയ പേരുകളില്‍ വിവിധഭൂഖണ്ഡങ്ങളില്‍ വിവിധ നിറങ്ങളില്‍ ജാതികളില്‍ വര്‍ണ്ണങ്ങളില്‍ ജീവിക്കുന്ന ആധുനിക മനുഷ്യരെല്ലാം ആഫ്രിക്കയില്‍ രൂപം കൊണ്ടവരാണെന്നാണ് ജനിതക ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

മനുഷ്യന്റെ ഉല്‍പ്പത്തിയുടെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായ ആഫ്രിക്കയെ ഇരുണ്ട വന്‍കര എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ഹെന്‍ട്രി മോര്‍ട്ടണ്‍ സ്റ്റാന്‍ലി എന്ന എഴുത്തുകാരനാണ്. ‘Through the Dark Continent”, ‘The Darkest Africa” എന്നീ പുസ്തകങ്ങളിലൂടെ തന്റെ അറിവുകേടും പരിചയക്കുറവും അദ്ദേഹം ലോകത്തെ വിളിച്ചറിയിച്ചെങ്കിലും സാമൂഹ്യപാഠം പുസ്തകങ്ങളില്‍ തലമുറകള്‍ ആഫ്രിക്കയെ ഇരുണ്ടഭൂഖണ്ഡമായി പഠിക്കുകയും ആ ഉത്തരമെഴുതി പി.എസ്.സി, യു.പി.എസ്.സി, പരീക്ഷകള്‍ പാസ്സായി ഐ.എ.എസ്,ഐ.പി.എസ്,
വരെയുള്ള പദവികളില്‍ എത്തുകയും ചെയ്തു. എന്നാല്‍ ആഫ്രിക്കയിലെ എത്യോപയിലെ അഫാര്‍ പ്രദേശത്ത് കണ്ടെത്തിയ കറുത്തവളായ ”ലൂസി” അമ്മയുടെ മക്കളും കൊച്ചുമക്കളുമാണ് ലോകമെമ്പാടുമുള്ള മനുഷ്യര്‍ എന്ന് അഭിമാനപൂര്‍വം പറയുന്ന ആധുനിക തലമുറയാണ് ഇന്നുള്ളത്. ഇത് പൂര്‍ണ്ണമായും ശരിയല്ല എന്നു വാദിക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞന്‍മാരുമുണ്ട്.
ഭൂമിയുടെ ഉപരിതലത്തിന്റെ ആറ് ശതമാനവും കരവിസ്തൃതിയുടെ 20ശതമാനവും ആഫ്രിക്കയാണ്. മനുഷ്യന്റെ ആദ്യരൂപങ്ങളുടെയും ആധുനിക മനുഷ്യന്റെ ഉല്‍പ്പത്തിയുടെയും പിള്ളത്തൊട്ടില്‍ ഈ ജൈവ വൈവിധ്യങ്ങളുടെ വിളഭൂമിയായ ആഫ്രിക്കയാണ്.
ഇന്ത്യക്കാരന്‍, ദ്രാവിഡന്‍, വെള്ളക്കാരന്‍, ആര്യന്‍, മംഗോളിയന്‍ നീഗ്രോ തുടങ്ങിയ പേരുകളില്‍ വിവിധഭൂഖണ്ഡങ്ങളില്‍ വിവിധ നിറങ്ങളില്‍ ജാതികളില്‍ വര്‍ണ്ണങ്ങളില്‍ ജീവിക്കുന്ന ആധുനിക മനുഷ്യരെല്ലാം ആഫ്രിക്കയില്‍ രൂപം കൊണ്ടവരാണെന്നാണ് ജനിതക ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. മൈറ്റോകോണ്‍ഡ്രിയല്‍, ന്യൂക്ലിയസ്സ്, ഡിഎന്‍എ വിശകലനങ്ങളുടെ അടിസ്ഥാനത്തിലുള്ള നരവംശ ശാസ്ത്രരേഖകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയമായ ഈ വാദം. ഭൂമധ്യരേഖയില്‍ നിന്നുള്ള അകലം ആഫ്രിക്കയുടെ വലിപ്പം, പാരിസ്ഥിതികമായ ജൈവവൈവിധ്യം എന്നിവ ആഫ്രിക്കയിലെ തന്നെ ആദ്യ മനുഷ്യരുടെ തൊലിയുടെ നിറത്തിലും ജീവിതരീതികളിലും വൈവിധ്യങ്ങള്‍ നിറച്ചിരുന്നു. ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങളില്‍ രൂപംകൊണ്ടവരുടെ ചര്‍മ്മം ഇരുണ്ട നിറമായും അകന്ന് രൂപം കൊണ്ടവരുടെ തൊലിയുടെ നിറം വ്യത്യസ്തമായും രൂപപ്പെട്ടത് മെലാനിന്റെ അളവ്, ഘടന, ഗുണം എന്നിവയുടെ അടിസ്ഥാനത്തിലാണ്.
മനുഷ്യചര്‍മ്മത്തിന്റെ നിറം പ്രാഥമികമായി നിര്‍ണ്ണയിക്കുന്നത് പുറം തൊലിയിലെ മെലനോസൈറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഒരു പിഗ്മെന്റായ മെലാനിന്‍ ആണ്. കറുപ്പും തവിട്ടും ചേര്‍ന്ന ‘യുമെലാനിന്‍’ മഞ്ഞ ചുവപ്പ് ചേര്‍ന്ന ഫിയോമെലാനിന്‍ എന്നിവ ഒരുമിച്ച് ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മനുഷ്യനില്‍ ചര്‍മ്മത്തിന്റെയും മുടിയുടെയും നിറം ഉള്‍പ്പെടെയുള്ള പിഗ്മെന്റേഷനിലെ വ്യതിയാനങ്ങള്‍ക്ക് കാരണം എന്ന് വിവിധ പഠനങ്ങള്‍ അസന്ദിഗ്ദ്ധമായി തെളിയിച്ചിട്ടുണ്ട്.
വിവിധ ശാസ്ത്രശാഖകള്‍ അത്തരത്തില്‍ മനുഷ്യന്റെ ഉല്‍പത്തിയുടെയും തൊലിയുടെ നിറത്തിന്റെയും ശാസ്ത്രീയ വിശകലനങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടും വര്‍ണ്ണം, വര്‍ഗ്ഗം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആധുനിക മനുഷ്യന്‍ പോലും എന്തുകൊണ്ടാണ് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്?
ചിന്തകളുടെ നാരായവേരുകള്‍ ഹിപ്പോക്രാറ്റസ് , വോള്‍ട്ടയര്‍, ഇമ്മാനുവല്‍ കാന്റ് എന്നിവരില്‍ തുടങ്ങി കാള്‍ട്ടണ്‍ എസ്സ് കൂണ്‍ (Carleton Coon) തീയോഡോര്‍ മെക്കൗണ്‍ (Theodire Mecown) വരെയുള്ളവര്‍ പിന്തുടരുന്ന ബഹുഉല്‍പത്തിവാദം വരെ ആഴത്തില്‍ ഉറപ്പിക്കപ്പെട്ടതാണ്.
നരവംശശാസ്ത്രത്തിലെ ആഗോള ചാതുര്‍വര്‍ണ്യത്തിനും വംശീയ ഉല്‍കൃഷ്ടതാവാദത്തിനും 19,20 നൂറ്റാണ്ടുകളായി അമേരിക്കയിലെയും ബ്രിട്ടനിലെയും ബുദ്ധിജീവികളും പ്രചുരപ്രചാരം നല്‍കിയിരുന്നു. മറ്റെല്ലാ മനുഷ്യവംശങ്ങളേക്കാളും ശ്രേഷ്ഠരാണ് ആംഗ്ലോ-സാക്സണ്‍ വംശം എന്നതായിരുന്നു അവരുടെ വാദം. ചാള്‍സ് ഡാര്‍വിന്റെ ബന്ധുവായ ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ ആംഗ്ലോ സാക്സണ്‍മാരുടെ ഉല്‍കൃഷ്ടതയില്‍ അന്ധമായി വിശ്വസിച്ച വ്യക്തിയായിരുന്നു ”Hereditary Genius” എന്ന അദ്ദേഹത്തിന്റെ പുസ്തകം ദുര്‍വ്യാഖ്യാനം ചെയ്ത് നാസികള്‍ ആംഗ്ലോസാക്സണ്‍മാരുടെ ഉല്‍കൃഷ്ടതാ വാദത്തെ ആര്യന്‍ വംശ മാഹാത്മ്യവുമായി കൂട്ടിക്കെട്ടി. ആംഗ്ലോ സാക്സണ്‍മാര്‍ ഫിനീഷ്യന്‍സ് വഴി ആര്യന്‍മാരില്‍ എത്തിച്ച വര്‍ണ്ണോത്കൃഷ്ടതാവാദം ആര്യന്‍മാരിലൂടെ ഇന്ത്യയിലും കടന്നെത്തി.
എത്യോപ്യയിലെ കറുത്തവളായ ലൂസിയമ്മയുടെ നാടോടികളായ മക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിപ്പാര്‍ക്കുകയും നിരന്തരമായ വേട്ടയാടല്‍, ക്ലേശകരമായ യാത്രകള്‍, തുടങ്ങിയവയ്ക്കു ശേഷം ഭൂമിയിലെ വിവിധ നദീതടങ്ങളില്‍ പുതിയ സാംസ്‌കാരിക പരീക്ഷണങ്ങള്‍ക്ക് അസ്ഥിവാരമിടുകയും ചെയ്തു. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതി, ആവാസവ്യവസ്ഥ, ഭക്ഷണക്രമം, ജീവിതരീതികള്‍ എന്നിവയനുസരിച്ച് വ്യത്യസ്തങ്ങളായ വംശങ്ങള്‍ രൂപം കൊണ്ടു.
ആഹാരം കണ്ടെത്തുന്നതിനും വാസസ്ഥാനം സുരക്ഷിതമാക്കുന്നതിനും മൃഗങ്ങളോടും പ്രകൃതിശക്തികളോടും പോരാടിയും സമരസപ്പെട്ടും ആരാധിച്ച് വശത്താക്കാന്‍ ശ്രമിച്ചും ആദ്യ മാതാപിതാക്കള്‍ സൃഷ്ടിച്ച പോരാട്ട വീര്യം എല്ലാ വംശങ്ങളിലും അന്തര്‍ലീനമായിരുന്നു. ആദിമ മനുഷ്യനില്‍ രൂപം കൊണ്ട അന്വേഷണ തൃഷ്ണയും പര്യവേക്ഷണ നൈപുണ്യവും സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക പരിണാമങ്ങള്‍ക്ക് കാരണമായി. ആ അധിനിവേശങ്ങളില്‍ പലതും അവസാനിച്ചത് മനുഷ്യജന്മത്തിന്റെ പിള്ളത്തൊട്ടിലായ ആഫ്രിക്കയിലായിരുന്നു. ഡോവിസ് ഹ്യൂമിനെയും ഇമ്മാനുവല്‍ കാന്റിനെയും പോലുള്ള തത്വചിന്തകര്‍ ആഫ്രിക്കന്‍ ജനതയെ കുറിച്ച് എഴുതിയതും പറഞ്ഞതും കടുത്ത വര്‍ണ്ണവെറിയുടെയും വംശീയവിദ്വേഷത്തിന്റെയും വിഷവിത്തുകളായിരുന്നു.
ആഫ്രിക്കയുടെ വൈവിധ്യപൂര്‍ണ്ണമായ ചരിത്രവും സംസ്‌കാരവും സാഹിത്യവും ജീവിതക്രമവുമെല്ലാം വരമൊഴികളേക്കാള്‍ വായ്മൊഴികളായാണ് നിലനിന്നിരുന്നത്. തദ്ദേശീയമായ സാംസ്‌കാരിക തനിമകള്‍ക്കു മേല്‍ ബലം പ്രയോഗിച്ചു തന്നെ അധീശത്വം ഉറപ്പിക്കാന്‍ അധിനിവേശക്കാര്‍ക്ക് കഴിഞ്ഞു. ആഫ്രിക്കയുടെ ഫലഭൂയിഷ്ടമായ മണ്ണും, ഭൂമിക്കടിയിലെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളും ധാതുക്കളും, ശുദ്ധജലവും അവിടുത്തെ മനുഷ്യരുടെ കായികശേഷിയും പൂര്‍ണ്ണമായി കൊള്ളയടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ആന്റണ്‍ വില്‍ഹെം അമോ (Anton Wilhelm Amo) (യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ പി.എച്ച് ഡി എടുക്കുന്ന ആദ്യ ആഫ്രിക്കക്കാരന്‍)യെപ്പോലെയുള്ളവരുടെ ബൗദ്ധികവും, തത്വശസ്ത്രപരവും, സാമൂഹികശാസ്ത്രപരവുമായ ചിന്തകള്‍ തമസ്‌കരിക്കുന്നതില്‍, വര്‍ണ്ണവെറിയന്‍മാരായ ‘ആധുനികര്‍’ വിജയിച്ചു. വില്‍ ഹെം അമോയുടെ ദുരൂഹമായ അന്ത്യം ഇതിന് തെളിവാണ്. അങ്ങനെ വിജയിച്ചവര്‍ എഴുതിയ ചരിത്രത്തില്‍ ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമായി. ഇത്തരം ചിന്തകളുടെയും വിശകലനങ്ങളുടെയും പിന്‍മുറക്കാര്‍ 2025-ല്‍ ‘നങ്ങേലിയുടെ’ എഴുതപ്പെട്ട ചരിത്രം എവിടെ എന്നു ചോദിക്കുകയും അതില്ലെങ്കില്‍ അതൊക്കെ കെട്ടുകഥകളാണ് എന്ന് ‘യുക്തിപൂര്‍വം’ വാദിച്ചു സമര്‍ത്ഥിക്കുകയും ചെയ്യുന്നത് കേരളത്തില്‍ നാം കാണുന്നുണ്ട്.(തുടരും)






