പാളുന്ന സംഭരണം:എന്തിന് ഇങ്ങനെ ഒരു വകുപ്പ്?

രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിന് വഴി തെളിച്ചതിനു ഒരു ഘടകമായിരുന്നു അന്നത്തെ പൊതുവിതരണ വകുപ്പ് .എന്നാല്‍ ഇപ്പോഴത്തെ പൊതുവിതരണ സംവിധാനവും സപ്ലൈകോയും ഒരു നാഥനില്ലാകളരി പോലെയാണ് പൊയ്‌കൊണ്ടിരിക്കുന്നത്. സപ്ലൈകോ അഴിമതിയുടെ കൂത്തരങ്ങാണ്. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് സംഭരിക്കുവാന്‍ കഴിയുന്നില്ല. കേരളത്തിന്റെ നെല്ലറകളായ പാലക്കാടും, കുട്ടനാടും കര്‍ഷകര്‍ വളരെയേറെ ദുരിതം അനുഭവിക്കുന്നു.

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. നമ്മുടെ മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും മികച്ച സാമൂഹിക, സാംസ്‌കാരിക ജീവിതവും ഇത്തരം വിശേഷണത്തിന് നമ്മെ അര്‍ഹരാക്കി.
ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും നമ്മള്‍ മുമ്പില്‍ എത്തിയതു പോലെ നമ്മുടെ പൊതുവിതരണ സംവിധാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു മുന്‍കാലങ്ങളില്‍. എന്നാല്‍ ഇപ്പോൾ നമ്മുടെ പൊതുവിതരണ സംവിധാനം ഏറെ പരാതികള്‍ക്കും വിവാദങ്ങള്‍ക്കും നിരന്തരം വേദിയാകുന്നു. കൃഷിയേയും, കൃഷിക്കാരനേയും, കര്‍ഷകതൊഴിലാളികളേയും, ഇടത്തര വരുമാനക്കാരേയും സംരക്ഷിക്കുകയും അവര്‍ക്ക് ആശ്രയം നല്‍കുകയും ചെയ്യേണ്ട പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് കൃഷിയും പൊതുവിതരണവും. കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും അരിയാഹാരമാണ് പ്രധാനമായും കഴിക്കുന്നത്. എന്നാല്‍ നെല്ലുല്‍പാദന രംഗത്ത് നമ്മള്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയിലുമാണ്. സംസ്ഥാനത്തിന് അവശ്യം വേണ്ടുന്ന ഭക്ഷ്യധാന്യങ്ങളില്‍ നാലില്‍ ഒന്നുപോലും ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. പ്രതിവര്‍ഷം വേണ്ട അരി 42.65 ലക്ഷം ടണ്‍ ആണ്. എന്നാല്‍ ഇപ്പോഴത്തെ ഉല്‍പാദനം ഏതാണ്ട് 6 ലക്ഷം ടണ്‍ മാത്രമാണ്. അവശ്യം വേണ്ട ഭക്ഷ്യധാനങ്ങളുടെ 86% വരുന്നത് അയല്‍ സംസ്ഥാനങ്ങളായ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ്. പച്ചക്കറി ഉപഭോഗത്തിലും 25 ലക്ഷം ടണ്ണിനു മുകളില്‍ നമുക്ക് ആവശ്യമുള്ളപ്പോള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നത് ഏകദേശം 8 ലക്ഷം ടണ്‍ മാത്രമാണ്. ഒരു ഉപഭോഗ സംസ്ഥാനമായി മാറിയ കേരളം ഭക്ഷ്യവസ്തുക്കള്‍ക്ക് അയല്‍ സംസ്ഥാനങ്ങള്‍ക്ക് മുമ്പില്‍ കൈ നീട്ടി നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടും കേരളവുമായി തര്‍ക്കമുണ്ടായ സമയത്ത് മാതൃഭൂമി പത്രത്തിന്റെ ‘കാകദൃഷ്ടി’ വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ വരച്ച ചിത്രം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ഹാന്‍ഡ്സ്അപ് എന്നു പറയുമ്പോള്‍ കേരള മുഖ്യന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കയ്യില്‍ ഒരു നേന്ത്രപ്പഴമാണ്. മലയാളിയെ ഭക്ഷണം തരാതെ ഞങ്ങള്‍ക്ക് തീര്‍ക്കാന്‍ കഴിയുമെന്ന ആശയമാണ് കാര്‍ട്ടൂണിസ്റ്റ് വരച്ചുകാട്ടിയത്. ഇത് ഭരണാധികാരികള്‍ തിരിച്ചറിയുകയും ഉല്‍പാദന രംഗത്തെ പരിപോഷിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

കര്‍ഷകര്‍ പിന്തിരിയുമ്പോൾ
നെല്‍കര്‍ഷകര്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്തിരിയുന്നത് ഉല്‍പ്പാദനരംഗത്ത് സ്വയം പര്യാപ്തത നേടുന്നതിന് നമുക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. മാത്രമല്ല, കാലാവസ്ഥ വ്യതിയാനം, കാലം തെറ്റിയുള്ള മഴ, ഉയര്‍ന്ന് ചൂട്, ഉയര്‍ന്ന വേതനം തുടങ്ങിയ പ്രതികൂല ഘടങ്ങളേയും അതിജീവിച്ച് അന്നം വിളയിക്കുന്ന കര്‍ഷകരെ സപ്ലൈകോ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണാത്തത് വലിയ വീഴ്ച തന്നെയാണ്. ‘നമ്മളും കൊയ്യും വയലെല്ലാം നമ്മുടേതാകും
പൈങ്കിളിയേ’, കേരളത്തിന്റെ സാമൂഹിക പുരോഗതിയേയും മുന്നേറ്റത്തേയും സ്വാധീനിച്ച വിപ്ലവ ഗീതമായിരുന്നു ഇതെങ്കില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കടക്കെണിയില്‍ ആയ കര്‍ഷകനും, കര്‍ഷകതൊഴിലാളിയും അവന്‍ വിതച്ച് പാകമാക്കിയ ആ നെല്‍പ്പാടത്തു തന്നെ കീടനാശിനി കഴിച്ച് ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതും നമുക്ക് വിസ്മരിക്കുവാന്‍ കഴിയുകയില്ല. ശരിയായ ഭരണസംവിധാനം കൈകാര്യം ചെയ്യാന്‍ അറിയാത്ത ഭരണാധികാരികള്‍ അധികാരം കയ്യാളുമ്പോഴാണ് ഇതു പോലുള്ള സംഭവങ്ങള്‍ കൂടുതല്‍ സംജാതമാകുന്നത്. കേരളത്തിന്റെ പൊതുവിതരണ സംവിധാനവും, സപ്ലൈകോയും കൈകാര്യം ചെയ്യുന്നവര്‍ നിരവധി ആരോപണങ്ങളിലും, പിടിപ്പുകേടിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യമാണ് ഈ അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സപ്ലൈകോയ്ക്ക് ഗുരുതര വീഴ്ച
ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വകുപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിതരണ വകുപ്പ്. ‘ദേശീയ ഭക്ഷ്യ ഭദ്രത’ നിയമം നടപ്പില്‍ വന്നതോടെ പൊതുവിതരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ മാറ്റങ്ങളാണ് മുന്‍കാലങ്ങളില്‍ സംഭവിച്ചിരുന്നത്. നമ്മുടെ ദേശത്തിന്റെ ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുകയും, അത് വിളയിക്കുന്ന കര്‍ഷകന്റേയും, കര്‍ഷകതൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയുമെന്നതാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പ്രഥമവും, പ്രാധാന്യവുമായ കര്‍ത്തവ്യം. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില നല്‍കി കര്‍ഷകനില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുകയെന്ന ചുമതല കാര്യക്ഷമമായി നടപ്പാക്കേണ്ട ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ സപ്ലൈകോയ്ക്ക് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കേണ്ട റേഷന്‍ സംവിധാനങ്ങള്‍ നിരന്തരമായി വിവാദങ്ങളില്‍ പെടുകയും ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതില്‍ വലിയ അനാസ്ഥയുമാണ് പൊതുവിതരണ വകുപ്പിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും വലിയ പൊതുവിതരണ സംവിധാനം
ഇന്ത്യയുടെ പൊതുവിതരണ സമ്പ്രദായം ലോകത്തിന് മാതൃകയാണ്. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള 4 ലക്ഷത്തിന് മുകളിലുള്ള ന്യായവില കേന്ദ്രങ്ങളാല്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ തന്നെ വലിയ പൊതുവിതരണ സംവിധാനമാണ്. ഈ പൊതുവിതരണ സംവിധാനത്തിലൂടെ പ്രതിവര്‍ഷം 30000 കോടിയിലധികം വിലവരുന്ന ഭക്ഷ്യവസ്തുക്കള്‍ 20000 കോടിയിലധികം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ഇന്ത്യയിലെ ഓരോ പാവപ്പെട്ട ഭവനങ്ങളേയും ചെറിയതോതിലെങ്കിലും സ്വയം പര്യാപ്തതയിലെത്തിക്കാന്‍ കഴിയുന്നതോടൊപ്പം സാമൂഹിക സുരക്ഷയ്ക്ക് സുപ്രധാന സഹായഹസ്തമാകാനും ഇതിലൂടെ കമ്പോളവില നിശ്ചയത്തില്‍ കാര്യമായി ഇടപെട്ട് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനും കഴിയുന്നുണ്ട്. പ്രധാനമന്ത്രിയുടെ ‘അന്നയോജന പദ്ധതി’ കാര്യക്ഷമമായി കൊണ്ടുപോകുന്നതില്‍ ഇതിനു സുപ്രധാനമായ പങ്കുണ്ട്.

റേഷന്‍ സംവിധാനം
ആദ്യം കേരളത്തില്‍
കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന് മഹത്തായ ഒരു ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തു തന്നെ കേരളത്തില്‍ റേഷന്‍ സംവിധാനം നടപ്പില്‍ വന്നിരുന്നു. 1965 ജൂലൈ 1 ന് ആണ് കേരളത്തില്‍ സാര്‍വ്വത്രികമായും, നിയമവിധേയമായും റേഷന്‍ സംവിധാനം നിലവില്‍ വന്നത്. ദേശീയ ഭക്ഷ്യഭദ്രത നിയമം പൂര്‍ണ്ണമായും നടപ്പാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കേരളത്തില്‍ നിലവില്‍ എല്ലാ കുടുംബങ്ങളേയും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നത് ഒരു നേട്ടമാണ്.
കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിന്റെ പ്രത്യേകതകള്‍ നിരവധിയുണ്ട്. സാര്‍വ്വത്രിക ഉപയോഗത്തിന്റെ ഉയര്‍ന്ന നിലവാരം, ന്യായവില കേന്ദ്രങ്ങ ളുമായി ബന്ധിക്കപ്പെട്ടു കിടക്കുന്ന വിതരണ ശൃംഖല, ഗ്രാമീണ മേഖലയിലെ സജീവ സാന്നിദ്ധ്യം, കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും റേഷന്‍ കാര്‍ഡ്, കേരളത്തിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ തന്നെ ഒന്നോ രണ്ടോ റേഷന്‍ കടകള്‍, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ സുശക്തവും സുതാര്യവുമായ നടത്തിപ്പ് എന്നതിലൊക്കെ കേരളത്തിലെ പൊതുവിതരണ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. പിണറായി സര്‍ക്കാരിന്റെ ആദ്യ അഞ്ച് വര്‍ഷത്തെ പൊതുവിതരണ രംഗം വളരെ മികച്ചതായിരുന്നു. ഭക്ഷ്യ സുരക്ഷനിയമം നടപ്പിലാക്കി 88 ലക്ഷത്തിനുമേല്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനും, അഴിമതി രഹിതമായി ഇടപെടുന്നതിനും കഴിഞ്ഞു. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിതരണ കേന്ദ്രങ്ങള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഇവയെല്ലാം ചലനാത്മകമാക്കിക്കൊണ്ട് നിരന്തരമായി കമ്പോളങ്ങളില്‍ ഇടപെട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ടായ വിലക്കയറ്റം കേരളത്തിലുണ്ടാകാതെ തടഞ്ഞുനിര്‍ത്തി. കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പൊതുവിതരണ വകുപ്പ് നാഥനില്ലാകളരി
രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിന് വഴി തെളിച്ചതിനു ഒരു ഘടകമായിരുന്നു അന്നത്തെ പൊതുവിതരണ വകുപ്പ് .എന്നാല്‍ ഇപ്പോഴത്തെ പൊതുവിതരണ സംവിധാനവും സപ്ലൈകോയും ഒരു നാഥനില്ലാകളരി പോലെയാണ് പൊയ്‌കൊണ്ടിരിക്കുന്നത്. സപ്ലൈകോ അഴിമതിയുടെ കൂത്തരങ്ങാണ്. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ യ്ക്ക് സംഭരിക്കുവാന്‍ കഴിയുന്നില്ല. കേരളത്തിന്റെ നെല്ലറകളായ പാലക്കാടും, കുട്ടനാടും കര്‍ഷകര്‍ വളരെയേറെ ദുരിതം അനുഭവിക്കുന്നു. കര്‍ഷകന്‍ വിളയിക്കുന്ന നെല്ല് മില്ലുകളിലെടുത്ത് കുത്തരിയാക്കി റേഷന്‍ കടകളില്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ ഒരു രൂപയ്ക്ക് നല്‍കുന്ന റേഷന്‍ അരി അവിടുത്തെ ഇടനിലക്കാര്‍ വഴി ശേഖരിച്ച് കളര്‍ ഇട്ട് പോളിഷ് ചെയ്ത് കേരളത്തിലെ മില്ലുകളില്‍ എത്തിച്ച് ഇവിടെ കുത്തരി ആയി നല്‍കുന്ന ഒരു വലിയ ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. റേഷന്‍ മേഖല തന്നെ കള്ളപ്പണക്കാരും, ഈ കള്ളക്കടത്തു ലോബിയും കയ്യടക്കി വെച്ചിരിക്കുന്നതായാണ് ആരോപണം. പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ ഇതു കണ്ടില്ല എന്നു നടിക്കുന്നു. ഈ റാക്കറ്റിനെ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടില്ല എന്നു നടിക്കുന്നത് സമൂഹത്തോട് കാണിക്കുന്ന അനീതിയാണ്. മുഖ്യമന്ത്രിയും ഉത്തരവാദിത്തപ്പെട്ടവരും ഇത് ഗൗരവമായി എടുത്ത് ശാശ്വതപരിഹാരം കാണണം

വാതില്‍പ്പടിയുടെ പേരില്‍
കഞ്ഞികുടി മുട്ടുമ്പോള്‍
കൊച്ചിയില്‍ റേഷനരിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് മേയ് മാസത്തില്‍ കഞ്ഞികുടി മുട്ടിയത്. റേഷന്‍ വാതില്‍പ്പടി വിതരണത്തില്‍ സംഭവിച്ച പ്രതിസന്ധിയായിരുന്നു കാരണം. കണയന്നൂര്‍ താലൂക്കിലെ 36 റേഷന്‍ കടകളില്‍ വിതരണം നടന്നില്ല. വാതില്‍പ്പടി വിതരണക്കാര്‍ക്ക് മുന്‍മാസങ്ങളില്‍ അരി എത്തിച്ചതിന്റെ ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ്ജ് കുടിശികയതാണ് കാരണം. അതത് മാസത്തെ വിതരണം കൃത്യമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കടയുടമകള്‍ക്ക് ലഭിക്കേണ്ട മിനിമം വേതനം വെട്ടിക്കുറക്കും. അതോടെ റേഷന്‍ കടകളുടെ നടത്തിപ്പ് അവതാളത്തിലാകും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം കണയന്നൂര്‍ താലൂക്കില്‍ മുപ്പതോളം റേഷന്‍ കടകള്‍ ഇതിനകം പ്രവര്‍ത്തനം അവസാനിപ്പിച്ചു കഴിഞ്ഞു. റേഷന്‍ മുടങ്ങിയിട്ടും മന്ത്രിയോ അധികൃതരോ തിരിഞ്ഞു നോക്കിയില്ല. പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിയാല്‍ ആര്‍ക്കാണ് ഛേദം?

കുട്ടനാട്ടിലും റേഷൻ മുടങ്ങി
കൊച്ചിയില്‍ മാത്രമല്ല കുട്ടനാട്ടിലും കാര്‍ഡ് ഉടമകള്‍ക്ക് മേയ് മാസത്തിലെ റേഷന്‍ വിഹിതം നഷ്ടമായി. റേഷന്‍ കരാറുകാര്‍ ഇടഞ്ഞതോടെ കുട്ടനാട്ടിലെ പല റേഷന്‍ കടകളിലും മേയ് അവസാനത്തോടെയാണ് സ്റ്റോക്ക് എത്തിയത്. വാതില്‍പ്പടി വിതരണം ആരംഭിച്ചപ്പോഴേക്കും കുട്ടനാടന്‍ മേഖലകളില്‍ വെള്ളം കയറി. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പല കുടുംബങ്ങളും ദൂരെ ബന്ധുവീടുകളിലായിരുന്നു. നാലുദിവസം റേഷന്‍ വിതരണം നീട്ടി. പക്ഷെ വെള്ളമിറങ്ങി നാട്ടുകാര്‍ തിരിച്ചെത്തിയപ്പോഴേക്കും റേഷന്‍ സ്വാഹ. വെള്ളപ്പൊക്കം മൂലം തൊഴില്‍ നഷ്ടമായവര്‍ക്കാണ് റേഷന്‍ കൂടി മുടങ്ങിയത്. അവരുടെ സങ്കടം ആര് കേള്‍ക്കാന്‍?
94460 40661

Author

111 Views
Scroll to top
Close
Browse Categories