ജാതി, സാമൂഹ്യ, സാമ്പത്തിക സെൻസസ് വരട്ടെ..
കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചത് നല്ല കാര്യം തന്നെ. ജാതി സംവരണം നിലനിൽക്കുന്ന രാജ്യത്ത് വിവിധ ജാതി വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഇല്ലെന്ന് പറയുന്നതാണ് കഷ്ടം. അധികാരവും വിദ്യാഭ്യാസവും പൊതുവിഭവങ്ങളും ക്ഷേമപദ്ധതികളും എല്ലാ ജനവിഭാഗങ്ങളിലേക്കും ആനുപാതികമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ ഇത് അനിവാര്യമാണുതാനും. ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന്റെ അടിസ്ഥാന കാരണം ജാതിയാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലേറെ വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ സമൂഹങ്ങൾ പൊതുധാരയിൽ നിന്ന് നൂറ്റാണ്ടുകൾ അകറ്റി നിറുത്തപ്പെട്ടവരും അധികാരവും അന്തസും സമ്പത്തും വിദ്യാഭ്യാസവും തലമുറകളായി നിഷേധിക്കപ്പെട്ടവരുമാണ്. സ്വാഭാവികമായും അവർ സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കേണ്ടി വന്നു. അധികാരവും ജ്ഞാനസമ്പാദനയിടങ്ങളും സവർണസമുദായങ്ങളുടെ കുത്തകയായി. ആ ദുരവസ്ഥയിൽ നിന്നും പിന്നാക്ക, പട്ടികജാതി, വർഗ സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവിഷ്കരിച്ചതാണ് സംവരണം.
എട്ട് പതിറ്റാണ്ടോളം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ കൊണ്ട് ഈ ജാതിസമൂഹങ്ങൾ എവിടെയെത്തിയെന്നും സംവരണം ലക്ഷ്യം കണ്ടോയെന്നും അറിയാൻ സമഗ്രമായ കണക്കെടുപ്പ് ആവശ്യമാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കിടയിലും ജാതി സെൻസസും സാമൂഹ്യ, സാമ്പത്തിക സർവ്വേയും കൂടി നടത്തണം. ഓരോ ജാതി, മതവിഭാഗങ്ങളുടെ ആധികാരികമായ തത്‌സ്ഥിതി വിവരങ്ങൾ ലഭ്യമായാൽ ഇവർ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അധികാരപരമായും എവിടെ നിൽക്കുന്നുവെന്ന യഥാർത്ഥ ചിത്രവും ലഭിക്കും. ജാതി സെൻസസിനെ എതിർക്കുന്നവരുടെ ഭയം സർക്കാർ സർവ്വീസിലും വിദ്യാഭ്യാസരംഗത്തും ഉള്ള കുത്തക ഇല്ലാതാകുമോ എന്നതു തന്നെയാണ്. ജോലി മാത്രമല്ല സംവരണത്തിന്റെ ലക്ഷ്യം. അധികാരത്തിലെ പങ്കാളിത്തവും കൂടിയാണെന്ന് തിരിച്ചറിവുള്ളവരും വിവരശേഖരണത്തിന്റെ പ്രാധാന്യവും അറിയാവുന്നവരും ജാതി സെൻസസിനെയും സാമൂഹ്യ, സാമ്പത്തിക സർവ്വേയെയും എതിർക്കില്ല.
ബീഹാർ, ഛത്തീസ്ഗഢ്, തെലുങ്കാന, ആന്ധ്രാ, കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ ജാതിസെൻസസ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ സംവരണ പരിധി ഉയർത്താൻ തെലുങ്കാന സർക്കാർ തീരുമാനിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങൾ സെൻസസ് നടത്തി ഇക്കാര്യത്തിൽ നയങ്ങൾ രൂപീകരിക്കുന്നതിലും ഉചിതം സെൻസസും സർവ്വേയും കേന്ദ്രം തന്നെ ആധികാരികമായി നടത്തുന്നതാണ്.
1872ലാണ് ഇന്ത്യയിൽ ആദ്യ സെൻസസ് നടന്നത്. 1931 വരെ ജാതിക്കണക്കെടുപ്പ് സെൻസസിന്റെ ഭാഗമായിരുന്നു. 1941ൽ രണ്ടാം ലോകമഹായുദ്ധകാലത്തും സെൻസസ് നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവന്നില്ല. സ്വാതന്ത്ര്യാനന്തരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഒഫ് ഇന്ത്യയുടെ പ്രഥമ സെൻസസ് 1951ൽ നടന്നു. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, ജനറൽ എന്നീ നാലു വിഭാഗമായി ഇന്ത്യൻ ജനതയെ തരംതിരിച്ചത് അക്കാലത്താണ്. ഈ സെൻസസോടെ ഇന്ത്യയിലെ ജാതിക്കണക്കെടുപ്പ് അവസാനിച്ചെന്നും പറയാം. കൊവിഡ് മൂലം വൈകിയ എട്ടാമത്തെ ദേശീയ സെൻസസാണ് ഇനി നടക്കുവാൻ പോകുന്നത്. ലോകത്തെ ഏറ്റവും വലിയ ഈ സെൻസസ് പ്രക്രിയ സമ്പൂർണമായും ഡിജിറ്റലാണെന്ന പ്രത്യേകതയുമുണ്ട്.
1953ൽ കേന്ദ്രസർക്കാർ നിയോഗിച്ച ആദ്യ പിന്നാക്ക വിഭാഗ കമ്മിഷനായ കാക്കാ കലേക്കർ കമ്മിഷൻ മൂന്നാം വർഷം സമർപ്പിച്ച റിപ്പോർട്ടിൽ 2,399 പിന്നാക്കവിഭാഗങ്ങളെ കണ്ടെത്തി. ഇതിൽ 837 എണ്ണം അതീവ പിന്നാക്കാവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞു. ജാതി സെൻസസ് വേണമെന്നുൾപ്പടെ സമഗ്രമായ ഒട്ടേറെ പരിഷ്കാരങ്ങളും സംവരണ തത്വങ്ങളും ശുപാർശ ചെയ്തു. പക്ഷേ പിന്നാക്കനിർണയം വസ്തുനിഷ്ഠമല്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസർക്കാർ റിപ്പോർട്ട് തള്ളി. 1978ൽ മൊറാർജി സർക്കാർ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ ബി.പി.മണ്ഡൽ കമ്മിഷനെ നിയോഗിച്ചു. 1980ൽ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യയിലെ ജനങ്ങളിൽ 52% അധികാര സ്ഥാനങ്ങളിൽ നിന്നും പദവികളിൽ നിന്നും പിന്തള്ളപ്പെട്ടവരാണെന്നും ആ പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ ആകെയുള്ള പ്രാതിനിധ്യം 4.69% മാത്രമാണെന്നും കണ്ടെത്തിയിരുന്നു. മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ 52% സംവരണത്തിനും ശുപാർശ ചെയ്തു. പത്ത് വർഷത്തിന് ശേഷമാണ് 1990ൽ കേന്ദ്രസർവീസിൽ 27% ജോലിസംവരണം ഉറപ്പാക്കി വി.പി. സിംഗ് സർക്കാർ ഈ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയിലെ കേസുകളെ തുടർന്ന് ക്രീമിലെയർ വ്യവസ്ഥ ഉൾപ്പെടുത്തി സംവരണം പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത് 1993 സെപ്തംബർ 8നാണ്.
കേന്ദ്ര സർക്കാർ സർവ്വീസിൽ ആദ്യമായി പിന്നാക്ക സംവരണം നിലവിൽ വന്ന് 25 വർഷത്തിനുശേഷം പ്രാതിനിധ്യം പരിശോധിച്ച പാർലമെന്റിന്റെ പിന്നോക്ക വിഭാഗ ക്ഷേമ സമിതിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയത് ഒ.ബി.സി പ്രാതിനിധ്യം കേവലം 13 ശതമാനത്തിൽ താഴെ മാത്രമാണെന്നാണ്. മൻമോഹൻ സിംഗ് സർക്കാർ 2010ൽ പ്രഖ്യാപിച്ച സാമൂഹ്യ, സാമ്പത്തിക, ജാതി സെൻസസിന്റെ റിപ്പോർട്ടിന്റെ കരട് 2016ൽ പ്രസിദ്ധീകരിച്ചെങ്കിലും ജാതിവിവരങ്ങൾ രഹസ്യമാക്കിവച്ചു. പിന്നീട് ഇത് സാമൂഹ്യനീതി വകുപ്പിന് കൈമാറി. പക്ഷേ ഒന്നും നടന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെൻസസ് ഫലം ഇന്നും രഹസ്യമായി തുടരുകയാണ്.
സമകാലിക ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ വസ്തുതാപരമായി, കൂടുതൽ സൂക്ഷ്മതയോടെ വിലയിരുത്താൻ ജാതി സെൻസസ് ഉപകരിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല. അവശജന വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ അധികാര, വിദ്യാഭ്യാസ, രാഷ്ട്രീയ പങ്കാളിത്തം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒമ്പതു പതിറ്റാണ്ടിനിടെ ഒരു കണക്കും ലഭ്യമായിട്ടില്ല. . കൊട്ടക്കണക്ക് വച്ചാണ് പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ രാജ്യം ഇത്രയും കാലം നടപ്പിലാക്കി വന്നിരുന്നത്. രാജ്യത്തെ ജനങ്ങളുടെ സാമൂഹ്യ, സാമ്പത്തിക അവസ്ഥ വ്യക്തമാകാൻ ജാതി സെൻസസും സാമൂഹിക, സാമ്പത്തിക സർവ്വേയും നടത്തണം. സംവരണാർഹർക്ക് മാത്രമല്ല, മറ്റ് ജാതി, മത വിഭാഗങ്ങളുടെയും ഉയർച്ചകളും താഴ്ചകളും എങ്ങിനെയാണ് നിലനിൽക്കുന്നതെന്ന് മനസിലാക്കണമെങ്കിൽ ഇത് അത്യാവശ്യമാണ്.






