വേടന്‍:കല, കലഹം രാഷ്‌ട്രീയം

പാട്ടൊന്നിന് ലക്ഷങ്ങള്‍ വിലയുള്ള കലാകമ്പോളത്തിലാണ് വേടന്‍ തന്റെ തിളങ്ങുന്ന തലപ്പാവുമായി തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്. ആ തലപ്പാവ് അയ്യങ്കാളിയുടെ തലപ്പാവാണെന്ന് അദ്ദേഹം ആയിരക്കണക്കിന് യുവാക്കളെക്കൊണ്ട് ഏറ്റു പറയിപ്പിക്കുകകൂടി ചെയ്യുമ്പോള്‍ അണപൊട്ടിയ അസ്വസ്ഥത വെറുപ്പും വിദ്വേഷവുമായി കുത്തിയൊലിച്ചൊഴുകുന്നതാണ് വനംവകുപ്പിന്റെ പുലിപ്പല്ല് വേട്ട മുതല്‍ ശശികലയുടെ കഞ്ചാവോളി പ്രയോഗത്തില്‍വരെ നമുക്ക് കാണാനാവുന്നത്.

കല ഒരു രാഷ്ട്രീയവ്യവഹാരമാണ്. എല്ലാ കലാരൂപങ്ങളും അതിന്റെ ആവിഷ്‌കാരങ്ങളും നേരിട്ടോ അല്ലാതെയോ, അറിഞ്ഞോ അറിയാതെയോ അതിന്റെ രാഷ്ട്രീയം പങ്കുവയ്ക്കുന്നുണ്ട്.ഭാരതീയമെന്നും കേരളീയമെന്നും പൊതുവെ കൊണ്ടാടപ്പെട്ട കലകളെല്ലാംതന്നെ ഉള്ളടക്കത്തില്‍ സവര്‍ണ്ണവും ശ്രേണീകൃത അസമത്വത്തിന്റെ ആശയാവലികളില്‍ ഉറപ്പിച്ചു നിര്‍ത്തിയ ചട്ടക്കൂടോടുകൂടിയവയുമാണ് . പുറമേ ദേശീയവും അകമേ ബ്രാഹ്മണികവുമായ ഇത്തരം കലകളിലേക്ക് അവര്‍ണരുടെ പ്രവേശനത്തിന് ഇന്നും അദൃശ്യവും അലിഖിതവുമായ പ്രതിബന്ധങ്ങള്‍ ധാരാളമുണ്ട്. അതേ സമയം ആധുനികതയിലുദയം ചെയ്ത നവീനകലകള്‍ കലാവിപണിയെത്തന്നെ നിയന്ത്രിക്കുന്നവിധം ജനപ്രിയമായി. വിപണിമൂല്യമുള്ള അത്തരം കലകളും ഇടങ്ങളും ഇന്ന് ഒളിഗാര്‍ക്കിയുടെ നിയന്ത്രണത്തിലാണ്.

പൊതുവെ പറഞ്ഞാല്‍ ഇന്ത്യയിലെ മറ്റെല്ലാ രംഗത്തുമെന്നപോലെ, ഒരര്‍ത്ഥത്തില്‍ അവയെക്കാളെല്ലാം ഒരുപണത്തൂക്കം മുന്നില്‍ വരേണ്യകുത്തക നിലനില്ക്കുന്ന മേഖലയാണ് കലാവാണിജ്യം. ഇവിടെ മുഖ്യധാരക്കു പുറത്തുള്ള ചില ബദല്‍ പരിശ്രമങ്ങള്‍ എന്ന നിലക്കുമാത്രമാണ് പാര്‍ശ്വവൽകൃതരുടെ ശബ്ദങ്ങള്‍ കേള്‍ക്കാറുള്ളത്. താരതമ്യേന പുരോഗമനസ്വഭാവം പുലര്‍ത്തുമ്പോഴും കേരളത്തിലെ കലാവിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. പാരമ്പര്യകലാരൂപങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ജനതകളാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കഥാപ്രസംഗം, നാടകം തുടങ്ങിയ കലാരൂപങ്ങളുമായി സജീവമായത്. ഇവയുടെ കാണി സമൂഹവും പ്രധാനമായും ബഹുജനവിഭാഗങ്ങള്‍ തന്നെയായിരുന്നു. കേരളത്തില്‍ സിനിമയുടെ തുടക്കത്തിലും ഇതു കാണാം. ശൈശവം പിന്നിട്ട് ഈ കലകള്‍ വിപണിമൂല്യം കൈവരിച്ചതോടെ ഇവയുടെമേലും വരേണ്യ വര്‍ഗ്ഗം അധീശത്വം പുലര്‍ത്തുന്ന നിലവന്നു. ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം വേടന്റെ (ഹിരണ്‍ദാസ് മുരളി) പാട്ടിനും പറച്ചിലിനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും വെറുപ്പിനെയും കാണാന്‍. വേടന്റെ പാട്ടിനേടുള്ള വെറുപ്പ് കേവലം സവര്‍ണ ഗൃഹാതുരതയുടെ നെടുവീര്‍പ്പിടല്‍ മാത്രമല്ല, മറിച്ച് അപരവിദ്വേഷത്തിന്റെയും വംശീയ ഉന്‍മൂലനത്തിന്റെയും വിഭവാധികാര കുത്തക ഉറപ്പിക്കലിന്റെയും അപകടകരമായ ലക്ഷ്യങ്ങളും അവയില്‍ ഉള്ളടങ്ങുന്നുണ്ട്.
ഗദ്ദാറിനെപ്പോലെ ഒരു ബദല്‍ വിപ്ലവ കവിയും ഗായകനുമാണ് വേടനെങ്കില്‍ ഇവിടുത്തെ സവര്‍ണത ഒരിക്കലും അസ്വസ്ഥമാകില്ലായിരുന്നു. വിപണിയെയോ രാഷ്‌ട്രിയത്തെയോ അതിന്റെ ഉള്ളടക്കത്തില്‍തന്നെ മറിച്ചിടാന്‍ ശേഷിയില്ലാത്ത, മുഖ്യധാരക്കു പുറത്തുള്ള പരീക്ഷണങ്ങളൊന്നുംതന്നെ കോപ്പറേറ്റ് ബ്രാഹ്മണ്യത്തെ സ്പര്‍ശിക്കാന്‍ പോലുമുള്ള ശേഷി അടുത്തൊന്നും കൈവരിക്കില്ലെന്ന ഉറപ്പ് വരേണ്യര്‍ക്കുണ്ട്. വേടന്റെ കാര്യത്തില്‍ പക്ഷേ, സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം കൈയ്യാളുന്ന രാഷ്ട്രീയം അടിസ്ഥാന ജനതയുടേതും അത് പറയാനെടുക്കുന്ന വിപണിതന്ത്രം മുഖ്യധാരയുടേതുമാണ്. പാട്ടൊന്നിന് ലക്ഷങ്ങള്‍ വിലയുള്ള കലാകമ്പോളത്തിലാണ് വേടന്‍ തന്റെ തിളങ്ങുന്ന തലപ്പാവുമായി തലയുയര്‍ത്തി നിര്‍ക്കാന്‍തുടങ്ങിയിരിക്കുന്നത്. ആ തലപ്പാവ് അയ്യങ്കാളിയുടെ തലപ്പാവാണെന്ന് അദ്ദേഹം ആയിരക്കണക്കിന് യുവാക്കളെക്കൊണ്ട് ഏറ്റു പറയിപ്പിക്കുകകൂടി ചെയ്യുമ്പോള്‍ അണപൊട്ടിയ അസ്വസ്ഥത വെറുപ്പും വിദ്വേഷവുമായി കുത്തിയൊലിച്ചൊഴുകുന്നതാണ് വനംവകുപ്പിന്റെ പുലിപ്പല്ല് വേട്ട മുതല്‍ ശശികലയുടെ കഞ്ചാവോളി പ്രയോഗത്തില്‍വരെ നമുക്ക് കാണാനാവുന്നത്.

വരേണ്യര്‍ നിര്‍മ്മിക്കുന്ന
പുതിയ തെറികള്‍
മലയാളഭാഷയിലെ തെറിവാക്കുകളെല്ലാംതന്നെ അടിസ്ഥാനജനതകളെയോ സ്ത്രീകളെയോ അധിക്ഷേപിക്കുന്നവയാണ്. തെറിവിളി ജാത്യാചാരത്തിന്റെയും മതാനുഷ്ഠാനത്തിന്റെയും ഭാഗമായും അധികാരപ്രയോഗമായും ഉറപ്പിച്ചെടുത്ത പാരമ്പര്യമാണ് സവര്‍ണതയുടേത്. അതിന് ചരിത്രം സാക്ഷിയാണ്. പരശുരാമനില്‍ നിന്നും പതിച്ചുകിട്ടിയതെന്ന കള്ളക്കഥയുടെപുറത്ത് സവര്‍ണര്‍ അന്യായമായി കൈവശം വക്കുന്ന ഭൂമിയില്‍ അധ്വാനിച്ച് പൊന്നുവിളയിക്കുന്ന തൊഴിലാളികളെ തെറിയല്ലാതെ പേരു വിളിച്ച ചരിത്രം ഈ തറവാടിത്ത ഘോഷണക്കാര്‍ക്കില്ല. കൊടുങ്ങല്ലൂരിലെ തെറിപ്പാട്ടാചാരം നിലനിര്‍ത്തണമെന്നല്ലാതെ, നിര്‍ത്തണം എന്ന തോന്നല്‍ പോലും ഇവരുടെ പൂര്‍വികര്‍ക്കുണ്ടായിട്ടില്ല.
ചേര്‍ത്തലയിലെ തെറിപ്പാട്ട് നിര്‍ത്തലാക്കാന്‍ കോടതി ഇടപെട്ടിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ആചാരവും അധികാരവുമായി തെറിയെ കൊണ്ടുനടക്കുകയും അധിക്ഷേപങ്ങളിലൂടെ വിരേചനസുഖമനുഭവിക്കുകയും ചെയ്തിരുന്നവരുടെ മുഖത്തേക്കാണ് ‘ഞാന്‍ പാണനല്ല പറയനല്ല..നീ തമ്പുരാനുമല്ല ‘ എന്നവരികളുമായി വേടനെത്തുന്നത്. തങ്ങളിത്രയുംകാലം വിളിച്ചിരുന്ന അധിക്ഷേപങ്ങളെല്ലാം എറ്റു വാങ്ങിയിരുന്നവരില്‍പെട്ട ഒരു യുവാവ് ആയിരങ്ങളെ സാക്ഷിനിര്‍ത്തി അവയിലെന്ന് തിരിച്ചുവിളിക്കുമ്പോള്‍ ആ തീചൂടിന്റെ പൊള്ളലേറ്റ് പുളയുകയാണ് ഫ്യൂഡല്‍മാടമ്പിമാരുടെ പിന്‍മുറക്കാര്‍. തിരിച്ചടിക്കാനായി പുതിയ തെറികള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് ഇപ്പോഴവരിലെ റിട്ട. അധ്യാപികമാര്‍പോലും എന്നാണ് മനസ്സിലാക്കാനാവുന്നത്. അവരുടെ പരിശ്രമഫലമായാണ് ഇപ്പോള്‍ ‘കഞ്ചാവോളീ ‘ എന്ന പുതിയൊരു തെറി വാക്ക് മലയാളഭാഷക്ക് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ മുന്തിയ ഒരിനം തെറിവാക്കിന്റെ മാറ്റൊലിപ്പദമാണീ ഓളി പ്രയോഗം എന്നതു വ്യക്തമാണ്. കേള്‍ക്കുന്നമാത്രയില്‍ തെറിയില്‍ കുറയാത്ത ഒന്നല്ല ഈ വാക്യമെന്നിരിക്കെ വേടന്‍ തെറിപറയുന്നു എന്ന കുറ്റാരോപണത്തിനിനി എന്തുവിലയുണ്ട്? മാത്രമല്ല, കോളനി, കണ്ണാപ്പി തുടങ്ങിയ നവീന തെറികള്‍ നിര്‍മ്മിച്ച് അത് സമൂഹമാധ്യമങ്ങളില്‍ ട്രോളായും കമന്റായും വിതറി അടിസ്ഥാന ജനതയിലെ കൗമാരക്കാരെയും യുവതീയുവാക്കളെയും നിരന്തരം അക്ഷേപിക്കുന്നവരാണ് വേടന്റെ വരിയിലെ തെറിക്കെതിരെ കുറ്റപത്രവുമായി വരുന്നത്.
വേടന്റെ സ്വതന്ത്രസംഗീതം
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സംവാദപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹിരണ്‍ദാസ് മുരളി പറഞ്ഞത് സ്വതന്ത്രസംഗീതത്തിന് വളരാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. ലോകസംഗീതരംഗത്തെ നവപ്രവണതകളെക്കുറിച്ചോ വൈവിധ്യപൂര്‍ണവും ബഹുസ്വരവുമായ സംഗീതധാരകളെക്കുറിച്ചോ പറയത്തക്ക ധാരണയുള്ളവരല്ല ഇന്നും കേരളത്തിലെ മുഖ്യധാരാ സംഗീതരംഗത്തെ പ്രമുഖര്‍. വേടനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അവരുടെ മഹനീയമായ അജ്ഞത കൂടി മലയാളികള്‍ക്കു മുന്‍പില്‍ അനാവരണം ചെയ്യപ്പെട്ടു എന്നത് വസ്തുതയാണ്. ‘വേടനെ അറിയില്ല ‘ എന്നതരം പ്രസ്താവനകള്‍ വേടനുമാത്രമല്ല വേടന്‍ പ്രതിനിധാനം ചെയ്യുന്ന സ്വതന്ത്രസംഗീത ധാരകളെക്കുറിച്ച് മൊത്തത്തിലുള്ള അറിവില്ലായ്മയോ മതിപ്പില്ലായ്മയോ ആണ് എന്നത് വ്യക്തമാണ്. ഇപ്പോഴും ശുദ്ധ സംഗീതം എന്ന പേരിന്റെ മറവില്‍ സവര്‍ണവും വരേണ്യവുമായ തീരങ്ങളില്‍ സ്ഥിരമായി നങ്കൂരമുറച്ചു പോയ സംഗീതപരിസരമാണ് നമ്മുടേത്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പോലും അത്തരം സംഗീതം മാത്രമേ കടന്നു വരാറുള്ളൂ. എന്തിനേറെപ്പറയുന്നു, സിനിമാ സംഗീതത്തിലെ പരീക്ഷണങ്ങളെയും പുതു പ്രവണതകളെയും പോലും നിശിതമായി വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്ത ചരിത്രമാണ് ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും മലയാള സംഗീതലോകത്തിനുള്ളത്.
ജയരാജിന്റെ സംവിധാനത്തില്‍ സാബു ചെറിയാന്‍ നിര്‍മിച്ച ഫോര്‍ ദി പീപ്പിള്‍ എന്ന മലയാള സിനിമ റിലീസ് ചെയ്തത് 2004 ഫെബ്രുവരി 20-നാണ്. ആ ചിത്രത്തില്‍ ജാസി ഗിഫ്റ്റ് എന്ന നവാഗത സംഗീത സംവിധായകന്‍ ഒരുക്കിയ ഗാനങ്ങള്‍ അന്നത്തെ യുവാക്കള്‍ ലഹരിയായി ഏറ്റെടുത്തു. ‘ലജ്ജാവതിയേ ‘ എന്നു തുടങ്ങുന്ന ഗാനം ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഒരു വശത്ത് ജാസിയുടെ സംഗീതം ജനപ്രിയതനേടിക്കൊണ്ടിരിക്കേ മറുവശത്ത് എഴുതിയിരുന്ന ശുദ്ധ സംഗീതപ്രേമികളും മലയാളഭാഷാവിശുദ്ധിവാദികളും സംഗീതനിരൂപകരുമെല്ലാം അതിനെതിരെ വിമര്‍ശനപ്പെരുമഴ തന്നെ തീര്‍ക്കുന്ന തിരക്കിലായിരുന്നു. അക്കാലത്തെ ഒരു അഭിമുഖത്തില്‍ അതെക്കുറിച്ച് ജാസി ഗിഫ്റ്റ് പറയുന്നത് ശ്രദ്ധേയമാണ്: ” ലജ്ജാവതിവന്നപ്പോള്‍ മുതല്‍ അത് പോകാന്‍ കാത്ത് നിന്നവരുണ്ട്.
ഏഷ്യാനെറ്റ് juke box-ല്‍ ഞാന്‍ തിരക്കിയപ്പോള്‍ പറഞ്ഞത് ലജ്ജാവതിയെടുത്ത് മാറ്റണമെന്ന് പല കോളുകളും വന്നിട്ടുണ്ടെന്നാണ്. അത് സിനിമാക്കാരുടെ ഇടയില്‍ നിന്നുതന്നെയാവാം. അതുപോലെ ആ പാട്ട് play ചെയ്യാന്‍ സമ്മതിക്കാത്തമ്യൂസിക്ക് കോളേജുകളുണ്ട്. ആ പാട്ട് പാടുന്നത് കേട്ട് ഇറങ്ങിപ്പോയ അദ്ധ്യാപകരുണ്ട്.’ ഇതില്‍ സൂചിപ്പിക്കുന്ന ആദ്യത്തെ കാര്യം പ്രൊഫഷണലില്‍ നിലനില്‍ക്കുന്ന മത്സരവുമായി ബന്ധപ്പെട്ടതാണെങ്കില്‍ രണ്ടാമത്തെ കാര്യം കേരളത്തിലെ അടഞ്ഞ സംഗീത പരിസരത്തെ വെളിപ്പെടുത്തുന്ന ഒന്നാണ്. തങ്ങള്‍ക്ക് അപരിചിതമായ ഈണവും താളവുമായി പുതിയൊരാള്‍, അതും സമൂഹത്തിന്റെ കീഴ്‌ത്തട്ടില്‍ നിന്നുള്ള ഒരാള്‍ കടന്നുവന്നതിനെ അങ്ങേയറ്റം അസഹിഷ്ണുതയോടെ കണ്ട് കൈകാര്യം ചെയ്ത അക്കാദമിക കേന്ദ്രങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. രണ്ടു പതിറ്റാണ്ടിനിപ്പുറവും കേരളത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും നിലനില്‍ക്കുന്നത് അന്നത്തെ അതേ സംഗീത വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ശാസ്ത്രീയ സംഗീത പഠന കേന്ദ്രങ്ങളും ഒരേ വാര്‍പ്പുമാതൃകയെത്തന്നെ പിന്‍പറ്റുന്നവയാണ്. ഇവിടെ നിന്നെല്ലാം പുറത്തുവരുന്നതും ഒരേ ഭാവുകത്വമുള്ളവരാകുന്നത് സ്വാഭാവികം മാത്രമാണ്. ഇത്തരം ചട്ടകൂടില്‍ പെട്ടുപോയ ഒരു തലമുറയില്‍ നിന്നും പുതിയതൊന്നും പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല. ലോകസംഗീതത്തെക്കുറിച്ച് പരിചയപ്പെടാതെയിരിക്കുകയെന്നത് സ്വയം ഒരു വിശുദ്ധി മാനദണ്ഡമായി അളക്കുന്ന സംഗീതലോകത്തേക്കാണ് ഈ ‘വിശുദ്ധ സംഗീതം ‘പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാത്ത വേടനെപ്പോലുള്ള ഒരു പുതു തലമുറ രംഗപ്രവേശം ചെയ്യുന്നതും യുവതലമുറയുടെ മനസും വിനോദവ്യവസായത്തിന്റെ വിപണിയും സ്വന്തമാക്കുന്നതും. സ്വാഭാവികമായും എതിര്‍പ്പും വെറുപ്പും പ്രൊഫഷണല്‍ അസൂയയും ഏതറ്റംവരെയും വികസിക്കും. അതിലേക്ക് വംശീയ വിദ്വേഷവും ജാതി വെറിയും സവര്‍ണതയും കൂടി കടന്നുവരുന്നതോടെ സ്ഥിതി അങ്ങേയറ്റം വഷളാവും.
വേട വിരുദ്ധരുടെ മനോനിലയില്‍ ഈ ഘടകങ്ങളെല്ലാം ഉള്‍ച്ചേരുന്നുണ്ട്. സ്വതന്ത്ര സംഗീതം എന്ന ആശയം ഇന്ത്യന്‍ യാഥാസ്ഥിതികത്വത്തിനും ഇന്ത്യന്‍ കലാവിപണി കുത്തകകള്‍ക്കും ഒരുപോലെ എതിര്‍പ്പുള്ള ഒന്നാണ്. ഇരു വിഭാഗത്തിന്റെയും സാംസ്‌കാരിക – സാമ്പത്തിക താല്പര്യങ്ങള്‍ക്ക് വിഘാതമായേക്കാവുന്ന സ്വതന്ത്ര സംഗീത പരീക്ഷണങ്ങളെ അവര്‍ എതിര്‍ക്കുക തന്നെ ചെയ്യും. വേടനു ലഭിക്കേണ്ട സര്‍ക്കാര്‍ പിന്തുണ നിര്‍ണായകമാവുന്നതും ഈ സാഹചര്യത്തിലാണ്. റാപ്പ്,മെലഡിക് ഹാര്‍ഡ് റോക്ക്, ക്ലാസിക്കല്‍ റോക്ക്, റെഗ്ഗേ,ഹെവി മെറ്റല്‍, ജാസ്, ബ്ലൂസ് പോപ്പും ത്രാഷ് മെറ്റലും ഉള്‍പ്പെടെ വിവിധ ധാരകളുമായി ബന്ധപ്പെട്ട് സ്വതന്ത്ര സംഗീത ബാന്‍ഡുകളും വ്യക്തികളും ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ആസ്വാദക സമൂഹവും ഈ സംഗീതശാഖകള്‍ക്കുണ്ട്. ശുദ്ധ സംഗീത വാദികള്‍ എന്തു തന്നെ പറഞ്ഞാലും കേരളത്തിലെ ജെന്‍ – Z തലമുറ ഈ സംഗീതങ്ങളുടെയെല്ലാം ആസ്വാദകരാണ്. അവരുടെ അഭിരുചികളെ ശുദ്ധിവാദത്തിന്റെയോ കുലമഹിമയുടെയോ പേരില്‍ പിടിച്ചുകെട്ടുക അസാധ്യമാണ്. കുത്തക വിപണിക്കു കീഴടങ്ങാതെ സ്വന്തമായി വരികളെഴുതി ഈണം നല്‍കി സംഗീതോപകരണങ്ങളും ശബ്ദ വെളിച്ച വിന്യാസവും വരെ ക്രമീകരിച്ച് സ്വയം നിര്‍മാണവും വിപണനം നടത്തി കലാ കമ്പോളത്തിലും ആസ്വാദക മനസ്സുകളിലും സ്വന്തം ഇടം വികസിപ്പിച്ചെടുക്കുന്ന വേടന്മാര്‍ പുതിയ തലമുറയെ ത്രസിപ്പിക്കുക തന്നെ ചെയ്യും.

വേടന്റെ രാവണരാഷ്ട്രീയം
നിര്‍മ്മാതാക്കുളുടെ സ്വാധീനത്തിനു വഴിപ്പെടേണ്ട ആവശ്യമില്ലാത്തതുകൊണ്ടും ആവിഷ്‌ക്കാരം സ്വതന്ത്രമായതിനാലും മുഖ്യധാരയില്‍ മത്സരിക്കുമ്പോള്‍തന്നെ സ്വന്തം രാഷ്ട്രീയം ഒരുപരിധിവരെ മുന്നേട്ടവയ്ക്കാന്‍ സ്വതന്ത്ര സംഗീതത്തില്‍ സാധിക്കുന്നുണ്ട്. ഈ സാധ്യത വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കലാകാരനാണ് വേടന്‍ എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. വരാനിരിക്കുന്ന തന്റെ ഗാനം രാവണനെക്കുറിച്ചാണെന്നും രാമനെ തനിക്കറിയില്ല, രാവണനാണ് നമ്മുടെ ഹീറോ എന്നുമാണ് വേടന്‍ പറഞ്ഞിരിക്കുന്നത്. വേടനൊരു വാക്കിങ്ങ് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണ് എന്ന അദ്ദേഹത്തിന്റെ സ്വയം നിരീക്ഷണവും ശ്രദ്ധേയമാണ്. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ സമ്മേളനത്തില്‍ വന്ന് രാമായ നമ: എന്ന് ഏറ്റു ചൊല്ലാന്‍ ആവശ്യപ്പെട്ട മദന്‍ മോഹന്‍ മാളവ്യക്ക് മറുപടിയായി രാവണന് ജയാരവം മുഴക്കിയ സഹോദരന്‍ അയ്യപ്പന്റെ ചരിത്രം കേരളം വേടനിലൂടെ വീണ്ടും ഓര്‍ത്തെടുക്കുകയാണ്.

വേടനെ സ്വതന്ത്രമായി പാടാന്‍വിടുക !
വേടന്‍ എന്ന വ്യക്തി ഒരു കലാകാരനാണ്. കലതന്നെയാണ് അദ്ദേഹത്തിന്റെ ജോലിയും വിനോദവും ആവിഷ്‌കാരവും. സര്‍ഗാത്മകമായും സ്വതന്ത്രമായും കലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നതാണ് കേരളീയ സമൂഹം അദ്ദേഹത്തോട് ചെയ്യേണ്ട നീതി. കേരളം വേടന് നല്‍കേണ്ടത് ജയിലല്ല, വേദികളാണ്. വേദികളില്‍ അദ്ദേഹം നിറഞ്ഞുപാടട്ടെ, ഉറക്കെപ്പറയട്ടെ ! ഇവിടെ സാമൂഹിക നീതി പുലരട്ടെ!

Author

124 Views
Scroll to top
Close
Browse Categories