ഇന്ത്യയെന്താണെന്നു ലോകമറിഞ്ഞ യുദ്ധമുനമ്പ്…

ഇന്ത്യ ഒന്നു തിരിച്ചടിച്ചപ്പോള്‍ പാകിസ്ഥാന്‍ വിറകൊണ്ട അവസ്ഥയില്‍ നേരിട്ടുള്ള യുദ്ധത്തിന് പാകിസ്ഥാന് ത്രാണിയില്ലെന്ന് ലോകത്തിന് വെളിപ്പെട്ടു. ലോകസമാധാനത്തിനായി എന്നും മുന്‍കൈ എടുക്കാറുള്ള രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെയും, ബുദ്ധന്റെയും നാട്. അതിന്റെ പാരമ്പര്യം നാം കാത്തു എന്നകാര്യത്തില്‍ അഭിമാനിക്കാം

കശ്മീരിലെ ജനങ്ങള്‍ മെല്ലെമെല്ലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. മൂന്നാഴ്ചയോളം നീണ്ടുനിന്ന യുദ്ധസമാനമായ അന്തരീക്ഷത്തിനൊടുവിലാണ് കാശ്മീരില്‍ ജനജീവിതം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത്. അമേരിക്കന്‍ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പക്ഷേ അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നുണ്ട്. പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമ്പോള്‍ നാം വീണ്ടും വീണ്ടും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും, അത് നഷ്ടങ്ങള്‍ മാത്രമേ ബാക്കിയാക്കുകയുള്ളൂ എന്ന വാസ്തവവും മനസ്സിലാക്കി ഇന്ത്യ പക്വത കാണിച്ചുവോ? ഇന്ത്യ എന്താണെന്നും, പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് പോന്ന ഒരു ഇരയല്ലെന്നും കാട്ടിക്കൊടുക്കാന്‍ നമുക്കായോ? എന്നും ദുരന്തങ്ങളുടെ കഥകള്‍ മാത്രം പറയാനുള്ള പാക്കിസ്ഥാന് ഇനിയും യുദ്ധക്കൊതി മാറിയിട്ടില്ലേ?

നിലപാടുകള്‍
ഒരുപക്ഷേ, ഇന്ത്യയുടേയും പാകിസ്ഥാന്റെയും നിലപാടുകള്‍ കൃത്യമായി ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയ കുറച്ചു ദിനങ്ങള്‍ ആയിരുന്നു കടന്നുപോയത്. സമാധാനം എന്തുവിലകൊടുത്തും നിലനിര്‍ത്തേണ്ടതാണെന്നു ഓരോ യുദ്ധസാഹചര്യങ്ങളും നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. വെടിനിര്‍ത്തല്‍, അത് ഏതു സാഹചര്യത്തിലൂടെയാണ് ഉരുത്തിരിഞ്ഞു വന്നതെങ്കിലും അതിനു അത്രമാത്രം പ്രാധാന്യമുണ്ടെന്ന് കരുതപ്പെടുന്നതും അതുകൊണ്ടാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാന്‍ വീണ്ടും പ്രകോപനം തുടര്‍ന്നത് അവരുടെ വിവേകമില്ലായ്മയായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. പാകിസ്ഥാനെ സംബന്ധിച്ച് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സര്‍ക്കാര്‍ ഭരണം കയ്യാളുകയും, സൈന്യം തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുകയും, ഇന്ത്യ പ്രഖ്യാപിത ശത്രുവായി വിലയിരുത്തുകയും ചെയ്യുമ്പോള്‍ കരാറുകള്‍ വെറും കടലാസ് മാത്രമാവുന്നു.
ഇന്ത്യയെ സംബന്ധിച്ച് നമുക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. മറ്റു രാജ്യങ്ങളെ സംബന്ധിച്ച് ജനാധിപത്യം അതിന്റെ എല്ലാ സ്വാതന്ത്ര്യത്തോടെയും അനുഭവിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ശത്രുക്കള്‍, വിശിഷ്യാ പാകിസ്ഥാന്റെ പ്രകോപനങ്ങളില്‍ വീണ് നമ്മുടെ പുകള്‍പെറ്റ ആ നല്ലപേര് കളയാന്‍ നാം ഒരുക്കമല്ല. പക്ഷേ, നിരപരാധികളായ ഒരുപറ്റം വിനോദസഞ്ചാരികളെ കൊന്നൊടുക്കിയതിന്റെ പ്രതികാരം കൃത്യമായി തീര്‍ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറം ഇന്ത്യയുടെ സൈനികശക്തി തെളിയിക്കുന്ന തരത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ കാണിച്ച സംയമനവും, പക്വതയും അഭിനന്ദനാര്‍ഹമാണ്. ഓരോ യുദ്ധമുനമ്പിലും ആവേശമല്ല, വിവേകമാണ് നാം കാട്ടേണ്ടത്. യുദ്ധമോ, വൈരാഗ്യമോ ഒന്നുമില്ലാതെ സ്വന്തം രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിച്ചും കരുതിയും കുറെ പാവങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. വര്‍ഗ്ഗീയമായോ, മതപരമായോ വേര്‍തിരിവില്ലാതെ ചിന്തിക്കുന്ന ഒരുപറ്റം നല്ല ജനങ്ങള്‍. അത്തരം നിഷ്‌കളങ്കരുടെ ജീവന്‍ കൂടിയാണ് യുദ്ധമുണ്ടായാല്‍ പൊലിയുന്നത്. ഇന്ത്യയെ സംബന്ധിച്ച് അവരുടെ ജീവന്‍ വളരെ വിലപ്പെട്ടതാണ്. അവരെ നാം സംരക്ഷിച്ചേ മതിയാകൂ.മറുവശത്തു വൈരാഗ്യബുദ്ധിയോടെ പാകിസ്ഥാനുമായി യുദ്ധം ആവശ്യപ്പെടുന്നവരും നമുക്കിടയിലുണ്ട്. അവരെ പ്രത്യക്ഷത്തില്‍ കുറ്റം പറയാനാവില്ല. ഇന്ത്യയെന്ന വികാരം ഓരോ ഇന്ത്യക്കാരനും ഉണ്ടാവുകതന്നെ വേണം. അതുപോലെ തന്നെ മനുഷ്യന്റെ ജീവനും നാം വിലകല്പിക്കേണ്ടതുണ്ട്. യുദ്ധമുണ്ടായാല്‍ അതോടെ നഷ്ടപ്പെടുന്നത് അത് ബാധിക്കുന്ന സ്ഥലങ്ങളില്‍ മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍കൂടിയാണ്. ശാസ്ത്ര സാങ്കേതികരംഗത്തും, മറ്റെല്ലാ മേഖലകളിലും ഇന്ത്യ നേടിയ അസൂയാവഹമായ നേട്ടങ്ങള്‍ ഒന്നാം ലോകരാജ്യങ്ങളുടെ വരെ ഉറക്കം കെടുത്തിയിട്ടുണ്ട്. അവരെ സംബന്ധിച്ച് പാകിസ്ഥാന്‍ അവര്‍ക്ക് ഇന്ത്യയെ ക്ഷീണിപ്പിക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. യുദ്ധമുണ്ടായാല്‍, അതില്‍ നിന്നും തിരികെ വരാന്‍ നമുക്ക് ധാരാളം സമയമെടുക്കും. ചൈനയെയും അമേരിക്കയെയും ഒക്കെ സംബന്ധിച്ച് ഇന്ത്യയുടെ അത്തരമൊരു വീഴ്ച സ്വാഭാവികമായും അവര്‍ ആഗ്രഹിക്കാം. അതുകൊണ്ടുതന്നെയാണ് ഇന്ത്യ സൈനികപരമായി പാകിസ്താനെക്കാള്‍ പതിന്മടങ്ങു ശക്തരാണെങ്കിലും പരമാവധി സംയമനം പാലിച്ചുകൊണ്ട് ഇന്ത്യ തുടര്‍ന്നതും ലോകരാജ്യങ്ങളുടേയും ഐക്യരാഷ്ട്രസംഘടനയുടെയും ഒക്കെ മുക്തകണ്ഠമായ അഭിനന്ദനത്തിന് പാത്രമായതും. പാകിസ്ഥാന്‍ നിരന്തരം ആണവഭീഷണി നടത്തുന്നത് പ്രധാനമന്ത്രി അര്‍ഹിച്ച പുച്ഛത്തോടെ തന്നെ തള്ളുകയുണ്ടായി. ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ആണവശക്തികളാണ്.

പാരമ്പര്യം കാത്തുസൂക്ഷിച്ച്
ഗാന്ധിജിയുടെയും
ബുദ്ധന്റെയും നാട്

തിരിച്ചടിക്കേണ്ട, ഒരുപക്ഷേ പാകിസ്ഥാന്‍ പോലൊരു രാജ്യത്തെ തകര്‍ക്കേണ്ട അവസരത്തിലും ഇന്ത്യ കാണിച്ച സംയമനം ലോകത്തെതന്നെ അത്ഭുതപ്പെടുത്തി. പാകിസ്ഥാന്‍ കാശ്മീരിലെ നിഷ്‌കളങ്കരായ ജനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ ഇന്ത്യ നമ്മളെ ആക്രമിച്ച ഭീകരരുടെ കേന്ദ്രങ്ങള്‍ക്കുനേരെയാണ് അക്രമം നടത്തിയത്. നിഷ്‌കളങ്കരായ ആരെയും ആക്രമിക്കുകയോ വകവരുത്തുകയോ ചെയ്തില്ല. ഇന്ത്യയെ സംബന്ധിച്ച് പാകിസ്ഥാന്‍ ശത്രുരാജ്യമല്ല, അവിടെയുള്ള ഭീകരര്‍ ആണ് ശത്രുക്കള്‍. ഭീകരര്‍ക്ക് വെള്ളവും വളവും കൊടുക്കുന്ന സൈന്യമാണ് ശത്രുക്കള്‍. അവര്‍ക്കും ഒത്താശചെയ്യുന്ന സര്‍ക്കാരാണ് ശത്രു. അത് അവരുടെ പ്രശ്നമാണ്.
ലോകരാജ്യങ്ങള്‍ പ്രതീക്ഷിച്ചത് ഇന്ത്യ ഇടം വലം നോക്കാതെ തിരിച്ചടിക്കുമെന്നും, പാകിസ്ഥാനുമായി യുദ്ധം ഉണ്ടാകുമെന്നും ആയിരുന്നു. എന്നാല്‍ ഇന്ത്യ ഒരേസമയം തങ്ങളുടെ ശക്തി വെളിപ്പെടുത്തുകയും, എന്നാല്‍ യുദ്ധത്തില്‍ നിന്നും മാറി നടക്കുകയും ചെയ്തു. ഇന്ത്യ ഒന്നു തിരിച്ചടിച്ചപ്പോള്‍ പാകിസ്ഥാന്‍ വിറകൊണ്ട അവസ്ഥയില്‍ നേരിട്ടുള്ള യുദ്ധത്തിന് പാകിസ്ഥാന് ത്രാണിയില്ലെന്നും ലോകത്തിന് വെളിപ്പെട്ടു. ലോകസമാധാനത്തിനായി എന്നും മുന്‍കൈ എടുക്കാറുള്ള രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെയും ബുദ്ധന്റെയും നാട്. അതിന്റെ പാരമ്പര്യം നാം കാക്കുകയും ചെയ്തു എന്നകാര്യത്തില്‍ അഭിമാനിക്കാം

മാധ്യമങ്ങളുടെ റോള്‍
യുദ്ധവും, അതുമായി ബന്ധപ്പെട്ട സാഹചര്യവുമൊക്കെ ഒരു രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ അവസ്ഥകള്‍ തന്നെയാണ്. രാജ്യത്തിന്റെ ഓരോ തീരുമാനങ്ങളും, സംഭവവികാസങ്ങളും ഓരോ ജനങ്ങളും ശ്രദ്ധയോടെയും, ആശങ്കയോടെയും വീക്ഷിക്കുന്ന സമയം. അവര്‍ക്ക് ആകെ ആശ്രയിക്കാനുള്ളത് മാധ്യമങ്ങളെ മാത്രമാണ്. എന്നാല്‍ മാധ്യമങ്ങള്‍ ആ ഉത്തരവാദിത്തം പൂര്‍ണ്ണമായും നിറവേറ്റിയോ എന്ന ചോദ്യം അവശേഷിക്കുകയാണ്. വസ്തുതകളെ മാത്രം അടിസ്ഥാനമാക്കി വികാരവിക്ഷോഭങ്ങള്‍ ഇല്ലാതെ വാര്‍ത്തകള്‍ അവതരിപ്പിക്കേണ്ട അവസരത്തില്‍ റേറ്റിങ്ങിനായി നുണക്കഥകളും, വാസ്തവമില്ലാത്ത വാര്‍ത്തകളും, വ്യാജവൃത്താന്തങ്ങളും ചേര്‍ത്ത് ആണ് പലപ്പോഴും പല ചാനലുകളും വാര്‍ത്തകള്‍ വിളമ്പിയിരുന്നത്.

പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണവും, ഭീകരര്‍ക്കായി ഇന്ത്യ നടത്തിയ തിരച്ചിലും തിരിച്ചടിയും ഒരു യുദ്ധത്തിന്റെ തുടക്കമായി ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കാന്‍ ആണ് പല മാധ്യമങ്ങളും ശ്രമിച്ചത്. അങ്ങനെ അത്രപെട്ടെന്ന് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാകാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് ഇന്ത്യയും പാകിസ്ഥാനും തുല്യശക്തികള്‍ പോലുമല്ല. ഇന്ത്യയെ സംബന്ധിച്ച് പാകിസ്ഥാന്‍ ഒരു ഇരയേയല്ല. അത് പാകിസ്ഥാന് നന്നായറിയാം. സൈന്യം സര്‍ക്കാരിനെ നിയന്ത്രിക്കുകയും, ആ സൈന്യത്തില്‍ ഭൂരിഭാഗവും ഭീകരരുടെ നിയന്ത്രണത്തില്‍ ആവുകയും ചെയ്യുമ്പോള്‍ വിവേകത്താല്‍ ഉപരി അവര്‍ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കും.

ജീവിതത്തേക്കാള്‍ മരണത്തിലൂടെയും, മറ്റുള്ളവരെ കൊല്ലുന്നതിലൂടെയും മോക്ഷം ലഭിക്കുമെന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന ഭീകരര്‍ പ്രത്യാഘാതം നോക്കാതെ ആക്രമിക്കുകതന്നെ ചെയ്യും. അത് അവിടെയും, ഇവിടെ ഇന്ത്യയിലുള്ളവരുമായ നിഷ്‌കളങ്കരായ ജനങ്ങളുടെ നാശത്തിന് വഴി വക്കുന്നു. അത് ചെയ്തവരാവട്ടെ സുഖമായി വാഴുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ റോള്‍ ഇത്തരം അവസരത്തില്‍ ജനങ്ങളെ ഭയചകിതരാവാതെ നിലനിര്‍ത്തുക എന്നതുതന്നെയാണ്. മാധ്യമധര്‍മ്മം മരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മാധ്യമങ്ങളിലെ വിശ്വാസം കൂടിയാണ് നഷ്ടപ്പെടുന്നത്.
9946199199

Author

101 Views
Scroll to top
Close
Browse Categories