കൂടല്‍മാണിക്യത്തിലെ കഴകം: നീതി നിഷേധിക്കുന്നതാര് ?

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈവര്‍ഷത്തെ ഉത്സവം 2025 മെയ് എട്ടുമുതലാരംഭിക്കുകയാണ്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവക്കാലത്ത് ഒരു ഈഴവന്‍ മാലക്കഴകക്കാരനായിവന്ന് ‘ആചാരലംഘംനം’ നടത്തില്ല എന്ന് ഉറപ്പാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് തന്ത്രിമാരും ഭരണ സമിതിയും.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈവര്‍ഷത്തെ ഉത്സവം 2025 മെയ് എട്ടുമുതലാരംഭിക്കുകയാണ്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവക്കാലത്ത് ഒരു ഈഴവന്‍ മാലക്കഴകക്കാരനായിവന്ന് ‘ആചാരലംഘംനം’ നടത്തില്ല എന്ന് ഉറപ്പാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് തന്ത്രിമാരും ഭരണ സമിതിയും. കഴകം തസ്തികയില്‍ നിയമിതനായ ബാലു എന്ന ആര്യനാട് സ്വദേശി 2025 ഏപ്രില്‍ രണ്ടിന് രാജി സമര്‍പ്പിച്ചിരുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും അദ്ദേഹത്തിന്റെ രാജിയിലേക്കുനയിച്ച സംഭവവികാസങ്ങളെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചും കേരളീയ സമൂഹത്തിന് കൃത്യമായ ധാരണയുണ്ട്. അതിന് അടിവരയിടുംവണ്ണമുള്ള നടപടികളാണ് കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി ഇപ്പോഴും കൈക്കൊണ്ടുവരുന്നത്. ബാലുവിന്റെ രാജിയെക്കുറിച്ച് ദേവസ്വത്തില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചയുടന്‍തന്നെ കേരള ദേവസ്വംറിക്രൂട്ട്‌മെന്റ് ബോര്‍ഡ് മേല്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഒന്ന്, ഓപ്പണ്‍ടേണിലായിരുന്നു ബാലുവിന്റെ നിയമനം എന്നതുകൊണ്ടു തന്നെ രണ്ട് ഈഴവ/ തിയ്യ/ ബില്ലവ സംവരണ ടേണിലാണ് അടുത്ത നിയമനം നടക്കേണ്ടത്. റാങ്കു ലിസ്റ്റു പ്രകാരം ഈ നിയമനത്തിന് അര്‍ഹനാവുന്നത് ചേര്‍ത്തല കളവംകോടം സ്വദേശിയായ അനുരാഗ് കെ എസ് ആണ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. ബാലുവിനെപ്പോലെ ‘പേടിച്ച് പോകേണ്ട കാര്യമില്ല ‘ എന്നും അടുത്തയാള്‍ ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ എല്ലാ പിന്‍തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ബാലുവിന്റെ രാജി അറിയിപ്പു ലഭിച്ച് ശേഷം മൂന്നു ദിവസത്തിനകം തന്നെ അടുത്തയാള്‍ക്ക് അഡ്വൈസ് അയച്ചതു ചൂണ്ടിക്കാണിച്ചു കൊണ്ട് സര്‍ക്കാര്‍ അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്ന സന്ദേശവും അദ്ദേഹം നല്‍കുയുണ്ടായി. ഇത്രത്തോളം കാര്യങ്ങള്‍ ശരിയായ ദിശയിലാണ് നടന്നത് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ തുടര്‍ന്നങ്ങോട്ട് കൂടല്‍ മാണിക്യം ദേവസ്വം ഭരണസമിതി സ്വീകരിച്ചതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ നടപടികള്‍ ദുരൂഹവും സര്‍ക്കാരിന്റെ താല്‍പ്പര്യത്തെ അ ട്ടിമറിക്കുന്നതുമാണ്. അനുരാഗിന്റെ നിയമനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും കേസിന്റെ നൂലാമാലകളില്‍ കുരുക്കി സങ്കീര്‍ണമാക്കുവാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് കൂടല്‍മാണിക്യം ഭരണ സമിതി ഇപ്പോള്‍ നടത്തുന്നത് എന്ന് ന്യായമായും കരുതേണ്ടിയിരിക്കുന്നു.

അനുരാഗിനെ നിയമിക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു എന്ന ദേവസ്വം മന്ത്രിയുടെ അവകാശവാദത്തെ റദ്ദു ചെയ്യുംവിധം അഡ്വൈസ് മെമ്മോ ലഭിച്ച ശേഷം നീണ്ട പതിനാലു ദിവസക്കാലം യാതൊരു മേല്‍ നടപടിയും സ്വീകരിക്കാന്‍ ദേവസ്വം തയ്യാറായില്ല. ഇക്കാലയളവില്‍ ഭരണസമിതി യോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ചെയര്‍മാന്‍ ശ്രമിച്ചതുമില്ല. മെയ് എട്ടു മുതല്‍ ആരംഭിക്കുന്ന ഉത്സവത്തിന്റെ തിരക്കിലായതിനാല്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരാന്‍ സാധിക്കുന്നില്ല എന്ന വിചിത്രമായ വിശദീകരണമാണ് ദേവസ്വവുമായി ബന്ധപ്പെട്ടവര്‍ അനൗപചാരികമായി നല്‍കുന്നത്. ഉത്സവം പോലുള്ള കാര്യങ്ങള്‍ അടുക്കുമ്പോള്‍ യോഗം ചേര്‍ന്ന് വിലയിരുത്തലുകള്‍ നടത്തുകയാണ് പൊതുവെ എല്ലായിടത്തും പതിവെന്നിരിക്കെ ഈ വിശദീകരണം പരിഹാസ്യമാണ്. ദേവസ്വം ഭരണസമതി അനുരാഗിന്റെ നിയമനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് മന:പൂര്‍വമാണ് എന്നുറപ്പിക്കാവുന്ന നീക്കങ്ങളാണ് പിന്നീടു നടന്നത്.
കഴകംനിയമനത്തിനെതിരെ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കേവലം രണ്ടു മാസത്തെ മാലക്കഴകം കാരാണ്മ മാത്രമുള്ള തെക്കേവാര്യം കുടുംബാംഗമായ ഹരികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബഞ്ചില്‍ നിന്നും ഹര്‍ജിക്കാരന് സ്റ്റേ ലഭിച്ചിരുന്നില്ല. അവധിക്കുശേഷം തുടര്‍ നടപടികള്‍ക്കായി പോസ്റ്റ് ചെയ്തിരുന്ന ഈ കേസ് ഏപ്രില്‍ 22ന് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന്റെ പരിഗണനക്കു വരികയുണ്ടായി. ഏപ്രില്‍ 29 വരെ അനുരാഗിന് നിയമനം നല്‍കില്ല എന്ന് കൂടല്‍ മാണിക്യം ദേവസ്വം ബഹു. ഹൈക്കോടതിയെ അറിയിക്കുകയും കോടതി അത് രേഖപ്പെടുത്തുകയും ചെയ്തു. ഫലത്തില്‍ അനുരാഗിന്റെ നിയമനം 29 വരെ നടത്താനാകാത്തസാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഈ നടപടി തുടരുന്ന പക്ഷം നിയമനം അനിശ്ചിത കാലത്തേക്ക് നീണ്ടുപോയെന്നും വരാം.ദേവസ്വംഭരണാധികാരികളുടെ കൃത്യമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് അഭിഭാഷകന്‍ സ്വീകരിച്ചത് എന്നുവ്യക്തം. ഏപ്രില്‍ ഇരുപ്പത്തിയൊന്‍പതിന് വീണ്ടും കേസ് കോടതിയുടെ പരിഗണനക്കു വരികയും മേല്‍ നടപടി മെയ് വരെ നീട്ടിയിരിക്കുകയുമാണ്.ഇതോടെ ഈ ഉത്സവക്കാലത്തിനുമുന്‍പ് അനുരാഗിന്റെ നിയമനം നടക്കില്ല എന്നുറപ്പായിക്കഴിഞ്ഞു. ദേവസ്വം മന്ത്രി അവകാശപ്പെട്ടതുപോലെ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ 24 മണിക്കൂറിനകം നല്‍കാമായിരുന്ന നിയമനം പതിനാല് ദിവസം വച്ചു താമസിപ്പിച്ചത് കോടതിയില്‍ നിന്നും ഒരു ഇടപെടല്‍ ക്ഷണിച്ചു വരുത്തി ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകാനല്ലാതെ മറ്റെന്തിനുവേണ്ടിയാണ് ? കൂടല്‍ മാണിക്യം ദേവസ്വത്തിനോട് ഇക്കാര്യത്തില്‍ വിശദീകണം തേടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഈഴവ സമുദായത്തില്‍പ്പെട്ടയാളെ കഴകക്കാരനായി നിയമിക്കുന്ന പക്ഷം ഉത്സവം ബഹിഷ്‌ക്കരിക്കും എന്ന തന്ത്രിസമര ഭീഷണിക്കുമുന്‍പില്‍ മുട്ടുമടക്കുന്ന ദേവസ്വം ബോര്‍ഡ് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ അപമാനിച്ചിരിക്കുകയാണ്. ആറ് ഇല്ലങ്ങളില്‍ നിന്നായി തന്ത്രി സ്ഥാനത്തിന് അവകാശമുള്ള മുപ്പതിലധികം പേര്‍ ഉള്ളതായി തന്ത്രി കുടുംബാംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. ഇതില്‍ ജാതി വിവേചനത്തെ അനുകൂലിക്കാത്ത ഏതാനും പേരുമുണ്ട്. അത്തരക്കാരെ കൂടെ നിര്‍ത്തി ഉത്സവം ഭംഗിയായി നടത്താന്‍ ദേവസ്വം ബോര്‍ഡ് വിചാരിച്ചാല്‍ നിഷ്‌പ്രയാസം സാധിക്കുമെന്നിരിക്കെ പുരോഗമന പക്ഷക്കാരായവരെ മാറ്റി നിര്‍ത്തി യാഥാസ്ഥിതിക ബ്രാഹ്മണ്യവുമായി സന്ധി ചെയ്യുന്നതിന്റെ താല്പര്യം നിഷ്‌കളങ്കമല്ല.
ഈഴവനെ കഴകക്കാരനാക്കിയാല്‍ ക്ഷേത്രോത്സവത്തിന് നല്‍കി വരുന്ന വഴിപാടുകളും സ്‌പോണ്‍സര്‍ഷിപ്പുകളും പിന്‍വലിക്കും എന്ന സവര്‍ണ ഭീഷണിയും നിലനില്‍ക്കുന്നതായി പറയപ്പെടുന്നു. ഈ ഭീഷണി വെറുമൊരു ഓലപ്പാമ്പുമാത്രമാണ് .ശബരിമല മുതല്‍ ഗുരുവായൂര്‍ വരെയുള്ള ക്ഷേത്രങ്ങളിലെ ഭണ്ഡാരം നിറക്കുന്നതും ദേവസ്വം ബോര്‍ഡു ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കുന്നതും ഈഴവാദി പിന്നാക്ക- ദളിത് സമുദായാംഗങ്ങളുടെ നേര്‍ച്ചപ്പണത്തിന്റെ പിന്‍ബലത്തിലാണ് എന്നതാണ് വസ്തുത. ‘സര്‍വജാതി ഹിന്ദുക്കള്‍ക്കും ഒരുപോലെ പ്രവേശനമില്ലാത്ത ഏതെങ്കിലും ക്ഷേത്രത്തില്‍ പോവുകയോ അവിടെ ഒരു പൈസ പോലും കാണിക്കവെക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ വഴിപാട്‌കൊടുക്കുകയോ ചെയ്യുന്നതല്ല ‘ എന്ന് അവര്‍ണര്‍ തീരുമാനിച്ച കാലം ചരിത്രത്തിലുണ്ട്. അവര്‍ ക്ഷേത്രത്യാഗസമരം നടത്തിയ കാലത്ത് അന്തിത്തിരികത്തിക്കാനും അടിച്ചുതളികഴകക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ഗതിയില്ലാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങളുടെ കഥയും ചരിത്രത്തിലുണ്ട്. ദളിത്-പിന്നാക്കവിഭാഗങ്ങള്‍ അത് ഓര്‍ത്തെടുത്താല്‍ തീരാവുന്നതേയുള്ളൂ തരണനല്ലൂര്‍ ബ്രാഹ്മണ്യത്തിന്റെ അധികാരഗര്‍വ്വ് !

Author

178 Views
Scroll to top
Close
Browse Categories