സി.കേശവൻ സമര മുഖത്ത്തീജ്വാലയായി മാറിയ വിപ്ലവകാരി

ഏകാധിപത്യവും സവര്‍ണാധിപത്യവും കൊടികുത്തി വാണിരുന്ന കാലത്ത് സമൂഹത്തിൽ അധ:സ്ഥിതരെന്നു മുദ്രയടിക്കപ്പെട്ടവരുടെ അവകാശങ്ങൾ വിളംബരം ചെയ്യുകയും അതു നേടിയെടുക്കാനുമുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ധീരമായി സമരമുഖം തുറക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു സി.കേശവൻ.കോഴഞ്ചേരിയിലെ സി. കേശവന്റെ സിംഹ ഗർജ്ജനത്തിന് മേയ് 11ന് 90 വയസ് തികയുകയാണ്.
ജനസംഖ്യാനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലീം ക്രിസ്ത്യൻ സമുദായങ്ങൾ സംയുക്തമായി നടത്തിയ നിവർത്തന പ്രക്ഷോഭത്തിന് ഊർജ്ജം പകരാനാണ് കോഴഞ്ചേരിയിൽ അദ്ദേഹം ആയിരങ്ങൾക്ക് മുന്നിൽ ജ്വലിച്ചത്.പിന്നാക്ക വിഭാഗത്തിന് രാജഭരണകാലത്തു തന്നെ സംവരണം, പ്രജാസഭയില്‍ അംഗത്വം, വോട്ടവകാശം എന്നിവയെല്ലാം നേടിത്തന്നത് സി.കേശവന്റെ നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ്. കരം കെട്ടിയിരുന്നവർക്ക് മാത്രമായിരുന്നു സഭകളിലേക്കുള്ള വോട്ടവകാശം. ഈഴവ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ള ഭൂവുടമകൾ അന്ന് കരം കെട്ടിയിരുന്നെങ്കിലും ഈ ഭൂമികളുടെ മുൻ ഉടമസ്ഥരായ സവർണർക്ക് മാത്രമാണ് വോട്ടവകാശം നൽകിയിരുന്നത്. ഈ അനീതിക്കെതിരെ ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ ഒന്നിച്ച് സംയുക്ത രാഷ്ട്രീയ സമിതിക്ക് രൂപം നൽകി നിവർത്തന പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
1888ൽ തിരുവിതാംകൂറിൽ രാജാവിന്റെ കീഴിൽ നിയമസഭ നിലവിൽ വന്നെങ്കിലും പിന്നാക്കക്കാരെ തുടർച്ചയായി അവഗണിച്ചു. ജനസംഖ്യയുടെ 8.69 ശതമാനമായിരുന്ന ഈഴവരിൽ നിന്നും ഒരാൾ പോലും നിയമസഭയിലേക്ക് എത്തിയില്ല. ജനസംഖ്യയുടെ 3.53 ശതമാനമായിരുന്ന മുസ്ലീങ്ങളുടെ സ്ഥിതിയും സമാനമായിരുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ആകെ ജനസംഖ്യ അന്ന് 16.04 ശതമാനമായിരുന്നു. അവരുടെ പ്രാതിനിധ്യം 1922ലെ തിരഞ്ഞെടുപ്പിലെ 7ൽ നിന്നും 1931ൽ എത്തിയപ്പോൾ 4 ആയി കുറഞ്ഞു. എന്നാൽ ജനസംഖ്യയുടെ 8.68 ശതമാനമായിരുന്ന നായർ സമുദായത്തിന്റെ പ്രാതിനിധ്യം 1922ലെ 12ൽ നിന്നും 1931 എത്തിയപ്പോൾ 15 ആയി ഉയർന്നു.
നിവർത്തന പ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി 1935 മേയ് 13ന് കോഴഞ്ചേരിയിൽ സംഘടിപ്പിച്ച ഈഴവ, ക്രൈസ്തവ, മുസ്ലിം പൗരസമത്വയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു സി. കേശവന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗം .സർ സി.പി. രാമസ്വാമി അയ്യർ അന്ന് ദിവാൻ പദത്തിൽ പ്രവേശിച്ചിരുന്നില്ലെങ്കിലും തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേഷ്ടാവെന്ന നിലയിൽ ഭരണചക്രം തിരിക്കുന്നത് അദ്ദേഹമായിരുന്നു. ‘സർ സി. പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല, അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒരു ഗുണവും ചെയ്യില്ല. ഈ വിദ്വാൻ ഇവിടെ വന്നതിൽ പിന്നെയാണ് തിരുവിതാംകൂർ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര് പുറത്ത് പരന്നത്. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കില്ല’ – ഇങ്ങനെ അസാമാന്യ ധൈര്യം കാട്ടിയ പ്രസംഗമാണ് സി. കേശവൻ നടത്തിയത്. ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്.

പിറക്കാനിരിക്കുന്ന ഐക്യകേരളം സവര്‍ണരുടെ മേല്‍ക്കോയ്മയിലുളളതാവരുതെന്നും സാമുദായികമായ ഉച്ചനീചത്വങ്ങള്‍ ഒഴിഞ്ഞ സമത്വപൂര്‍ണ്ണമായ ഒന്നായിരിക്കണമെന്നുമുള്ള ചിന്തയുടെ ബഹിര്‍സ്‌ഫുണമായിരുന്നു കോഴഞ്ചേരി പ്രസംഗം. സമഭാവനയോടെയുളള മനുഷ്യജീവിതം സ്വപ്‌നം കണ്ടിരുന്ന കേശവന് ജാതീയമായ അന്തരങ്ങള്‍ സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ ഉള്‍ക്കൊളളാനായില്ല. അയിത്തവും അസ്‌പൃർശ്യതയും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. കേരളത്തിന്റെ മണ്ണില്‍ നിന്നും ഇത്തരം ദുരാചാരങ്ങള്‍ എന്നേക്കുമായി തുടച്ചു നീക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. സി.പി.യെ ജന്തു എന്നു വിളിക്കാന്‍ സി.കേശവനെ പ്രചോദിപ്പിച്ചത് അത്യപൂര്‍വമായ ധൈര്യത്തേക്കാള്‍ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ഉയര്‍ന്ന രാഷ്ട്രീയബോധമാണ്. പിന്നാക്കക്കാരെ ചവിട്ടിത്താഴ്ത്തുന്ന സർ സി.പിയുടെ കുടിലതന്ത്രങ്ങൾ പ്രസംഗത്തിലൂടെ സി. കേശവൻ വിചാരണയ്ക്ക് വിധേയമാക്കി. പ്രസംഗം രാജ്യദ്രോഹമാണെന്നാരോപിച്ച് 1935 ജൂൺ 7 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് സി. കേശവനെ അറസ്റ്റ് ചെയ്തു. ചരിത്രപ്രസിദ്ധമായ ആലപ്പുഴ കിടങ്ങാം പറമ്പ് മൈതാനത്ത് തിങ്ങികൂടിയ ജനക്കൂട്ടത്തിന് മുന്നിൽ അറസ്റ്റ് വരിക്കും മുമ്പ് സി.കേശവൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി ഇന്നും പ്രതിധ്വനിക്കുന്നു.’നിങ്ങളാരും വിഷമിക്കരുത് , സർ സി.പി.ക്ക് ദാഹിക്കുന്നു.ഞാൻ എന്റെ രക്തം കൊടുത്തിട്ട് വരട്ടെ’.സമാനതകളില്ലാത്ത ഈ വിപദിധൈര്യമാണ് സി.കേശവനെ ചരിത്രത്തില്‍ വേറിട്ട് നിര്‍ത്തുന്നത്. അദ്ദേഹത്തിന് ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. പ്രസംഗിക്കുന്നതിനും രണ്ടു മാസത്തേക്ക് വിലക്കേർപ്പെടുത്തി.
അറസ്റ്റും തുറുങ്കിലടക്കലുമൊക്കെയുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് നാടിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾ മുൻനിർത്തി സി. കേശവൻ അന്ന് ആ പ്രസംഗം നടത്തിയത്. സര്‍ക്കാര്‍ ഉദ്യോഗ നിയമനങ്ങളില്‍ പിന്നാക്കക്കാര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നിഷേധിച്ചതാണ് നിവര്‍ത്തന പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഇതിന്റെ ഭാഗമായി ഒരു സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ മുന്നണിപ്പോരാളികളില്‍ പ്രമുഖനായി സി.കേശവന്‍ ഉണ്ടായിരുന്നു.അധികാരികൾക്ക് നിവർത്തന പ്രക്ഷോഭകാരികളോട് അനുനയത്തിന് തയ്യാറാകേണ്ടി വന്നു.
ഈ തരത്തില്‍ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ച അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ കൂടുതല്‍ ശ്രദ്ധേയനായി. സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ തത്തുല്യ പ്രാധാന്യത്തോടെ സി.കേശവനും ഒപ്പമുണ്ടായിരുന്നു. ഉത്തരവാദിത്ത ഭരണത്തിനായുളള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനിടയില്‍ വീണ്ടും ജയിലില്‍ അടക്കപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം ജയില്‍ മോചിതനായി. വിപരീതഘട്ടങ്ങളില്‍ തളരാതെ സമരമുഖത്ത് ഉറച്ചു നിന്ന സി.കേശവന്റെ സ്വീകാര്യത നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു. തിരുവിതാംകൂര്‍ നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1951 ല്‍ അദ്ദേഹം തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. തുടർന്നുണ്ടായ സംഭവവികാസങ്ങൾ തിരുവിതാംകൂറിലെ സാമുദായിക-രാഷ്ട്രീയ സ്ഥിതിഗതികളിൽ വഴിത്തിരിവായി.

ഈ നാടിനെ നാമിന്നു കാണുന്ന ആധുനിക കേരളമാക്കി പരിവർത്തിപ്പിച്ചെടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച സംഭവവികാസങ്ങളും വ്യക്തികളുമുണ്ട്. ആ മഹത് വ്യക്തികളുടെ നിരയിലാണ് സി കേശവന്റെ സ്ഥാനം. കേരളത്തിന്റെ (പഴയ തിരു-കൊച്ചി) മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ ഈഴവസമുദായാംഗമായ സി.കേശവന്റെ ജീവിതവഴികള്‍ പിന്‍തലമുറകള്‍ക്ക് ഒരു പാഠപുസ്തകമാണ്. എന്തിനും പോന്ന സര്‍ സി.പി.യെ പോലെ ഒരു ഭരണാധികാരിക്കെതിരെ പരസ്യപ്രതികരണത്തിന് മുതിരുക എന്നത് അന്ന് മാത്രമല്ല ഇന്നും അചിന്ത്യമാണ്. നമ്മുടെ നാടിന്റെ സാമൂഹ്യ രാഷ്ട്രീയ വികസന പ്രക്രിയക്ക് പുരോഗമനാത്മകമായ കുതിപ്പു പകർന്നതിലൂടെ ചരിത്ര പ്രധാനമായ സംഭവവികാസമായി അടയാളപ്പെടുത്തപ്പെട്ട പ്രസംഗങ്ങൾ അപൂർവമായേ ഉള്ളൂ. അത്യപൂർവമായ അത്തരം പ്രസംഗങ്ങളുടെ ഒന്നാം നിരയിൽ തലയെടുപ്പോടെ നിൽക്കുന്നതാണ് സി കേശവന്റെ കോഴഞ്ചേരി പ്രസംഗം.
തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മിഷൻ അടക്കം പിന്നാക്കക്കാർക്ക് അനുകൂലമായ പല തീരുമാനങ്ങളും സമരത്തിന്റെ ഫലമായി പിന്നീടുണ്ടായി. ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം മനസിൽ കനൽ പോലെ സൂക്ഷിച്ച് പിന്നീട് അവകാശങ്ങൾ പിടിച്ചുവാങ്ങി. ഇപ്പോഴും അവരത് തുടരുന്നു. പക്ഷെ നമുക്ക് ആവേശം ചോർന്നു. അതുകൊണ്ട് ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും നമുക്ക് ലഭിക്കുന്നില്ല. സമുദായബലത്തിൽ ഒന്നാമതായിട്ടും അതിന് ആനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നതിന് കാരണം നമ്മുടെ ബലഹീനത തന്നെയാണ്.
കോഴഞ്ചേരിയിൽ ഒരു സന്ധ്യാസമയത്താണ് സി.കേശവൻ പ്രസംഗം തുടങ്ങിയത്. പാതി സമയത്തെ ഉദ്ദേശിച്ചും മറുപാതി ആ കാലഘട്ടത്തിലെ ഉച്ചനീചത്വങ്ങളെ ഉദ്ദേശിച്ചും ‘അന്ധകാരമയമായ ഈ സമയത്ത്’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. അന്ധകാരം ഇനിയും മുഴുവനായി നീങ്ങിയിട്ടില്ലെന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. നമുക്കൊപ്പം പോരാടിയവർ നമ്മളെ പിന്നിലാക്കി കുതിക്കുമ്പോഴെങ്കിലും നാം ഈ സത്യം തിരിച്ചറിയണം.






