മാപ്പിളസ്ഥാന്റെ മാറ്റൊലി
യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് മലപ്പുറത്തെ യോഗം പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ്. തിരുവിതാംകൂര്‍ പോലെയല്ല മലബാര്‍. അവിടെ ഭൂസ്വത്തും പണവും സര്‍ക്കാര്‍ ഉദ്യോഗവുമുള്ള സവര്‍ണഹിന്ദുക്കള്‍ക്ക് പിന്നേയും പിടിച്ചു നില്‍ക്കാം. ദരിദ്രരും ദിവസക്കൂലിക്കാരുമായ തീയരാദി പിന്നാക്ക ഹിന്ദുക്കളുടെ കാര്യം പരമകഷ്ടമാണ്. മലബാറിലെ പിന്നാക്ക ഹിന്ദുക്കളുടെ സാമൂഹികമായ പിന്നാക്കവസ്ഥ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും യു.എ. ഖാദറിന്റെയും സമീപ കാലത്ത് ടി.പി. രാജീവന്റെയും കൃതികളില്‍ പ്രതിഫലിക്കുന്നുണ്ട്. നാദാപുരത്തെയും മേപ്പയൂരെയും മാര്‍ക്‌സിസ്റ്റ് – ലീഗ് സംഘട്ടനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയത്തേക്കാള്‍സാമുദായികമായ കാരണങ്ങളാണ് ഉള്ളത്

സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പ് മലപ്പുറം ഏറനാട്ടിലെ വെറുമൊരു ഗ്രാമമായിരുന്നു. പാണക്കാട് തങ്ങളുടെ ആസ്ഥാനം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും മലപ്പുറത്തിന് ഇല്ലായിരുന്നു. പഴയ ബ്രിട്ടീഷ് മലബാറിലെ 10 താലൂക്കുകളിലൊന്നാണ് ഏറനാട്. താലൂക്കിന്റെ ആസ്ഥാനവും പ്രധാന പട്ടണവും മഞ്ചേരിയായിരുന്നു. ഏറനാടിനോട് ചേര്‍ന്നു കിടക്കുന്ന മറ്റൊരു താലൂക്കാണ് വള്ളുവനാട്. ഏറനാട് താലൂക്ക് പൂര്‍ണമായും വള്ളുവനാട് താലൂക്കിന്റെ പ്രധാന ഭാഗവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്.
തിരുവിതാംകൂറിന്റെ രൂപീകരണത്തിന് മുമ്പ് തെക്കുംകൂര്‍, വടക്കുംകൂര്‍ രാജ്യങ്ങളിലൊക്കെ മതപരിവര്‍ത്തനത്തിന് അനുവാദമുണ്ടായിരുന്നു. പിന്നീട് ബ്രിട്ടീഷ് മേല്‍കോയ്മയുടെ കാലത്താണ് തിരുവിതാംകൂറിന്റെ മറ്റ് ഭാഗങ്ങളിലും ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം വ്യാപകമായി നടന്നത്. അവിടെയും ഈഴവരും അതിനേക്കാളേറെ പുലയരാദി അധഃസ്ഥിത വിഭാഗങ്ങളും, തീരപ്രദേശത്ത് വാസ്‌കോഡിഗാമ വന്ന കാലം മുതല്‍ മുക്കുവ സമുദായക്കാരുമാണ് മതപരിവര്‍ത്തനം നടത്തിയത്.
ജാതീയമായ ഉച്ചനീചത്വം കൊണ്ട് സംഭവിച്ചതാണ് ഇത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വരുത്തിവെച്ച് വിനകളാണ് തിരുവിതാംകൂര്‍ ഭാഗത്ത് ക്രിസ്തുമതത്തിലേക്കും മലബാറില്‍ ഇസ്ലാമിലേക്കുമുള്ള പരിവര്‍ത്തനത്തിന് പ്രധാനകാരണം.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മതപരിവര്‍ത്തനത്തിന് സംഘടിത സ്വഭാവം ആര്‍ജ്ജിച്ചു. മൈസൂരിന്റെ ആധിപത്യത്തെ എതിര്‍ക്കുന്ന ആളുകളെ ബലാത്കാരമായി ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. വഴങ്ങാത്തവരെ കൂട്ടക്കൊല ചെയ്തു. ഇസ്ലാം സ്വീകരിച്ചവര്‍ക്ക് വസ്തുവകകള്‍ പതിച്ചു കൊടുത്തു. ഭരണകൂടത്തിന്റെ ശക്തി കൂടി ഇതിന്റെ പിറകിലുണ്ടായിരുന്നു. അതിന് ശേഷം മലബാറില്‍ പൊതുവെയും ഏറനാട്, വള്ളുവനാട് ഭാഗങ്ങളില്‍ പ്രത്യേകിച്ചും ഇസ്ലാമിന് സംഘടിതവും ബലപ്രയോഗത്തില്‍ അധിഷ്ഠിതമായ ഒരു ശക്തി കൈവന്നു. തിരുവിതാംകൂര്‍ ഭാഗത്ത് ക്രിസ്ത്യാനികള്‍ക്ക് ഈ ശക്തി ഒരിക്കലും ഉണ്ടായിരുന്നില്ല. ഇന്നേ ദിവസംവരെയും അതില്ലതാനും.
മാപ്പിള ലഹളകള്‍
ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഇസ്ലാമിന് കൈക്കരുത്തിന്റെ ഭാഷ കൂടുതലായി കൈവന്നു. ബ്രിട്ടീഷ് ഭരണത്തില്‍ വന്ന ശേഷമാണ് ‘മാപ്പിള ലഹളകള്‍’ ആരംഭിച്ചത്. പത്തൊമ്പൊതാം നൂറ്റാണ്ടില്‍ പല സ്ഥലത്തും ഇത്തരം ലഹളകള്‍ ഉണ്ടായി. മലബാറില്‍ പൊതുവെ മാപ്പിള എന്നു പറഞ്ഞാല്‍ മുസ്ലീമാണ്.
ഒരു മാപ്പിള പെട്ടെന്നൊരു ദിവസം ഭരണകൂടത്തോടും അല്ലെങ്കില്‍ നാടുവാഴികളോടും ദേശവാഴികളോടും സ്വയം യുദ്ധം പ്രഖ്യാപിക്കും. ‘സയ്യദാവുക’ എന്നാണ് അതിനു പറയുക. ‘ഹാലിളക്കം’ എന്നും പറയും. മതപരമായ വലിയ ആവേശം ഈ ഹാലിളക്കത്തിന് പിന്നിലുണ്ടാകും. മൗലവിമാരുടെ ബോധവത്കരണവും ഇതിനു പുറകിലുണ്ടായിരുന്നു.
ഒരാള്‍ പെട്ടെന്ന് നാടുവാഴിക്കെതിരെ അല്ലെങ്കില്‍ ജന്മിക്കെതിരെ സ്വയം ചാവേറായി മാറുകയാണ്. അയാള്‍ വീട്ടില്‍ നിന്ന് നേരെ ജന്മിയുടെ വീട്ടിലേക്ക് പോകും . ജന്മി ഒരു നമ്പൂതിരിയാകാം, നായര്‍ പ്രഭുവാകാം. അല്ലെങ്കില്‍ ഒരു അമ്പലവാസിയാകും. ഈ മൂന്നു കൂട്ടരാണ് അവിടെ പ്രധാനപ്പെട്ട ജന്മിമാര്‍.
മാപ്പിള നേരെ ജന്മിയുടെ വീട്ടില്‍ ചെന്ന് ജന്മിയെ കൊല്ലുന്നു. വീട്ടിലെ ഒന്നോ രണ്ടോ പേരെയും കൊല്ലും. കൃത്യം കഴിഞ്ഞ് ഇയാള്‍ ഒളിച്ചോടി പോകുകയോ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയോ ചെയ്യില്ല. വിവരമറിഞ്ഞ് മലബാര്‍ സ്പെഷ്യല്‍ പൊലീസ് എത്തി മാപ്പിളയെ വെടിവെച്ചു കൊല്ലും. അതോടെ അയാള്‍ രക്തസാക്ഷിയാകുകയാണ്. അതിനാണ് ‘സയ്യദാ’വുക എന്നു പറയുന്നത് .ഇത് ‘ജിഹാദാ’ണ് . ഒരു മനുഷ്യബോംബ്, അല്ലെങ്കില്‍ മനുഷ്യചാവേര്‍.
ക്ഷേത്രത്തില്‍ പോകുക, പൂജാരിയെ വധിക്കുക, വിഗ്രഹം തകര്‍ക്കുക, ശേഷം ക്ഷേത്രത്തില്‍ തന്നെ ഇരിക്കും. പൊലീസ് അല്ലെങ്കില്‍ പട്ടാളം വന്ന് ഇയാളെ വെടിവെച്ചു കൊല്ലും. വെടിയേറ്റു മരിക്കുന്നതോടെ ‘വീരസ്വര്‍ഗം’ പ്രാപിക്കും. ‘ജിഹാദിന്’പോകുമ്പോള്‍ വഴിയില്‍ കാണുന്ന ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടാനും സാദ്ധ്യതയുണ്ട്. എവിടെ പോകുന്നുവെന്നു ചോദിക്കുമ്പോള്‍ ജിഹാദിനു പോകുന്നുവെന്നു കേട്ട് ആവേശം കയറി കൂടെ പോകുന്നവരാണ് അവര്‍. അവരും വെടിയേറ്റ് മരിക്കും.
ചിലപ്പോള്‍ സംഘടിത സ്വഭാവം ആര്‍ജ്ജിച്ച് 10-12 പേര്‍ പങ്കെടുക്കുന്ന ജിഹാദുകള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇതാണ് ‘മാപ്പിള കലാപം’ അല്ലെങ്കില്‍ ‘മാപ്പിള ലഹള’ എന്ന് അറിയപ്പെട്ടിരുന്നത്.
ഈ കലാപത്തെ അമര്‍ച്ച ചെയ്യാനാണ് മലബാര്‍ സ്പെഷ്യല്‍ പൊലീസ് ഉണ്ടാക്കിയത്. എവിടെ കലാപം ഉണ്ടെന്ന് അറിഞ്ഞാലും എം.എസ്.പി.ക്കാര്‍ പോകും. അന്ന് നാലുവരിപാതയൊന്നുമില്ല. കാടും മലയും പുഴകളും ദുര്‍ഗമമായ സ്ഥലങ്ങളും കടന്ന് ചെന്നാണ് കലാപകാരികളെ വക വരുത്തുന്നത്. നിര്‍ദ്ദയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് ജിഹാദികളെ അമര്‍ച്ച ചെയ്യാന്‍ അന്ന് പൊലീസിന് കഴിഞ്ഞു.

മലബാര്‍ ലഹള
1921ലെ മലബാര്‍ ലഹള ആരംഭിക്കുന്നത് ഇതിന്റെ രണ്ടാംഘട്ടമായാണ്. കോണ്‍ഗ്രസിന് ഇതില്‍ വലിയ പങ്കുണ്ട്. മഹാത്മാഗാന്ധിയുടെ 1920 ലെ കോഴിക്കോട് സന്ദര്‍ശനവും അവിടെ നിന്ന് ആരംഭിച്ച ഖിലാഫത്ത് സമരവും ലഹളയ്ക്ക് വഴി മരുന്നിട്ടു.
ഖിലാഫത്ത് സമരത്തിന്റെ നേതാക്കള്‍ പ്രമുഖരായിരുന്നു. കെ.പി. കേശവമേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, മൊയ്തുമൗലവി, മാധവന്‍നായര്‍, കേളപ്പന്‍ എന്നിവര്‍. എന്നാല്‍ ഇവരൊന്നും പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ സമരോത്സുകരായ മാപ്പിളമാര്‍ അക്രമത്തിന് ഒരുമ്പെടുകയും ഗാന്ധിജിയുടെ അഹിംസാത്മകമായ സമരത്തെ അട്ടിമറിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായി തുടങ്ങിയ സമരം അടുത്തഘട്ടത്തില്‍ സവര്‍ണഹിന്ദുക്കള്‍ക്കും തുടര്‍ന്ന് അവിടെയുള്ള എല്ലാ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും, പിന്നെ ബ്രിട്ടീഷുകാരുടെ ഒറ്റുകാരനാണെന്ന് ഇവര്‍ ധരിച്ച മുസ്ലീങ്ങള്‍ക്കെതിരായിട്ടും മാറി. ഈ വിഭാഗങ്ങളില്‍പ്പെട്ട ആരേയും എന്തും ചെയ്യാം എന്നായി. കൊള്ളയും കൊലയും നിര്‍ബന്ധിത മതപരിവര്‍ത്തനവും വ്യാപകമായി നടന്നു. ഗൂര്‍ഖ പട്ടാളത്തെ കൊണ്ടുവന്ന് ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്തി. ‘വാഗണ്‍ ട്രാജഡി’ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് കലാപം വഴിവയ്ക്കുകയും ചെയ്തു.
ഈ കലാപത്തെ പുരസ്‌കരിച്ചാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’ രചിക്കുന്നത്. മാതൃഭൂമിയുടെ സ്ഥാപകരിലൊരാളായ കെ. മാധവന്‍നായര്‍ രചിച്ച ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും ഖിലാഫത്ത് സമരത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു മഞ്ചേരി സ്വദേശിയായ മാധവന്‍നായര്‍.
മുസ്ലീംലീഗിന്റെ രംഗപ്രവേശം
കലാപം അടിച്ചമര്‍ത്തിയതിന് ശേഷമാണ് മുസ്ലീംലീഗിന്റെ രംഗപ്രവേശം. അതിന് മുമ്പ് മലബാറില്‍ ലീഗ് ഇല്ല. 1929-30 കാലത്ത് തലശ്ശേരിയിലാണ് മുസ്ലീം ലീഗ് ഉണ്ടാകുന്നത്. സമ്പന്നരും വിദ്യാസമ്പന്നരുമായ മുസ്ലീങ്ങളാണ് ലീഗിന് തുടക്കം കുറിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന പോക്കര്‍ സാഹിബ്, കൊടുങ്ങല്ലൂര്‍ സ്വദേശിയാണെങ്കിലും തലശേരി ബാറില്‍ പ്രാക്ടീസ് ചെയ്തിരുന്ന കെ.എം. സീതിസാഹിബ്, സമ്പന്നനായിരുന്ന അബ്ദുള്‍സത്താര്‍ സേട്ട്, കണ്ണൂരിലെ ആലി രാജാവ് ഇവരെയൊക്കെയാണ് മലബാര്‍ ലീഗിന്റെ സ്ഥാപകര്‍. വരേണ്യവിഭാഗത്തില്‍പ്പെട്ട ആളുകളായിരുന്നു ലീഗില്‍. കര്‍ഷകരേയും കര്‍ഷക തൊഴിലാളികളുടെയും പാര്‍ട്ടിയായി ലീഗ് മാറിയത് പിന്നെയും ഏറെക്കാലത്തിന് ശേഷമാണ്. ‘ചന്ദ്രിക’ പ്രസിദ്ധീകരണം തുടങ്ങിയതും തലശേരിയിലാണ്. പിന്നീടാണ് ലീഗിന്റെ ഓഫീസും ‘ചന്ദ്രിക’യുടെ പ്രസ്സും കോഴിക്കോട്ടേക്ക് മാറ്റിയത്.
ജനസാമാന്യത്തിനിടയില്‍ ലീഗിന് സ്വാധീനം കിട്ടിയത് പാണക്കാട് തങ്ങള്‍മാരും അതുപോലുള്ള മതപണ്ഡിതന്‍മാരും സമുദായത്തില്‍ മറ്റുതരത്തില്‍ സ്വാധീനമുള്ള ആളുകളും ചേര്‍ന്നതിനു ശേഷമാണ്. അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍ എന്നിവരൊക്കെ വലിയ സ്ഥാനികളാണ്.
തങ്ങള്‍മാര്‍ വന്നപ്പോഴാണ് സാധാരണക്കാരും, പാവങ്ങളും ലീഗിലേക്ക് വന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നികുതി കൊടുക്കുന്നവര്‍ക്കും ബി.എ. പാസായവര്‍ക്കും മാത്രമേ വോട്ടവകാശമുള്ളു. പ്രമാണികളും ജന്മിമാരും കോണ്‍ഗ്രസ്സുകാരായി തുടര്‍ന്നു. വോട്ടവകാശമില്ലാത്ത പാവങ്ങളൊക്കെ ലീഗിലേക്ക് വന്നു.പാകിസ്ഥാൻ വാദം ശക്തിപ്പെട്ട കാലമായിരുന്നു അത്. ‘പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന്‍’ ‘കിട്ടണം ഞങ്ങള്‍ക്ക് പാകിസ്ഥാന്‍, കിട്ടിയില്ലെങ്കില്‍ കബറിസ്ഥാന്‍’ എന്ന് മുദ്രാവാക്യങ്ങൾ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോലും അലയടിച്ചു.
അന്ന് സര്‍വേന്ത്യാ ലീഗാണ്; ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പാകിസ്ഥാന്‍ വാദത്തെ പിന്‍തുണയ്ക്കുന്ന കാലമായിരുന്നു അത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നത്തെ പോലെ ശക്തമൊന്നുമില്ല. ലെനിന്റെ ‘രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശം’ എന്നൊരു സിദ്ധാന്തം ദുര്‍വ്യാഖ്യാനം ചെയ്ത് പഞ്ചാബികളും സിന്ധികളും മദ്രാസികളും മലയാളികളുമൊക്കെ വെവ്വേറെ രാഷ്ട്രങ്ങളാണെന്ന് ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ വാദിച്ചു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ.എം.എസിന്റെ പുസ്തകം അങ്ങനെയുണ്ടായതാണ്.1946 ല്‍ മലബാര്‍ സന്ദര്‍ശിച്ച ലീഗ് നേതാവ് ലിയാഖത്ത് അലിഖാനെ ലീഗുകാര്‍ പച്ചമാലയണിച്ചും കമ്യൂണിസ്റ്റുകാര്‍ ചുവന്ന മാലയണിയിച്ചും സ്വീകരിച്ചു.
മാപ്പിളസ്ഥാന്‍
മുഹമ്മദാലി ജിന്ന പാകിസ്ഥാന്‍ വേണമെന്ന് പറയുമ്പോഴും അതെവിടെയായിരിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ വ്യക്തതയുണ്ടായിരുന്നില്ല. ഒന്ന് വടക്കു പടിഞ്ഞാറന്‍ ഭാഗത്തും മറ്റേത് കിഴക്കുഭാഗത്തുമാണ് ഉണ്ടാകുന്നതെന്ന് പൊതുവേ കരുതപ്പെട്ടു
നമ്മുടെ നാട്ടിലെ ഓരോ പാവപ്പെട്ട മുസ്ലീമും വിചാരിച്ചിരുന്നത് തന്റെ വീടിരിക്കുന്ന സ്ഥലം പാകിസ്ഥാന്‍ ആയിരിക്കുമെന്നാണ്. മാപ്പിളസ്ഥാന്‍ എന്ന ആശയം അങ്ങനെ ഉരുത്തിരിഞ്ഞു വന്നതാണ്.ഇന്ത്യോനേഷ്യയില്‍ ഒരു മലയാളി മുസ്ലീം നടത്തിയിരുന്ന ചായക്കടയുടെ പേര് മലബാര്‍ പാകിസ്ഥാന്‍ എന്നായിരുന്നുവെന്ന് എസ്.കെ.പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്.
1947 ആദ്യം മുസ്ലിം ലീഗ് ഏറനാട് താലൂക്കും വള്ളുവനാട്ടിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും ലക്ഷ ദ്വീപും ഉൾപ്പെട്ട ഒരു മാപ്പിളസ്ഥാൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.ഈ ആവശ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ചു.
1947 ഓഗസ്റ്റ് 15 സ്വാതന്ത്ര്യലബ്ധിയോടൊപ്പം ഇന്ത്യാവിഭജനവും യാഥാര്‍ത്ഥ്യമായി. പാകിസ്ഥാന്‍ രൂപീകൃതമായി. അതോടെ സര്‍വേന്ത്യ ലീഗിന്റെ അവതാര ലക്ഷ്യം നിറവേറി. ഭരണഘടനാ അസംബ്ലിയില്‍അപ്പോഴും 41 ലീഗുകാര്‍ അവശേഷിച്ചു. ചൗധരി ഖാലിക്കുസമാന്‍ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി.ഇന്ത്യന്‍ യൂണിയനില്‍ പെട്ടുപോയ മുസ്ലീങ്ങള്‍ എന്തു ചെയ്യണമെന്ന് ആലോചനയായി പിന്നീട്. തുടര്‍ന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് രൂപീകരിക്കുന്നത്.
പാകിസ്ഥാനിലെ കറാച്ചിയില്‍ യോഗം ചേര്‍ന്ന ശേഷം തിരിച്ചു വന്നാണ് മുഹമ്മദ് ഇസ്മയേല്‍ സാഹിബും കെ.എം. സീതിസാഹിബും പാകിസ്ഥാന്‍ ലീഗുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്നത്. സര്‍വേന്ത്യാലീഗ് പിരിച്ചുവിട്ടു. ഒന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗുമായും മറ്റൊന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗുമായും മാറി.
മദ്രാസിലെ രാജാജി ഹാളില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മദ്രാസ് സംസ്ഥാനത്ത് ഇവര്‍ക്ക് സാമാന്യം ശക്തിയുണ്ടായിരുന്നു. മലബാറില്‍ ലീഗിന് നാലോ അഞ്ചോ എംഎല്‍എ മാരുണ്ടായി.അതിന് പിറകെയാണ് ഇടം തിരിഞ്ഞ് നില്‍ക്കുകയായിരുന്ന നൈസാമിനെ പുറത്താക്കി1948 സെപ്തംബറില്‍ ഹൈദരാബാദ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത്. ഇവിടത്തെ ലീഗുകാരൊക്കെ നൈസാമിനെ പിന്തുണക്കുന്നവരായിരുന്നു.ഈകാരണത്താല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ലീഗ് നേതാക്കന്‍മാരെ മുഴുവന്‍ തൂത്തു പെറുക്കി അറസ്റ്റ് ചെയ്തു.
പാകിസ്ഥാന്‍ ചിന്താഗതിക്കാരായ ലീഗുകാരെ മുഴുവന്‍ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തു. ജയിലില്‍ പോകാന്‍ മടിയുള്ളവരൊക്കെ ലീഗില്‍ നിന്ന് രാജിവെച്ചു. ഒന്നുകില്‍ കോണ്‍ഗ്രസ്സില്‍ ചേരുകയോ അല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സത്യസന്ധമായ മറ്റ് ജീവിതമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയോ മാത്രമായിരുന്നു അവരുടെ മുമ്പിൽ അവശേഷിച്ച മാർഗം.
ആ കാലത്ത് ലീഗിന്റെ കമ്മിറ്റികളൊക്കെ നോട്ടീസ് അടി ച്ചും പത്രപരസ്യം കൊടുത്തും പിരിച്ചുവിട്ടു. ഇന്നു വൈകീട്ട് 4 മണിക്ക് ചേരുന്ന യോഗത്തില്‍ മുസ്ലീം ലീഗിന്റെ ഇന്ന സ്ഥലത്തെ കമ്മിറ്റി പിരിച്ചുവിടും എ
വെന്നായിരുന്നു നോട്ടീസ്. . തിരുവിതാംകൂറില്‍ മുസ്ലീംലീഗ് പിരിച്ചുവിട്ട് അതിന്റെ നേതാക്കന്മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ടി. എ. അബ്ദുള്ളയായിരുന്നു ലീഗിന്റെ ഒരു പ്രമുഖ നേതാവ്. അദ്ദേഹം ഖദറിട്ട് കോണ്‍ഗ്രസുകാരനായി. തിരുവിതാംകൂര്‍ മുസ്ലീം ലീഗിന്റെ മറ്റൊരു നേതാവ് കായംകുളത്തെ പി.കെ. കുഞ്ഞുസാഹിബായിരുന്നു. കുഞ്ഞുസാഹിബ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അങ്ങനെ ജനാബ് കുഞ്ഞുസാഹിബ് ‘സഖാവ് കുഞ്ഞുസാഹിബായി’ മാറി. ഒറ്റ ദിവസം കൊണ്ട് സംഭവിച്ചമാറ്റമാണ് ഇത്. അപ്പോഴും മലബാറില്‍ ലീഗ് പിടിച്ചു നിന്നു. പ്രമുഖ നേതാക്കന്‍മാരൊക്കെ പാര്‍ട്ടിയില്‍ തുടര്‍ന്നു. സീതി സാഹിബും ബാഫക്കി തങ്ങളുമായിരുന്നു അവരുടെ പ്രധാന നേതാക്കള്‍
1957ലെ തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ലീഗിന് ഏഴ് എം.എല്‍.എ. മാരുണ്ടായി. എല്ലാവരും തന്നെ ഏറനാട് വള്ളുവനാട് ഭാഗത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ലീഗിന്റെ ബി. പോക്കര്‍സാഹിബ് മലപ്പുറത്ത് നിന്ന് പാര്‍ലമെന്റില്‍ എത്തി. 1960 ആയപ്പോഴേക്കും കോണ്‍ഗ്രസ്സും പി.എസ്.പിയും ഉള്‍പ്പെട്ട മുന്നണിയില്‍ ലീഗിന് ഇടം കിട്ടി. എം.എല്‍.എ. മാരുടെ എണ്ണം വര്‍ദ്ധിച്ചു. കെ.എം. സീതി സാഹിബ് നിയമസഭാ സ്പീക്കറുമായി

മലപ്പുറം ജില്ല
ആ സമയത്താണ് മലപ്പുറം കേന്ദ്രമായി ഒരു ജില്ല ഉണ്ടാകണമെന്ന ആവശ്യം നിയമസഭയില്‍ മങ്കടയില്‍ നിന്നുള്ള അബ്ദുള്‍ മജീദ് എന്ന ലീഗ് എം.എല്‍.എ. ഉന്നയിച്ചത്. മലബാറില്‍ അന്ന് മൂന്ന് ജില്ലകളാണുള്ളത്-കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്. പാലക്കാട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങള്‍, അതായത് പെരിന്തല്‍മണ്ണ, മങ്കട പൊന്നാനി തുടങ്ങിയ പ്രദേശങ്ങളും , കോഴിക്കോട് ജില്ലയുടെതെക്കൻ ഭാഗങ്ങളായ ഏറനാട് താലൂക്ക്, മഞ്ചേരി, മലപ്പുറം, തിരൂര്‍, താനൂര്‍ എന്നീ പ്രദേശങ്ങളും ചേര്‍ത്ത് ജില്ല ഉണ്ടാക്കണമെന്നായിരുന്നു ആവശ്യം. അന്നാരും അത് ഗൗനിച്ചില്ല. പട്ടംതാണുപിള്ളയുടെ ഭരണം നടക്കുന്ന കാലം. പിന്നീട് മുഖ്യമന്ത്രിയായ ആര്‍. ശങ്കറും ഈ ആവശ്യം വകവെച്ചു കൊടുത്തില്ല.
1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മന്ത്രിസഭയുണ്ടായി. തിരഞ്ഞെടുപ്പു കാലത്ത് മുസ്ലീം ലീഗും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിന് ബാഫക്കി തങ്ങള്‍ ഉപാധിവച്ചു. മലപ്പുറം ജില്ല വേണം. ചര്‍ച്ചയ്ക്ക് പോയപ്പോള്‍ നമ്പൂതിരിപ്പാടിനോട് ബാഫക്കി തങ്ങള്‍ ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു. നമ്പൂതിരിപ്പാട് സമ്മതിച്ചു. ആ സമയത്ത് ബാഫക്കി തങ്ങളുടെ കോട്ടിനുള്ളില്‍ ടേപ്പ്റിക്കാര്‍ഡര്‍ ഒളിപ്പിച്ചു വച്ചിരുന്നു. അന്ന് അത് അപൂര്‍വ വസ്തുവാണ്. നമ്പൂതിരിപ്പാട് സമ്മതിച്ച കാര്യം അതില്‍ റിക്കാര്‍ഡ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ.എം.എസിനോട് മലപ്പുറം ജില്ല രൂപീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു മറുപടി. ബാഫക്കി തങ്ങള്‍ ടേപ്പ്റിക്കാര്‍ഡര്‍ മേശപ്പുറത്ത് വെച്ച് നമ്പൂതിരിപ്പാട് നേരത്തെ സമ്മതിച്ചകാര്യം കേള്‍പ്പിച്ചു കൊടുത്തു.
ഇത് പരിപൂര്‍ണ്ണ സത്യമാണോയെന്ന് അറിയില്ല. ഏതായാലും ഇ.എം.എസ് നമ്പൂതിരിപ്പാട് ബാഫക്കിതങ്ങളുടെ ആവശ്യം നടത്തിക്കൊടുക്കാന്‍ തയ്യാറായി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എ.കെ.ജി. ഉള്‍പ്പെടെ ഒരുപാട് പേര്‍ മലപ്പുറം ജില്ല രൂപീകരണത്തിന് എതിരായിരുന്നു. ഘടകകക്ഷികള്‍ എല്ലാവരും തന്നെ എതിര്‍ത്തു. സി.പി.ഐയും ആര്‍.എസ്.പിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും അടക്കം വിയോജിപ്പ് പ്രകടിപ്പിച്ചു.പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചു. ജനസംഘത്തിന്റെ ദേശീയ നേതാക്കള്‍ ഇവിടെ വന്ന് മലപ്പുറം ജില്ല കുട്ടി പാകിസ്ഥാനാകുമെന്നും മലപ്പുറത്ത് കടല്‍ത്തീരവും മലമ്പ്രദേശവും ഉള്ളത് കൊണ്ട് തീവ്രവാദികള്‍ക്ക് ഒളിക്കാന്‍ പറ്റിയ സ്ഥലമാകുമെന്നും പ്രചരണം നടത്തി.
പക്ഷെ നമ്പൂതിരിപ്പാട് പിടിച്ച പിടിയാലേ ആദ്യം കോഴിക്കോട് സര്‍വകലാശാല ഉണ്ടാക്കി. പിന്നെ മലപ്പുറം ജില്ലയുമുണ്ടാക്കി. ജില്ലാ ആസ്ഥാനം താലൂക്ക് ആസ്ഥാനവും പ്രധാന പട്ടണവും എന്ന നിലയില്‍ മഞ്ചേരിയാണ് ജില്ലയുടെയും തലസ്ഥാനമായി വരേണ്ടിയിരുന്നത്. പക്ഷേ മതപരമായ കാരണങ്ങളാല്‍ അതുവരെ ഗ്രാമമായിരുന്ന മലപ്പുറം ജില്ല ആസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു.
മലപ്പുറം ജില്ല ഉണ്ടാക്കുന്നത് വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുസ്ലീംലീഗും ഭായിഭായിയായിരുന്നു. ഈ രണ്ടു ലക്ഷ്യങ്ങളും നിറവേറിയതോട് കൂടി ലീഗ് സി.പി.എമ്മിനെ തള്ളിപ്പറഞ്ഞു.
അങ്ങനെ 1969ല്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ തകര്‍ന്നു.സി. അച്യുതമേനോന്റെ മന്ത്രിസഭയില്‍ സി.എച്ച്. മുഹമ്മദ്കോയ ആഭ്യന്തര മന്ത്രിയായി .മാത്രമല്ല മാര്‍ക്സിസ്റ്റുകാരെ എവിടെക്കണ്ടാലും തല്ലാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആ സമയത്താണ് ഗംഗാധരമാരാര്‍ എന്ന മാര്‍ക്സിസ്റ്റുകാരന്‍ സി.എച്ച്. മുഹമ്മദ്കോയയുടെ നേരെ ആസിഡ് ബള്‍ബ് എറിയുന്നത്.
ഏതായാലും മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായി. ഇ.എം. എസ്. നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളം ഉള്‍പ്പെടെ മലപ്പുറം ജില്ലയിലായി. ഇ.എം.എസ്. മലപ്പുറം ജില്ലക്കാരനായെങ്കിലും ആ ജില്ലയില്‍ സി.പി.എമ്മിന് ചുവടുറപ്പിക്കാനായില്ല.
മലപ്പുറം ജില്ല തങ്ങളുടെ സ്വകാര്യസാമ്രാജ്യമാണെന്ന് ലീഗ് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ്കോയ ഉണ്ടാക്കിയതാണെന്നും പ്രചരിപ്പിച്ചു. 1967 മുതല്‍ ജില്ലയിലെമ്പാടും മുസ്ലീം മാനേജ്‌മെന്റിൽ നിരവധി ഹൈസ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തനം ആരംഭിച്ചു. ലീഗിന്റെ പ്രാദേശിക നേതാക്കളായിരുന്നു സ്‌കൂള്‍ മാനേജര്‍മാര്‍. 1970 ലെ തിരഞ്ഞെടുപ്പിലും മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.
വിസ്തൃതമായി ലീഗിന്റെ സാമ്രാജ്യം
1977ല്‍ മലപ്പുറം ജില്ലയില്‍ മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ലീഗിന്റെ സാമ്രാജ്യവും അതനുസരിച്ചു വിസ്തൃതമായി. മലപ്പുറത്ത് ജനസംഖ്യാ വര്‍ദ്ധനവ് വളരെ വേഗത്തിലാണ്. തിരുവിതാംകൂറിലെ പോലെയല്ല.
ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗിന് രണ്ട് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമുണ്ടായിരുന്നെങ്കില്‍ 1970ല്‍ അച്യുതമേനോന്റെ മന്ത്രിസഭയില്‍ രണ്ടുമന്ത്രിമാരും സ്പീക്കറുമായി, ഡെപ്യൂട്ടി സ്പീക്കറിന് സ്പീക്കറായി പ്രൊമോഷന്‍ കിട്ടി.1977ലും ഇതേ നില തുടര്‍ന്നു. 1979ല്‍ സി.എച്ച്. മുഹമ്മദ് കോയ 51 ദിവസത്തേക്കാണെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയായി. പി.കെ.വാസുദേവന്‍നായരുടെ മന്ത്രിസഭ തകര്‍ന്ന് നായനാര്‍ മന്ത്രിസഭ വരുന്നതിനിടയിലായിരുന്നു സി.എച്ചിനു മുഖ്യമന്ത്രിപദം കിട്ടിയത്. 1982ല്‍ കെ.കരുണാകരന്റെ മന്ത്രിസഭയില്‍ സി.എച്ച്. മുഹമ്മദ് കോയക്ക് ഉപമുഖ്യമന്ത്രി പദം കൊടുത്തു. സി.എച്ച്. വലിയ നേതാവും നല്ല ഭരണകര്‍ത്താവുമായിരുന്നുവെന്നതില്‍ സംശയമില്ല.അതിലുപരി തികഞ്ഞ സമുദായ സ്നേഹിയുമായിരുന്നു.
1982ല്‍ മന്ത്രിമാരുടെ എണ്ണം മൂന്നായി. 1991ലെ മന്ത്രിസഭ വന്നപ്പോള്‍ മന്ത്രിമാരുടെ എണ്ണം നാലായി വര്‍ദ്ധിച്ചു.. പിന്നെ ചീഫ് വിപ്പ് പദവിയും. 2009ല്‍ മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ എം.എല്‍.എ. മാരുടെ എണ്ണം 16 ആയി . വര്‍ദ്ധിച്ച സീറ്റുകളൊക്കെ ലീഗുകാര്‍ കയ്യടക്കി. കോണ്‍ഗ്രസിന് ഒന്നും കൊടുത്തില്ല. മാത്രമല്ല തിരുവിതാംകൂര്‍ ഭാഗത്ത് മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞു. പത്തനംതിട്ട ,ആലപ്പുഴ ജില്ലകളില്‍ രണ്ട് സീറ്റ് വീതവും കോട്ടയത്തും കൊല്ലത്തും തൃശൂരിലും ഓരോ സീറ്റ് വീതവും കുറഞ്ഞു. അത്രയും സീറ്റ് മലബാറില്‍ കൂടി. കോഴിക്കോടും മലപ്പുറത്തും സീറ്റുകള്‍ കൂടി. ലീഗിന്റെ പ്രാമാണ്യം വര്‍ദ്ധിച്ചു. ലീഗിന് 20 എം.എല്‍.എ. മാരായി. ഭരണം ലീഗ് പറയുന്നിടത്തായി.
അഞ്ചാം മന്ത്രി
2011ല്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന സമയത്തേക്ക് കോണ്‍ഗ്രസ് മുസ്ലീം ലീഗിന്റെ സാമന്തന്‍മാരായി മാറിക്കഴിഞ്ഞിരുന്നു. മന്ത്രിമാരുടെ പേരും വകുപ്പും പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. അത് കൂടാതെ ലീഗ് അഞ്ചാംമന്ത്രിയെ ചോദിച്ചു. വലിയ സാമുദായിക ധ്രൂവീകരണത്തിന് അത് വഴിവെച്ചു. ഭൂരിപക്ഷ സമുദായക്കാര്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ല എന്ന ചിന്താഗതി പ്രബലമായി.അതുവരെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് വെള്ളാപ്പള്ളി നടേശനും ജി. സുകുമാരന്‍നായരും ഇക്കാര്യത്തിൽ യോജിച്ചു.
ക്രിസ്ത്യന്‍ സഭകള്‍ക്ക് ആ സമയത്ത് അപകടം മനസിലായില്ല. ഉമ്മന്‍ചാണ്ടിയും മാണിസാറുമൊക്കെ ഉണ്ടല്ലോ എന്ന മൂഢസ്വര്‍ഗ്ഗത്തിലായിരുന്നു ക്രിസ്ത്യന്‍ ബിഷപ്പുമാരും മറ്റും. അവര്‍ക്ക് നേരം വെളുക്കാന്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നു. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ പോലും ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാര്‍ അതിനെ ലഘൂകരിച്ചു. ജോസഫ് മാഷിന്റെ കൈയിലിരുപ്പിന്റെ കുഴപ്പമായി കണ്ടു. അദ്ധ്യാപകനെ പിന്തുണക്കുന്നതിന് പകരം കൈ വെട്ടിയവരെ പരോക്ഷമായി ന്യായീകരിച്ചു.
അപ്പോഴും മുസ്ലീംലീഗിന് മതേതരമായ ഒരു പ്രതിച്ഛായ ഉണ്ടായിരുന്നു. നാട്ടിലെവിടെയും സാമുദായിക സംഘര്‍ഷം ഉണ്ടായാല്‍ പാണക്കാട് ശിഹാബ് തങ്ങള്‍ ഓടിയെത്തും. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെയും സര്‍വസമുദായ സൗഹാര്‍ദ്ദത്തിന്റെയും വലിയ മാലാഖയായി ശിഹാബ് തങ്ങള്‍ കരുതപ്പെടുകയും മാധ്യമങ്ങള്‍ അങ്ങനെ ചിത്രീകരിക്കുകയും ചെയ്തു. ഒരു പരിധിവരെ അത് ശരിയുമായിരുന്നു.
ലീഗില്‍ അധികാരകേന്ദ്രങ്ങള്‍
മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലശേഷം പിന്‍ഗാമികള്‍ നേതൃപാടവമില്ലാത്തവരായിരുന്നു. ലീഗിന് അകത്ത് തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. മുസ്ലീം ലീഗിന് ദിശാബോധം നഷ്ടപ്പെട്ടു. ഒന്നിലധികം അധികാരകേന്ദ്രങ്ങളുണ്ടായി. നേരത്തെ പി.കെ. കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ തീരുമാനിക്കുകയും ശിഹാബ് തങ്ങളുടെ പേരില്‍ നടപ്പാക്കുകയുമാണുണ്ടായത്. അതിന് വിപരീതമായി വേറെ അധികാര കേന്ദ്രങ്ങള്‍ വന്നു. അബ്ദുള്‍വഹാബാണ് ഒരാള്‍. സമ്പന്നനും സുന്നി മതപണ്ഡിതന്മാരുടെയിടയില്‍ സ്വാധീനശക്തിയുള്ളയാളുമാണ് വഹാബ്. മറ്റൊരാള്‍ ഇ.ടി. മുഹമ്മദ്ബഷീറാണ്. മുഹമ്മദ്ബഷീര്‍ നല്ല പാര്‍ലമെന്റേറിയനും നല്ല ഭരണകര്‍ത്താവും അതേ സമയം മതമൗലിക വാദികളോടും തീവ്രവാദികളോടും ചാ യ് വു ള്ളയാളുമാണ്.
ഇക്കൂട്ടത്തില്‍ ഏറ്റവും മതനിരപേക്ഷനായ നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. മതമൗലികവാദത്തേയും മതരാഷ്ട്രവാദത്തേയും മതതീവ്രവാദത്തേയും ശക്തമായി എതിര്‍ക്കുന്ന ആളുകളുമുണ്ട് ലീഗില്‍. എം.കെ. മുനീറും കെ.എം. ഷാജിയും. ലീഗില്‍ പല ചിന്താഗതികളുണ്ട്. സുന്നികളും മുജാഹിദുകളും തമ്മില്‍ തര്‍ക്കമുണ്ട്. ജമാഅത്ത് ഇസ്ലാമിയോട് എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിലും ലീഗില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പോപ്പുലര്‍ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ഇ.ടി. മുഹമ്മദ്ബഷീറും സംഘവും ഇവരുമായി സഹകരിക്കണമെന്ന ചിന്താഗതിയുള്ളവരാണ്. കുഞ്ഞാലിക്കുട്ടി സമദൂര സിദ്ധാന്തക്കാരനാണ്. പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയെയും കൊണ്ട് നമുക്കെന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ നമ്മള്‍ അവരെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാല്‍ കൈയൊഴിയുകയും വേണമെന്ന നിലപാടുകാരനാണ്.
ക്രൈസ്തവര്‍
അകന്നു
കഴിഞ്ഞ ആറ്കൊ ല്ലത്തിനിടയില്‍, അതായത് 2019 മുതല്‍ ക്രിസ്ത്യാനികളുടെയിടയില്‍ വലിയ തോതില്‍ മുസ്ലീം വിരോധം ഉണ്ടായി. അത് ഹിന്ദുക്കളുടെ ഇടയിലുണ്ടായ മാറ്റം പോലെയല്ല. ക്രൈസ്തവര്‍ ഒരിക്കലും വികാരപരമായി പ്രശ്നങ്ങളെ സമീപിക്കുകയോ രാഷ്ട്രീയ നിലപാട് എളുപ്പത്തില്‍ മാറ്റുകയോ ചെയ്യുന്നവരല്ല. അവര്‍ വിദ്യാഭ്യാസമുള്ളവരും, ചിന്താശക്തിയുള്ളവരും സ്വന്തമായി കാര്യങ്ങള്‍ ആലോചിച്ച് ചെയ്യാന്‍ കെല്‍പ്പുള്ളവരുമാണ്. പ്രത്യേകിച്ച് സവര്‍ണ ക്രൈസ്തവര്‍. സുറിയാനി വിഭാഗത്തില്‍പ്പെട്ടവര്‍. അതില്‍ തന്നെ കത്തോലിക്കര്‍. അവരുടെ മത നേതൃത്വവും വളരെ പ്രബുദ്ധമാണ്. സമുദായത്തിന്റെയും സഭയുടെയും അംഗങ്ങളുടെയും സാമ്പത്തികമോ, രാഷ്ട്രീയമോ, വിദ്യാഭ്യാസപരമായതോ ആയ താല്പര്യം കണക്കിലെടുത്തു കൊണ്ടുള്ള തീരുമാനങ്ങളാണ് അവിടെ നിന്ന് ഉണ്ടാവുക.
ക്രൈസ്തവര്‍ അകന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ശ്രീലങ്കയിലെ കൊളംബോയിലെ പള്ളിയില്‍ ഈസ്റ്റര്‍ ദിവസമുണ്ടായ സ്ഫോടനവും തുര്‍ക്കിയിലെ ഹാഗിയ സോഫിയ എന്ന പ്രശസ്തമായ ദേവാലയം മസ്ജിദ് ആക്കാനുള്ള തീരുമാനവും ക്രിസ്ത്യന്‍ സമുദായത്തെ വേദനിപ്പിച്ചു. മസ്ജിദ് ആക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു കൊണ്ട് പാണക്കാട് സാദിഖലി തങ്ങള്‍ ‘ചന്ദ്രിക’ പത്രത്തില്‍ എഴുതിയ ലേഖനത്തിന് വലിയ പ്രചാരം കിട്ടി. 80:20 അനുപാതത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തതാണ് മറ്റൊരു പ്രശ്നം.
ഇതിനിടെ സെബാസ്റ്റ്യൻ പുന്നയ്ക്കൽ, അനിൽ കൊടിത്തോട്ടം മുതലായപെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ ഖുറാനും ഹാദീസുമൊക്കെ പഠിച്ച് ഇസ്ലാംമതത്തെ വിമര്‍ശനങ്ങളോടെ വ്യാഖ്യാനിച്ചതും ലീഗിന് വിനയായി. ഇതിലുള്ള കാര്യങ്ങള്‍ അസന്മാര്‍ഗ്ഗീകവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന പ്രചരണം പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ ഉൗർജിതമായിനടത്തി.
കത്തോലിക്ക വൈദികരുടെ വിമര്‍ശനം
കത്തോലിക്ക വൈദികര്‍ ലീഗിന്റെ രാഷ്ട്രീയത്തെയും വിമര്‍ശിക്കാന്‍ തുടങ്ങി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് കേരള നിയമസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ വരുന്നത് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണെന്നും ക്രിസ്ത്യാനികള്‍ ബഹുഭൂരിപക്ഷമുള്ള പൂഞ്ഞാര്‍ സീറ്റ് മുസ്ലീംലീഗ് ആവശ്യപ്പെടുമെന്നൊക്കെയുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ക്രിസ്ത്യാനികള്‍ പൊതുവെ അസ്വസ്ഥരായി. ഇതിന്റെ തുടര്‍ച്ചയായി ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോയി. സ്വന്തം താല്പര്യപ്രകാരമല്ല ജോസ്.കെ. മാണി പോയത്. പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി തുടങ്ങിയ രൂപതകളിലെ മെത്രാന്‍മാര്‍ പറഞ്ഞ് ഉപദേശിച്ചു വിട്ടതാണ്. ക്രിസ്ത്യാനികളുടെ വോട്ടില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് ഇല്ല. കോണ്‍ഗ്രസ്സിന്റെ അടിത്തറ തന്നെ ക്രിസ്ത്യന്‍ വോട്ടുകളാണ്. അങ്ങനെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലുമൊക്കെ ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.
ഇതോടെ ലീ ഗ് നേതാക്കളുടെ ബുദ്ധിയുണര്‍ന്നു.അവർക്ക് അപകടം മനസിലായി.പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും കൂടി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അരമനകളില്‍ കയറി മെത്രാന്‍മാരുടെ കൈമുത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ഇവരെ വിറ്റ കാശും പലിശയും കൈയിലുള്ളവരാണ് മെത്രാന്‍മാര്‍. അവര്‍ വളരെ സന്തോഷമായി ചിരിച്ച് കളിച്ച് ചായ കൊടുത്ത് സ്വീകരിച്ചു. പക്ഷേ വോട്ട് പഴയ പോലെ ചെയ്തു. അങ്ങനെ എല്‍.ഡി.എഫ്. രണ്ടാമതും അധികാരത്തില്‍ വന്നു. വോട്ട് പാറ്റേണ്‍ നോക്കിയാല്‍ അറിയാം ക്രിസ്ത്യന്‍ വോട്ടുകളിലുണ്ടായ വലിയ ചോര്‍ച്ചയാണ് യു.ഡി.എഫിനെ തോല്‍പ്പിച്ചതെന്ന്. മുസ്ലീംലീഗിന് വലിയ പരിക്ക് പറ്റിയില്ല. അവരുടെ സ്വാധീനമേഖലകള്‍ വേറെയാണ്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും കോണ്‍ഗ്രസിനുമാണ് തിരിച്ചടിയുണ്ടായത്. അങ്ങനെ തുടര്‍ഭരണം വന്നു.
മുസ്ലീംലീഗ് ഇപ്പോള്‍ വലിയ അപകടത്തിലാണ്. പുറമേ കാണുഅവസ്ഥയല്ല. മലപ്പുറം ജില്ലയിലൊഴിച്ച് മറ്റൊരിടത്തും മുസ്ലീംലീഗിന് പഴയ പോലെ പ്രാമുഖ്യമില്ല. അവിടെ തന്നെ വലിയ തോതില്‍ ചോര്‍ച്ചയുണ്ടായി. പഴയ പോലെ ആളുകള്‍ കോണി കണ്ടാല്‍ വോട്ട് ചെയ്യും എന്ന കാലം മാറി. കോണിയുടെ മാസ്മരിക ശക്തി നഷ്ടപ്പെട്ടു. ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാകില്ല. വരാന്‍ പോകുന്ന പഞ്ചായത്ത് മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിൽ ലീഗിനായിരിക്കും ഭൂരിപക്ഷം. മഞ്ചേരി, മലപ്പുറം, തിരൂര്‍ മുന്‍സിപ്പാലിറ്റികളില്‍ അവര്‍ തന്നെ ജയിക്കും.പെരിന്തല്‍മണ്ണയില്‍ ഒരു പക്ഷേ ജയിക്കും. ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും അവര്‍ക്കായിരിക്കും ഭൂരിപക്ഷം. നിയമസഭയില്‍ മലപ്പുറം ജില്ലയിലെ 16സീറ്റില്‍ 12-13 സീറ്റുകളില്‍ യു.ഡി.എഫ് ജയിക്കും. അതില്‍ തന്നെ ഭൂരിപക്ഷം സീറ്റുകളും ലീഗിനായിരിക്കും.
ഇതിനപ്പുറത്ത് മുസ്ലീംലീഗ് വലിയൊരു പ്രതിസന്ധിയിലാണ്. പണ്ട് പാണക്കാട് തങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതാണ് സമുദായത്തിന്റെ അവസാന വാക്ക്. ഇപ്പോള്‍ അങ്ങനെയല്ല. പാണക്കാട് തങ്ങളെയും ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. മുഹമ്മദാലി ശിഹാബ് തങ്ങള്‍ക്ക് കിട്ടിയിരുന്ന സ്വീകാര്യത ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കിട്ടിയില്ല. അത്രപോലും സാദിഖലി തങ്ങള്‍ക്ക് കിട്ടുന്നില്ല. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പിടിവലികള്‍ നടക്കുന്നണ്ട്. വഹാബ്, ഇ.ടി. മുഹമ്മദ്ബഷീര്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ തമ്മില്‍ പിടിവലി ഉണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയാണ് കൂട്ടത്തില്‍ ശക്തന്‍. ഓരോരുത്തരും മറ്റുള്ളവരുടെ മേല്‍ ആധിപത്യം നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാര്‍ട്ടിയാകുമ്പോള്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകുന്നതൊക്കെ സ്വാഭാവികമാണ്.
ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നവര്‍
എന്നാല്‍ മറ്റൊരു പ്രശ്നമുണ്ട്. മുസ്ലീംലീഗിന്റെ അജണ്ട സെറ്റു ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിക്കാരും പോപ്പുലര്‍ഫ്രണ്ടുകാരുമാണ്. ‘മുസ്ലീംലീഗ് അത് ചോദിച്ചു മേടിച്ചില്ല. ലീഗ് ഇത് മേടിച്ചില്ല’ എന്ന് പറയുന്നത് ഇവരാണ്. ‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്ന് സീറ്റിന് അര്‍ഹതയുണ്ട്. പക്ഷേ ചോദിക്കുന്നില്ല.’- പറയുന്നത് ലീഗുകാരല്ല സമസ്തയുമല്ല.’ ലീഗിന് അഞ്ചാം മന്ത്രിക്ക് അര്‍ഹതയുണ്ട്. അത് കൊടുക്കാതിരിക്കുന്നത് ശരിയല്ല.’. ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത് പോപ്പുലര്‍ഫ്രണ്ടുകാരാണ്. ഇതൊക്കെ പറഞ്ഞ് അവര്‍ നാട്ടിലാകെ പോസ്റ്റര്‍ ഒട്ടിക്കും. ലീഗുകാര്‍ക്ക് ഞങ്ങള്‍ക്ക് അര്‍ഹതയില്ല, ഞങ്ങള്‍ക്കിത് വേണ്ട എന്ന് പറയാന്‍ പറ്റുമോ? മൂന്നാമതൊരു ലോക്സഭാ സീറ്റ് വേണ്ട എന്നു പറയാന്‍ പറ്റില്ല. ലീഗിന്റെ പാപ്പരത്തമായി ജമാഅത്തെഇസ്ലാമിക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം ഏറ്റുപിടിക്കേണ്ട ഗതികേടാണ് ലീഗിന്. . വഖഫ് പ്രശ്നത്തിലും പൗരത്വ നിയമഭേദഗതിക്കെതിരെയും സമരം ചെയ്യണം. അതുകൊണ്ട് എന്താണ് നേട്ടമെന്ന് ചിന്തിക്കില്ല.
ഭൂരിപക്ഷ സമുദായത്തില്‍ നിന്നും മറ്റൊരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നും ഒറ്റപ്പെട്ടു പോകുകയാണ് ഇതിന്റെയൊക്കെ ഫലം. ലീഗിന്റെ വാലില്‍ തൂങ്ങി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് പ്രത്യയശാസ്ത്രവുമില്ല. രാഷ്ട്രീയ ശൈലിയുമില്ല. ഗുണദോഷങ്ങളെ കുറിച്ചു ചിന്തിക്കാനുള്ള കഴിവുമില്ല. ലീഗിന്റെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ലീഗുകാര്‍ പകല്‍ എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ പകല്‍ എന്ന് പറയും. ലീഗുകാര്‍ രാത്രി എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ രാത്രി എന്ന് പറയും. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ നേരെ പോയത് പാണക്കാട്ടേക്കാണ്. പാണക്കാട്ടാണോ ഇന്ദിരാഭവന്‍ ഇരിക്കുന്നതെന്ന് നമുക്ക് സംശയം തോന്നാം. പുതിയ കെ.പി.സി.സി.പ്രസിഡന്റ് ചുമതലയേറ്റാല്‍ അല്ലെങ്കില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്താല്‍ അവര്‍ നേരെ പോകുന്നത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങള്‍ തലയില്‍ കൈവെച്ചാലേ നേതൃസ്ഥാനത്തിന് അംഗീകാരമാകൂ. ലീഗിന്റെ അപ്രമാദിത്വം ചിന്തിക്കുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അവര്‍അത് അംഗീകരിക്കില്ല. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എഴുത്തച്ഛന്റെ പ്രതിമയും ഹറാം
മലപ്പുറം ജില്ലയിലെ ആളുകള്‍ പൊതുവേ നന്മയുള്ളവരും സാധുക്കളുമാണ്. പക്ഷേ ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് തീവ്രവാദ മനോഭാവമുള്ളവരാണ്.
തിരൂര്‍ മുനിസിപ്പാലിറ്റിയിലെ ട്രാഫിക് ഐലന്റില്‍ എഴുത്തച്ഛന്റെ പ്രതിമസ്ഥാപിക്കാന്‍ തീരുമാനിച്ചു. പലരും കരുതുന്നത് പോലെ തുഞ്ചന്‍പറമ്പിലല്ല ആ സംഭവം. ട്രാഫിക് ഐലന്റ് മനോരമയ്ക്ക് വിട്ടുകൊടുത്തതാണ്. മനോരമക്കാര്‍ ഒരു പ്രതിമ ഉണ്ടാക്കി. സ്ഥാപിക്കുന്ന സമയമായപ്പോള്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു ‘ഇവിടെ പ്രതിമസ്ഥാപിക്കാന്‍ പറ്റില്ല’. മലപ്പുറം ജില്ലയില്‍ പ്രതിമകള്‍ പാടില്ല. അത് നമുക്ക് ഹറാമാണ്.
ഇപ്പോഴത്തെ മന്ത്രി അബ്ദുറഹ്മാന്‍ അന്ന് മുനിസിപ്പല്‍ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്. അദ്ദേഹം പ്രതിമ വയ്ക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാല്‍ ലീഗുകാര്‍ ശക്തമായി എതിര്‍ത്തത് കൊണ്ട് സ്ഥാപിക്കാന്‍ പറ്റിയില്ല. ആ പ്രതിമ ഇപ്പോഴും മനോരമയുടെ ഗോഡൗണില്‍ ചാക്കില്‍ കെട്ടിയ അവസ്ഥയില്‍ കിടപ്പുണ്ട്.
ഒ.വി. വിജയനും പൂച്ചയും എന്ന ഒരു ചിത്രീകരണം കോട്ടക്കലിലെ ഒരു സ്‌കൂള്‍ ഭിത്തിയിലുണ്ടായിരുന്നു. ഒരു ദിവസം നേരം വെളുത്തപ്പോള്‍ അതിന്റെ മുഖം വികൃതമാക്കി. ഇതൊക്കെ മതമൗലിക വാദികള്‍ ചെയ്യുന്നതാണ്. ലീഗ് വേഷം ധരിച്ച തീവ്രവാദികളും ഇവരോട് താല്പര്യമുള്ള ലീഗുകാരുമാണ് സംഗതികള്‍ കുഴപ്പത്തിലാക്കുന്നത്. സ്വാഭാവികമായി മലപ്പുറം ജില്ലയില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം. മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്നത് പോലെയുള്ള മേല്‍ക്കോയ്മ ലീഗിന് മലപ്പുറത്തുമുണ്ട്.
കോഴിക്കോട് സര്‍വകലാശാലയില്‍ എഴുത്തച്ഛന്റെ കൃതികളോ, കൃഷ്ണഗാഥയോ പഠിപ്പിക്കാന്‍ പറ്റില്ല. അത് സിലബസില്‍ ചേര്‍ക്കാന്‍ സമ്മതിക്കില്ല. കാരണം അത് ഹിന്ദുദേവീ, ദേവന്‍മാരെ കുറിച്ചുള്ള കവിതകളാണ്. ഹരിനാമകീര്‍ത്തനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനാവില്ല. അതില്‍ എല്ലാ നാലുവരിയും ‘നാരായണായനമ’ യില്‍ ചെന്നാണ് അവസാനിക്കുക. എഴുത്തച്ഛന്റെ, ചെറുശേരിയുടെ, പൂന്താനത്തിന്റെ കവിതകളൊന്നും പഠിപ്പിക്കാനാവില്ല അത് അപ്രഖ്യാപിത വിലക്കാണ്. പരസ്യമായി പറയില്ല. പഠിപ്പിക്കുകയാണെങ്കില്‍ തന്നെ സെക്യുലറായ വരികള്‍ മാത്രമേ പഠിപ്പിക്കാനാവൂ.
ലീഗുകാര്‍ക്ക് പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടൊന്നുമില്ല. കോണ്‍ഗ്രസ് പോലൊരു സംഘടനയാണ്. അടിസ്ഥാനപരമായി കടുത്ത വര്‍ഗീയവാദികളുമല്ല ലീഗ്. തങ്ങളുടെ അജണ്ട ജമാഅത്തെ ഇസ്ലാമി ലീഗിനെക്കൊണ്ട് ചെയ്യിക്കുകയാണ്.
പഴയ മാപ്പിളസ്ഥാന്റെ മാറ്റൊലിയാണ് ഇപ്പോഴത്തെ മലപ്പുറം ജില്ല. സര്‍വേന്ത്യാ ലീഗിന്റെ സ്വപ്നമാണ് ഇവര്‍ ഇതില്‍ കൂടി പ്രാവര്‍ത്തികമാക്കുന്നത്. പല നേതാക്കളുടെയും വീടുകളില്‍ മുഹമ്മദാലി ജിന്നയുടെയും ലിയാഖത്ത് അലിഖാന്റെയും ചിത്രങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.പി.ഉണ്ണികൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. ഏതാണ്ട് ഒരു പാകിസ്ഥാനോ, ബംഗ്ലാദേശോ ആയി ജില്ലയെ കാണുവാനാണ് അവര്‍ക്ക് താല്പര്യം
ഇങ്ങനെയൊരു സാമൂഹ്യ, രാഷ്ട്രീയ സാഹചര്യത്തിലാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ മലപ്പുറം പ്രസംഗം. പ്രസംഗത്തിലെ ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് അതൊരു വലിയ വിവാദമാക്കി അദ്ദേഹത്തെ വര്‍ഗീയവാദിയും ഇസ്ലാമോഫോബിക്കുമാക്കാനാണ്തല്പരകക്ഷികൾ ശ്രമിച്ചത്.
യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് മലപ്പുറത്തെ യോഗം പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ്. തിരുവിതാംകൂര്‍ പോലെയല്ല മലബാര്‍. അവിടെ ഭൂസ്വത്തും പണവും സര്‍ക്കാര്‍ ഉദ്യോഗവുമുള്ള സവര്‍ണഹിന്ദുക്കള്‍ക്ക് പിന്നേയും പിടിച്ചു നില്‍ക്കാം. ദരിദ്രരും ദിവസക്കൂലിക്കാരുമായ തീയരാദി പിന്നാക്ക ഹിന്ദുക്കളുടെ കാര്യം പരമകഷ്ടമാണ്. മലബാറിലെ പിന്നാക്ക ഹിന്ദുക്കളുടെ സാമൂഹികമായ പിന്നാക്കവസ്ഥ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും യു.എ. ഖാദറിന്റെയും സമീപ കാലത്ത് ടി.പി. രാജീവന്റെയും കൃതികളില്‍ പ്രതിഫലിക്കുന്നുണ്ട്. നാദാപുരത്തെയും മേപ്പയൂരെയും മാര്‍ക്‌സിസ്റ്റ് – ലീഗ് സംഘട്ടനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയത്തേക്കാള്‍സാമുദായികമായ കാരണങ്ങളാണ് ഉള്ളത്
മലബാറില്‍ ഹിന്ദുക്കള്‍ക്ക് സംഘബോധം കുറവാണ്. മിക്കവാറും പേരും കോണ്‍ഗ്രസിന്റെ അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വാലായിട്ട് നില്‍ക്കുന്നവരായിരിക്കും. തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സുമൊക്കെ ഉണ്ടെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ സമുദായ ചിന്ത വിടുന്നില്ല. അത് നല്ലതോ ചീത്തയോ എന്ന ചോദ്യം വേറെ വിഷയം.
മലപ്പുറത്തെ സെന്റ് ജെമ്മാസ് പോലുള്ള കോണ്‍വെന്റ് സ്‌കൂളും എന്‍.എസ്.എസിന്റെ മഞ്ചേരി കോളേജുമൊക്കെ ലീഗ് വിദ്യാഭ്യാസ വകുപ്പ് കയ്യാളി തുടങ്ങുന്നതിന് മുമ്പ് കിട്ടിയിട്ടുള്ളതാണ്. 1967 ലാണ് മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത്. എസ്.എന്‍.ഡി.പി യോഗത്തിനുള്ളത് ഒരു സ്വാശ്രയ കോളേജ് മാത്രം. എന്നാല്‍ മുസ്ലീം മാനേജ്മെന്റുകള്‍ക്ക് നിരവധി എയ് ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടു. സാമൂഹ്യനീതിയുടെ ഈ ലംഘനം കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ.






