പുസ്തക കച്ചവടവും വായനയും

ഒരു ദിവസം ഒരു തമിഴ് പണ്ഡിതന്‍ കൃഷ്ണന്‍ വൈദ്യരെ കാണുവാന്‍ വീട്ടിലെത്തി. അദ്ദേഹത്തിന്റെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു.
ഏതു പുസ്തകം എവിടെ കണ്ടാലും അതൊന്നു കൈയിലെടുക്കണം, തുറന്നുനോക്കണം, വായിക്കണം. അതാണ് ശീലം. നാണു പതുക്കെ തമിഴ് പണ്ഡിതന്റെ അടുത്തെത്തി. പുസ്തകം താല്പര്യത്തോടെ നോക്കി. അതു കണ്ടപ്പോള്‍ അദ്ദേഹം പുസ്തകം നാണുവിന്റെ കൈയില്‍ കൊടുത്തു.
തുറന്നുനോക്കിയപ്പോള്‍ തമിഴ് പുസ്തകം! ചില അക്ഷരങ്ങളൊ ക്കെ അറിയാം. പലരുമായി തമിഴില്‍ സംസാരിക്കാറുണ്ട്. പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ പതുക്കെ തുറന്ന് മൗനമായി വായന തുടങ്ങി.

കുട്ടി തന്റെ കൈയില്‍നിന്നും പുസ്തകം വാങ്ങി വായിക്കുന്നതു കണ്ടപ്പോള്‍ പണ്ഡിതനു സന്തോഷമായി. പുസ്തകം കുട്ടിക്ക് നല്‍കാന്‍ നിശ്ചയിച്ചു. പക്ഷെ പറഞ്ഞില്ല.

അമ്മാവനുമായി സംസാരിച്ച് പോകാനൊരുങ്ങിയ തമിഴന്റെ മുന്നി ല്‍ എത്തി നാണു നന്ദിഭാവത്തോടെ പുസ്തകം മടക്കിനല്‍കി.
കുട്ടിയുടെ വിനയവും പുസ്തകം തിരിച്ചുനല്‍കാന്‍ കാണിച്ച ശ്രദ്ധയും പെരുമാറ്റവും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പുസ്തകം തിരിച്ചുവാങ്ങാതെ അത് കുട്ടിയുടെ കൈയില്‍ വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
”തമിഴ് കൂടുതല്‍ പഠിക്കണം. അനേകം നല്ല ഗ്രന്ഥങ്ങളുണ്ട് തമിഴില്‍. അതെല്ലാം വായിക്കണം.”

കുട്ടിയുടെ ചുമലില്‍ സ്‌നേഹത്തോടെ തട്ടിത്തടവി അദ്ദേഹം പോയി.
തമിഴ് കൂടുതല്‍ പഠിക്കണം. നാണു നിശ്ചയിച്ചു. അതിനെന്തു വഴി. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുക തന്നെ. തമിഴ് പുസ്തകങ്ങള്‍ വില്ക്കുന്ന കടകള്‍ തിരുവനന്തപുരത്തുണ്ട്. അവിടെ പോകണം.

ഒരു ദിവസം തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിലെ തമിഴ് പുസ്തകങ്ങള്‍ വില്ക്കുന്ന കടയില്‍ നാണുവെത്തി. നടന്നുവന്നതാണ്. കുട്ടിയുടെ മുഖത്ത് അതിന്റെ ക്ഷീണം കാണാനുണ്ട്. കച്ചവടക്കാരന്‍ ശ്രദ്ധിച്ചു.
തമിഴ് പുസ്തകങ്ങള്‍ നോക്കിനില്ക്കുന്നതു കണ്ടപ്പോള്‍ കന്യാകുമാരിയില്‍നിന്നും കച്ചവടത്തിനു വന്നിട്ടുള്ള കടയുടമക്ക് കുട്ടിയോട് ഇഷ്ടംതോന്നി.
”എടുത്തു നോക്കിക്കോളൂ.”
കടയുടമ പറഞ്ഞു. സമ്മതം കിട്ടിയപ്പോള്‍ പുസ്തകങ്ങള്‍ ശ്രദ്ധയോടെ എടുത്തുനോക്കി. ആകാവുന്നത് വായിച്ചു.

അവസരം കിട്ടുമ്പോഴൊക്കെ തിരുവനന്തപുരത്തെത്തി പുസ്തകശാലയിലിരുന്ന് തമിഴ് വായിച്ചു പഠിച്ചു. കച്ചവടക്കാരനുമായി നല്ല ബന്ധമായി. ഇടയ്ക്ക് ആരെങ്കിലും പുസ്തകം വാങ്ങാന്‍ വന്നാല്‍ എടുത്തുകൊടുക്കാന്‍ സഹായിച്ചു. കച്ചവടക്കാരന് കൂടുതല്‍ സ്‌നേഹമായി.
വിശ്വസ്തനാണ്. നല്ല സ്വഭാവമാണ്. കടയുടമക്ക് തോന്നി. ഒരു ദിവസം അയാള്‍ക്ക് പെട്ടെന്ന് നാട്ടിലേക്ക് പോവേണ്ട ഒരു കാര്യമുണ്ടായി. കട പൂട്ടിയിട്ട് പോകണം. പലരും പുസ്തകം ആവശ്യപ്പെട്ടുവരുന്ന കാലമാണ്. എന്തുചെയ്യും?
കടയുടമ ഒരു വഴി കണ്ടെത്തി. കടയും കച്ചവടവുമെല്ലാം നാണുവിനെ ഏല്പിച്ചു പോകാം. കടയിലിരുന്ന പുസ്തകം വായിച്ചുകൊണ്ടിരുന്ന നാണുവിനും സന്തോഷമായി. കടയുടമ അവിടെയുണ്ടായിരുന്ന പണമെല്ലാം എണ്ണിയെടുത്ത് നാട്ടിലേക്ക് പോയി.

പുസ്തകം വായിച്ചുകൊണ്ടിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല. രാത്രിയായി. കട പൂട്ടി നാണു പുറത്തിറങ്ങി. ഭക്ഷണം കഴിക്കണം. നല്ല വിശപ്പുണ്ട്.ചെമ്പഴന്തിയിലേക്ക് പോകാനും പറ്റില്ല. അടുത്തുള്ള അമ്പലത്തില്‍ ചെന്നാല്‍ ഭക്ഷണം കിട്ടും.
അമ്പലത്തിലെ ദാനച്ചോറു തിന്നു. തിരിച്ചുവന്നു. പുസ്തകശാല തുറന്നു. അവിടെയിരുന്നു വായിച്ചു. പിന്നീട് അവിടെത്തന്നെ കിടന്നുറങ്ങി.
നാലഞ്ചു ദിവസം കഴിഞ്ഞിട്ടും പുസ്തകശാലക്കാരന്‍ തിരിച്ചുവന്നില്ല. പകല്‍ മുഴുവന്‍ പുസ്തകവായനയും കച്ചവടവുമായി കഴിയും. ഭക്ഷണം കഴിക്കാന്‍ ദാനച്ചോറു കിട്ടുന്ന സ്ഥലത്തുചെല്ലും.
പുസ്തകം വിറ്റ പണമുണ്ട്. പക്ഷെ അത് എടുത്തു ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ഒരു ചില്ലിക്കാശും കുറയാതെ കടയുടമക്ക് നല്‍കേണ്ടതാണ് ആ പണം.
അമ്പലക്കുളത്തിലെ കുളിയും അവിടുത്തെ അന്നദാനവും കടയിലിരുന്നുള്ള പുസ്തകവായനയും നല്ല അനുഭവമായി.

തമിഴിലെ പ്രധാനപ്പെട്ട കൃതികളെല്ലം വായിച്ചു. തിരുക്കുറളും, ചിലപ്പതികാരവും, മറ്റു കൃതികളും വായിച്ചപ്പോള്‍ അന്നുവരെ അറിയാത്ത കാര്യങ്ങളൊക്കെ മനസ്സില്‍ നിറഞ്ഞു.
എല്ലാ ദിവസവും അന്നദാനമില്ല. അന്നു പട്ടിണിതന്നെ. വിശപ്പു സഹിക്കാതാവുമ്പോള്‍ എവിടെയെങ്കിലും ചെന്ന് ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിക്കും.
കന്യാകുമാരിയില്‍ എത്തിയപ്പോള്‍ പെട്ടെന്ന് മടങ്ങാനാവാത്തതിനാല്‍ പുസ്തകക്കച്ചവടക്കാരന്‍ പത്തു ദിവസങ്ങള്‍ക്കു ശേഷമാണ് വന്നത്.
അയാള്‍ പുസ്തകക്കടയില്‍ വന്നപ്പോള്‍ അത്ഭുതപ്പെട്ടു. പുസ്തകം വിറ്റതിന്റെ കണക്കും കാര്യങ്ങളും കൃത്യമായി എഴുതിവെച്ചിരിക്കുന്നു. പണപ്പെട്ടി നോക്കിയപ്പോള്‍ വിറ്റ പുസ്തകത്തിന്റെ വില മുഴുവന്‍ അതിലുണ്ട്. ഒട്ടും കുറവില്ല.
”നീയെങ്ങനെ ഭക്ഷണം കഴിച്ചു?”
കടയുടമ ചോദിച്ചു.
”അന്നദാനമുള്ളപ്പോള്‍ അവിടെചെന്ന് പശിയടക്കും. അല്ലാത്തപ്പോള്‍ സന്ന്യാസിമാരെപ്പോലെ യാചന നടത്തും.”
കടയുടമ അതു കേട്ടപ്പോള്‍ കുറച്ചു പണമെടുത്തു കൊടുത്തു. അതു വാങ്ങാതെ പറഞ്ഞു.
”തമിഴ് നന്നായി പഠിക്കാനും വായിക്കാനുമാണ് ഞാന്‍ വന്നത്. അങ്ങ് അതിനുള്ള സൗകര്യം നല്‍കി. എനിക്കതുമതി.

Authors

Scroll to top
Close
Browse Categories