പശുവും കറവക്കാരനും

വാരണപ്പള്ളിയില്‍ കറവപ്പശുക്കളുണ്ട്. വീട്ടാവശ്യത്തിന് പാല്‍ കറന്നെടുക്കാന്‍ കിട്ടന്‍ എന്ന ജോലിക്കാരനുമുണ്ട്. കിട്ടനുമായി നാണു ചങ്ങാത്തത്തിലാണ്. ഉള്ളുതുറന്നു സംസാരിക്കും.

ഒരുദിവസം കിട്ടന്‍ ഒരു പരാതിയുമായാണ് വന്നത്.
”ഇപ്പോള്‍ പ്രസവിച്ച ചുവന്ന പശു പാല്‍ കറന്നെടുക്കാന്‍ സമ്മതിക്കുന്നില്ല. പിന്‍കാലുകൊണ്ട് തൊഴിക്കുന്നു.”
നാണുവിന് കാര്യം മനസ്സിലായി.
”കുട്ടിയെ ശരിക്കും കുടിപ്പിച്ചശേഷം കറന്നാല്‍ പാലു കിട്ടും. ചെമ്പഴന്തിയില്‍ എന്റെ വീട്ടിലും ഇതുപോലൊരു പശു ഉണ്ടായിരുന്നു. കുട്ടി യെ നന്നായി കുടിപ്പിച്ചു തുടങ്ങിയപ്പോള്‍ പ്രശ്‌നവും തീര്‍ന്നു. പക്ഷെ പാല് കുറയുന്നു എന്നായിരുന്നു അച്ഛന്റെ പരാതി.”
കിട്ടന്‍ എല്ലാം കേട്ടു. പക്ഷെ പാല്‍ കുറഞ്ഞാല്‍ കുറ്റം തനിക്കാവും. പിറ്റെന്നും പതിവുപോലെ തള്ളപ്പശുവിന്റെ അകിടില്‍ കുഞ്ഞിന്റെ മുഖം മുട്ടിച്ച് കിട്ടന്‍ പാല്‍ കറക്കാന്‍ തുടങ്ങി. പശുവിന്റെ തൊഴിയേറ്റ് കിട്ടനും കറവപ്പാത്രവും വീണു.

വേദന സഹിച്ചുകൊണ്ട് പരാതിയുമായി കിട്ടന്‍ നാണുവിന്റെ അടുത്തെത്തി.
”നാളെ കാലത്ത് തൊഴുത്തിനരികെ ഞാനും വരാം. എന്നിട്ടു നോക്കാം.”
കിട്ടനെ സമാധാനിപ്പിച്ച് അയച്ചു.

പിറ്റെന്നു കാലത്ത് കിട്ടനോടൊപ്പം നാണുവും തൊഴുത്തിലേക്ക് നടന്നു. കന്നിനെ അഴിച്ച് നന്നായി പാല് കുടിപ്പിക്കാന്‍ പറഞ്ഞു. കിട്ടന്‍ അതു മനസ്സില്ലാമനസ്സോടെ ചെയ്തു. പാല് കുറഞ്ഞതറിഞ്ഞാല്‍ കൊച്ചുകൃഷ്ണപ്പണിക്കര്‍ ശകാരിച്ചു കൊല്ലും. എന്നാലും ഇന്നു ഫലമെന്താണെന്നു നോക്കാം.
കുഞ്ഞിനെ വേണ്ടത്ര പാലു കുടിപ്പിച്ച് കിട്ടന്‍ മാറ്റിക്കെട്ടി. പശുവിനെ കറക്കാനുള്ള ഒരുക്കമായി. നാണു പശുവിന്റെ അടുത്തു വന്നു അതിന്റെ നെറ്റിയില്‍ തടവി അതിനോടു സംസാരിച്ചു.
”കുഞ്ഞ് ആവശ്യത്തിനുള്ള പാല്‍ കുടിച്ചു. ഇനി ഞങ്ങളും അല്പം പാല്‍ കറന്നെടുക്കട്ടെ. സമ്മതമല്ലേ?”
സമ്മതമാണെന്ന മട്ടില്‍ പശു തലയും വാലുമാട്ടി നില്‍ക്കുന്നത് കിട്ടന്‍ കണ്ടു.
”ഇനി കറന്നോളൂ.
നാണു പറഞ്ഞു.
കിട്ടന്‍ ഭയമില്ലാതെ പാല്‍ കറന്നു. പശു നല്ല അനുസരണയോടെ നിന്നു. പശു നന്നായി ചുരത്തിയതുകൊണ്ട് പാല്‍ അത്ര കുറഞ്ഞിട്ടൊന്നുമില്ല എന്ന് കിട്ടനു തോന്നി.
തൊഴിക്കുന്ന പശുവിനെ നാണു മെരുക്കിയ കാര്യം കിട്ടന്‍ എല്ലാവരോടും പറഞ്ഞു. അതുകേട്ടപ്പോള്‍ കൊച്ചുകൃഷ്ണപ്പണിക്കര്‍ അഭിപ്രായപ്പെട്ടു.
”ആഗതനോ അതിഥിയോ അല്ല നാണു. വാരണപ്പള്ളിയിലെ ഒരം ഗം തന്നെയാണ്.”
അടുത്ത ഒരു ബന്ധുവിനോടെന്നപോലെയാണ് വാരണപ്പള്ളിയില്‍ നാണുവിനെ എല്ലാവരും കണ്ടിരുന്നത്.

Author

Scroll to top
Close
Browse Categories