ഭക്തിപരീക്ഷണം
കീര്‍ത്തനങ്ങള്‍ ചൊല്ലുകയെന്നത് എല്ലാ ഭക്തന്മാരും ചെയ്യുന്നതാണ്. എന്നാല്‍ നാണു കീര്‍ത്തനം മധുരസ്വരത്തില്‍ ചൊല്ലുന്നതു കേട്ടാല്‍ ആരും മാറിപ്പോവില്ല. അതു മുഴുവന്‍ കേള്‍ക്കാന്‍ നിന്നേടത്തുതന്നെ നില്ക്കും. ഇരുന്നേടത്തുതന്നെയിരിക്കും. അത്രയും ഇമ്പമാര്‍ന്ന സ്വരത്തില്‍ സംഗീതാലാപനം പോലെയാണ് ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ നടത്തുക.
ആരുടെ കീഴിലും സംഗീതം പഠിച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ കേട്ട ഈണവും രാഗവും മറക്കില്ല. പല സംഗീതജ്ഞരും പാടുന്നത് കേട്ടിരുന്നിട്ടുണ്ട്. കച്ചേരികള്‍ നടത്തുന്നവരുമായി സംസാരിച്ചു പല സംശയങ്ങളും തീര്‍ത്തിട്ടുണ്ട്. അവരൊക്കെയും കീര്‍ത്തനങ്ങള്‍ ചൊല്ലുമ്പോള്‍ ഗുരുഭക്തിയോടെ മനസ്സിലുണ്ടാവും .അതാണ് നന്നായി ആലാപനം നടത്താന്‍ കഴിയുന്നതെന്ന് നാണു കരുതി.
നാണുവിന്റെ സമപ്രായക്കാരും ചങ്ങാതിമാരുമായിരുന്ന ചിലര്‍ക്ക് ഭക്തിയുമില്ല പ്രാര്‍ത്ഥനയുമില്ല. അവര്‍ നാണു വെറുതെ ഭക്തനാണെന്ന് നടിക്കുകയാണെന്ന് തമ്മില്‍ത്തമ്മില്‍ പറഞ്ഞു രസിച്ചു. നാണുവിന്റെ ഭക്തി ശരിയായ ഭക്തിയാണോ? എങ്കില്‍ അതൊന്നു പരീക്ഷിക്കണം.
ചങ്ങാതിമാര്‍ തീരുമാനിച്ചു.
”അതെങ്ങനെ പരീക്ഷിക്കും?”
ഒരുത്തന് ചോദിച്ചു.
”നാണു ക്ഷേത്രത്തില്‍ പോകുമ്പോള്‍ കൂടെ പോകണം.”
മറ്റൊരുത്തന് വഴികണ്ടെത്തി.
അടുത്ത ദിവസം ചങ്ങാതിമാര്‍ നാണുവിനൊപ്പം കൂടി ഇന്ന് ക്ഷേത്രത്തിലേക്ക് തങ്ങളുമുണ്ടെന്നു പറഞ്ഞു പുറപ്പെട്ടു.
കാളിക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും എങ്ങനെയാണ് ആരാധന നടത്തേണ്ടതെന്ന് നാണു ചെറുപ്രായത്തില്‍ത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അന്ന് ദേവിക്ഷേത്രത്തില്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരും കൂടെ നടന്നു. നാണുവിനും സന്തോഷമായി. കൂട്ടുകാര്‍ക്ക് നല്ല ബുദ്ധി തോന്നിയല്ലോ!
നാണു ക്ഷേത്രപരിസരത്തെത്തിയപ്പോള്‍ ക്ഷേത്രക്കുളത്തില്‍ കുളിച്ചേ അകത്തുകയറാന്‍ പാടുള്ളുവെന്ന് പറഞ്ഞ് കുളത്തിലേക്ക് ഇറങ്ങിപ്പോയി. കുളിക്കണമോ വേണ്ടായോ എന്നായി കുട്ടികളുടെ സംശയം. കുളിച്ചില്ലെങ്കില്‍ അകത്തുകയറാന്‍ പറ്റില്ല. വിഷമമായി. അവസാനം എല്ലാവരും കുളത്തിലേക്കിറങ്ങി. നാണു ജലം കോരിയെടുത്തു മുകളിലേക്കുയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥിക്കുന്നു. എന്താണ് പ്രാര്ത്ഥനാമന്ത്രമെന്നറിയാതെ അവരും ജലം ഉള്ളംകൈയിലെടുത്തു ഉയര്‍ത്തിപ്പിടിച്ചു. മന്ത്രം ചൊല്ലുന്നതുപോലെ പിറുപിറുത്തു.
”നമ്മുടെ ഭക്തിയാണല്ലോ പരീക്ഷിക്കപ്പെടുന്നത്. ഇനി എന്തൊക്കെ ചെയ്യേണ്ടിവരും?”
”കണ്ണടച്ച് പ്രാര്‍ത്ഥിക്കണം.”
ഒരുത്തന് കൂട്ടുകാരനെ ശകാരിച്ചു.
നാണു മുങ്ങിക്കുളിച്ച ഈറന്‍വസ്ത്രത്തോടെ ക്ഷേത്രമതില്‍ക്കെട്ടിനകത്തു കടന്നു. നനഞ്ഞ കോഴിയെപ്പോലെ തണുത്തുവിറച്ച് ചങ്ങാതിമാരും പിന്നാലെ നടന്നു.
കുളികഴിഞ്ഞു ഇനി കുറിയിടണം. അതിനും കുറച്ചു സമയമെടുത്തു. ഇനി പ്രദക്ഷിണമാണ്. നാണു നാമജപത്തോടെ അടിവെച്ചടിവെച്ചു നടന്നു. ക്ഷമയില്ലാത്തവര്‍ മൂന്ന് ചുറ്റ് ഓടിനടന്നു വന്നു ശ്രീകോവിലിനു മുന്നില്‍ തൊഴുതുനിന്നു.
”ഇനിയാണ് കീര്‍ത്തനം.” അതുകഴിഞ്ഞാണ് ധ്യാനം. എല്ലാറ്റിനുംകൂടി കുറേ സമയം വേണ്ടിവരും.”
”ഇതൊന്നും വെറും അഭിനയമാവില്ല. നാണുവിനെ പരീക്ഷിക്കാന്‍ പുറപ്പെട്ട നാം വിഡ്ഢികളായി.”
”പരാജയപ്പെട്ട പരീക്ഷണം.”
അവര്‍ പരസ്പരം പറഞ്ഞു. ക്ഷേത്രത്തില്‍നിന്നും പുറത്തുകടന്നു. നാണു അപ്പോഴും നാമോച്ചാരണത്തോടെ പ്രദക്ഷിണം നടത്തുകയായിരുന്നു