കനിഞ്ഞു പെയ്ത മഴ

വര്‍ഷകാലമായി. ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്തില്ല. വേനല്‍ക്കാലം തുടരുകയാണ്. സൂര്യന്‍ ഉദിച്ചുയരുമ്പോഴേക്കും ചൂട് സഹിക്കാനാവുന്നില്ല.
കിണറുകളും കുളങ്ങളും വറ്റിവരണ്ടു. സസ്യലതാദികള്‍ വാടിക്കരിഞ്ഞു. ഇലകൊഴിഞ്ഞ മരങ്ങള്‍ ചില്ലക്കൈകള്‍ നീട്ടി ആകാശത്തോട് യാചിച്ചു നില്‍ക്കുന്നു. മനുഷ്യരും കന്നുകാലികളും അത്യുഷ്ണത്തില്‍ വിഷമിച്ചു.

മഴ പെയ്യുന്നില്ല. ആകാശത്തില്‍ മഴമേഘങ്ങളുണ്ടോ എന്നു നോക്കിയവര്‍ നിരാശയോടെ പരസ്പരം കാലാവസ്ഥാമാറ്റത്തെപ്പറ്റി സംസാരിച്ചു. തങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. സ്വന്തം അനുഭവകഥകള്‍ പറഞ്ഞു.

കാലവര്‍ഷം ചതിച്ചാല്‍ കൃഷി നശിക്കും. വയല്‍വാരം വീട്ടിലെ കാരണവര്‍ക്ക് അതാണ് പ്രധാനപ്രശ്‌നം. മഴപെയ്തില്ലെങ്കില്‍ വിളകള്‍ കരിഞ്ഞുണങ്ങും. എല്ലാം നശിക്കും. എല്ലാവരും പട്ടിണിയിലാകും.

ഒരു പോംവഴി കണ്ടെത്തുന്നതിനെപ്പറ്റി പലരുമായി കൂടിയാലോചിച്ചു. അവസാനം ഒരു തീരുമാനത്തിലെത്തി.

ദൈവത്തെ പ്രസാദിപ്പിക്കാന്‍ പൊങ്കാലയിടുക. വയല്‍വാരം വീടിന് അടുത്തുതന്നെയുള്ള മണക്കല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിടുക. അതിനുള്ള ഒരുക്കങ്ങള്‍ നടത്തി.

ക്ഷേത്രസന്നിധിയില്‍ അടുപ്പ്കൂട്ടി പുത്തന്‍ കലം വെച്ച് അതില്‍ വെള്ളമൊഴിച്ച് പുതിയ നെല്ലരിയിട്ട് വേവിച്ചാണ് പൊങ്കാലയുണ്ടാക്കുന്നത്. ആ വറ്റല്‍ച്ചോറ് ദൈവത്തിന് നിവേദിക്കും. നിവേദ്യം സ്വീകരിച്ച് ദൈവം കനിഞ്ഞാല്‍ പ്രാര്‍ത്ഥന ഫലിക്കും എന്നാണ് വിശ്വാസം.

പൊങ്കാലയടുപ്പില്‍ തീപൂട്ടാനുള്ള സമയമായപ്പോള്‍ കൊച്ചുനാണു അവിടെയെത്തി. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം നോക്കിനിന്നതിനുശേഷം അമ്മയുടെ അടുത്തുചെന്നു പറഞ്ഞു.
”അമ്മേ ഞാന്‍ പൊങ്കാലയിടാം.”
മൂന്നു ദിവസം വ്രതം നോറ്റ് രാവിലെ കുളിച്ച് ഭക്തിയോടെയാണ് അമ്മയും മറ്റ് സ്ത്രീകളും പൊങ്കാലനിവേദ്യച്ചടങ്ങിന് വന്നത്. നാണു കുളിക്കാതെയും വ്രതം നോല്‍ക്കാതെയുമാണ് വന്നിരിക്കുന്നത്.

പൊങ്കാലയടുപ്പില്‍ തീപകരുന്നതും നിവേദ്യം തയ്യാറാക്കുന്നതുമൊക്കെ ഭക്തിപൂര്‍വ്വം ചെയ്യേണ്ട കര്‍മ്മങ്ങളാണ്. എങ്കിലേ ഫലമുണ്ടാവുകയുള്ളൂ.
”ഞാന്‍ പൊങ്കാലയിട്ടാല്‍ മഴ പെയ്യും.”
വിശ്വാസപൂര്‍വ്വം പറയുകയാണെന്ന് അമ്മയ്ക്കു തോന്നി. മാത്രമ ല്ല കുഞ്ഞിന്റെ ആഗ്രഹം സാധിക്കാതെയിരുന്നാല്‍ അതും ശരിയാവില്ല.
അമ്മ സമ്മതിച്ചു. നാണു വളരെ ഭക്തിയോടെ പൊങ്കാലയടുപ്പില്‍ തീപൂട്ടി. അമ്മയും മറ്റു സ്ത്രീകളും സഹായികളായി ഒപ്പം നിന്നു. അടുപ്പിലെ തീ നന്നായി തെളിഞ്ഞു കത്തുന്നതു കണ്ടപ്പോള്‍ നല്ല ലക്ഷണം തന്നെയെന്ന് അവിടെയുള്ളവര്‍ പരസ്പരം പറഞ്ഞു.
പൊങ്കാല തയ്യാറാവുന്നതുവരെ പ്രധാന കര്‍മ്മിയായി കൊച്ചുനാണുതന്നെ എല്ലാം ചെയ്തു. എന്താണ് വേണ്ടതെന്ന് സ്ത്രീകള്‍ ഉപദേശിച്ചു.
പൊങ്കാലനിവേദ്യം നടത്താനുള്ള സമയമായി. നാണുതന്നെ ഭക്തനായ ഒരു കൊച്ചു പൂജാരിയെപ്പോലെ ചെയ്തു. നന്നായി ചടങ്ങ് അവസാനിച്ചു. അവിടെ വന്നെത്തിയ പുരുഷന്മാരും പോകാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ ആകാശത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

മഴമേഘങ്ങള്‍ വന്നുനിറഞ്ഞു മാനം കറുത്തു ഇടിവെട്ടി. മഴക്കുള്ള മുന്നറിയിപ്പെന്നപോലെയായിരുന്നു ആ മേഘനാദം. അധികം താമസിയാതെ മഴ തുടങ്ങി. പിന്നെ കോരിച്ചൊരിഞ്ഞു. മണ്ണും മനസ്സും തണുപ്പിച്ചു.
നാണു പറഞ്ഞ വാക്കുകള്‍ സഫലമായി. സ്ത്രീകള്‍ ആ കാര്യം വാത്സല്യപൂര്‍വ്വം പരസ്പരം പറഞ്ഞു.
”നാണു പൊങ്കാലയിട്ടു മഴയും പെയ്തു.”
എല്ലാവരും കൊച്ചുനാണുവിനെ അഭിനന്ദിച്ചു.

Author

Scroll to top
Close
Browse Categories