തെങ്ങ്കാമ്പുള്ള തേങ്ങ തരും
ചെമ്പഴന്തിയിലും പരിസരപ്രദേശങ്ങളിലും നന്നായി മഴപെയ്തു. മഴകിട്ടാതെ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസമായി. മഴ പെയ്തുതോര്‍ന്നെങ്കിലും വയല്‍വാരം വീട്ടിലെ കൊച്ചുനാണു പൊങ്കാലയിട്ട് മഴ പെയ്യിക്കുകയായിരുന്നു എന്ന വാര്‍ത്ത പരന്നു.
മണക്കല്‍ ക്ഷേത്രത്തില്‍ പൊങ്കാലക്കെത്തിയിരുന്നവര്‍ തങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിച്ചു.
”ഞാന്‍ പൊങ്കാലയിട്ടാല്‍ മഴപെയ്യുമെന്ന് വയല്‍വാരത്തെ നാണു പറഞ്ഞിരുന്നു.”
എന്നു പറഞ്ഞതിനുശേഷം ഓരോരുത്തരും തങ്ങള്‍ നാണുവിനോടൊപ്പമുണ്ടായിരുന്നു എന്നും പറഞ്ഞു. ചിലര്‍ നാണുവിനെക്കൊണ്ട് കര്‍മ്മങ്ങളെല്ലാം വേണ്ടവിധം ചെയ്യിച്ചത് ഞാനാണെന്നും പറയാന്‍ മറന്നില്ല.
വയല്‍വാരം വീട്ടിലെ നാണുവിനെ എല്ലാവര്ക്കും അറിയാം. സംസ്കൃതപണ്ഡിതനും നാട്ടിലെ എഴുത്തുഗുരിക്കളുമായ മാടനാശാന്റെ മകന്. നാട്ടുകാര്‍ക്കെല്ലാം ആയുര്‍വ്വേദമരുന്നു നല്കി അവരെ ചികിത്സിക്കുന്ന കൃഷ്ണന് വൈദ്യരുടെ മരുമകന്. ഇപ്പോള്‍ കണ്ണങ്കര കളരിയിലെ നാരായണപിള്ള എന്ന മൂത്തപിള്ളയുടെ ശിഷ്യന്. നല്ല അനുസരണവും പെരുമാറ്റശീലങ്ങളുമുള്ള കുട്ടി.
കളരിയിലെ സഹപാഠികളില്‍ ചിലരും ഈ സംഭവമറിഞ്ഞു. തങ്ങളുടെ സഹപാഠിയായ നാണു ഒരു അത്ഭുതം കാണിച്ചുവത്രെ. പൊങ്കാലയിട്ട് നാണു മഴപെയ്യിച്ചു എന്ന കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ല.
പല ആവശ്യങ്ങള്‍ക്കും പൊങ്കാലയിട്ട് പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷെ പ്രാര്‍ത്ഥന ഫലിക്കില്ല. പൊങ്കാലച്ചോറ് തിന്ന് വിശപ്പടക്കാം. അല്ലാതെന്ത്?
ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചാല്‍ ദൈവം അനുഗ്രഹിക്കും.
ഇവിടെ പൊങ്കാലയിടുന്നത് ദൈവം കാണുമോ?
”ദൈവം നന്മയുള്ളവരെ കാണും.”
”എങ്ങനെയാണ് നന്മയുള്ളവരാവുക?”
”നല്ലതു മനസ്സിലും വാക്കിലും കര്മ്മത്തിലുള്ളവരാണ് നന്മയുള്ളവര്.”
കുട്ടികള്‍ പരസ്പരം ചോദിക്കുകയും പറയുകയും കേട്ടറിഞ്ഞ കഥകളെപ്പറ്റി ചിന്തിക്കുകയും ചെയ്തു.
കുട്ടികളുടെ കൂട്ടത്തിലുള്ള വികൃതികളായ ചിലര്‍ നാണു വരുന്നതു കണ്ടപ്പോള്‍ മുന്നോട്ടു ചെന്നു വഴിതടഞ്ഞു നിന്നു.
”നീ പൊങ്കാലയിട്ടു മഴ പെയ്യിച്ചോ?”
ഗൗരവത്തില്‍ ഒരുത്തന്റെ ചോദ്യം.
”ഞാന്‍ പൊങ്കാലയിട്ടിരുന്നു. മഴയും പെയ്തിരുന്നു.”
ശാന്തനായി നാണു മറുപടി പറഞ്ഞു.
”നീ ഭക്തിയോടെ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് മഴപെയ്തത് എന്നാണല്ലോ പറയുന്നത്?”
കൂട്ടത്തിലൊരുവന് അവിശ്വാസത്തോടെ ചോദിച്ചു.
”ഒക്കെ വെറും നുണയായിരിക്കും.”
ഒരു കുട്ടി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി നാണുവിന്റെ അടുത്തുവന്നു ആവശ്യപ്പെട്ടു.
”നാണു പൊങ്കാലനിവേദ്യം നടത്തി മഴപെയ്യിച്ചത് ഞങ്ങള്‍ വിശ്വസിക്കണമെങ്കില്‍ പേടുമാത്രം ഉണ്ടാവുന്ന ഈ തെങ്ങില്‍ ഇനി മുതല്‍ നല്ല കാമ്പുള്ള തേങ്ങകളുണ്ടാവാന് നീ പ്രാര്‍ത്ഥിക്കണം. അതുണ്ടായി ഞങ്ങള്‍ക്ക് കാണണം. സാദ്ധ്യമാണോ?”
സാദ്ധ്യമാണെന്നോ അല്ലെന്നോ നാണു പറഞ്ഞില്ല. പതുക്കെ നടന്നുചെന്ന് പേടുമാത്രം കായ്ക്കുന്ന ആ തെങ്ങിനെ കെട്ടിപ്പിടിച്ചു പതുക്കെ തലോടിക്കൊണ്ടു പറഞ്ഞു.
”ഇനി കായ്ക്കുന്ന കുലകളിലൊക്കെ നല്ല കാമ്പുള്ള തേങ്ങയുണ്ടാവണം.”
ആ തെങ്ങില്‍ പിന്നീടുണ്ടായ കുലകളില്‍ നിന്ന് തേങ്ങകള്‍ കിട്ടിത്തുടങ്ങി. കുട്ടികള്‍ക്ക് സന്തോഷമായി. അവര്‍ നാണുവിനെ വിശ്വസിച്ചു. കൂടുതല്‍ സ്നേഹിച്ചു
9400432008