ആശാന്റെ ഉപദേശം

അര്‍ഹതയുള്ളതോ ആവശ്യമുള്ളതോ ആയവര്‍ക്കാണ് ദാനം നല്‍കേണ്ടത്. വിദ്യാദാനവും അതുപോലെ തന്നെയായിരിക്കണം. നിറഞ്ഞ പാത്രത്തില്‍നിന്ന് ശൂന്യമായ പാത്രത്തിലേക്കാണ് ഒഴിക്കേണ്ടത്. എത്ര ഒഴിച്ചുകൊടുത്താലും പിന്നെയും നിറഞ്ഞു തന്നെയിരിക്കുന്ന പാത്രമാണ് ഗുരുനാഥന്‍. ഒഴിച്ചുകൊടുക്കുന്തോറും ഉള്ളതിലധികമായി പെരുകുന്നതാണ് വിദ്യ.
കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്‍ വത്സലശിഷ്യനായ നാരായണനെപ്പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ഉത്തമശിഷ്യരെ ലഭിക്കുകയെന്നത് ഗുരുനാഥന്മാരുടെ മഹാഭാഗ്യമാണ്. ആ ഭാഗ്യം തനിക്കും ലഭിച്ചിരിക്കുന്നു. നാരായണനും നാണുവുമായി എല്ലാവര്‍ക്കും പ്രിയങ്കരനും മാതൃകയുമായ ബ്രഹ്മചാരിയെ പഠിപ്പിക്കാനുള്ള വകയൊന്നും ഇനി തന്നില്‍ ബാക്കിയില്ല. നാടകകാവ്യാദികളും അലങ്കാരവും വ്യാകരണവും പഠിപ്പിച്ചു. ജ്യോതിഷവും ആയുര്‍വ്വേദവും പിതാവായ മാടനാശാനില്‍നിന്നും അമ്മാവന്‍ കൃഷ്ണന്‍ വൈദ്യരില്‍നിന്നും പഠിച്ചിട്ടാണ് ഇങ്ങോട്ടു വന്നത്. തനിക്കറിയാവുന്ന വേദാന്തപാഠങ്ങളും നല്‍കി. യോഗയും പരിശീലിപ്പിച്ചു. ഇനി വേദാന്തവും യോഗയും പഠിക്കണമെങ്കില്‍ മറ്റു ഗുരുനാഥന്മാരെ സമീപിക്കണം.

ഇവിടെ പഠിക്കാനുള്ളതെല്ലാം മറ്റു പഠിതാക്കളെക്കാള്‍ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ നാണു വശത്താക്കിക്കഴിഞ്ഞു. ഇനി പുതിയ പാഠശാലകളും ആചാര്യന്മാരുമാണ് പഠിതാവിന് വേണ്ടത്.
രാമന്‍പിള്ള ആശാന്‍ നാണുവിനെ അടുത്തുവിളിച്ചു ഉപദേശിച്ചു.
”ഏതു വിഷയവും സ്വയം വായിച്ചു ഗ്രഹിക്കുവാന്‍ നാണുവിനു കഴിയും. ഞാന്‍ അറിഞ്ഞിട്ടുള്ളതിലും കൂടുതല്‍ ആത്മതത്ത്വങ്ങളും വിജ്ഞാനവും പ്രായോഗിക അനുഭവങ്ങളും നാണുവിന് ഉണ്ട്. അതുകൊണ്ട് മഹത്തുക്കളായ ആചാര്യന്മാരെ സമീപിച്ച് വേദാന്തത്തിലും യോഗയിലും നാണു ഉപരിപഠനം നടത്തണം.”
ആശാന്‍ തന്റെ മനസ്സ് വായിച്ചു പറയുകയാണെന്ന് നാണുവിനു തോന്നി. വിജ്ഞാനസാഗരത്തിന്റെ തീരത്തു നിന്നുകൊണ്ട് ഒരു കൈക്കുമ്പിള്‍ കോരിയെടുക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളു എന്ന് അറിയാം. ആര്‍ക്കുവേണമെങ്കിലും ഈ സാഗരത്തില്‍ നിന്നും ആവശ്യമുള്ളത്രയും സ്വീകരിക്കാം. അതിനുള്ള ക്ഷമയും മനസ്സും അവസരവും വേണം. അതിനു ആശാന്റെ സഹായം വേണം.
”യോഗ്യരായ ആചാര്യന്മാരെയൊന്നും എനിക്കറിയില്ല. അതിനുള്ള വഴിയും കാണിച്ചുതരണം.”
നാണു വിനീതസ്വരത്തില്‍ പറഞ്ഞു.

‘യോഗവേദാന്തകാര്യങ്ങളില്‍ കൂടുതല്‍ പഠനം വേണം. യഥാകാലം അതു സാധിക്കും. ഞാന്‍ എന്നും നാണുവിന്റെ ഗുണകാംക്ഷിയാണ്. എനിക്ക് ശിഷ്യന്‍ മാത്രമല്ല, സഹചരനും സഹോദരനുമായിമാറിക്കഴിഞ്ഞു..”
ഒരു ശിഷ്യനും കിട്ടാത്ത അഭിനന്ദനമാണ് ഗുരുവിന്റെ നാവില്‍ നിന്നു കേട്ടത്. ആ നിലയില്‍ ഏറ്റവും പ്രിയത്തോടെയാണ് എന്നും വിളിച്ചു സംസാരിച്ചിരുന്നത്. നാണു ഗുരുനാഥന്റെ കാല്‍ക്കല്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്തു. രാമന്‍പിള്ള ആശാന്‍ അപ്പോള്‍ കരുതിയത് നാണു വിശ്വഗുരുക്കന്മാരെ മുഴുവന്‍ താണുവീണു വന്ദിക്കുകയാണെന്നാണ്. ഈ വിനയവും ഭക്തിഭാവവും നാണുവിന് മാത്രമുള്ളതാണ്. ആചാര്യകുലപരമ്പരയെ ധ്യാനിച്ച് ആശാന്‍ നാണുവിനെ അനുഗ്രഹിച്ചു പിടിച്ചെഴുന്നേല്‍പ്പിച്ചു.
ആ അസുലഭ മുഹൂര്‍ത്തത്തില്‍ പരസ്പരം നോക്കിനിന്ന ആശാന്റെയും ശിഷ്യന്റെയും കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. മൗനം അവരുടെ മനസ്സുകളില്‍ ആയിരം അര്‍ത്ഥങ്ങളുള്ള വാക്കുകളായി മാറി. ഗുരുവിന്റെ അനുഗ്രഹവചസ്സുകള്‍ ശിഷ്യന്റെ ശിരസ്സില്‍ പൂക്കളായി വീണുകൊണ്ടിരുന്നു.

Author

Scroll to top
Close
Browse Categories