അവരും മനുഷ്യരല്ലേ?കുളത്തിലാണ് കുളിക്കുക.

ഒരുദിവസം കുളിക്കാന്‍ ചെന്നപ്പോള്‍ കൂടെ അമ്മയുണ്ടായിരുന്നില്ല. പല തവണ വെള്ളത്തില്‍ മുങ്ങി നിവര്‍ന്നാല്‍ അമ്മ പുറവും തലയും തേച്ചു കുളിപ്പിക്കും.
പതിവുപോലെ വെള്ളത്തില്‍ മുങ്ങിനിവര്‍ന്നു. തനിയെ പുറം തേക്കാനുള്ള ശ്രമം തുടങ്ങി. ആവുന്നില്ല. അപ്പോഴാണ് കുളത്തിന്നടുത്തുള്ള നിലത്തില്‍ കന്നുപൂട്ടുന്ന ആളെ കണ്ടത്. വീട്ടിലെ ജോലിചെയ്യുന്ന ആളാണ്. നല്ല പരിചയമുണ്ട്. തന്നോട് സ്‌നേഹവുമുണ്ട്. നാണു അയാളോട് ചോദിച്ചു.
”എന്റെ പുറം ഒന്നു തേച്ചുതരുമോ?”
”അയ്യോ! അടിയന്‍ തൊടുകയില്ല”
അയാള്‍ തുടര്‍ന്നു പറഞ്ഞു.
”അടിയന്‍ തീണ്ടലുള്ള ആളാണ്. അടുത്തുവന്നാല്‍ തീണ്ടലാണ്. തീണ്ടുകയോ തൊടുകയോ ചെയ്താല്‍ അടിയന്‍ പാപിയാകും.”
നാണുവിന് കാര്യം വ്യക്തമായി മനസ്സിലായില്ല. വിളിച്ചുചോദിച്ചു.
”ഓഹോ, എന്നെ തൊട്ടാല്‍ പാപം വരും അല്ലേ? ഞാന്‍ ആരെയെങ്കിലും തൊട്ടാല്‍ അവര്‍ക്കും പാപം വരും അല്ലേ?”
അമ്മ പറയാറുള്ള കാര്യമോര്‍ത്തു. അടുത്തുനിന്നാല്‍ പാപം! തൊട്ടാല്‍ പാപം! നാണു വീണ്ടും ചോദിച്ചു.
”നമ്മള്‍ തമ്മില്‍ എന്താണ് വ്യത്യാസം?”
അതാണ് മനസ്സിലാവാത്തത്. പുലയനും അതറിയില്ല. അയാള്‍ പറഞ്ഞു.
”അതൊന്നും അടിയന് അറിഞ്ഞൂട.”
ഇനിയും അവിടെ നിന്നാല്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടാകും. പുലയന്‍ കന്നുപൂട്ടിക്കഴിഞ്ഞ് വേഗം സ്ഥലംവിട്ടു. കുളി ശരിയായില്ല. നാണു കുളത്തിന്റെ കരയില്‍ കയറി ഇരുന്നു.
മൂത്ത കാരണവരായ രാമന്‍വൈദ്യര്‍ അതുവഴി വന്നു. തനിച്ചിരിക്കുന്ന നാണുവിനെ കണ്ടപ്പോള്‍ ചോദിച്ചു.
”എന്താണ് ഇവിടെ?”
”കുളിക്കാന്‍ വന്നതാണ്.”
നാണു പറഞ്ഞു. കൃഷ്ണന്‍വൈദ്യരമ്മാവനെക്കാള്‍ കര്‍ക്കശക്കാരനാണ് വലിയമ്മാവന്‍ രാമന്‍വൈദ്യര്‍. അതുകൊണ്ട് പുലയനെപ്പറ്റിയുള്ള പരാതി പറയാം. രാമന്‍ കാരണവര്‍ പുലയനെ ഉപദേശിക്കും.
”കുളിക്കുമ്പോള്‍ ഇവിടെ കന്നുപൂട്ടിനിന്ന ആളോട് എന്റെ പുറം തേച്ചുതരാന്‍ പറഞ്ഞിട്ടു ചെയ്തില്ല. എന്റെ പുറം തേച്ചുതന്നാല്‍ പാപമുണ്ടാകുമെന്നു പറഞ്ഞു.”
”ശരിയാണ്. അവര്‍ തീണ്ടലുള്ള പരിഷകളാണ്. തീണ്ടിയാലോ തൊട്ടാലോ നമുക്കും അവര്‍ക്കും പാപമുണ്ടാകും.”
രാമന്‍വൈദ്യര്‍ മരുമകനെ ഉപദേശിച്ചു. അപ്പോള്‍ നാണുവിന് ഒരു സംശയം! പുലയന്‍ കാളകളെ തൊട്ടും പിടിച്ചുമാണല്ലോ കന്നുപൂട്ടുന്നത്. നാണു ചോദിച്ചു.
”ആ കാളകള്‍ക്കുമുണ്ടോ പാപം?”
രാമന്‍വൈദ്യര്‍ പറഞ്ഞു.
”അവ മൃഗങ്ങളല്ലേ? അവയ്ക്ക് തിരിച്ചറിവില്ലല്ലോ! പാപവും പുണ്യവും മനുഷ്യര്‍ക്കു മാത്രമേയുള്ളു. മൃഗങ്ങള്‍ക്കില്ല.”
”പുലയന്‍ മനുഷ്യനല്ലേ?”
നാണുവിന്റെ ചോദ്യം പെട്ടെന്നുണ്ടായി.
”അതെ. പുലയനും മനുഷ്യനാണ്.”
രാമന്‍ വൈദ്യര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. പക്ഷെ നാണുവിന് സംശയം തീരുന്നില്ല. വീണ്ടും ചോദിച്ചു.
”പിന്നെ ഈ മനുഷ്യരു തമ്മില്‍ തൊട്ടാല്‍ പാപമുണ്ടാകുന്നതെങ്ങനെ?”
”നിന്നെ ബോധ്യപ്പെടുത്താനെനിക്കാവില്ല.”
രാമന്‍ വൈദ്യര്‍ ഉത്തരമില്ലാതെ നിന്നു.

Author

Scroll to top
Close
Browse Categories