ഈഴവ സമുദായത്തെ നനഞ്ഞ കുടയാക്കിപുറത്തു നിര്‍ത്തുന്നു

എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്‍ ഗുരുഭവനത്തിന്റെ താക്കോല്‍ദാനം
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ഇരിട്ടി: ഈഴവ സമുദായത്തെ നനഞ്ഞ കുടയാക്കി പുറത്തു നിര്‍ത്തുകയാണെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും ഗുരുഭവനത്തിന്റെ താക്കോല്‍ദാനവും മുതിര്‍ന്ന ദമ്പതിമാരെ ആദരിക്കലും ആനപ്പന്തി ശ്രീനാരായണഗുരുമന്ദിരത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മഴ നനയാതെ യാത്രയില്‍ സംരക്ഷണമൊരുക്കുന്നത് കുടയാണ്. വെള്ളമെല്ലാം കുടയുടെ പുറത്താണ് വീഴുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ കുട ഉപയോഗിക്കും. എന്നാല്‍, അധികാരത്തിലെത്തുമ്പോള്‍ ഇവര്‍ നനഞ്ഞ കുട പുറത്തുവച്ച് അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് കയറും. കുട ചുരുട്ടിക്കൂട്ടി ബക്കറ്റില്‍ നിക്ഷേപിക്കുകയാണ്. അധികാരത്തിന്റെ അകത്തളത്തിലെത്തിയവര്‍ സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും വളര്‍ന്നു. അതുകൊണ്ട് പുറത്തെ ബക്കറ്റില്‍ കിടക്കുന്ന നനഞ്ഞ കുടയാകാതിരിക്കാന്‍ സമുദായം ശ്രദ്ധിക്കണം.
ചടങ്ങില്‍ ശിവഗിരിമഠം സ്വാമി പ്രേമാനന്ദ ഗുരുസ്മരണ നടത്തി. യോഗം യൂണിയന്‍ പ്രസിഡന്റ് കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു. ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിര്‍വഹിച്ചു. എം.ആര്‍. ഷാജി, കെ.കെ. ധനേന്ദ്രന്‍, ജിതേഷ് വിജയന്‍, എം.ജി. സാജു, കെ.ജി. യശോധരന്‍, കെ.എം. രാജന്‍, കെ.കെ. സോമന്‍, എം.കെ. രവീന്ദ്രന്‍, പി.കെ. രാമന്‍, എ.എന്‍. സുകുമാരന്‍, അനൂപ് പനക്കല്‍, എ.എം. കൃഷ്ണന്‍കുട്ടി, പി.ജി. രാമകൃഷ്ണന്‍, നിര്‍മ്മല അനിരുദ്ധന്‍, ഉണ്ണിപുളുമ്പന്‍കാട്ടില്‍, ഓമനചന്ദ്രന്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി പി.എന്‍. ബാബു സ്വാഗതവും, എം.കെ. വിനോദ് നന്ദിയും പറഞ്ഞു. എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച പുന്നപ്പാലം ശാഖാ സെക്രട്ടറി സുനില്‍കുമാറിന്റെ മകള്‍ അഞ്ജനയ്ക്ക് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സാമ്പത്തിക സഹായം നല്‍കി. ചാലക്കുടി സലിലന്‍ അവതരിപ്പിച്ച നാടന്‍പാട്ടും ഉണ്ടായിരുന്നു.

Author

Scroll to top
Close
Browse Categories