ആഴമാണ് നീ

വളരെ തെളിച്ചമുള്ള ഒരു കാഴ്ചയാണ് ഗുരു നമുക്ക് തരുന്നത്. മായയെ അജ്ഞതയായിട്ട് കാണണമെന്നല്ല ഗുരു പറയുന്നത്. വ്യത്യസ്തമായ നാമരൂപങ്ങളോടുകൂടി വിരിഞ്ഞു നില്‍ക്കുന്ന പ്രപഞ്ചത്തെ അവിദ്യയായി അനുഭവിക്കണം എന്നുമല്ല ഗുരുപറയുന്നത്. പലതായി വിരിഞ്ഞു നില്‍ക്കുന്ന ഈ ലോകത്തെ സൃഷ്ടിച്ചിട്ടുള്ളത് പരംപൊരുളിന്റെ മഹിമ തന്നെയാണ് എന്ന് മനസ്സിലാക്കണമെന്നാണ് ഗുരു പറയുന്നത്.

അന്നവസ്ത്രാദിമുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍

നമ്മള്‍ ആ വരികളിലേക്ക് സൂക്ഷിച്ച് നോക്കണം. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിക്കണേ എന്നല്ല പറയുന്നത്. ഇപ്പോള്‍ ഞാനിത് പറയുന്നത്, നിങ്ങള്‍ ഇത് കേള്‍ക്കുന്നത്, ആവശ്യത്തിന് അന്നവും വസ്ത്രവുമൊക്കെ നമുക്ക് കിട്ടിയത് കൊണ്ടാണ്. അതുകൊണ്ട് ഉള്ളതില്‍ നന്ദിയുള്ളവരായിരിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രാര്‍ത്ഥന എന്ന് ഗുരു നമ്മളെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഉള്ളതില്‍ കൃതജ്ഞതയുള്ളവരായിരിക്കുക. ഉള്ളതില്‍ നന്ദിയുള്ളവരായിരിക്കുക. നമുക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ള ആരോഗ്യത്തില്‍, നമുക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ള അന്നത്തില്‍, നമുക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ള വസ്ത്രത്തില്‍ നന്ദിയുള്ളവരായിരിക്കുക. കിട്ടാത്തതിലേക്ക് ആര്‍ത്തിയോടെ അര്‍ത്ഥിച്ച് ചൊല്ലുന്ന പ്രാര്‍ത്ഥനയെ കുറിച്ചല്ല ഗുരു പറയുന്നത്. കിട്ടിയതില്‍ നന്ദിയുള്ളവരായിരിക്കേണ്ടതിനെ കുറിച്ചാണ് പറയുന്നത്. അങ്ങനെയുള്ള നന്ദി നമ്മുടെ ഹൃദയത്തില്‍ നിറയുമ്പോഴാണ് യഥാര്‍ത്ഥത്തിലുള്ള പ്രാര്‍ത്ഥന ഉണ്ടാകുന്നത്.

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ച് ഞങ്ങളെ ഇപ്പോള്‍ ധന്യരാക്കിയിരിക്കുന്നത് ആരോ, ഏതോ, അതുതന്നെയാണ് നമുക്ക് തമ്പുരാന്‍ എന്നുള്ള നന്ദിയുള്ള മനസ്സ് നമുക്ക് ഉണ്ടാവുക എന്നുള്ളതാണ് ഏറ്റവും ഉദാത്തമായ പ്രാര്‍ത്ഥന എന്ന് ഗുരു ഈ വരികളിലൂടെ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഇല്ലായ്മയെ കുറിച്ചുള്ള കരച്ചിലുകള്‍ നിര്‍ത്തിയിട്ട് ഉളളതിനെക്കുറിച്ചുള്ള നന്ദി നമ്മുടെ ഹൃദയത്തില്‍ നിറയുമ്പോഴാണ് ഗുരു പറയുന്ന ദൈവത്തിലേക്ക് നമ്മള്‍ പിച്ചവെച്ച് തുടങ്ങുക എന്ന് മനസ്സിലാക്കണം.

        ആഴിയും തിരയും കാറ്റും
        ആഴവും പോലെ ഞങ്ങളും
        മായയും നിന്‍ മഹിമയും
        നീയുമെന്നുള്ളിലാകണം

ഒരു ഉപമയിലൂടെ ഗുരു മഹത്തായിട്ടുള്ള ഒരു അറിവ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. നമ്മള്‍ ഒരു കടല്‍ കാണുമ്പോള്‍ അതില്‍ നിറയെ തിരമാലകള്‍ ഉണ്ട്. ചുഴികള്‍ ഉണ്ട്. വേലിയേറ്റവും വേലിയിറക്കവുമൊക്കെ ഉണ്ടാകുന്നുണ്ട്. അതിനൊരു ആഴവുമുണ്ട്. തിരമാല കാണുമ്പോള്‍ പലപ്പോഴും നമ്മള്‍ കടലിനെ മറന്ന് പോകുകയും കടലു കാണുമ്പോള്‍ തിരമാല അഴിഞ്ഞു പോകുകയും ചെയ്യുന്നു എന്ന ഒരനുഭവം. കടലില്‍ തിരമാലകള്‍ ഉണ്ടാക്കുന്നത് കാറ്റ് ഉണ്ടാകുന്നതുകൊണ്ട് കൂടിയാണ്. ഈ ഒരു ഉപമയെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കുകയാണെങ്കില്‍ നാമരൂപാത്മകമായി പലതായി വിരിഞ്ഞു നില്‍ക്കുന്ന ഒരു ലോകവുമായിട്ടാണ് നമ്മള്‍ ഈ ലോകത്തെ അനുഭവിക്കുന്നത്. മനുഷ്യരും മറ്റ് ജീവജാലങ്ങളുമൊക്കെ നിറഞ്ഞിരിക്കുന്ന ഒരു പ്രപഞ്ചം. ഇതെല്ലാം ഒരേ പൊരുളിന്റെ ഭാവാംശങ്ങള്‍ ആണ്, രൂപാംശങ്ങള്‍ ആണ്, നാമാംശങ്ങള്‍ ആണ് എന്നൊക്കെ പറഞ്ഞാല്‍ നമുക്കത് ബോധ്യമാവണമെന്നില്ല. പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മള്‍ അനുഭവിക്കുന്ന വൈവിധ്യവും വൈചിത്രവുമാര്‍ന്നലോകത്തെ പലതായിട്ടു തന്നയെ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. അത് കടലിലെ തിരമാലകള്‍ പോലെയാണ് എന്നാണ് ഗുരു പറയുന്നത്.

ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും ചേര്‍ത്ത് വെച്ചാണ് ഗുരു ഞങ്ങള്‍ എന്നു പറയുന്നത്. ആഴിപോലെയാണ് ഞങ്ങള്‍. ഈ കാണായ നാമരൂപാത്മമകമായ സര്‍വ്വ പ്രപഞ്ചവും ആഴിയെപ്പോലെ മനസ്സിലാക്കണം. തിര പോലെ മനസ്സിലാക്കണം മായയെ. തിരമാലകള്‍ അനേകമുണ്ടായി മറഞ്ഞ് പോകുമ്പോഴും കടല്‍തന്നെയാണ്, അത് വെള്ളം തന്നെയാണ് എന്ന് നമ്മള്‍ മറന്നുപോകാറുണ്ട്. കടലില്‍ തിരമാലകള്‍ ഉണ്ടാകുന്നു എന്നു പറയുമ്പോള്‍ തിരമാലകള്‍ വെള്ളമാണ് എന്ന് നമ്മള്‍ വേണ്ടത്ര അറിയാറില്ല, ചിന്തിക്കാറില്ല എന്ന് പറയുന്നതുപോലെ, ഈ വിശ്വപ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന നാമരൂപാത്മകമായ വൈവിദ്ധ്യങ്ങളിലേക്ക് നോക്കുമ്പോള്‍ അത് ഒരേ പൊരുള്‍ തന്നെയാണ് എന്ന് നമ്മള്‍ മറന്ന് പോകും. നമ്മള്‍ അത് അറിയാറില്ല, അങ്ങനെ കാണാറില്ല. അതുകൊണ്ടാണ് അതിനെ മായ എന്നു പറയുന്നത്.

ഞങ്ങളും മായയും
നിന്‍ മഹിമയും…
കാറ്റ് ഉണ്ടാകുന്നത് കൊണ്ടാണ് തിരമാല ഉണ്ടാകുന്നത്, അതുപോലെ തന്നെ പരംപൊരുളിന്റ, അറിവിന്റെ മഹിമ കൊണ്ടാണ്; അല്ലെങ്കില്‍ അറിവിന്റെ പരംപൊരുളിന്റെ മഹിമയായിട്ട് വേണം മായയെന്ന് നമ്മള്‍ വിളിച്ചുപോരുന്ന ഈ നാനാ രൂപങ്ങളിലൂടെ വിരിഞ്ഞു നില്‍ക്കുന്ന ഈ പ്രപഞ്ചത്തെ അനുഭവിക്കാന്‍ എന്നാണ് ഗുരു പറയുന്നത്.

വളരെ തെളിച്ചമുള്ള ഒരു കാഴ്ചയാണ് ഗുരു നമുക്ക് തരുന്നത്. മായയെ അജ്ഞതയായിട്ട് കാണണമെന്നല്ല ഗുരു പറയുന്നത്. വ്യത്യസ്തമായ നാമരൂപങ്ങളോടുകൂടി വിരിഞ്ഞു നില്‍ക്കുന്ന പ്രപഞ്ചത്തെ അവിദ്യയായി അനുഭവിക്കണം എന്നുമല്ല ഗുരുപറയുന്നത്. പലതായി വിരിഞ്ഞു നില്‍ക്കുന്ന ഈ ലോകത്തെ സൃഷ്ടിച്ചിട്ടുള്ളത് പരംപൊരുളിന്റെ മഹിമ തന്നെയാണ് എന്ന് മനസ്സിലാക്കണമെന്നാണ് ഗുരു പറയുന്നത്. ഗുരു തന്നെ ആത്മോപദേശശതകത്തില്‍ അത് പറയുന്നുണ്ട്.
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേക ജഗത്തുമോര്‍ക്കിലെല്ലാം
പരവെളി തന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരു വാണു തിരഞ്ഞു തേറിടേണം
നമ്മുടെ അന്തഃകരണമായിട്ടും ഇന്ദ്രിയങ്ങളായിട്ടും ശരീരമായിട്ടും ശരീരം അനുഭവിക്കുന്ന ഈ നാനാവിധ പ്രകൃതിയായിട്ടും എല്ലാം വിരിഞ്ഞു നില്‍ക്കുന്നത് പരം പൊരുളിന്റ തിരുശരീരങ്ങള്‍ ആണ്. അല്ലാതെ മായയായിട്ടും അറിവില്ലായ്മയായിട്ടുമല്ല മനസ്സിലാക്കേണ്ടത്; ആ പരംപൊരുളിന്റ വിശുദ്ധ സ്വരൂപമായിട്ടു തന്നെ മനസ്സിലാക്കണം എന്ന ഒരു കാഴ്ചയാണ് ഗുരു തരുന്നത്. അതു കൊണ്ട് തന്നെ തിരമാലകള്‍ എന്ന് പറയുന്ന നമുക്ക് ചുറ്റുമുള്ള നാമരൂപാത്മകമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന കാറ്റ് പരംപൊരുളിന്റ മഹിമയായിട്ട് മനസ്സിലാക്കണം എന്നാണ് ഗുരു പറയുന്നത്.

എവിടെ നിന്നാണ് ഈ മഹിമ, ഈ കാറ്റ് ഉണര്‍ന്ന് വരുന്നത് എന്ന് ചോദിക്കുമ്പോള്‍ ഗുരു പറയുന്നത്, അത് ആഴിയിലെ ആഴമായിരിക്കുന്നതില്‍ നിന്നാണ് എല്ലാ നാമരൂപാത്മകങ്ങളും ഉണര്‍ന്ന് വരുന്നത്. ആ ആഴത്തെയാണ് പരംപൊരുളായിട്ട് നമ്മള്‍ അനുഭവിക്കേണ്ടത്. ആ ആഴത്തില്‍ നിന്ന് ഉണര്‍ന്ന് വരുന്നതെല്ലാം ആ പരംപൊരുളിന്റെ തന്നെ നാമരൂപഭാവങ്ങള്‍ തന്നെ ആയതിനാല്‍ അതും പരം പൊരുളായി തന്നെ നമ്മള്‍ അനുഭവിക്കേണ്ടതുണ്ട് എന്ന ഒരു പരിപൂര്‍ണ്ണമായ പ്രസന്നതയുടെയും പ്രശാന്തിയുടെയും ഒരു അറിവാണ് ഗുരു തരുന്നത്.
മായ എന്നു പറയുന്നതിനെ നമ്മുടെ ഉള്ളില്‍ പതിഞ്ഞുപോയ നിരര്‍ത്ഥകമായ അര്‍ത്ഥത്തില്‍നിന്ന് മോചിപ്പിച്ചെടുത്തിട്ട്; മായ എന്ന് നമ്മള്‍ വിളിച്ചു പോരുന്ന ഈ വിശ്വ പ്രപഞ്ചം, ഈ ബാഹ്യ പ്രപഞ്ചം ദൈവത്തിന്റെ മഹിമ തന്നെയായിരിക്കുന്ന വിശ്വപ്രപഞ്ചമായിട്ടാണ് അറിയേണ്ടത്, അനുഭവിക്കേണ്ടത് എന്ന് ഗുരു ഉണര്‍ത്തിക്കുകയാണ്. അത് മനസ്സിലാവുക നമ്മള്‍ ആഴിയുടെ ആഴത്തെ പോയി സ്പര്‍ശിക്കുമ്പോഴാണ്. ആഴമാണ് നീ എന്ന് കൂടി ഗുരു ചേര്‍ത്തുവെച്ച് പറയുകയാണ്.

Author

Scroll to top
Close
Browse Categories