‘ദൈവമേ ഉള്ളൂ’

ജലാലുദ്ദീന്‍ റൂമി പറയുന്ന മനോഹരമായിട്ടുള്ള ഒരുദാഹരണമുണ്ട്. സൂര്യനെ മറച്ച് കാര്‍മേഘത്തിന് അധിക സമയം നില്‍ക്കാന്‍ കഴിയില്ല. ഒരു കാറ്റുവന്ന് കുറച്ചുസമയം കഴിയുമ്പോള്‍ ആ കാര്‍ മേഘത്തെ അടിച്ച് മാറ്റി കൊണ്ടു പോകും. അല്ലെങ്കില്‍ കുറച്ചു സമയം കഴിയുമ്പോള്‍ ആ കാര്‍മേഘം സ്വയം ചിന്നിച്ചിതറി ഇല്ലാതായിപ്പോയി സൂര്യനെ വീണ്ടും നമുക്ക് മുമ്പില്‍ വെളിപ്പെടുത്തി തരും. ഇങ്ങനെ വേണം നമ്മള്‍ സുഖദു:ഖ സമ്മിശ്രമായ ജീവിത സഞ്ചാരങ്ങളെ മനസ്സിലാക്കാന്‍ എന്നാണ് ഗുരു പറയുന്നത്.

നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടി ജാലവും
നീയല്ലോ ദൈവമേ സൃഷ്ടി –
ക്കുള്ള സാമഗ്രിയായതും

നമ്മള്‍ ഈ കടലിന്റെ കാര്യം പറഞ്ഞതുപോലെ ആഴിയായിട്ടിരിക്കുന്നതും തിരമാലയായിട്ടിരിക്കുന്നതും കാറ്റായിട്ടിരിക്കുന്നതും ആഴമായിട്ടിരിക്കുന്നതുമെല്ലാം നീ തന്നെയാണ് എന്ന ഒരറിവിലേക്ക് നമ്മള്‍ ഉണരുന്നതുപോലെ ഇവിടെ സൃഷ്ടിയായിട്ടിരിക്കുന്നതും ഈ സൃഷ്ടി ക്കെല്ലാം കാരണമായ സൃഷ്ടാവായിട്ടിരിക്കുന്നതും പല തരത്തിലുള്ള അത്ഭുതകരമായും വൈവിദ്ധ്യങ്ങളാലും വൈചിത്ര്യത്താലും ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതും അങ്ങനെ ഒരു സൃഷ്ടിക്ക് സാമഗ്രിയായിട്ടിരിക്കുന്നതും എല്ലാം നമ്മള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ എല്ലാം നീ തന്നെയാണ് എന്ന ഒരറിവിലേക്കാണ് നമ്മള്‍ എത്തിച്ചേരുക.

അപ്പോള്‍ സൃഷ്ടി വേറെ, സ്രഷ്ടാവ് വേറെ സൃഷ്ടി ജാലം വേറെ, സൃഷ്ടിക്ക് സാമഗ്രിയായത് വേറെ ഒന്നുമല്ല. സൃഷ്ടിയെയും സ്രഷ്ടാവിനെയും അതിന് കാരണമായതിനെയും വേറെ വേറെയായിട്ട് കാണുന്നത് നമ്മുടെ അജ്ഞതകൊണ്ടാണ്. സൂക്ഷ്മമായി നമ്മള്‍ കാര്യങ്ങള്‍ അറിയുമ്പോള്‍ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവുമെല്ലാം ഒന്നു തന്നെയാണ് എന്ന് ബോധ്യമാവും. ഒരിക്കല്‍ ഗുരു നിത്യ പറഞ്ഞ വാക്കാണ് ഞാന്‍ ആലോചിക്കുന്നത്. ദൈവമുണ്ടോ എന്ന് ഗുരുവിനോടു ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞത്, ‘ദൈവമേ ഉള്ളൂ’ എന്നാണ്. ഒരു പക്ഷേ ഈ ശ്ലോകത്തിനുള്ള ഏറ്റവും നല്ല വ്യാഖ്യാനം അതാണ്. അങ്ങനെ പറയാന്‍ കഴിയുന്നിടത്താണ് ഗുരു പറയുന്ന ഈ ശ്ലോകത്തിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാവുക.

    നീയല്ലോ മായയും മായാ -
    വിയും മായാവിനോദനും
    നീയല്ലോ മായയെ നീക്കി
    സായൂജ്യം നല്‍കുമാര്യനും

നമ്മള്‍ എല്ലാവരും ദു:ഖത്തില്‍ നിന്ന് മോചനം കൊതിക്കുന്നവരാണ്. പക്ഷേ, ജീവിതം സുഖദു:ഖ സമ്മിശ്രമായിട്ടുള്ളതാണ്. മാനാപമാന സുഖദു:ഖ ശീതോഷ്ണ ഭേദങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ജീവിതം. അതില്‍ സുഖം മാത്രം വേണമെന്നാഗ്രഹിച്ചാല്‍ സാധ്യമല്ല. സുഖദു:ഖ സമ്മിശ്രമായ ജീവിതത്തെ സമാധാനമുള്ള, സ്വാസ്ഥ്യമുള്ള ഒരു മനസ്സോടുകൂടി അനുഭവിക്കാനാണ് നമ്മള്‍ പഠിക്കേണ്ടത്. അതിനെയാണ് ആത്മവിദ്യ എന്നു പറയുന്നത്. ദു:ഖങ്ങള്‍ ഒക്കെ മാറി സുഖം ഉണ്ടാക്കുക എന്നുള്ളതല്ല ആത്മവിദ്യ.

സുഖദു:ഖസമ്മിശ്രമായൊഴുകുന്ന ജീവിതത്തെ സ്വസ്ഥതയോടു കൂടി അനുഭവിക്കുക എന്നു പറയുന്ന ഒരു മാനസികാവസ്ഥയിലായിരിക്കുക എന്നുള്ളതാണ് ആത്മവിദ്യ.അതുകൊണ്ട് ഗുരു പറയുന്നു; നമ്മുടെ ഉള്ളില്‍ ഒരു ദു:ഖമുണ്ടാകുമ്പോള്‍ അതൊരുമായയാണ്. അങ്ങനെ ഒരു ദു:ഖമുണ്ടാകുമ്പോള്‍ ആ ദു:ഖത്തെ ഇട്ട് വട്ടം കറക്കുന്ന ഒരു മനസ്സുണ്ട്. അത് മായാവിയാണ്.അത് നമ്മളെ ഒരുപാട് കളിപ്പിക്കും. ജീവിതത്തില്‍ ഒരിക്കലും തിരിച്ചു വരാന്‍ പറ്റാത്ത രീതിയില്‍, നമ്മള്‍ ഇനി ഒരിക്കലും വെളിച്ചത്തിലേക്ക് വരില്ല, സമാധാനത്തിലേക്ക് വരില്ല, ഒരിക്കലും ജീവിതത്തിന്റെ സ്വാസ്ഥ്യത്തിലേക്ക് ഉണര്‍ന്നു വരാന്‍ കഴിയില്ല എന്ന ഉറപ്പിലാണ് നമ്മള്‍ ഇരിക്കുന്നത്. ആ സമയത്തായിരിക്കും എവിടെനിന്നോ ഒരു കരുതല്‍, എവിടെനിന്നോ ഒരു നോട്ടം, എവിടെനിന്നോ ഒരു വാക്ക് നമ്മുടെ അടുത്തെത്തിയിട്ട് നമ്മളെ ആ ചളിക്കുണ്ടില്‍ നിന്ന് പിടിച്ച് ജീവിതത്തിന്റെ ധന്യതയിലേക്ക് കൊണ്ടുവരിക.
എത്രയോ സമയങ്ങളില്‍, ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരാന്‍ കഴിയില്ല എന്നു കരുതിയ എത്രയോ സന്ദര്‍ഭങ്ങളില്‍ നമ്മളെ ആരോക്കെയോ വന്ന് സഹായിച്ച് എന്തൊക്കെയോ ആയിട്ട് നമ്മള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. ഇങ്ങനെ ജീവിതത്തെ മൊത്തം എടുത്ത് നമ്മള്‍ നോക്കുമ്പോള്‍ മായയായിട്ടിരിക്കുന്നതും മായാവിനോദനായിട്ടിരിക്കുന്നതും, ഇനി ഇതെല്ലാം മാറ്റിയിട്ട് ഒരു സായൂജ്യം നമുക്ക് നല്‍കുന്നതുമൊക്കെ ദൈവം തന്നെയാണ്, ആ സാന്നിദ്ധ്യം തന്നെയാണ്.

സായൂജ്യം തരുന്ന ആ ഭാവം മാത്രമല്ല ദൈവം, ഈ ഒരു പ്രക്രിയയെ മുഴുവനായിട്ടു വേണം നമ്മള്‍ ദൈവമായിട്ട് മനസ്സിലാക്കാന്‍ ഏന്ന് ഗുരു പറയുകയാണ്. ജലാലുദ്ദീന്‍ റൂമി പറയുന്ന മനോഹരമായിട്ടുള്ള ഒരുദാഹരണമുണ്ട്. സൂര്യനെ മറച്ച് കാര്‍മേഘത്തിന് അധിക സമയം നില്‍ക്കാന്‍ കഴിയില്ല. ഒരു കാറ്റുവന്ന് കുറച്ചുസമയം കഴിയുമ്പോള്‍ ആ കാര്‍ മേഘത്തെ അടിച്ച് മാറ്റി കൊണ്ടു പോകും. അല്ലെങ്കില്‍ കുറച്ചു സമയം കഴിയുമ്പോള്‍ ആ കാര്‍മേഘം സ്വയം ചിന്നിച്ചിതറി ഇല്ലാതായിപ്പോയി സൂര്യനെ വീണ്ടും നമുക്ക് മുമ്പില്‍ വെളിപ്പെടുത്തി തരും. ഇങ്ങനെ വേണം നമ്മള്‍ സുഖദു:ഖ സമ്മിശ്രമായ ജീവിത സഞ്ചാരങ്ങളെ മനസ്സിലാക്കാന്‍ എന്നാണ് ഗുരു പറയുന്നത്.

         നീ സത്യം ജ്ഞാനമാനന്ദം
         നീ തന്നെ വര്‍ത്തമാനവും
         ഭൂതവും ഭാവിയും വേറ -
          ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ

ഇനി ഗുരു ഇതുവരെ പറഞ്ഞതിനെയൊക്കെ ചേര്‍ത്ത് വെച്ച് പറയുകയാണ്. എല്ലാറ്റിനും സത്യമായിരിക്കുന്ന സത്യമുണ്ട്. ആ സത്യം തന്നെയാണ് ഇവിടെ അറിവായിട്ടിരിക്കുന്നത്. ഞാന്‍ എന്റെ ഇന്ദ്രിയങ്ങളിലൂടെയും മനസ്സിലൂടെയും ബുദ്ധിയിലൂടെയും അറിയുന്ന എല്ലാ അറിവായിട്ടിരിക്കുന്നതും നീ തന്നെയാണ്. എല്ലാ അറിവിലും ഒരു പ്രയോജനമിരിക്കുന്നുണ്ട്, ഒരാനന്ദമിരിക്കുന്നുണ്ട്, ഒരു മൂല്യമിരിക്കുന്നുണ്ട്. ഏതൊരറിവെടുത്താലും അതില്‍ മൂല്യമായിട്ടിരിക്കുന്നത് നീ തന്നെയാണ്.പിന്നെ ഇന്നലെയെന്നും ഇന്ന് എന്നും നാളെ എന്നും കാലത്തെ വിഭജിച്ച് നമ്മള്‍ പറയുന്നുണ്ട്. വര്‍ത്തമാനം, ഭൂതം, ഭാവി. സൂക്ഷ്മമായി നോക്കിയാല്‍ ഈ മൂന്ന് കാലങ്ങളായി നാം വിഭജിച്ചിരിക്കുന്നത് കാലമില്ലായ്മയാണ്. എന്ന് നമുക്ക് മനസ്സിലാകും. അതും നീ തന്നെയാണ്. ഇതൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മൊഴിയും സൂക്ഷ്മമായി നോക്കിയാല്‍ നീയല്ലാതെ മറ്റൊന്നാണ് എന്ന് വിശാലമായ ഒരര്‍ത്ഥത്തില്‍ ഗുരു അതുവരെ പറഞ്ഞതിനെ ഒന്ന് ‘സംഗ്രഹിക്കുകയാണ് ചെയ്യുകയാണ്

Author

Scroll to top
Close
Browse Categories