പങ്കുവയ്ക്കലാണ് സ്നേഹം
പങ്കു വയ്ക്കുന്നിടത്താണ് ജീവിതവും സമാധാനവുമെന്ന് പറഞ്ഞുതന്നത് ജീവിതംതന്നെയായിരുന്നു. മനസ്സെപ്പോഴും കൂട്ടിവയ്ക്കൂ എന്ന് പിറുപിറുക്കുമ്പോള്‍ ഹൃദയമെപ്പോഴും വെമ്പുന്നത് പകര്‍ന്നുകൊടുക്കൂവെന്നാണ്. സ്നേഹം നിറഞ്ഞ ഹൃദയത്തോടെ അതു പകര്‍ന്നു കൊടുക്കാനായി നാം മക്കളുടെയോ ഭാര്യയുടെയോ കാമുകന്റെയോ കാമുകിയുടെയോ അടുത്തു ചെല്ലുമ്പോള്‍ ഞങ്ങള്‍ക്ക് സ്നേഹം വേണ്ടാ എന്നു പറഞ്ഞ് അവര്‍ അകന്നു മാറിയാല്‍ നാം തകര്‍ന്നുപോകും. ആ തകര്‍ച്ചയിലാണ് നാമറിയുക; പങ്കുവെയ്ക്കാന്‍ കഴിയുമ്പോഴേ, അതു സ്വീകരിക്കാന്‍ ആളുണ്ടെങ്കിലേ സ്നേഹം അനുഭവവും അനുഭൂതിയുമായി മാറുന്നുള്ളൂ എന്ന്.
കഷ്ടപ്പെട്ട് ഉണ്ടാക്കിക്കൊടുക്കലല്ല; മറിച്ച് ഉള്ളതില്‍ ഒരു പങ്ക് കൊടുക്കലാണ് സ്നേഹമെന്ന് അനുഭവിപ്പിച്ച ഒരു സുഹൃത്തുണ്ട്. പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലേക്കു പോകുന്ന വഴിയില്‍ മീന്കാരനെ കണ്ടാല്‍ വണ്ടി നിറുത്തി ഒരു കിലോ മീന്‍ വാങ്ങും. അല്ലെങ്കില്‍ പച്ചക്കറി കടയില്‍ കയറി മൂന്നോ നാലോ കിലോ പച്ചക്കറികള്‍. നന്നായി പഴുത്ത നാടന്പഴക്കുല കണ്ടാല്‍ അത്. അങ്ങനെ നാം പൊതുവെ ചെയ്യാത്ത, എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍.
ഒരു സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ പരിചയക്കാരന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മീന്‍ വാങ്ങി പോയ കഥ അദ്ദേഹം പറഞ്ഞത് ഇന്നും മനസ്സില്‍ മായാതെയുണ്ട്. വീട്ടിലേക്ക് കയറിയ ഉടനെ ”ഒരു വീട്ടില്‍ പോകുമ്പോള്‍ എന്തെങ്കിലും വാങ്ങി പോകണമല്ലോ. വരുന്ന വഴിക്ക് നല്ല മീന്‍ കണ്ടു; അതങ്ങു വാങ്ങി.” എന്നു പറഞ്ഞ് നീട്ടിയപ്പോള്‍ അവര്‍ കണ്ണു മിഴിച്ചു നിന്നു. ജീവിതത്തില്‍ ആരും ചെയ്യാത്ത കാര്യം. അനുഭവിച്ചവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യം. ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത് വലയങ്ങളില്‍ ഒന്നായി മാറി ആ കുടുംബം.
ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒരാള്‍ കയറിവന്നു. കസേര വലിച്ചിട്ട് അതിലിരുന്ന് പറഞ്ഞു: നജീബേ, എനിക്കൊരു ട്രെയിന്‍ വാങ്ങണമായിരുന്നു?
മാനസികമായി ചെറിയ പ്രശ്നമുള്ള ഒരാളായിരുന്നു അത്. ചിരിച്ചുകൊണ്ട് നജീബ് പറഞ്ഞു: അതിനെന്താ, നമുക്കന്വേഷിക്കാം. വൈകാതെ വാങ്ങാം.
അവിശ്വസനീയമായ മുഖഭാവത്തോടെ അദ്ദേഹം നജീബിന്റെ കണ്ണിലേക്കു നോക്കി: സത്യായിട്ടും?
പിന്നല്ലാതെ. പക്ഷെ, ഒരു പ്രശ്നമുണ്ട്. നാം വിചാരിക്കുന്നതുപോലെ പെട്ടെന്ന് ട്രെയിന്‍ വാങ്ങാനാവില്ല. കുറച്ചു സമയമെടുക്കും.
അതു സാരമില്ല. വാങ്ങിയാല്‍ മതി; അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വന്നു. എന്തായി ട്രെയിന്‍ വാങ്ങുന്ന കാര്യം?
ഗവണ്മെന്റിന്റെ സമ്മതമൊക്കെയുണ്ടെങ്കിലേ ട്രെയിന്‍ വാങ്ങാന്‍ പറ്റൂ. അതിന് ശ്രമിക്കുന്നുണ്ടെന്ന് നജീബ്ക്ക സ്നേഹത്തോടെ പറഞ്ഞു. പേപ്പര്‍ വര്‍ക്കുകളെല്ലാം നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം വന്ന് നജീബ്ക്കയോടു പറഞ്ഞു: അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. ട്രെയിന്‍ വാങ്ങുന്നത് വേണ്ടെന്നു വയ്ക്കാം. അത് വലിയ പ്രയാസമല്ലേ? നമുക്ക് ഒരു ഓട്ടോ റിക്ഷാ വാങ്ങാം. അതു മതി.
എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ. നമുക്ക് അതാലോചിക്കാമെന്ന് തോളില്‍തട്ടി സമ്മതിച്ചു.
സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന ആ മനുഷ്യനെ നോക്കി നജീബ്ക്ക നിന്നു. അദ്ദേഹം ആ അനുഭവം എന്നോടു പറയുമ്പോള്‍ സ്നേഹത്തിന്റെ ആഴം എന്നില്‍ വന്നു നിറയുകയായിരുന്നു. എന്തിനും കൂടെയുണ്ടെന്ന് ചേര്‍ന്നു നിന്നു പറയാന്‍, പ്രതീക്ഷ പകരാന്‍ കഴിഞ്ഞാല്‍ അതു മതി, ചേര്‍ത്തു പിടിച്ചവര്‍ക്ക് സമാധാനമാകാന്‍. കൂടെയുണ്ടെന്ന് മനസ്സും വാക്കും പകരലാണ് പരിഹാരത്തിലേക്കുള്ള ആദ്യപടിയെന്ന് തിരിച്ചറിഞ്ഞ ഒരു മനുഷ്യന്.
തന്റെയടുത്തു വരുന്ന ഒരാളെയും അദ്ദേഹം അവഗണിക്കാറില്ല. നമുക്കു നോക്കാം. എല്ലാം ശരിയാക്കാം. ഞാനില്ലേ കൂടെ. നിങ്ങള്‍ ധൈര്യമായിരിക്ക് എന്നൊക്കെയേ പറയൂ. തളര്‍ന്നു വരുന്ന മനസ്സുകള്‍ക്ക് ആ വാക്കു തന്നെ ധാരാളം. മനസ്സുകൊണ്ട് കൂടെനിന്നാല്‍ മാറുന്ന തളര്‍ച്ചകള്‍ ഏറെയുണ്ടെന്നത് അദ്ദേഹത്തിന് വെറും വാക്കല്ല. ദിവസവും അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണ്. വേണമെങ്കില്‍ നടക്കാന്‍ കഴിയുമായിരുന്നിട്ടും വേണ്ടത്ര ആത്മവിശ്വാസമില്ലാത്തിനാല് വീല്‍ചെയറില്‍ കഴിയേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ കടല്‍ കാണിക്കാന്‍ കൊണ്ടുപോയതും നിരന്തരമായ ശ്രദ്ധയും സ്നേഹവും അവളെ ഒറ്റയടിവെച്ചു നടക്കാവുന്ന അവസ്ഥയിലേക്കെത്തിച്ചതും ആ ചേര്‍ന്നു നില്ക്കലായിരുന്നു. ആത്മവിശ്വാസം ഉറച്ചു കിട്ടിയാല്‍ പ്രയത്നത്തിന് പെട്ടെന്ന് ഫലം കണ്ടുതുടങ്ങുമെന്ന സത്യം അത്ഭുതത്തോടെയാണ് അദ്ദേഹം പങ്കുവെച്ചത്. എത്രയെത്ര അനുഭവങ്ങളാണെന്നോ അദ്ദേഹത്തിന് നമ്മോടു പങ്കു വയ്ക്കാനുള്ളത്!
പത്തു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. സലീംക്കയെന്ന സുഹൃത്ത് ഒരാളെയുംകൂട്ടി കാരമടയിലേക്കു വന്നു. ഇത് എന്റെ അനുജന്. പേര് നജീബ്. ങ്ങളൊന്ന് സംസാരിക്കണം. അവന് എല്ലാറ്റിലും ചെന്ന് തലയിടും. തലനിറയെ പ്രശ്നങ്ങളാണ്. ങ്ങളൊരു വഴി പറഞ്ഞുകൊടുക്കണം.
നജീബ്ക്കയോടുള്ള സലിംക്കയുടെ സ്നേഹവും കരുതലും കൗതുകത്തോടെയും നിറഞ്ഞ സന്തോഷത്തോടെയും അനുഭവിച്ച് ഞാനിരുന്നു. പ്രകാശവത്തായ നറുപുഞ്ചിരിയോടെയിരിക്കുന്ന ആ മനുഷ്യന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയിരുന്നു.
ചിരിച്ചുകൊണ്ട് സലീംക്കയോടു ഞാന്‍ പറഞ്ഞു: നജീബ്ക്കയെ കാണുമ്പോള്‍ എനിക്കെന്തോ കുഴപ്പമുണ്ടെന്നാണ് തോന്നുന്നത്. ശരിയാവേണ്ടതായ ഏതൊക്കെയോ ഇടങ്ങള്‍ എന്നിലുണ്ടെന്നാണ് അനുഭവിക്കുന്നത്.
ഞങ്ങള്‍ മൂന്നുപേരും ചിരിച്ചു. എന്നാല്‍ ഞാനത് ആത്മാര്‍ത്ഥമായി പറഞ്ഞതായിരുന്നു. സാമൂഹികതയില്‍ ഞാനിത്രയെങ്കിലും സജീവമായതിനു പിന്നില്‍ ഒരു കാരണം നജീബ്ക്കയുടെ സൗഹൃദമാണ്.
നേരും നെറിയും സമാസമം ചാലിച്ച ഒരാള്‍. കഴിയുന്നത്ര നന്മയില് പുലരുന്ന ഒരു മനുഷ്യന്. ”അപരനുവേണ്ടി അഹര്‍ന്നിശം പ്രയത്നം കൃപണത വിട്ട് കൃപാലു ചെയ്തിടുന്നു’ എന്ന് നാരായണഗുരു പറയുന്നത് ചേരുന്ന ഒരാള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു കരുതല്‍ വെളിച്ചമായി ചേര്‍ന്നു നടക്കുന്ന സൗഹൃദം. അങ്ങനെയൊക്കെയാണ് എനിക്ക് നജീബ്ക്ക.
ചില മനുഷ്യരുണ്ട്. നമുക്കൊപ്പം ദീര്ഘകാലമുണ്ടാകണമെന്ന് നാം പ്രാര്‍ത്ഥിക്കുന്നവര്‍. സമൂഹത്തില്‍ വലിയൊരു ആശ്വാസമായി നിറയുന്നവര്‍. അങ്ങനെ ഒരാള്‍; നജീബ്ക്ക
അദ്ദേഹത്തിന് നവംബര്‍ 22ന് അമ്പതു വയസ്സ് തികഞ്ഞു. കുറ്റിപ്പുറത്തെ ഇല (initiative for love and action)യില്‍ പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കാതെ ദിശാബോധം നഷ്ടപ്പെട്ട് പ്രതിസന്ധിയനുഭവിക്കുന്ന നാല്പതോളം മക്കള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ഒരുക്കിക്കൊടുക്കുന്നതിന്റെ ക്യാമ്പിലായിരുന്നു ഞങ്ങള്‍. രണ്ടു ദിവസത്തെ ക്യാമ്പ്. മക്കള്‍ക്ക് കാവലായി തുറന്ന ഹാളില്‍ ഒരു പുതപ്പു വിരിച്ച് കിടന്നുറങ്ങാന്‍ തുടങ്ങുന്ന അദ്ദേഹത്തെ ഹൃദയം കൊണ്ട് ചുംബിച്ച് താമസമുറിയിലേക്ക് നടക്കുമ്പോള്‍ നെഞ്ചു നിറയെ പ്രാര്‍ത്ഥനയായിരുന്നു. ഈ മനുഷ്യനിങ്ങനെ ആരോഗ്യത്തോടെയും സമാധാനത്തോടെയും ദീര്‍ഘനാള്‍ നമുക്കൊപ്പം ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥന. പങ്കു വയ്ക്കുന്നിടത്താണ് ജീവിതവും സമാധാനവുമെന്ന് പറഞ്ഞുതന്നത് ജീവിതംതന്നെയായിരുന്നു. നമ്മിലുള്ളത് ഹൃദയപൂര്‍വ്വം പകര്‍ന്നു കൊടുത്തപ്പോഴെല്ലാം നാം അനുഭവിച്ച ധന്യതയിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാല്‍ മാത്രം മതി അതു ബോദ്ധ്യമാകാന്‍. മനസ്സെപ്പോഴും കൂട്ടിവയ്ക്കൂ എന്ന പിറുപിറുക്കുമ്പോള്‍ ഹൃദയമെപ്പോഴും വെമ്പുന്നത് പകര്‍ന്നുകൊടുക്കൂവെന്നാണ്. സ്നേഹം നിറഞ്ഞ ഹൃദയത്തോടെ അതു പകര്‍ന്നു കൊടുക്കാനായി നാം മക്കളുടെയോ ഭാര്യയുടെയോ കാമുകന്റെയോ കാമുകിയുടെയോ അടുത്തു ചെല്ലുമ്പോള്‍ ഞങ്ങള്‍ക്ക് സ്നേഹം വേണ്ടാ എന്നു പറഞ്ഞ് അവര്‍ അകന്നു മാറിയാല്‍ നാം തകര്‍ന്നുപോകും. ആ തകര്‍ച്ചയിലാണ് നാമറിയുക; പങ്കുവെയ്ക്കാന്‍ കഴിയുമ്പോഴേ, അതു സ്വീകരിക്കാന്‍ ആളുണ്ടെങ്കിലേ സ്നേഹം അനുഭവവും അനുഭൂതിയുമായി മാറുന്നുള്ളൂ എന്ന്.
ഇത് നമ്മുടെയെല്ലാം നേരനുഭവമാണ്. ആ അനുഭവത്തെ തൊട്ടറിയാത്തതിനാലാണ് പങ്കുവയ്ക്കുന്നതിനേക്കാള്‍ കൂട്ടിവയ്ക്കുന്നതിന് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നതും ജീവിതം വിരസവും നിര്‍ജ്ജീവവുമായി മാറുന്നതും. ഒരു കണ്തുറക്കലേ നമുക്കു വേണ്ടൂ. അതിന് നജീബിനെപ്പോലുള്ളവര് നമുക്ക് മാതൃകയാകട്ടെ.