ഗുരുത്വത്തിലേക്ക് വിനയപൂര്‍വ്വം

നാം ഇവിടെ അറിയാന്‍ ശ്രമിക്കുന്നത് ലോകത്തിന് മുഴുവന്‍ വെളിച്ചമായിരിക്കുന്ന ലോകഗുരുവിനെയാണ്. ജാതിയോ മതമോ ദേശമോ ഒന്നുമില്ലാത്ത ലോകഗുരുവിനെ. അതിന് നാം നമ്മെ ഒരു ഓരത്തേക്ക് മാറ്റി വെച്ച് ഗുരുവിലേക്ക് വിനയപൂര്‍വ്വം കയറിത്തുടങ്ങണം.

ഗുരു നിത്യചൈതന്യയതിയുടെ കൂടെ ഫേണ്‍ഹില്‍ നാരായണഗുരുകുലത്തില്‍ നാലു വര്‍ഷത്തോളം കഴിയാന്‍ അനുഗ്രഹമുണ്ടായി. ഗുരുദര്‍ശനത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാന്‍ അവസരമുണ്ടായത് ഗുരുനിത്യയോടൊപ്പം കഴിയുമ്പോഴാണ്. ആഴമേറിയ ഒരു മഹസ്സാണ് ഗുരുവെന്ന് അനുഭവിക്കാനായി എന്നതാണ് ആ ജീവിതം പകര്‍ന്നുതന്ന വെളിച്ചം. അറിയുംതോറും പറയുംതോറും കൂടുതല്‍കൂടുതല്‍ തെളിഞ്ഞുവരുന്ന വെളിച്ചം.
രാവിലെ ഗുരുവിന്റെ മുറിയില്‍ ചെല്ലുമ്പോഴും രാത്രി ഗുരുവിനെ കിടത്തി പുതപ്പിച്ച് മുറിവിട്ട് പുറത്തിറങ്ങുമ്പോഴും ഗുരുനിത്യയുടെ കാല്ക്കല്‍ നമസ്‌ക്കരിക്കുമായിരുന്നു. ഒരു ദിവസം രാവിലെ ഗുരുവിനെ നമസ്‌ക്കരിക്കാനായി ചെന്നപ്പോള്‍ ഗുരു ചോദിച്ചു: എന്തിനാണ് ദിവസവും എഗ്രിമെന്റില്‍ ഒപ്പിടുന്നത്?

എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ ഗുരുവിന്റെ കണ്ണിലേക്ക് നോക്കി. ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു: താന്‍ ദിവസവും വന്ന് എന്റെ കാലില്‍ തലയമര്‍ത്തുമ്പോള്‍ നീരുള്ള എന്റെ കാലിന് വേദനിക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.

ഒന്നു നിറുത്തിയിട്ട് ഗുരു ചോദിച്ചു: എന്തിനാണ് കാലില്‍ നമസ്‌ക്കരിക്കുന്നത്? നമസ്‌ക്കരിക്കുമ്പോള്‍ എത്ര ശരീരമുണ്ട്?
ഞാന്‍ ഒന്നും പറയാതെ ഗുരുവിന്റെ കണ്ണിലേക്കുനോക്കി നിന്നു. ഗുരു തുടര്‍ന്നു പറഞ്ഞു: നീ നിന്റെ തല എന്റെ കാല്‍പാദത്തില്‍ കൊണ്ടു വയ്ക്കുമ്പോള്‍ പിന്നെ ഒരു ശരീരമേയുള്ളൂ. എന്റെ തലയും നിന്റെ കാലും. അതിലൂടെ എന്താണ് പറയാന്‍ ശ്രമിക്കുന്നത്?
ഒന്നു നിറുത്തിയിട്ട് ഗുരു തുടര്‍ന്നു: താന്‍ പറയുകയാണ്; ഗുരോ, ഇത്രയും നാള്‍ ഞാന്‍ എന്റെ തല പറയുന്നതു മാത്രം കേട്ട് ജീവിച്ചു. അതെനിക്ക് ഒരു സമാധാനവും നല്കിയില്ല. ഇനി മുതല്‍ ഞാന്‍ അങ്ങയുടെ തല പറയുന്നതു കേട്ട് അതിനനുസരിച്ച് ജീവിച്ചുകൊള്ളാം. ഇതാണ് എഗ്രിമെന്റ്. അത് ദിവസവും നീ വന്ന് ഒപ്പിടുമ്പോള്‍ എന്താ അതിന്റെ അര്‍ത്ഥം? നീ ദിവസവും എഗ്രിമെന്റ് തെറ്റിക്കുന്നുണ്ടെന്നല്ലേ?

ഒരാള്‍ വന്ന് ചുമ്മാ കാല്ക്കല്‍ നമസ്‌ക്കരിക്കുമ്പോള്‍ എന്തോ അനുഗ്രഹം അവര്‍ക്കു ലഭിക്കുമെന്നും അതോടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നുമാണ് വിശ്വാസം. ഒരു ആശ്വാസം കിട്ടും എന്നത് സത്യംതന്നെ. എന്നാല്‍ പരിഹാരം ആ ചെയ്തിയിലല്ല. മറിച്ച് ഗുരുദര്‍ശനത്തെ സ്വജീവിതത്തിലേക്ക് പകര്‍ത്തിത്തുടങ്ങുമ്പോഴാണ് ഗുരുവിന്റെ വെളിച്ചം നമ്മുടെ ജീവിതത്തില്‍ സമാധാനമായി പ്രകാശിച്ചു തുടങ്ങുക.
ശരി. ഇനി നമുക്ക് എഴുത്തുകള്‍ക്കു മറുപടിയെഴുതാം എന്നു പറഞ്ഞ് ഗുരു എന്റെ തോളില്‍ തട്ടി. അതിനുശേഷം ദിവസവുമുള്ള ആ ആചാരം ഞാന്‍ അവസാനിപ്പിച്ചു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഗുരുവിന്റെ വെളിച്ചം പകര്‍ത്തി ജീവിക്കാന്‍ ശ്രമിച്ചു തുടങ്ങി. വീണുപോകുമ്പോഴെല്ലാം സ്വയം ഓര്‍മ്മിപ്പിക്കാനായി ഗുരുവിന്റെ കാല്ക്കല്‍ പോയി നമസ്‌ക്കരിക്കുന്നതും പതിവാക്കി.

നമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. ശാരീരികമായും മാനസികമായും ബുദ്ധിപരമായും പല തരത്തിലുള്ള പ്രയാസങ്ങള്‍ നാം അനുഭവിക്കുന്നുണ്ട്. പല പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാനാവുന്നുണ്ട്. എന്നാല്‍ പലതിനും നമുക്ക് സഹായം ആവശ്യമാണ്. അവിടെയാണ് നേരായ വഴിയില്‍ ജീവിച്ച ഗുരുക്കന്മാര്‍ നമുക്ക് ആവശ്യമായി വരുന്നത്. അതിനാണ് നാം ഗുരുക്കന്മാരുടെ വെളിച്ചം തേടുന്നത്.

വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും നാം അനുഭവിക്കുന്ന ഇടര്‍ച്ചകള്‍ക്ക് സമാശ്വാസം ലഭിക്കാനുള്ള വഴികളാണ് നാം ഇവിടെ ഗുരുദര്‍ശനത്തില്‍ തേടുന്നത്. അതിലേക്കാണ് പ്രിയമുള്ള സുഹൃത്തുക്കളെ ഒന്നിച്ച് യാത്ര ചെയ്യാന്‍ ഇവിടെ ക്ഷണിക്കുന്നത്.
ഗുരുവിനെ പല തരത്തില്‍ നമുക്ക് അനുഭവിക്കാം. നമ്മുടെ താല്പര്യങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വരാം. ഗുരുവിന്റെ വെളിച്ചത്തിലേക്ക് കയറിപ്പോകാം. പ്രദര്‍ശന വസ്തുവാക്കാം. ദൈവമായി കണ്ട് ആരാധിക്കാം.
നാം ഇവിടെ അറിയാന്‍ ശ്രമിക്കുന്നത് ലോകത്തിന് മുഴുവന്‍ വെളിച്ചമായിരിക്കുന്ന ലോകഗുരുവിനെയാണ്. ജാതിയോ മതമോ ദേശമോ ഒന്നുമില്ലാത്ത ലോകഗുരുവിനെ. അതിന് നാം നമ്മെ ഒരു ഓരത്തേക്ക് മാറ്റി വെച്ച് ഗുരുവിലേക്ക് വിനയപൂര്‍വ്വം കയറിത്തുടങ്ങണം.
നാരായണഗുരുവിന്റെ ജീവിതത്തിലൂടെ, കൃതികളിലൂടെ, ജീവിത സന്ദര്‍ഭങ്ങളിലൂടെ, അവസരോക്തികളിലൂടെ, നര്‍മ്മങ്ങളിലൂടെ ഒക്കെയുള്ള ഒരു തീര്‍ത്ഥാടനമാണ് നാം ഒന്നിച്ച് നടത്താന്‍ ആഗ്രഹിക്കുന്നത്. ലഘുത്വത്തില്‍ നിന്ന് ഗുരുത്വത്തിലേക്ക് ഒരു യാത്ര. എല്ലാവര്‍ക്കും ഗുരുഹൃദയത്തിലേക്ക് സ്വാഗതം.

Author

Scroll to top
Close
Browse Categories