ഗുരുവിന്റെ മതം

നമ്മള്‍ ഖുറാനും ബൈബിളും ഗീതയും ധര്‍മ്മപദയും ദാസ് ക്യാപ്പിറ്റലും അതുപോലെയുള്ള എല്ലാ പുസ്തകങ്ങളും വളരെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കി ചിന്തിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക ഇതിലെല്ലാം പറഞ്ഞുവെച്ചിട്ടുള്ളത് സമാധാനത്തിലേക്കുള്ള വഴികളാണ് എന്ന്. ചിന്തിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്തമായിട്ടിരിക്കുന്ന ആശയങ്ങളെല്ലാം സമാധാനത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികളാണെന്ന് മനസ്സിലാവുക.

അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മത മേകമെന്നു ചിന്തി
ച്ചഘമണയാതകതാരമര്‍ത്തിടേണം

ഗുരുവിന്റെ ഹൃദ്യമായ, മനോഹരമായ നാലു വരികളാണ്. മതത്തെ കുറിച്ച് ഗുരു പറയാന്‍ ശ്രമിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സകല ജീവജാലങ്ങളും ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ, ആഗ്രഹിക്കുന്നത് സുഖമായിരിക്കണം, സമാധാനത്തോടെ ഇരിക്കണം എന്നാണ്. ആ അര്‍ത്ഥത്തില്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും ഒരു മതമേ ഉള്ളൂ. അത് ഏത് ദേശത്തുള്ളവനായാലും ശരി, മതവിശ്വാസിയായാലും ശരി, മതവിശ്വാസമില്ലാത്ത ആളായാലും ശരി. ഏത് രാഷ്ട്രീയക്കാരനായാലും ശരി. എല്ലാവരും ആഗ്രഹിക്കുന്നത്, അവരുടെ വിശ്വാസം കൊണ്ടാഗ്രഹിക്കുന്നത്, അവരുടെ അവിശ്വാസം കൊണ്ടാഗ്രഹിക്കുന്നത് സമാധാനം ഉണ്ടാവണം എന്നാണ് . വ്യക്തിജീവിതത്തിലായാലും കുടുംബജീവിതത്തിലായാലും സാമൂഹിക ജീവിതത്തിലായാലും സ്വസ്ഥമായിരിക്കണം, ആത്മസുഖമുള്ളവരായിരിക്കണം, സ്വാസ്ഥ്യമുള്ളവരായിട്ടിരിക്കണം എന്നു മാത്രമാണ് എല്ലാവരും കരുതുന്നത്.

നമ്മള്‍ അറിവ് നേടുന്നത്, പണം നേടുന്നത്, പ്രശസ്തി ആഗ്രഹിക്കുന്നത്, വ്യത്യസ്തമായ അധികാര ലോകങ്ങളെ പ്രാപിക്കാന്‍ വേണ്ടി നിരന്തരം പ്രയത്‌നിക്കുന്നത്, പ്രാര്‍ത്ഥിക്കുന്നത്, ധ്യാനിക്കുന്നത് എല്ലാം നോക്കി കഴിഞ്ഞാല്‍ സുഖം തേടിയിട്ടുള്ള യാത്രകളാണ് എല്ലാമെന്ന് അറിയാനാകും. ആ അര്‍ത്ഥത്തില്‍ ,അത് ഭൗതികമായ സുഖമാകാം, ആത്മീയമായ സുഖമാകാം, മാനസികമായ സുഖമാകാം, ഏതു തരത്തിലുള്ള സുഖമായാലും അകത്തും പുറത്തും സ്വസ്ഥമായി ഇരിക്കണം, ആത്മസുഖത്തോടു കൂടിയിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്നതുകൊണ്ട് ലോകത്തില്‍ ഒരേ ഒരു മതമേ ഉള്ളൂ. അത് ആത്മസുഖം അനുഭവിക്കുക എന്ന മതമാണ് എന്നാണ് ഗുരു പറയാന്‍ ശ്രമിക്കുന്നത്.

ലോകത്തിലുണ്ടായിട്ടുള്ള വ്യത്യസ്തമായ ആശയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകുന്നത് അതിന്റെയെല്ലാം ലക്ഷ്യമായിരിക്കുന്ന സാരം ഒന്നുതന്നെയാണ് എന്നതാണ്. അങ്ങനെ ഒരു അറിവുണ്ടാകുമ്പോഴാണ് നമ്മള്‍ ശരി ബാക്കിയുള്ളവരൊക്കെ തെറ്റ് എന്നു പറയുന്ന പ്രവണത ഇല്ലാതെയാവുക. ഓരോ കാലത്ത് ഓരോ ദേശത്ത് വ്യത്യസ്തമായ രീതിയില്‍ സമാധാനത്തിലുള്ള വഴികള്‍ മനുഷ്യര്‍ തേടിയിട്ടുണ്ട്, കണ്ടെത്തിയിട്ടുണ്ട്, അതവര്‍ ജീവിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ ആധുനിക ലോകത്ത് വന്നുനില്‍ക്കുമ്പോള്‍ ലക്ഷക്കണക്കിന് വഴികളിലൂടെ മനുഷ്യര്‍ സമാധാനം തേടി അലഞ്ഞത് അറിയനാകുന്നുണ്ട്. ഇതില്‍ ഏതാണ് ശരിയെന്ന് അന്വേഷിക്കാതെ ഈ അന്വേഷണങ്ങളില്ലാം സാരമായിരിക്കുന്ന ശരിയെ കണ്ടെത്തി അതിനെ അംഗീകരിക്കാനും അതില്‍നിന്ന് കൊള്ളാവുന്നതിനെയൊക്കെ ജീവിതത്തിലേക്ക് സ്വാംശീകരിക്കാനും ജീവതത്തിന്റെ സ്വാസ്ഥ്യത്തിന് ചേരാത്തതെന്ന് തോന്നുന്നതിനെ മാറ്റി നിര്‍ത്താനുമുള്ള മനോഭാവം മാത്രമേ കാണിക്കേണ്ടതുള്ളൂ. അല്ലാതെ ശരിയായ ഒരു മതം, തെറ്റായ ഒരു മതം എന്നുപറഞ്ഞ് ഒന്നില്ല. എല്ലാവരും സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടി തന്നെയാണ് അവരുടെ എല്ലാ തരത്തിലുമുള്ള യാത്രകളും നടത്തുന്നതെന്ന് ചിന്തിച്ചു മനസ്സിലാക്കണമെന്നാണ് ഗുരു പറയുന്നത്.

എന്തുകൊണ്ടാണ് ചിന്തിച്ച് മനസ്സിലാക്കണം എന്ന് പറയേണ്ടി വരുന്നത്? നമ്മളൊന്നും ചിന്തിക്കുന്ന ജീവിയല്ല എന്നുള്ളതുകൊണ്ടാണ്. നമ്മളില്‍ ചിന്തിക്കുന്നവര്‍ ഉണ്ടെന്നേ ഉള്ളൂ. കാലങ്ങളായി ശരിയെന്ന് ധരിച്ച് പോരുന്നതിനെ പിന്‍തുടരുന്നവര്‍ മാത്രമാണ് നമ്മള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരാള്‍ മുസ്ലിമായിട്ടിരിക്കുന്നത്, ഹിന്ദുവായിട്ടിരിക്കുന്നത്, ക്രിസ്ത്യാനിയായിട്ടിരിക്കുന്നത്, ബുദ്ധിസ്റ്റ് ആയിരിക്കുന്നത് ഖുറാന്‍ പഠിച്ചിട്ടോ ഭഗവദ് ഗീതപഠിച്ചിട്ടോബൈബിള്‍ പഠിച്ചിട്ടോ ധര്‍മ്മപദപഠിച്ചിട്ടോ അല്ല. ആ ഒരു മതപശ്ചാത്തലത്തില്‍ വന്നു ജനിച്ചു എന്നതുകൊണ്ടു മാത്രം അതായിപ്പോയതാണ്. ചിന്തിച്ചിട്ടല്ല അതായത്. എപ്പോഴാണ് നമ്മള്‍ ചിന്തിക്കുന്നവര്‍ ആകുക? നമ്മള്‍ ഖുറാനും ബൈബിളും ഗീതയും ധര്‍മ്മപദയും ദാസ് ക്യാപ്പിറ്റലും അതുപോലെയുള്ള എല്ലാ പുസ്തകങ്ങളും വളരെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കി ചിന്തിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക ഇതിലെല്ലാം പറഞ്ഞുവെച്ചിട്ടുള്ളത് സമാധാനത്തിലേക്കുള്ള വഴികളാണ് എന്ന്. ചിന്തിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്തമായിട്ടിരിക്കുന്ന ആശയങ്ങളെല്ലാം സമാധാനത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികളാണെന്ന് മനസ്സിലാവുക. ചിന്തിക്കാത്ത ആളെ സംബന്ധിച്ചിടത്തോളം അയാള്‍ ഏതൊരു പശ്ചാത്തലത്തിലാണോ ജനിച്ചത് ആ ശരിയില്‍ ഉറച്ച് നില്‍ക്കുന്ന വികാരത്തിന് അടിമപ്പെട്ട് അക്രമാസക്തിയുള്ള ആളായിട്ട് മാറാന്‍ സാധ്യതയുണ്ട്. ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടു തരത്തിലാണ് കാര്യങ്ങള്‍ ഉണ്ടാവുക. ഒന്ന് താന്‍ പറയുന്നത് മാത്രമല്ല ശരി, അപ്പുറത്തിരിക്കുന്ന ശരികളും ഉണ്ട് എന്ന ഒരറിവിലേക്ക് നമ്മള്‍ ഉണരും. അങ്ങനെ ഒരറിവിലേക്ക് ഉണര്‍ന്നാല്‍ പോലും നമ്മള്‍ ഏതൊരു വ്യവസ്ഥയിലാണോ ആയിരിക്കുന്നത്, നമ്മള്‍ ഏതൊരു ശരിയിലാണോ ആയിരിക്കുന്നത്, അതില്‍ ഉള്‍പ്പെടാത്തതെല്ലാം ശരിയെന്ന് സമ്മതിക്കാന്‍ മനസ്സു വഴങ്ങില്ല.

നമ്മുടെ മനസ്സെപ്പോഴും കാലങ്ങളായി നമ്മള്‍ വിശ്വസിച്ചു പോരുന്ന ശരി മാത്രമാണ് ശരി, ബാക്കിയൊന്നും ശരിയല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും. എത്ര അറിഞ്ഞാലും നമ്മള്‍ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ ഞാന്‍ മാത്രമാണ് ശരി, അപ്പുറത്തിരിക്കുന്നവരൊക്കെ തെറ്റാണെന്ന് പറഞ്ഞ് നമ്മുടെയുള്ളില്‍ ഉണര്‍ന്ന് വരുന്ന ബോധവൃത്തിയ്ക്ക് പറയുന്ന പേരാണ് അഘം എന്ന്. അതൊരു പാപമാണ്, അതൊരു തെറ്റാണ്. അത് നമ്മുടെ ഉള്ളില്‍ നിന്ന് ഉണര്‍ന്ന് വന്ന് നമ്മളെയും മറ്റുള്ളവരെയും കലുഷമാക്കാതിരിക്കാന്‍ വേണ്ടി നമ്മള്‍ നമ്മുടെ അകതാര് അമര്‍ത്തി ജീവിക്കണം. നമ്മള്‍ ക്ഷമയുള്ളവരായി, സംയമനംചെയ്യുന്നവരായിട്ട് ജീവിക്കണം എന്നാണ് ഗുരു പറയുന്നത്.
സ്വാഭാവികമായിട്ടും നമ്മുടെ ഉള്ളില്‍ ‘function’ ചെയ്യുക നമ്മുടെ മതം മാത്രമാണ് ശരി നമ്മുടെ അഭിപ്രായം മാത്രമാണ് ശരി, ബാക്കിയുള്ളതൊക്കെ തെറ്റ് എന്നാണ്. നമ്മള്‍ ചിന്തിച്ച് എല്ലാ മതങ്ങളുടെയും എല്ലാ ദര്‍ശനങ്ങളുടെയും സാരത്തിലേക്ക് സ്‌നേഹത്തോടെയും സൗഹൃദത്തോടെയും കടന്നു പരിശോധിക്കുമ്പോഴാണ് എല്ലാറ്റിലും നിറഞ്ഞിരിക്കുന്നത് ഒരേ സത്യം തന്നെയാണ് ഒരേ പൊരുള്‍ തന്നെയാണ്, ആത്മസുഖം തേടുന്ന വഴികള്‍ തന്നെയാണ് എല്ലാറ്റിലും പറഞ്ഞിട്ടുള്ളത് എന്ന് ബോധ്യമാവുക. അങ്ങനെ ബോധ്യമായി കഴിഞ്ഞാലും നമ്മുടെ ഉള്ളില്‍ കാലങ്ങളായി ശീലിച്ചുപോന്നിട്ടുള്ള ഞങ്ങളാണ് ശരി ബാക്കിയുള്ളവരൊക്കെ തെറ്റാണെന്ന് പറയുന്ന നമ്മുടെ സൂക്ഷ്മമായ ബോധസഞ്ചാരങ്ങള്‍ക്ക് മാറ്റം വരണമെന്നില്ല. ഓരോ സന്ദര്‍ഭം വരുമ്പോഴും നമ്മുടെ ഉള്ളില്‍ നിന്ന് ഉണര്‍ന്ന് വരുന്ന ക്ഷോഭത്തെ സംയമനംചെയ്ത് ക്ഷമയോടെ നമ്മള്‍ നമ്മളോട് പറയണം: അതേയ്, നമ്മള്‍ മാത്രമല്ല ശരി, അവരിലും ശരിയുണ്ട്. അവരെയും നമ്മള്‍ ചേര്‍ത്ത് പിടിക്കേണ്ടതുണ്ട്. അവരെയും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ട് നീ അടങ്ങിയൊതുങ്ങി അവിടെയിരിക്ക്ക്കണം ട്ടോ..

നമ്മുടെ അകതാരിനെ അടക്കി ഞാന്‍ എന്റെ ശരികള്‍ സത്യസന്ധമായി, സൗഹൃദപരമായി ജീവിക്കുമ്പോഴും അപ്പുറത്തിരിക്കുന്ന ശരികളെയും മാനിച്ചുകൊണ്ടുള്ള, അവരെയും കൂടി ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരു സമഗ്രദര്‍ശനം നമ്മുടെ ബോധത്തില്‍ രൂപപ്പെടണം എന്നാണ് ഗുരു പറയാന്‍ ശ്രമിക്കുന്നത്.

Author

Scroll to top
Close
Browse Categories