ഗുരുവിന്റെ ദൈവം
മനുഷ്യന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം അവന് വിചാരിക്കുന്നിടത്ത് വിചാരിക്കുന്നത് പോലെ അവന്റെ ജീവിതത്തെ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. സമാധാനം വേണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തന്നെ അവനവന്റെ ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ പല കാരണങ്ങളാല്‍ പല തരത്തിലുള്ള ദു:ഖങ്ങളില്‍ വീണ് ഉഴറി ചളിക്കുണ്ടില്‍ വീണത് പോലെയുള്ള ഒരവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ട്.
ഭാഗം ഒന്ന്
ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന് നീ ഭവാബ്ധിക്കൊ
രാവിവന്‍ തോണി നിന്‍പദം
നമ്മള് എല്ലാവരും ആഗ്രഹിക്കുന്നത് സുഖമാണ്. ശാരീരികമായിട്ടായാലും മാനസികമായിട്ടായാലും ബുദ്ധിപരമായിട്ടായാലും ആത്മീയ പരമായിട്ടായാലും സുഖം ഉണ്ടാകണം, സമാധാനമുണ്ടാകണം എന്ന് കരുതി തന്നെയാണ് നമ്മള് ദൈവമേ എന്ന് വിളിക്കുന്നത്.
മനുഷ്യന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം അവന് വിചാരിക്കുന്നിടത്ത് വിചാരിക്കുന്നത് പോലെ അവന്റെ ജീവിതത്തെ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. സമാധാനം വേണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തന്നെ അവനവന്റെ ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ പല കാരണങ്ങളാല്‍ പല തരത്തിലുള്ള ദു:ഖങ്ങളില്‍ വീണ് ഉഴറി ചളിക്കുണ്ടില്‍ വീണത് പോലെയുള്ള ഒരവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ട്. ചളിക്കുണ്ടില്‍ കിടന്ന് കൈകാലിട്ടടിക്കുമ്പോള്‍ ആ ചളിക്കുണ്ടിലേക്ക് കൂടുതല്‍ ആഴ്ന്നുപോകുന്നത് പോലെയാണ് പലപ്പോഴും നമ്മുടെ ജീവിതം. ഇങ്ങനെ ഒരവസ്ഥയിലാണ് നമുക്ക് ദൈവമേ എന്ന് വിളിച്ചു പോവേണ്ടി വരുന്നത്.
നമ്മുടെ മനസ്സ് പറയുന്നതിന്റെ കൂടെ നമ്മള് സഞ്ചരിക്കുമ്പോഴൊന്നും വിചാരിക്കുന്നതു പോലെയുള്ള ഒരു സമാധാനത്തിലേക്ക് പോകാന്‍ നമുക്ക് കഴിയുന്നില്ല. അങ്ങനെ ഒരവസ്ഥയിലാണ് നമ്മുടെ ബുദ്ധിയേയും നമ്മുടെ മനസ്സിനെയും അതിന്റെ സങ്കുചിതമായ മനോഭാവങ്ങളൊക്കെ വിട്ടിട്ട് അങ്ങ് എന്ന് പറയുമ്പോള്‍ മുകളിലിരിക്കുന്ന ഒരു ദൈവത്തെ; (മുകളിലിരിക്കുന്ന ഒരു ദൈവം എന്ന് പറയുമ്പോള്‍ വെളിയിലുള്ള, ആകാശത്തിന്റെ മുകളിലുള്ള ഒരു ദൈവം എന്നല്ല നമ്മള് മനസ്സിലാക്കേണ്ടത്.) വിളിക്കേണ്ടി വരുന്നു.
ഏറ്റവും ഉയര്‍ന്ന അറിവായിരിക്കുന്ന അറിവിനെയായിരിക്കണം നമ്മള് ദൈവമെന്ന് പറയേണ്ടത്. നമ്മുടെ സങ്കുചിതമായ അറിവാണ് ഇഹം എന്ന് പറയുന്നത്. ഏറ്റവും വിശാലമായ അറിവിനെയാണ് നമ്മള് പരം എന്ന് പറയുന്നത്. ആ പരത്തെയാണ് ‘അങ്ങ് ‘ എന്ന് നമ്മള് മനസ്സിലാക്കേണ്ടത്. ഇങ്ങ് എന്നാല്‍ ഇവിടെ, ഇഹത്തില്‍. ഞങ്ങളുടെയൊക്കെ സങ്കുചിതമായ ബോധത്തിന് നമ്മുടെ അറിവുവെച്ച് ജീവിക്കുമ്പോള്‍ സമാധാനമുണ്ടാകില്ല. അതുകൊണ്ട് ദൈവമേ, കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ.
ഇങ്ങുള്ള ഒരു ജീവിതം സമാധാനപരമാവാന് അങ്ങിന്റെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്, ഈ ഭവസാഗരത്തില്‍. സുഖദു:ഖ സമ്മിശ്രമായ നിലയില്ലാകയത്തില് ആണ്ടു പോയി കൊണ്ടിരിക്കുന്നതു മാതിരി, ഒരു പിടിയും കിട്ടാതെ നമ്മള് ഉഴറി നടക്കുന്ന ഈ ജീവിതത്തില്‍ ഞങ്ങള്‍ക്ക് ഒരു തോണിയിറക്കിയെ മതിയാകൂ. ആ തോണിയായിരിക്കുന്നത് നീയാണ്. ആ തോണിയില്‍ നാവികനായിരിക്കുന്നത് നീയാണ്. നീ നാവികനായിക്കുന്ന ആ തോണിയില്‍ കയറി സഞ്ചരിച്ചാല്‍ മാത്രമേ ഈ ഇഹലോകജീവിതം സമാധാനപരമായി മുമ്പോട്ടു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയുള്ളൂ എന്ന് നമ്മളില്‍ തന്നെ ഏറ്റവും ഉപരിയായി, ഏറ്റവും ഉണര്‍വായി, ഏറ്റവും വെളിച്ചമായിരിക്കുന്ന അറിവിനോട് നമ്മളില്‍ തന്നെ ഏറ്റവും താഴെ ഏറ്റവും അജ്ഞതയായിട്ട്, വിഡ്ഢിയായി, വിവേകമില്ലാത്തവരായിരിക്കുന്ന നമ്മള് തന്നെ നടത്തുന്ന ഒരു പ്രാര്ത്ഥനയായിട്ടു വേണം നമ്മള് ഈ ആദ്യത്തെ ശ്ലോകത്തെ ഏടുക്കാന്‍.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പപന്ദമാകണം
നമ്മള് ഇങ്ങനെ അലഞ്ഞ് തിരിയുകയാണ്. അവിടെ പോകുന്നു, ഇവിടെ പോകുന്നു. അതില്‍ അന്വേഷിക്കുന്നു ഇതില്‍ അന്വേഷിക്കുന്നു. ഇങ്ങനെ ഒരു ദിവസത്തെ തന്നെ നമ്മുടെ ജീവിതം എടുത്തു കഴിഞ്ഞാല്‍ നമ്മള് അലഞ്ഞ് പലതും ചെയ്ത് വീട്ടില്‍ തിരിച്ചുവന്ന് കുളിച്ച് ശാന്തമായിട്ടൊരു സ്ഥലത്ത് കണ്ണടച്ചിരിക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു സമാധാനമുണ്ട്. അതനുഭവിക്കാത്ത ആരുമില്ല.
ജീവിതത്തിന്റെ വ്യത്യസ്തമായ ധാരകളില്‍ ശാരീരികമായും മാനസികമായും ബുദ്ധിപരമായും പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി, പലതരത്തിലുള്ള ഉത്തരങ്ങള്‍ കിട്ടി, നമ്മുടെ ഉത്തരം മുട്ടിപ്പോകുന്ന, നമ്മുടെ അന്വേഷണങ്ങള്‍ നിന്നുപോകുന്ന ഒരവസ്ഥയുണ്ട്. അവിടെ നമ്മള് അറിയാതെ മൗനമായിപ്പോകും. അങ്ങനെയുള്ള ആ മൗനത്തിലാണ് യഥാര്‍ത്ഥ ദൈവത്തെ, പരമമായിരിക്കുന്ന ആ അറിവിനെ നമ്മള് തേടേണ്ടത്. അങ്ങനെ അസ്പന്ദമായിത്തീരുന്ന ആ ഒരു മൗനത്തില്‍ എന്നെന്നേയ്ക്കുമായി തുടരാന്‍ അനുഗ്രഹം എനിക്കുണ്ടാകണേ എന്നാണ് ഗുരു തുടര്‍ന്ന് പ്രാര്‍ത്ഥിക്കുന്നത്. നമ്മുടെ ഉള്ളിലിരിക്കുന്ന ഒരു ഹൃദയം, ഒരു മനസ്സ്, ഒരു ചിന്ത ഈ ദൃശ്യപ്രപഞ്ചത്തില്‍ സത്യം തേടി സുഖം തേടി സമാധാനം തേടി അലഞ്ഞലഞ്ഞ് അവസാനം ആ ദൃക്കിലേക്ക് തന്നെ; ആരാണോ അന്വേഷിച്ച് പോയത് ആ ആളിലേക്ക് തന്നെ തിരിച്ചെത്തിയിട്ട് അവിടെ സ്വസ്ഥമായി, സമാധാനമായി ഇരുന്നു പോകുന്നതുപോലെ ഒരനുഭവം. ബാഹ്യമായ ലോകങ്ങളില്‍, ബാഹ്യമായ അറിവുകളില്‍ ദൈവത്തെയും ദൈവകൃപയേയും ദൈവമഹിമയേയും ഒക്കെ തേടി പോയിട്ട് അവസാനം അവനവനില്‍ തന്നെ ഇരുന്നു വിളങ്ങുന്ന മൗനത്തിലേക്ക്, ആ പ്രകാശത്തിലേക്ക് വന്ന് അവിടെ യാതൊരു തരത്തിലുള്ള സ്പന്ദനവും ഇല്ലാത്ത രീതിയില്‍ ആ മൗനഘനാമൃതാബ്ദിയില് വിലയിച്ച് ശാന്തമായിട്ട് ഇരിക്കുന്ന അവസ്ഥ. .അങ്ങനെയൊരവസ്ഥയാണ് വേണ്ടതെന്നാണ് ഗുരു പ്രാര്‍ത്ഥക്കുന്നത്. അല്ലാതെ കുറെ പണം തരണേ, കുറേ ആരോഗ്യം തരണേ, കുറെ ബന്ധുക്കളെ തരണേ എന്ന് ഇവിടെ പറഞ്ഞിട്ടില്ല. തന്റെ തന്നെ ഉള്ളില്‍ വിളങ്ങുന്ന ആ മൗനത്തിലേക്ക് യാതൊരു തരത്തിലുള്ള ചലനവുമില്ലാതെ നിശ്ശബ്ദമായ മഹിമാവിലേക്ക് പരിപൂര്‍ണ്ണമായും അസ്പന്ദമായി പോകുന്ന തരത്തിലുള്ള ഒരു ബോധ വൃത്തി എന്നില്‍ സംഭവിക്കണേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്.