ക്യാമറയ്ക്ക് മുന്നിലും പിന്നിലും
ആദ്യ ക്യാമറ യാഷിക്ക മാറ്റ്
യാഷിക്കമാറ്റ് എന്ന ക്യാമറയാണ് ആദ്യം സ്വന്തമാക്കിയത്. ഇന്നത്തേത് പോലെ ആധുനിക സാങ്കേതിക വിദ്യകളൊന്നുമില്ലാത്ത കാലം. ക്യാമറക്ക് വിശറിപോലെയിരിക്കുന്ന ഒരു ഫ്ളാഷുണ്ട്. അതിലെ ബള്‍ബ് എപ്പോഴും ഫ്യൂസായി കൊണ്ടിരിക്കും. ഓരോ ഫോട്ടോ എടുക്കുമ്പോഴും ബള്‍ബ് മാറണം. ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ ഡാര്‍ക്ക് റൂമില്‍ കൊണ്ടുവന്നു രാസലായനിയില്‍ വാഷ് ചെയ്യണം. എന്‍ലാര്‍ജ് ചെയ്യാന്‍ വേറെ മെഷീന്. എന്നിട്ട് വേണം പ്രിന്റെടുക്കാന്‍. കുട്ടിയെ ഇരുമ്പ് കുട്ടയ്ക്ക് മുകളിലിരുത്തി എടുത്ത ചിത്രമാണ്എടുത്ത ഫോട്ടോകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. കോട്ടയം കഞ്ഞിക്കുഴിയിൽ സഹോദരിയുടെ വീട്ടിൽ എടുത്ത ചിത്രമാണ് . ആ ഫോട്ടോയും എങ്ങനേയോ കൈമോശം വന്നു.വീടിനടുത്തുള്ള കെട്ടിടത്തില്‍ സൗകര്യങ്ങള്‍ എല്ലാമുള്ള സ്റ്റുഡിയോ ഒരുക്കിയിരുന്നു. കുറെനാള്‍ സ്റ്റുഡിയോ കൊണ്ടുനടന്നു.
സ്കൂട്ടറില്‍ നാഗര്‍കോവിലിലേക്ക്
സുഹൃത്ത് ദിനേശനാണ് ഫോട്ടോഗ്രാഫി പഠിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടാക്കിയത്. ദിനേശന്റെ സുഹൃത്തിന് നാഗര്‍കോവിലില്‍ സ്റ്റുഡിയോയുണ്ട്. ലാമ്പ്രട്ട സ്കൂട്ടറില്‍ ഞങ്ങള്‍ രണ്ടുപേരും കൂടി നാഗര്‍കോവിലിലേക്ക് വിട്ടു.അന്ന് 2500 രൂപയാണ് ലാമ്പ്രട്ട സ്കൂട്ടറിന് വില. അക്കാലത്ത് ടാര്‍ റോഡുകളൊന്നുമില്ല. എല്ലാം മെറ്റല്‍. 22-23 വയസ്സാണ് അന്ന് പ്രായം. ഒന്നും പ്രശ്നമായില്ല. നേരെ നാഗര്‍കോവിലില്‍ എത്തി. തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ആളാണ് നാഗര്‍കോവിലിലെ സ്റ്റുഡിയോ ഉടമ. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ അവിടെ നിന്ന് പഠിച്ചു.
ക്യാമറ കൈയിലുണ്ടായിരുന്നെങ്കില്‍
കടപ്പുറം വീടിന്റെ വളരെ അടുത്താണ്. സൂര്യാസ്തമയം കാണുമ്പോള്‍ ക്യാമറ കൈയിലുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകാറുണ്ട്. കാര്‍മേഘങ്ങള്‍ ചിലപ്പോള്‍ കുതിരയുടേയോ മാനിന്റെയോ ആനയുടേയോ ക്യാമറ
കൈയിലുണ്ടായിരുന്നെങ്കില്‍. അപ്പോഴും ക്യാമറയുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകും.
എടുക്കാതെ പോയ ചിത്രങ്ങൾ
ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ്, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ആക്ടിംഗ് പ്രധാനമന്ത്രിയായിരുന്ന ഗുല്സരിലാല്നന്ദ നാഷണല്‍ സേവിംഗ്സ് സ്കീമിലെ മികച്ച പ്രവര്‍ത്തനത്തിന് ഡല്‍ഹിയില്‍ ക്ഷണിച്ച് വരുത്തി പുരസ്കാരം നൽകിയിരുന്നു. അദ്ദേഹത്തിന്റെ വീടിന് മുന്നിലെ പൂന്തോട്ടത്തിലായിരുന്നു ചടങ്ങ്. ആ ചിത്രം ഇല്ലാതെപോയത് നഷ്ടബോധമായി ഇന്നും മനസില്‍ കിടക്കുന്നു.
(മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)