മോടി കൂട്ടി മോദി

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലും അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദിതന്നെ മുന്നിട്ടിറങ്ങി കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമമെന്ന് വ്യക്തമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗത്തിന്റെ കൂടി പിന്തുണയോടെ നാലോ അഞ്ചോ സീറ്റ് നേടാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ മാസ്റ്റർ പ്ളാനിന്റെ ഭാഗമായി മോദിയുടെ ഇപ്പോഴത്തെ വരവിനെ കാണേണ്ടതുണ്ട്. കോൺഗ്രസ് ഇനി കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ക്രൈസ്തവർക്ക് നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം തരംഗമായി മാറി. മുൻപെങ്ങും ഉണ്ടാകാത്തവിധത്തിലുള്ള സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തും അദ്ദേഹം നടത്തിയ റോഡ് ഷോയിൽ ആവേശത്തോടെ പങ്കെടുത്ത ആയിരങ്ങൾ കേരളത്തിന് പുത്തൻ അനുഭവം സമ്മാനിച്ചു. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മോദി പശ്ചിമബംഗാളിൽ സമാനമായ റോഡ്ഷോ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ശൂന്യമായിരുന്ന ബി.ജെ.പി കൂടയിലേക്ക് 18 സീറ്റുകളാണ് വന്നു വീണത്. കോൺഗ്രസിന് വെറും ഒറ്റ സീറ്റ് ലഭിച്ചപ്പോൾ അവിടത്തെ മുടിചൂടാ മന്നന്മാരായിരുന്ന സി.പി.എമ്മിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. മമത ബാനർജി പോലും ഞെട്ടിപ്പോയി. തുടർന്ന് 2021 ൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി ബി.ജെ.പി മാറുകയും ചെയ്തു. ഏപ്രിൽ 24 ന് കേരളത്തിലെത്തിയ മോദി നടത്തിയ റോഡ് ഷോയെ 2019 ൽ പശ്ചിമബംഗാളിൽ നടത്തിയ റോഡ്ഷോയുമായി താരതമ്യപ്പെടുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. അടുത്ത വർഷം നടക്കേണ്ട പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി തന്നെ നേരിട്ട് കേരളത്തിന്റെ കളത്തിലിറങ്ങിയത്. മോദി ഇതിനു മുൻപ് പലതവണ കേരളത്തിൽ വന്നിരുന്നെങ്കിലും ഇപ്പോഴത്തെ സന്ദർശനം ജനങ്ങൾ ഉത്സവമാക്കിയപ്പോൾ വാർത്താമാധ്യമങ്ങളും അതിനൊപ്പം ചേരാൻ നിർബ്ബന്ധിതരായി. മോദിയുടെ സന്ദർശന പരിപാടികൾ മുഴുവൻ ലൈവായി കാണിക്കാൻ ചാനലുകളും മത്സരിക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിലാണ് ത്രിപുരയിലും മേഘാലയ, നാഗാലാൻഡ് എന്നീ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി പിന്തുണയോടെ പുതിയ സർക്കാരുകൾ നിലവിൽ വന്നത്. അതിനു തൊട്ടുപിന്നാലെ കേരളത്തിന്റെ ഭരണവും ബി.ജെ.പി പിടിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. മോദിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരിൽ നിന്നുണ്ടായ പ്രതികരണമാണ് ഇതിനോട് കൂട്ടി വായിക്കേണ്ടത്. തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ളാനിയാണ് ആദ്യ വെടി പൊട്ടിച്ചത്. റബ്ബർ വില കിലോഗ്രാമിന് 300 രൂപയാക്കിയാൽ ക്രൈസ്തവർ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തൽ. തൊട്ടുപിന്നാലെ താമരശ്ശേരി ബിഷപ്പും ഓർത്തഡോക്സ് സഭാ ബിഷപ്പും ബി.ജെ.പി അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയരംഗം ചൂട് പിടിച്ചു.

യുവം’ പരിപാടിയ്ക്കെത്തി,
താരമായി

ബി.ജെ.പി സംഘടിപ്പിച്ച ‘യുവം’ പരിപാടിയിൽ പങ്കെടുക്കാൻ ഏപ്രിൽ 24 നാണ് മോദി കൊച്ചിയിൽ വിമാനമിറങ്ങിയത്. യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുമെന്നായിരുന്നു ബി.ജെ.പി കേരള നേതാക്കളുടെ പ്രചാരണമെങ്കിലും അതുണ്ടായില്ല. എന്നാൽ മുൻവിധികളെയെല്ലാം പുല്ലാക്കി പ്രധാനമന്ത്രി കൊച്ചിയിൽ റോഡിലൂടെ നടന്ന് അഭിവാദ്യം ചെയ്തത് അദ്ദേഹത്തെ കാണാൻ തടിച്ചുകൂടിയ ആയിരങ്ങളെ ആവേശഭരിതരാക്കി. സാധാരണ റോഡ്ഷോയിൽ കാറിൽ നിന്ന് കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി നടത്തിയ ‘സർപ്രൈസ് നടത്ത’ത്തെ പുഷ്പവൃഷ്ടിയോടെയും ആർപ്പു വിളികളോടെയുമാണ് ജനങ്ങൾ എതിരേറ്റത്. കേരളത്തിൽ അടുത്തകാലത്തൊന്നും ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത സ്വീകാര്യതയാണ് കൊച്ചിയിൽ കണ്ടത്. ആദ്യം കാറിൽ നിന്ന് അഭിവാദ്യം ചെയ്ത മോദി, വെണ്ടുരുത്തി പാലത്തിനു സമീപത്തെ ഷിർദ്ദിസായി ക്ഷേത്ര പരിസരത്തെത്തിയപ്പോൾ കാറിൽ നിന്നിറങ്ങി ഒറ്റയ്ക്ക് റോഡിലൂടെ കൈവീശി നടന്നു നീങ്ങി. റോഡിന് ഇരുവശത്തും കെട്ടിടങ്ങളുടെ മുകളിലും നിന്നവർ അത്യന്തം ആവേശത്തോടെ മോദിക്ക് ജയ് വിളിച്ച്, പുഷ്പങ്ങൾ വാരിയെറിഞ്ഞു. കേരളീയ വേഷത്തിൽ മുണ്ടും കുർത്തയും ധരിച്ച് കൈവീശി നീങ്ങിയ മോദിയുടെ ഇരുവശങ്ങളിലുമായി എസ്.പി.ജി ഉദ്യോഗസ്ഥർ അണിനിരന്നു. പിറ്റെ ദിവസം തിരുവനന്തപുരത്തും വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനായി സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് മോദി നടത്തിയ റോഡ് ഷോയും ആയിരങ്ങൾക്ക് ആവേശം പകരുന്നതായി. ബി.ജെ.പി പോലും പ്രതീക്ഷിക്കാത്തതാണിത്. രണ്ടിടത്തും മോദിയെ കാണാൻ പതിനായിരങ്ങൾ തടിച്ചുകൂടിയെന്നതിന്റെ ക്രെഡിറ്റ് ബി.ജെ.പി ക്ക് പോലും അവകാശപ്പെടാൻ കഴിയാത്തതാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ്ഓഫ് ചെയ്തതിനു പിന്നാലെ അത് വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർ മെട്രോ അടക്കം 3200 കോടിയുടെ വികസന പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ച മോദി, കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചാരണത്തിനും മറുപടി നൽകുകയായിരുന്നു.

മുമ്പ് ഇന്ത്യയിൽ ഏറ്റവും ‘കരിസ്മ’യുള്ള നേതാവെന്ന വിശേഷണം ലഭിച്ചിരുന്നത് ഇന്ദിരാഗാന്ധിക്കായിരുന്നു. എന്നാൽ ഇന്ദിരയ്ക്ക് ശേഷമുണ്ടായ നീണ്ട ഗ്യാപ്പിനൊടുവിൽ നരേന്ദ്രമോദി ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ കരിസ്മയുള്ള നേതാക്കളിൽ ഒരാളായി മാറിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങൾ പറയുന്നത്.

‘കരിസ്മ’യുള്ള നേതാവ്

മുമ്പ് ഇന്ത്യയിൽ ഏറ്റവും ‘കരിസ്മ’യുള്ള നേതാവെന്ന വിശേഷണം ലഭിച്ചിരുന്നത് ഇന്ദിരാഗാന്ധിക്കായിരുന്നു. എന്നാൽ ഇന്ദിരയ്ക്ക് ശേഷമുണ്ടായ നീണ്ട ഗ്യാപ്പിനൊടുവിൽ നരേന്ദ്രമോദി ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ കരിസ്മയുള്ള നേതാക്കളിൽ ഒരാളായി മാറിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങൾ പറയുന്നത്. ക്രൈസ്തവ വിഭാഗത്തിലുണ്ടായ പ്രകടമായ മാറ്റമാണ് ഇരുകൂട്ടരെയും ബേജാറാക്കുന്നത്. കോൺഗ്രസിന്റെ പ്രധാനവോട്ട് ബാങ്കാണ് ക്രൈസ്തവർ. മദ്ധ്യ കേരളത്തിലും മലയോരത്തും ക്രൈസ്തവ വോട്ടുകളെ നന്നായി സ്വാധീനിക്കാൻ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർക്ക് കഴിയുമെന്നതിൽ തർക്കമില്ല. കൊച്ചിയിൽ യുവം പരിപാടിക്ക് ശേഷം വിവിധ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി മോദി കൂടിക്കാഴ്ച നടത്തി. ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ സമൂഹം ബി..ജെ.പി യെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുവെന്നും കേരളത്തിലും അതേ നിലപാട് ഉണ്ടാകണമെന്നും ചർച്ചയിൽ മോദി അവരോട് അഭ്യർത്ഥിച്ചു. . കൊച്ചിയിൽ നടന്ന യുവം പരിപാടിയിൽ ഈയിടെ ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണിയെക്കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എത്തി വേദി പങ്കിട്ടതും ശ്രദ്ധേയമായി. സിനിമ താരങ്ങളായ നവ്യനായർ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി തുടങ്ങിയവരുടെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. യുവം പരിപാടിക്ക് ശേഷം മോദി, ഉണ്ണി മുകുന്ദനെ ടാജ് മലബാർ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയും ചെയ്തു.

ബി.ജെ.പി സീറ്റ് നേടുമോ ?

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലും അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദിതന്നെ മുന്നിട്ടിറങ്ങി കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമമെന്ന് വ്യക്തമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗത്തിന്റെ കൂടി പിന്തുണയോടെ നാലോ അഞ്ചോ സീറ്റ് നേടാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ മാസ്റ്റർ പ്ളാനിന്റെ ഭാഗമായി മോദിയുടെ ഇപ്പോഴത്തെ വരവിനെ കാണേണ്ടതുണ്ട്. കോൺഗ്രസ് ഇനി കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ക്രൈസ്തവർക്ക് നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല, കേരളത്തിന് പുറത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രത്യേകിച്ച് ക്രൈസ്തവർ ഭൂരിപക്ഷമുള്ള വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും നടക്കുന്ന വികസന പ്രവർത്തനങ്ങളും ക്രൈസ്തവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. . വരും നാളുകളിൽ ക്രൈസ്തവ ജനതയെ കൈയ്യിലെടുക്കാൻ സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായേക്കുമെന്നും കേൾക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിതിയും പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല. എൽ.ഡി.എഫ് ഭരണത്തിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾക്കെതിരെ ശക്തമായൊന്ന് പ്രതികരിക്കാൻ പോലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനോ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോ കഴിയുന്നില്ലെന്ന വികാരം പാർട്ടി പ്രവർത്തകരിലും നേതാക്കളിലുമുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള വി.ഡി സതീശന്റെ പ്രകടനത്തിൽ കോൺഗ്രസുകാർക്ക് പോലും അഭിപ്രായമില്ല. ഈ സാഹചര്യത്തിൽ വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാര്യമായ സീറ്റ് നേടാനാകുമോ എന്ന ആശങ്കയുമുണ്ട്. നിലവിലുള്ള കോൺഗ്രസ് എം.പി മാരിൽ പലരും ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചത് തന്നെ ഈ സാഹചര്യം മുന്നിൽ കണ്ടാണെന്നാണ് വിലയിരുത്തുന്നത്.

കേരളത്തിൽ ബി.ജെ.പിയോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറാകാതെ നിൽക്കുന്ന ഒരേയൊരു വിഭാഗം ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിങ്ങളാണ്. അതിനാൽ അവരുടെ വോട്ടുറപ്പാക്കാനുള്ള മത്സരത്തിലാണിപ്പോൾ കേരളത്തിലെ ഇരുമുന്നണികളും. ഭാവിയിൽ കേരളത്തിൽ മുസ്ലിം വിഭാഗം ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്നത് സി.പി.എമ്മിലാകാനാണ് സാദ്ധ്യത.

‘ദി കേരള സ്റ്റോറി’

കേരളത്തിൽ ബി.ജെ.പിയോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറാകാതെ നിൽക്കുന്ന ഒരേയൊരു വിഭാഗം ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിങ്ങളാണ്. അതിനാൽ അവരുടെ വോട്ടുറപ്പാക്കാനുള്ള മത്സരത്തിലാണിപ്പോൾ കേരളത്തിലെ ഇരുമുന്നണികളും. ഭാവിയിൽ കേരളത്തിൽ മുസ്ലിം വിഭാഗം ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്നത് സി.പി.എമ്മിലാകാനാണ് സാദ്ധ്യത. ആർ.എസ്.എസിനും സംഘപരിവാർ ശക്തികൾക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയുന്നത് തങ്ങൾക്ക് മാത്രമാണെന്ന തോന്നൽ സൃഷ്ടിക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് കാരണം. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ് ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടും ഈ ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് വ്യക്തം. കോൺഗ്രസും സിനിമ വിഷയത്തിൽ ശക്തമായ നിലപാടോടെ മുസ്ലിം വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചതും ആ വിഭാഗത്തെ കൂടെ നിർത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നത് വ്യക്തം.
ലേഖകന്റെ ഫോൺ: 9446564749

Author

Scroll to top
Close
Browse Categories