സ്വപ്നസാക്ഷാത്കാരം രാജ്യത്തിന്റെ അഭിമാനതാരമായി പി.ആർ ശ്രീജേഷ്
ടോക്കിയോയില്‍ ജര്‍മ്മനിക്ക് എതിരെയുള്ള മത്സരത്തില്‍ അവസാന നിമിഷങ്ങളിലെ ശ്രീജേഷിന്റെ മിന്നുന്ന സേവുകളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്. പാരീസ് ഒളിമ്പിക്സില്‍ അതേ ജര്‍മ്മനിക്കെതിരെ സെമിയില്‍ തോറ്റെങ്കിലും ലൂസേഴ്സ് ഫൈനലില്‍ സ്പെയിനിനെ മറി കടന്ന് വെങ്കലം സ്വന്തമാക്കി. അതുല്യമായ പ്രകടനമായിരുന്നു അവസാന മത്സരത്തില്‍ ശ്രീജേഷ് കാഴ്ചവെച്ചത്
”സ്വപ്നം കാണുക. സ്വപ്നം കണ്ടു കഴിഞ്ഞാല്‍ അത് ചെയ്യാന്‍ പറ്റും. ഒളിമ്പിക്സില്‍ മെഡല്‍ നേടണമെന്ന് ലക്ഷ്യം വേണം. പിന്നെ കഠിനാദ്ധ്വാനവും സമര്‍പ്പണവും”. മൂന്ന് വർഷം മുമ്പ് ടോക്കിയോ ഒളിമ്പിക്സില്ഹോക്കി മെഡല്‍ കരസ്ഥമാക്കി തിളങ്ങി നിന്ന അവസരത്തില്‍ പി.ആർ ശ്രീജേഷ് ‘യോഗനാദ’ത്തോട് പറഞ്ഞ വാക്കുകള്‍.
കഠിനാദ്ധ്വാനവും സമര്‍പ്പണവും പാരീസിലും ശ്രീജേഷിനെ രാജ്യത്തിന്റെ അഭിമാനതാരമാക്കി മാറ്റി. രാജ്യത്തിന്റെ ഹോക്കി ഗോള്‍ പോസ്റ്റ് വിരോചിതമായി സംരക്ഷിച്ച് വീണ്ടും ഒളിമ്പിക്സ് മെഡല്‍ നേടുകയെന്ന അപൂര്‍വനേട്ടം ഇന്ന് വെറുമൊരു സ്വപ്നമല്ല. യാഥാര്‍ത്ഥ്യമാണ്. ഇരട്ടമെഡല്‍ നേടിയ ഷൂട്ടിംഗ് താരം മനുഭാക്കറിനോടൊപ്പം ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങില്‍ ശ്രീജേഷ് പതാകയേന്തിയപ്പോള്‍ പുളകമണിഞ്ഞു ഈ കൊച്ചു കേരളവും. രാജ്യാന്തര ഹോക്കിയില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് വരെ വല്ലാത്തൊരു അഴകായിരുന്നു.
മൂന്നു കൊല്ലം മുമ്പ് അടുത്ത ലക്ഷ്യമെന്തെന്ന ‘യോഗനാദം’ ലേഖകന്റെ ചോദ്യത്തിന് പറഞ്ഞ ഉത്തരം ഇതായിരുന്നു. ”ഒളിമ്പിക്സില്‍ വീണ്ടുമൊരു മെഡല്‍” അക്ഷരാര്‍ത്ഥത്തില്‍ അത് പാലിച്ചു. തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡലില്‍ മുത്തമിട്ടു കിഴക്കമ്പലം പാറോട്ടു വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകന് ശ്രീജേഷ്.
ടോക്കിയോയില്‍ ജര്‍മ്മനിക്ക് എതിരെയുള്ള മത്സരത്തില്‍ അവസാന നിമിഷങ്ങളിലെ ശ്രീജേഷിന്റെ മിന്നുന്ന സേവുകളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്. പാരീസ് ഒളിമ്പിക്സില്‍ അതേ ജര്‍മ്മനിക്കെതിരെ സെമിയില്‍ തോറ്റെങ്കിലും ലൂസേഴ്സ് ഫൈനലില്‍ സ്പെയിനിനെ മറി കടന്ന് വെങ്കലം സ്വന്തമാക്കി. അതുല്യമായ പ്രകടനമായിരുന്നു അവസാന മത്സരത്തില്‍ ശ്രീജേഷ് കാഴ്ചവെച്ചത്. എന്നാല്‍ ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികളുടെ രണ്ട് പെനാല്‍റ്റി സ്ട്രോക്കുകള്‍ തട്ടിത്തെറിപ്പിച്ച ശേഷം ഗ്രൗണ്ടില്‍ തുള്ളിച്ചാടിയ ശ്രീജേഷിന്റെ ദൃശ്യം ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതായി. വിരമിക്കുകയാണെങ്കിലും ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി ശ്രീ എന്നും ഹോക്കിയോടൊപ്പമുണ്ടാകും.
കേരളമെന്ന സ്വന്തം നാടിനെ ഹോക്കി ചരിത്രത്തിലേക്ക് കൊണ്ടുവന്നതും ശ്രീജേഷാണെന്ന് ഓര്‍ക്കണം. 1972ല്‍ ഇന്ത്യ ഹോക്കിയില്‍ ഒളിമ്പിക് വെങ്കലം നേടിയപ്പോൾ ഗോള്‍കീപ്പറായിരുന്നത് കണ്ണൂര്‍ സ്വദേശി മാനുവല്‍ ഫെഡ്രറിക്സാണെന്ന കാര്യം മറക്കുന്നില്ല. എന്നാല്‍ ഫുട്ബോളും ക്രിക്കറ്റും തന്നെയായിരുന്നു എന്നും മലയാളികള്‍ക്ക് കമ്പം. ഇതിനുള്ള കാരണം ശ്രീജേഷ് പറയുന്നുണ്ട്. ”ഹോക്കി കളിക്കാന്‍ അടിസ്ഥാന സൗകര്യമില്ലെന്നതാണ് കേരളത്തിലെ പ്രശ്നം. കൂടുതല്‍ ടൂര്‍ണമെന്റുകളും സംഘടിപ്പിക്കണം”
ഭാര്യ ഡോ. പി.കെ. അനീഷ്യയും മക്കളായ ശ്രീഅന്‍ഷും അനുശ്രീയുമാണ് ശ്രീജേഷിന്റെ കരുത്ത്.
”ശ്രീജേഷ് കളിക്കളത്തില്‍ നിന്ന് മാത്രമേ വിരമിക്കുന്നുള്ളു. ഞങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹം എന്നുമുണ്ടാകും. ഗോള്‍ പോസ്റ്റിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു”
- ഹര്മന് പ്രീത്സിംഗ്,
ഇന്ത്യന്‍ ക്യാപ്റ്റന്‍.
”നിശ്ചയദാര്‍ഢ്യത്തിന്റെയും സ്വപ്നങ്ങളുടെയും പടികളാണ് ഈ നിമിഷം വരെ ഞാന്‍ കയറിയതെല്ലാം. ഞങ്ങളുടെ വീട്ടിലെ പശുവിനെ വിറ്റാണ് അച്ഛന് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങിത്തന്നത്. ആ ത്യാഗം തന്റെയുള്ളിലെ ജ്വാല ഊതിക്കത്തിച്ചു. വലിയ സ്വപ്നങ്ങള്‍ക്കായി കഠിനമായി അദ്ധ്വാനിക്കാന്‍ ഞാന്‍ തയ്യാറായി”
-ശ്രീജേഷ്
ഫേസ്ബുക്കില്‍ കുറിച്ചത്.
നാള്‍വഴി
2004 – ഇന്ത്യന്‍ ജൂനിയര്‍ ടീമംഗം
2006 – സീനിയര്‍ ടീമില്‍
2008 – ജൂനിയര്‍ ഏഷ്യാകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍.
(പാകിസ്ഥാനെതിരെ അവിസ്മരണീയ പ്രകടനം.
നിരവധി പുരസ്കാരങ്ങള്‍)
2016 – റിയോ ഒളിമ്പിക്സ്
2021 – ടോക്കിയോ ഒളിമ്പിക്സ് (വെങ്കലം)
2024 – പാരീസ് ഒളിമ്പിക്സ് (വെങ്കലം)
പാരീസിൽ
ഇന്ത്യയുടെ
മെഡല്‍ നേട്ടങ്ങള്‍
ജാവലിന്‍ത്രോ
നീരജ്ചോപ്ര-വെള്ളി
ഷൂട്ടിംഗ്
മനുഭാക്കര്‍ വെങ്കലം
10 മീറ്റര്‍ എയര്‍പിസ്റ്റള്‍
വ്യക്തിഗതവിഭാഗം
മനു. സരബ് ജിത്ത് – വെങ്കലം
10 മീറ്റര്‍ എയര്‍പിസ്റ്റള്‍
മിക്സഡ് ടീം
സ്വപ്നില്‍ കുസാലെ-വെങ്കലം
50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷന്‍
ഹോക്കി
ഇന്ത്യന്പുരുഷടീം- വെങ്കലം
ഗുസ്തി
അമന് ഷെറാവത്ത്-വെങ്കലം
ഫ്രീസ്റ്റൈല്‍ 75 കി.ഗ്രാം.
മെഡല്‍ ടേബിള്‍
(സ്ഥാനം, രാജ്യം, സ്വര്‍ണ്ണം, വെള്ളി, വെങ്കലം,
ആകെ എന്ന ക്രമത്തില്‍)
- യുഎസ്എ 40 44 42 126
- ചൈന 40 27 24 91
- ജപ്പാന് 20 12 13 45
- ഓസ്ട്രേലിയ 18 19 16 53
- ഫ്രാന്‍സ് 16 26 22 64
- ഇന്ത്യ 0 1 5 6