ആര്. ശങ്കറും ഈഴവ സമുദായ സര്‍വേയും
ഈഴവരുടെ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യത്തെ കുറിച്ച് ആര്. ശങ്കര്‍ ഇങ്ങനെ പറഞ്ഞു ”ഈ സംസ്ഥാനത്തെ (തിരുവിതാംകൂര്‍) പ്രധാന ഉദ്യോഗങ്ങളില്‍ അവരുടെ പങ്ക് അതിനിസാരമാണ്. ഒരു ആക്ടിംഗ് ഹൈക്കോടതി ജഡ്ജി, ഒരു പേഷ്കാര്‍, ഒരു ലാ കോളേജ് പ്രൊഫസര്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി സൂപ്രണ്ട്, ഒരു ലേബര്‍ കമ്മീഷണര്‍, ഒരു അഡീഷണല്‍ ജഡ്ജി ഇവരെ കഴിച്ചാല്‍ 11 ലക്ഷം വരുന്ന ഈ സമുദായത്തിലെ അംഗങ്ങളില്‍ ഉയര്‍ന്നതെന്നു പറയാവുന്ന ഉദ്യോഗസ്ഥരായി ആരും തന്നെയില്ല. ഹജ്ജൂര്‍ സെക്രട്ടേറിയറ്റിലെ സെക്രട്ടറിമാരിലും അസിസ്റ്റന്റ് സെക്രട്ടറിമാരിലും ഒരാള്‍ പോലും ഈഴവനായിട്ടില്ല”.
ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ജനറല്‍ സെക്രട്ടറിയായി1944ല്‍ സ്ഥാനമേറ്റ ആര്. ശങ്കര്‍ വളരെ അസാധാരണമായൊരു നടപടി സ്വീകരിച്ചു. 1931-നു ശേഷം ഈഴവരുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമായിരുന്നില്ല. സമുദായം നേരിടുന്ന പ്രതിസന്ധികള്‍ ഏതെന്നു തിരിച്ചറിഞ്ഞ് അതു സമുദായാംഗങ്ങളെ ധരിപ്പിക്കുവാനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാനും 1945-ല്‍ ഈഴവ കുടുംബങ്ങളെ കേന്ദ്രീകരിച്ച് ആര്. ശങ്കര്‍ ഒരു കുടുംബസര്‍വേ നടത്തി.
”നമ്മുടെ ശാഖകളേയും യൂണിയനുകളേയും സംബന്ധിക്കുന്ന ചില സ്ഥിതി വിവരക്കണക്കുകള്‍ ഞാന്‍ ശേഖരിച്ചിട്ടുള്ളത് ചുവടെ ചേര്‍ക്കുന്നു (യോഗത്തിന്റെ 42-ാമതു വാര്‍ഷിക പൊതുയോഗത്തില്‍ ആര്. ശങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്) ”സംഘടനാപരമായി നമുക്കുള്ള പരിമിതികള്‍ മൂലം മൊത്തത്തില്‍ 1100-ഓളമുള്ള ശാഖകളില്‍ 800 ശാഖകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. സംസ്ഥാനത്തെ രണ്ടു ലക്ഷം ഈഴവ വീടുകളില്‍ 120000 മാത്രം വീടുകളെ സംബന്ധിക്കുന്ന കണക്കുകള്‍ മാത്രമേ ഉള്ളു. പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന കണക്കുകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്”
സര്‍വേ പ്രകാരം 1945-ല്‍ തിരുവിതാംകൂറില്‍ ബിരുദാനന്തര ബിരുദം നേടിയ പത്തു ഈഴവ പുരുഷന്മാര് മാത്രമേ ഉണ്ടായിരുന്നുള്ളു. ബി.എ. കഴിഞ്ഞവര്‍ 266ഉം, ബി.എല്‍. എടുത്തവര്‍ നാല് പേരും മാത്രമായിരുന്നു. 1945-46ല്‍ തിരുവിതാംകൂറില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവര്‍ 140 പെണ്‍കുട്ടികളടക്കം 499 പേരായിരുന്നു. അവരില്‍ പകുതി പേര് തിരുവിതാംകൂറിനു വെളിയിലുള്ള കോളേജുകളിലാണു പഠിച്ചിരുന്നത്.
പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ”പ്രൈമറി വിദ്യാഭ്യാസം നിര്ബന്ധിതമാകുന്നവരെ കാത്തിരിക്കാതെ നമ്മുടെ എല്ലാ കുട്ടികളെയും സ്കൂളില്‍ അയക്കുന്നതിനു നാം സംഘടിതമായ യത്നം ചെയ്യേണ്ടിയിരിക്കുന്നു. ആണ്‍കുട്ടികളുടെ മൂന്നില്‍ രണ്ടു ഭാഗം പെണ്‍കുട്ടികള്‍ മാത്രമേ സ്കൂളുകളില്‍ പോകുന്നുള്ളു സ്ത്രീ വിദ്യാഭ്യാസ വിഷയത്തില്‍ നാം കാണിക്കുന്ന കുറ്റകരമായ ഈ അനാസ്ഥ നാം ഉപേക്ഷിച്ചില്ലായെങ്കില് നമ്മുടെ സ്ത്രീകളില്‍ ഒരുഭാഗം പരിഷ്കൃത ലോകത്തിലെ അധഃകൃതരായി തീര്‍ന്നു പോകുമെന്നു നാം പ്രത്യേകം കരുതി പ്രവര്‍ത്തിക്കേണ്ടതാണ്”
ഈഴവരുടെ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യത്തെ കുറിച്ചും ആര്. ശങ്കര്‍ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറഞ്ഞു ”ഈ സംസ്ഥാനത്തെ (തിരുവിതാംകൂര്‍) പ്രധാന ഉദ്യോഗങ്ങളില്‍ അവരുടെ പങ്ക് അതിനിസ്സാരമാണ്. ഒരു ആക്ടിംഗ് ഹൈക്കോടതി ജഡ്ജി, ഒരു പേഷ്കാര്‍, ഒരു ലാ കോളേജ് പ്രൊഫസര്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി സൂപ്രണ്ട്, ഒരു ലേബര്‍ കമ്മീഷണര്‍, ഒരു അഡീഷണല്‍ ജഡ്ജി ഇവരെ കഴിച്ചാല്‍ 11 ലക്ഷം വരുന്ന ഈ സമുദായത്തിലെ അംഗങ്ങളില്‍ ഉയര്‍ന്നതെന്നു പറയാവുന്ന ഉദ്യോഗസ്ഥരായി ആരും തന്നെയില്ല. ഹജ്ജൂര്‍ സെക്രട്ടേറിയറ്റിലെ സെക്രട്ടറിമാരിലും അസിസ്റ്റന്റ് സെക്രട്ടറിമാരിലും ഒരാള്‍ പോലും ഈഴവനായിട്ടില്ല”.
ജാതി വിവേചനത്തിനും, പാര്‍ശ്വവല്‍ക്കരണത്തിനും വിധേയരായിരുന്ന ഈഴവര്‍ ശ്രീനാരായണഗുരു പകര്‍ന്നു നല്കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിദ്യ കൊണ്ട് സ്വതന്ത്രരാകുവാനും, സംഘടന കൊണ്ടു ശക്തരാകുവാനും, വ്യവസായം, കൃഷി, കൈത്തൊഴില്‍, കച്ചവടം തുടങ്ങിയവയില്‍ ആഭിമുഖ്യം ഉള്ളവരാകുകയും ചെയ്തു. അങ്ങനെ അവര്‍ കൂട്ടായ്മയിലൂടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തിയാര്‍ജ്ജിക്കുവാന്‍ തുടങ്ങിയ ചരിത്രം നമുക്കറിയാം.
സ്വതന്ത്ര ഭാരതവും ഭരണഘടനയും പുരോഗമന കേരളവും നല്കിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി അവരില്‍ ഒരുവിഭാഗം സമ്പന്നരായി, ഉദ്യോഗസ്ഥരായി, ഭൂഉടമകളായി, വ്യവസായികളും വലിയ കച്ചവടക്കാരുമൊക്കെയായി, അവരില്‍ ഭരണകൂടം നിശ്ചയിച്ച ‘ക്രിമിലെയറുമുണ്ടായി”
പക്ഷേ അപ്പോഴും തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ലാത്ത വസ്തുതകള്‍ ഈഴവരെ സംബന്ധിച്ചുണ്ട്. ബീഹാറില്‍ ജാതി സെന്‍സസ് കണ്ടെത്തിയതു പോലെ തീവ്രമായ പിന്നാക്കവസ്ഥയുള്ള ഈഴവര്‍ ഉണ്ടോ? ഈഴവരില്‍ ഭൂരഹിതര്‍ എത്ര? വീടില്ലാത്തവര്‍ എത്ര? വിദ്യാഭ്യാസ മേഖലയില്‍ കൊഴിഞ്ഞു പോകുന്നവര്‍ എത്ര? സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്ര? വിദേശത്തു ജോലി ചെയ്യുന്നവരും പഠിക്കുന്നവരും എത്ര? ഈഴവ കുടുംബങ്ങളുടെ കടബാദ്ധ്യത എത്രയാണ്? ഈഴവരുടെ ആരോഗ്യസ്ഥിതി എന്താണ്. ഈഴവരില്‍ എത്ര പേര് ജയില്‍വാസം അനുഭവിക്കുന്നു. ഏതെല്ലാം തരത്തിലുള്ള ജോലികളിലാണു അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തിയാല്‍ പിന്നാക്ക വിഭാഗങ്ങളോടു അനുഭാവമുള്ള ഏതൊരു സര്‍ക്കാരിനും അതുപോലെ സമുദായ സംഘടനകള്‍ക്കും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും.