ചരിത്രനിയോഗമുള്ള പ്രസിദ്ധീകരണം
ഒരു മാധ്യമം എന്ന നിലയിൽ ശരിയായ വിവരങ്ങളുടെ വിനിമയം സാധ്യമാക്കുക എന്നതാണ് ദൂതസ്ഥാനം എന്നതിലുള്ളത്. വിവേകപൂർവ്വമുള്ള ഉപദേശം നല്കുക, ദോഷകരങ്ങളായവയെ ന്യായമായി ചൂണ്ടിക്കാണിക്കുക എന്നിവയേയും മാധ്യമ ധർമ്മമായി സ്വീകരിച്ചു. അത്ര ദിശാബോധം വിവേകോദയത്തിനുണ്ടായിരുന്നു. യോഗനാദവും ആ മഹാപാതയിലൂടെയാണ് സഞ്ചരിച്ചത്.
എസ്.എൻ.ഡി.പി.യോഗത്തിന്റെ മുഖമാസികയായ യോഗനാദം പ്രസിദ്ധീകരണത്തിന്റെ അമ്പതാം വർഷത്തിലെത്തുമ്പോൾ, യോഗത്തിന്റെ അരനൂറ്റാണ്ടുകാലത്തെ ചരിത്രം അന്വേഷിക്കുന്നവർക്ക് ആ താളുകൾ പ്രയോജനം ചെയ്യും. യോഗത്തിന്റെ പ്രവർത്തനങ്ങൾ ബഹുജനങ്ങളിലെത്തിക്കുക എന്ന ദൗത്യത്തിനൊപ്പം സാംസ്കാരികമായ ഇടപെടലുകൾ നടത്തുക എന്ന ധർമ്മവും യോഗനാദത്തിനുണ്ട്. “വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ സംഘടനകൊണ്ട് ശക്തരാകുവിൻ എന്ന ശ്രീനാരായണഗുരുവിന്റെ പ്രബോധനവുമായി ഒറ്റ പ്രതിക്ക് ഒരു രൂപയുമായി 1975 മാർച്ചിൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച യോഗനാദത്തിന്റെ ‘പ്രസ്താവന ‘ യിൽ ഇക്കാര്യം വെളിവാക്കായിട്ടുണ്ട്.
” എസ്.എൻ.ഡി.പി യോഗത്തിന്റെ നയങ്ങളേയും പരിപാടികളേയും പൊതുജനങ്ങളെ ധരിപ്പിക്കുക, ഗവൺമെന്റിന്റെ നയങ്ങളേയും പ്രവർത്തികളേയും പറ്റി ജനങ്ങളെ ശരിയായ വിധത്തിൽ ധരിപ്പിക്കുകയും സമുദായത്തിന്റെയും മറ്റു പിന്നോക്കസമുദായങ്ങളുടെയും ആവശ്യങ്ങളും അഭിപ്രായങ്ങളും ഗവൺമെന്റിന്റെ അറിവിനും പരിഗണനയ്ക്കുമായി ശക്തിയുക്തമായ വിധത്തിൽ സമർപ്പിക്കുകയും ചെയ്യുകയാണ് യോഗനാദത്തിന്റെ മുഖ്യോദ്ദേശ്യങ്ങളിലൊന്ന്. സാഹിത്യം, വിദ്യാഭ്യാസം , വ്യവസായം, ശാസ്ത്രം, മതം, രാഷ്ട്രം ഇത്യാദി വിഷയങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ലേഖനങ്ങൾ, മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ മഹാന്മാരെപ്പറ്റിയുള്ള വിവരങ്ങൾ, സരസങ്ങളും സാരവത്തുക്കളുമായ കവിതകൾ, സജീവങ്ങളായ ചെറുകഥകൾ എന്നിവ യോഗനാദത്തിന്റെ ഓരോ ലക്കത്തിലും ഉൾപ്പെടുത്തുന്നതായിരിക്കും ” . ഈ പ്രസ്താവനയിലൂടെ ഒരു പ്രസിദ്ധീകരണം എന്ന നിലയിൽ യോഗനാദം അതിന്റെ എഡിറ്റോറിയൽ പോളിസിയാണ് പ്രഖ്യാപിച്ചത്. സമുദായത്തെ യോഗത്തിന്റെ വിവരങ്ങൾ ധരിപ്പിക്കുക എന്നതിനേക്കാൾ, “പൊതു ജനങ്ങളെ ധരിപ്പിക്കുക ” എന്നതിനാണ് ഊന്നൽ നല്കിയത്. അത്തരം കാര്യങ്ങൾ അറിയിക്കുക എന്നതിനപ്പുറം വായനക്കാരെ അറിവുള്ളവരും മനോസംസ്കാര ബലമുള്ളവരുമായി മാറ്റുക എന്ന ധർമ്മം നിറവേറ്റുക കൂടി ചെയ്യുന്നു. എല്ലാ അർത്ഥത്തിലും വിദ്യ കൊണ്ടു സ്വതന്ത്രരാകുന്ന ന്നതിനും സംഘടന കൊണ്ട് ശക്തരാകുന്നതിനും ഉതകുന്ന ഉള്ളടക്കത്തിനാണ് പ്രാധാന്യം നല്കിയത്. ആ അർത്ഥത്തിൽ ശ്രീനാരായണ ധർമ്മ പരിപാലനം തന്നെയാണ് യോഗനാദത്തിന്റെയും മാധ്യമ ധർമ്മം.
1904 മേയ് 13 ന് , അരുവിപ്പുറം ശ്രീ നാരായണ ധർമ്മ പരിപാലന യോഗം വകയായ ഒരു ദ്വൈമാസിക എന്ന വിശേഷണത്തോടു കൂടി , ഉത്തിഷ്ഠത ! ജാഗ്രത !! പ്രാപ്യവരാൻ നിബോധത !!!! എന്ന വിവേകാനന്ദസൂക്തത്തോടു കൂടി പുറത്തിറങ്ങിയ വിവേകോദയത്തിന്റെ പ്രസ്താവനയിൽ അതിന്റെ ഉദ്ദേശ്യത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് : ” യോഗസംബന്ധമായ വരവുചെലവു കണക്കുകൾ, യോഗത്തിൽ അപ്പോഴപ്പോൾ ഉണ്ടാകുന്ന നിയമങ്ങൾ , നടപടികൾ മുതലായ സംഗതികളെ എല്ലാ യോഗാംഗങ്ങളും യോഗത്തോടു മമതയുള്ളവരും അറിഞ്ഞിരിക്കുന്നതിലേക്കായി യോഗത്തിന്റെയും, അവരുടേയും മദ്ധ്യേ ഒരു ദൂതസ്ഥാനം വഹിക്കുന്നതാകുന്നു വിവേകോദയത്തിന്റെ മുഖ്യോദ്ദേശ്യം. എന്നാൽ സമുദായത്തിന്റെ യോഗക്ഷേമങ്ങൾക്കു പൊതുവിൽ ഗുണപ്രദങ്ങളായ മാർഗ്ഗങ്ങളെ വിവേകപൂർവ്വം ഉപദേശിക്കുകയും, ദോഷകരങ്ങളായവയെ ന്യായമായി ചൂണ്ടിക്കാണിക്കുകയും ആചാര പരിഷ് കരണാദികളിൽ ദൂരസ്ഥന്മാരായ സമുദായംഗങ്ങൾക്ക് തമ്മിൽ ഏക മതാനുവർത്തിത്വം , പരസ്പര സാഹായസഹകരണം ഇവയെപ്പറ്റി സമാന്യമായും സവിശേഷമായും ഉപന്യസിക്കുകയും ഐകമത്യം, സമുദായ സ്നേഹം, മതഭക്തി , സദാചാരം ഇവയെ വർദ്ധിപ്പിക്കുന്നതിനായി സമുദായത്തെ വേണ്ട പോലെ ഗുണദോഷിക്കുകയും മറ്റും ചെയ്യുന്നതിനു യോഗത്തിന്റെ ശക്തിമത്തായ ഒരു വാഗിന്ദ്രിയമായിരിക്കുക എന്നുള്ളതും ഇതിന്റെ ഉദ്ദേശ്യങ്ങളിൽ അതുപോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നാകുന്നു ” .
“വിവേകോദയം വീണു പോയാൽ യോഗത്തിന് അതിന്റെ ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്ക് പറന്നു പോകുവാനുള്ള പക്ഷം വീണു പോയി എന്നു കൂടി നാം ഭയപ്പെടേണ്ടതാകുന്നു ” എന്ന് മഹാകവി കുമാരനാശാൻ വിവേകോദയത്തിന്റെ മൂന്നാം വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് യോഗനാദത്തെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിച്ച ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.
കവിതകളും ആഖ്യായികകളും വിനോദ കഥകളും സൗകര്യം പോലെ പ്രസിദ്ധീകരിക്കുമെന്നും അതേ പ്രസ്താവനയിൽ കാണാം. ഒരു മാധ്യമം എന്ന നിലയിൽ ശരിയായ വിവരങ്ങളുടെ വിനിമയം സാധ്യമാക്കുക എന്നതാണ് ദൂതസ്ഥാനം എന്നതിലുള്ളത്. വിവേകപൂർവ്വമുള്ള ഉപദേശം നല്കുക, ദോഷകരങ്ങളായവയെ ന്യായമായി ചൂണ്ടിക്കാണിക്കുക എന്നിവയേയും മാധ്യമ ധർമ്മമായി സ്വീകരിച്ചു. അത്ര ദിശാബോധം വിവേകോദയത്തിനുണ്ടായിരുന്നു. യോഗനാദവും ആ മഹാ പാതയിലൂടെയാണ് സഞ്ചരിച്ചത്. “വിവേകോദയം വീണു പോയാൽ യോഗത്തിന് അതിന്റെ ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്ക് പറന്നു പോകുവാനുള്ള പക്ഷം വീണു പോയി എന്നു കൂടി നാം ഭയപ്പെടേണ്ടതാകുന്നു ” എന്ന് മഹാകവി കുമാരനാശാൻ വിവേകോദയത്തിന്റെ മൂന്നാം വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് യോഗനാദത്തെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിച്ച ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.
മാസികാ വ്യവസായം വലിയ പ്രതിസന്ധി നേരിടുന്ന കാലത്തും യോഗനാദത്തിന്റെ പ്രസിദ്ധികരണത്തിന് കോട്ടമൊന്നും സംഭവിച്ചില്ല. സ്ഥാപിതലക്ഷ്യങ്ങളിൽ അടിയുറച്ചു കൊണ്ട് കാലോചിതമായ മാറ്റങ്ങളെ യോഗനാദം ഉൾക്കൊണ്ടു. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ രചനകൾ ജാതിമതഭേദമെന്യേ പ്രസിദ്ധീകരിക്കുകയും ഉള്ളടക്കത്തിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തു എന്നത് നിസ്സാരമല്ല. കഥകളും കവിതകളും നോവൽ ഭാഗങ്ങളും ആഴത്തിലുള്ള പഠന നിരൂപണങ്ങളും ഗൗരവമാർന്ന വായനാ വിഭവങ്ങളാണ്. യോഗനാദം അതിന്റെ തനിമ നിലനിർത്തുമ്പോൾത്തന്നെ സമീപകാലത്തായി കൂടുതൽ ധൈഷണികവും ജനകീയവുമായ ഉള്ളടക്കം അർത്ഥവത്തായ രേഖാചിത്രങ്ങളും ഫോട്ടോകളും നല്കി കലാത്മകതയോടെ പ്രസിദ്ധീകരിക്കുന്നത് വായനക്കാരെ ആകർഷിക്കുന്നതിന് പ്രേരണയായിട്ടുണ്ട്. നിശ്ചയമായും ചരിത്ര നിയോഗമുള്ള പ്രസിദ്ധീകരണമാണ് യോഗനാദം.