വെയിലുണക്കുന്ന രഹസ്യം

അടുക്കള കോലായക്കപ്പുറം
പതിഞ്ഞിരുന്ന്
പാത്രം കഴുകുകയാണ്
അമ്മിണി.

വലിയ വായ് വട്ടത്തിൽ
ഒരേ വലിപ്പത്തിലുള്ള
കഴുകിയ പാത്രങ്ങളെല്ലാം
ഇരുമ്പു വേലിയിൽ
കൊളുത്തിയിട്ടിരിക്കുന്നു.
വെയിലേറെ തട്ടുന്നത് അവിടമാണ്.

ചേറൂറ്റണ പാത്രം
ഇത്രയുമെന്തിനാണെന്ന് ഞാൻ.

ചോദ്യം കേട്ടപ്പാടെ
അമ്മിണി ചിരി തുടങ്ങി.

അത് അമ്മയുടെ,
മറ്റേത് നാത്തൂന്റെ ,
ഇത് എന്റേത്.

ഇരുട്ട് വീഴണം
ഉമ്മറത്തെ അതിഥികളെല്ലാം
പിരിഞ്ഞ് പോണം
അപ്പോഴാണ് ഞങ്ങളിതു
മുറിക്കകത്ത് കേറ്റുക.

സൂര്യവെളിച്ചം മണ്ണിലെത്തും
മുന്നേ
ഞങ്ങളിതു കൊണ്ടിറങ്ങും.

ഞാനും മക്കളും
രാത്രിയിൽ സാധിച്ച കാര്യം
തൊടിയിലേക്ക് മറിച്ച് കളയും
വാഴക്കൂട്ടത്തിനിടയിൽ തിരുകും
സമയം പോലെ കഴുകി
വെയിലിൽ വെക്കും
ഈ മൂത്ര കൊട്ട.

ചേട്ടനെ വിളിച്ചൂടേ…..?

എണീക്കില്ല.

മൂത്രചൂരടിക്കില്ലേ……?

ഉം

സർവ്വദുഃഖങ്ങളും ചിരികളായ്
പരിവർത്തിക്കുന്ന സൂത്രവിദ്യ
എത്ര രഹസ്യമായണവർ
പാത്തു വെക്കുന്നത്.

Author

Scroll to top
Close
Browse Categories