ഗുരു നിത്യചൈതന്യയതി
മഞ്ഞണിക്കരതന്നില്‍ വാണൊരു മഹാത്മാവായ്-
കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടും കൂട്ടായിട്ടവര്‍ക്കെല്ലാം.
സഞ്ചിത സൗഭാഗ്യങ്ങള്‍ നേടുവാനായിട്ടല്ലോ
അഞ്ചിത മനോജ്ഞമായ് ലോകമൊന്നായി കാണാന്‍…
ആ മൗന മന്ദസ്മിതം തൂകുമെന്‍ ഗുരുവരന്‍-
ആനന്ദ സൗഗന്ധികപ്പൂവുകള്‍ വിരിയിക്കാന്‍,
ആരിലും സ്‌നേഹം നല്‍കാനണയും യതിവര്യന്‍,
ആത്മസാക്ഷാത്ക്കാര മന്ത്രണ മഹാശയന്‍……
പ്രകൃതീശ്വരിക്കെന്നും സല്ലാപമരുളാന്‍ യോഗ്യ-
പ്രകൃതം ആ പുംഗവ ചരിതം മഹാധന്യം,
സരളം സദാലോലം പൂവൊന്നു പറിക്കുവാന്‍,
സദയം നല്‍കാറില്ലനുവാദമൊരു കാലവും…..
സമത്വം സാഹോദര്യം പുലര്‍ത്തും സമീപനം-
നമിപ്പൂ ജനലക്ഷങ്ങളാ കര്‍മ്മ യോഗിന്ദ്രനെ,
ശാന്തിതന്‍ കവാടമായ് വളര്‍ന്നൂ ഗുരുകുലം,
സാന്ത്വനം നല്‍കാനായി നിന്നല്ലോ ധന്യാധന്യന്‍…..
നേരിനു നേരായെന്നും ചരിച്ചു സദ് പുത്രനായ്-
പാരാകെ പരന്നല്ലോ ഗുരുവിന്‍ ഗുരുകുലം,
സാരാംശമൊന്നായിടും ഏകലോകമൊന്നല്ലോ,
സാരഥീസമനായി ചമഞ്ഞു സര്‍വോത്തമന്‍…….
നിത്യനിര്‍മ്മലന്‍ ഗുരു സഞ്ചാരകലാശാലാ-
സത്തമന്‍ മഹാജ്ഞാനി വിജ്ഞാന മഹാംബുധി,
എത്തിനോക്കുന്നു ലോകരാ മഹാഗുരുവിനെ,
ചിത്തത്തില്‍ ബന്ധിക്കുവാനല്ലയോ ശിഷ്യന്മാരും…….
അറിവിന്നാകാശമാം ഗോപുരം തീര്‍ക്കുന്നൊരാ-
അറിവിന്‍ മഹാമേരുമാകുമാ ദിവ്യദേഹം,
അഴലാലെഴും ചിന്തക്കവസാനമാം വാക്കായ്,
അമരും ജനങ്ങള്‍ തന്‍ ഹൃദന്തകൂടിന്നുള്ളില്‍……………
തൂമഞ്ഞിന്‍ കുളിര്‍ചൂടുംമാസ്മര മന്ദസ്മിതം-
തൂകുന്നു മനോജ്ഞമായ് മാനസമന്ദാരങ്ങള്‍,
കൈതവം കലരാതുള്ള പൈതങ്ങള്‍ക്കെല്ലാമായി,
കൈവല്യമേകുന്നുണ്ടാ സര്‍വസംഗപരിത്യാഗി…….
അലമാലകള്‍ തിങ്ങുമാഴികള്‍ക്കലെയായ്-
അലിവാര്‍ന്നരുളുന്നുണ്ടാരിലും കൃപാവര്‍ഷം,
ചൊല്ലെഴും ലോകോത്തരവീഥികള്‍ കടന്നെത്തി,
വല്ലായ്മയെല്ലാം മാറ്റിത്തരുന്നൂ യതിവര്യന്‍……..
ശാലീനഭാവം പൂണ്ടങ്ങാരിലും കാണ്മൂ നിത്യ-
നീലിമ നിഴലിക്കും നീലവാനത്തിന്‍ കാന്തി,
ചേലെഴും ചെന്താമര പൂവുപോല്‍ പവിത്രമാം,
പാലൊളിവീശീടുമാ പാര്‍വണ മുഖബിംബം…
ആ നല്ല ഗുരുവിന്‍ ധര്‍മ്മമൊക്കെയുമനുഷ്ഠിപ്പാന്‍-
ആശ്രിതരണയേണമാ ഗുരുകുലത്തിങ്കല്‍,
ആ ദിവ്യചരണാംബുജം വന്ദിക്കുവാനായിട്ടാ,
സ്മൃതിമണ്ഡപത്തിങ്കല്‍ ചെന്നിടാം വണങ്ങിടാം.
984696423