ശൂന്യം
കടലിനെ കുറിച്ച് എഴുതിയെഴുതി
കടലാകുമെന്നു കൊതിച്ചു
അവസാനം കടല്‍ പറഞ്ഞു:
നീ വെറും ഒരു തുള്ളി ജലം മാത്രം
കാടിനെ കുറിച്ച് കഥ പറഞ്ഞുപറഞ്ഞ്
കാടുകയറാമെന്നു കരുതി
ഒടുവില്‍ കാടു പറഞ്ഞു:
നീ ഒരു വെറും പച്ചില മാത്രം
ആകാശത്തെ നോക്കി നോക്കി
ഒരു കുഞ്ഞു സൂര്യനാകാന്‍ ആശിച്ചു
അവസാനം ആകാശം പറഞ്ഞു:
നീ ഒരു നക്ഷത്രമെങ്കിലും ആകാന്‍ ശ്രമിക്കുക.
പര്‍വ്വതത്തെ കണ്ടുകണ്ട്
ഉയര്‍ന്നുയര്‍ന്നു പോകാന്‍ ആഗ്രഹിച്ചു
അവസാനം പര്‍വ്വതം പറഞ്ഞു:
്‌നീ നിന്റെ ഉയരത്തെ കുറിച്ച് ചിന്തിക്കുക.
കടലോളം ആഗ്രഹിച്ചാലേ
കടലാടിയെങ്കിലും ആകാനാവൂയെന്നും
മലയോളം ആഗ്രഹിച്ചാലേ
മണ്‍തരിയെങ്കിലും ആകാനാവുയെന്നും
മുത്തശ്ശി പറഞ്ഞത് തെറ്റായിരുന്നുവോ?
കടലും കാറ്റും മലയും ആകാശവും
എത്രനാളായി മരിക്കാതിരിക്കുന്നു!
ഈ അനശ്വരതയുടെ തിരക്കഥാകൃത്തും
സംവിധായകനും ആരാണ് ?
അപാരതയുടെ നിര്‍വ്വചനം തേടി
ഏതു പുരാണമാണ് ഇനി വായിക്കേണ്ടത്?
അനന്തതയുടെ ആഴക്കയങ്ങളിലേക്ക്
അലിഞ്ഞലിഞ്ഞ് ഞാന്‍ ശൂന്യമാകുന്നു.