ഒരു പരിസ്ഥിതിക്കവിത

പോയാണ്ടിലന്നു
പരിസ്ഥിതിനാളിലാ
ടൗൺഹാളിലെപ്പരി –
പാടികൾക്കായി നാം

പോകവേ കാറിന്റെ
മുന്നി, ലോർക്കുന്നുവോ;
പാറിവീണെന്തോ
കറുത്ത നിഴൽ പോലെ?

വണ്ടിയോടിച്ചു ഞാൻ
മുന്നോട്ടു നീങ്ങവേ
പിന്തിരിഞ്ഞൊന്നു
കണ്ണോടിച്ചു ചൊല്ലി നീ :

“കാക്കതൻ കൂടാണ്;
കുഞ്ഞുമുണ്ടാമതിൽ;
കാറിന്റെ വീലതിൻ
മേലേ കടന്നുപോയ്!”

ചൊല്ലിനേൻ :”കേറി –
യെന്നാകിലാട്ടെ; യിനി
ഇല്ലില്ല നേരം
കളയുവാനൊന്നിനും.

എന്തിനല്ലെങ്കിലി –
പ്പക്ഷികൾ വൈദ്യുത –
ക്കമ്പിയിലിങ്ങനെ
കൂടൊരുക്കീടണം?

വേറെയില്ലെന്നോ
നശിക്കുവാൻ മാർഗ്ഗങ്ങൾ;
കാറിന്റെ മുന്നിൽ –
വീണെന്തിന്നു ചാകണം!”

അങ്ങനെ വൈകാതെ –
യെത്തി നാം, നമ്മുടെ
ചങ്ങാതിമാരെയും
കണ്ടു; ചടങ്ങിന്റെ

പ്രൗഢിയിൽ ഭാഗഭാ –
ക്കായതിന്നാഹ്ലാദ –
മോടെ മടങ്ങവേ
കണ്ടു നാം പിന്നെയു-

മാ കുഞ്ഞു കാക്കയു;
മൊപ്പമാ വർഗ്ഗത്തിൻ
ഖേദപ്രതിഷേധ –
കോലാഹലങ്ങളും!

അന്നു ലഭിച്ചതാം
പ്ലാവിന്റെ തൈയെടു-
ത്തൊന്നെറിഞ്ഞേ;
നവയൊക്കെപ്പറന്നുപോയ്!

ആ കാഴ്ചയും രസി-
ച്ചാസ്വദിച്ചങ്ങനെ
ആ ദിനം നാമർത്ഥ –
പൂർണ്ണമാക്കീലയോ !

ഈ വർഷം വീണ്ടും
പരിസ്ഥിതിനാളിലെ
ആഘോഷം കൂടാ-
നിറങ്ങുന്ന വേളയിൽ

ഓർത്തുപോയിക്കഥ;
കാറിന്റെ മുന്നിൽ വീ-
ണാത്മഹത്യക്കിന്നു
കാക്കയോ? നായയോ!

എന്താകിലും കൂടു-
കൂട്ടുവാൻ വൈദ്യുത –
ക്കമ്പിയുണ്ടെന്നതീ
കാക്കതൻ നേട്ടമാം !
9349939333

Author

Scroll to top
Close
Browse Categories