വരാതിരിക്കാനൊരു കത്ത്
നീ ശ്രദ്ധിച്ചിട്ടുണ്ടോ..?
അടിച്ചൊറപ്പിച്ചൊരു
സ്ഥിരദൂരത്തിലെ നമ്മള് ഭ്രമണം ചെയ്തിട്ടൊള്ളു,
ഒരിക്കലുമങ്ങ് ചേരാനായിട്ടില്ല.
എന്തോ… ഒരകലം,
ഉള്ളിലേക്കിത് എപ്പോ തറച്ചാവോ…?
ചോദിച്ചാ
വേണോന്നോ വേണ്ടാന്നോ പറയാത്ത
വിശപ്പില്ലാത്ത-മടുപ്പില്ലാത്ത
പറഞ്ഞാ പാതി തിരിയാത്ത
കറുത്തിട്ടല്ലാത്ത-വെളുത്തിട്ടല്ലാത്ത
കുടവയറില്ലാത്ത.
രാത്രിയുടെ നിറമുള്ള പിരിഞ്ഞമുടിക്കാരന്
എപ്പോ വേണേലും പുജ്യത്തിന്നു തുടങ്ങാന്‍
മനക്കടുപ്പമുള്ളവന്
ഒരു വട്ടത്തിലും സ്ഥിരമായി നില്ക്കാത്തവന്
ഒന്ന് മിണ്ടാതായ അപരിചിതനാവുന്ന-
എന്നാ എപ്പഴും ചിരിക്കുന്ന
പ്രീയപ്പെട്ടവനെ….
നിന്റെ മുഖ ലക്ഷണം
ഇട്ട തുണി
കൂട്ടിയ മീന്‍
റേഷന്‍
എക്സൈസ് ജീപ്പിന്റെ വരവും പോക്കും, ബാക്കി-
നാട്ടിലെ ജാമ്യമില്ലാത്ത ഹറാമുകളുടെയുമൊക്കെ
ഭാരം കൊരുത്ത് നിന്നെ കുത്തുമ്പളും
നീ ചിരിക്കും.
ഞാന്‍ കോണ്ടെന്റ് ഉണ്ടാക്കാന്‍
നിന്നെ പുറം കാലിന് തൊഴിച്ചിരുന്നു
പിന്നാലെ വന്ന് പരിഹസിച്ചിരുന്നു
എനിക്കെന്തിന്റെ വെരകുത്തലാര്ന്നു..!
അറിയില്ല,
ഞാനെന്തിനാണീ ജന്തുവിനെ
മേലുപദ്രവിച്ചത് ?
അറിയില്ല,
ആരാണ് ഇതിനൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചത്?
അതും,
എടാ..
നാളെയെന്റെ പേരെക്കേറിക്കൂടലാണ്,
സ്കൂള്പ്പടിക്ക് പുറത്തുന്ന്
വിളിക്കാന്‍ നീ മാത്രേ ഒള്ളു,
പക്ഷേ വേണ്ട,
നീ വരണ്ടാ…
‘നീ ഉള്ളപ്പോ ഞങ്ങക്ക് തമാശയൊന്നും പറയാനൊക്കില്ല’.
നീ വരില്ലെന്ന് പ്രതീക്ഷിക്കുന്നു.
എന്ന്,
നിന്റെ പ്രീയപ്പെട്ടവന്.
ഒപ്പ്
7510897742
[email protected]