വഖഫ് കേസ് :ആരെയും ഇറക്കി വിടാനാകില്ല ഐക്യദാര്‍ഢ്യവുമായി യോഗം
വൈപ്പിന്‍: മുനമ്പം, പള്ളിപ്പുറം, ചെറായി പ്രദേശങ്ങളിലെ തീരമേഖലയില്‍ നിന്ന് 600ല്‍പ്പരം കുടുംബങ്ങളെ കുടിയിറക്കാനുള്ള വഖഫ് ബോര്‍ഡ് നീക്കം നടക്കില്ലെന്നും കുടിയിറക്ക് 1957ലെ സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചിട്ടുള്ളതാണെന്നും എസ്.എന്‍.ഡി.പി യോഗം ലീഗല്‍ അഡ്വൈസർ അഡ്വ.എ.എൻ രാജന്‍ബാബു പറഞ്ഞു.
വഖഫ് കേസിലെ ഇരകളായ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്.എന്‍.ഡി.പി യോഗം വൈപ്പിന്‍ യൂണിയനും മുനമ്പം ശാഖയും ചെറായി ദേവസ്വംനടയില്‍ നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ഫറൂക്ക് കോളേജിന് 33 ലക്ഷം രൂപ നൽകി തീറ് വാങ്ങിയ സ്ഥലത്തിന് വഖഫ ബോര്‍ഡ് ഉടമസ്ഥാവകാശം ഉന്നയിക്കുന്നത് നീതിയല്ലെന്നു രാജന്‍ബാബു പറഞ്ഞു.
വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ബി. ജോഷി, മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ വലിയ പറമ്പില്‍, യോഗം ബോര്‍ഡ് മെമ്പര്‍ കെ.പി. ഗോപാലകൃഷ്ണന്‍, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലക്കല്‍, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് വി.വി. അനില്‍ എന്നിവര്‍ സംസാരിച്ചു. ശാഖാ പ്രസിഡന്റ് കെ.എന്‍. മുരുകന്‍ സ്വാഗതവും സെക്രട്ടറി രാധനന്ദനന്‍ നന്ദിയും പറഞ്ഞു. ഗൗരീശ്വരത്ത് നിന്ന് ദേവസ്വംനടയിലേക്ക് നടത്തിയ പ്രകടനത്തില്‍ നൂറ് കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
നിരാഹാര സമരം
വൈപ്പിന്‍: വഖഫ് വിഷയത്തില്‍ റവന്യൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറായി, മുനമ്പം നിവാസികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. മുനമ്പം ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില്‍ നിരാഹാര സത്യാഗ്രഹം വികാരി. ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. കുറുപ്പശ്ശേരി ജോസഫ് ബെന്നി, കല്ലിങ്കല്‍ ബെന്നി, ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ഇ.എസ്. പുരുഷോത്തമന്‍, ജോണ്‍പോള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജി അയില്‍, സെബാസ്റ്റ്യന്‍ റോക്കി പാലയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.