അനാചാരങ്ങളെ പൊട്ടിച്ചെറിയാന്‍ ഗുരു വഴികാട്ടി

“ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ വിപ്ലവം ലോകത്തിന് മാതൃകയാണ്. അതിനു കരുത്തായത് ഗുരുവിലെ ഈശ്വരചൈതന്യമായിരുന്നു. ഗുരുവിന്റെ വാക്കുകളിലും ഓരോ സ്പര്‍ശത്തിലും അനിവര്‍വചനീയമായ ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിയാം”- ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിക്കുന്നു

ശിവഗിരി: അനാചാരങ്ങളുടെ കരിങ്കല്‍ക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് അന്തസ്സോടെ ജീവിക്കാന്‍ നമുക്ക് വഴികാട്ടിയത് ശ്രീനാരായണഗുരുവാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരു ഈ ഭൂമിയില്‍ അവതരിച്ചിരുന്നില്ലെങ്കില്‍ ഇന്നും അനാചാരങ്ങളുടെയും അടിമച്ചങ്ങലകളുടെയും പിടിയില്‍ നിന്ന് കേരളത്തിന് മോചനം കിട്ടുമായിരുന്നില്ല.

92-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ഒരു തുള്ളി ചോര പോലും പൊടിയാതെ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ വിപ്ലവം ലോകത്തിന് മാതൃകയാണ്. അതിനു കരുത്തായത് ഗുരുവിലെ ഈശ്വരചൈതന്യമായിരുന്നു. ഗുരുവിന്റെ വാക്കുകളിലും ഓരോ സ്പര്‍ശത്തിലും അനിവര്‍വചനീയമായ ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിയാം. ദൈവം ഒരു ശക്തിയാണ്. നമ്മുടെ അകത്തും പുറത്തും നിറഞ്ഞിരിക്കുന്ന ശക്തി. ആ ശക്തിയെ അറിഞ്ഞവരാണ് സത്യദര്‍ശികളും ഗുരുക്കന്മാരും. ശ്രീനാരായണഗുരുവും സത്യദര്‍ശിയാണ്. ഈ ബ്രഹ്മസ്വരൂപമാണ് ഗുരുവിലെ ഈശ്വരീയത. ദൈവിക സാന്നിദ്ധ്യത്തെ അനുഭവിച്ച് അറിഞ്ഞതുകൊണ്ടാണ് നാമെല്ലാവരും ഗുരുദേവനെ ഈശ്വരനായി ആരാധിക്കുന്നത്. മറ്റേതൊരു മൂര്‍ത്തിയെയും പോലെ നമ്മുടെ ആരാധനാമൂര്‍ത്തിയാണ് ശ്രീനാരായണഗുരു. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സനാതനധര്‍മ്മപ്രകാരം എന്തിലും ഏതിലും ദൈവാംശമുണ്ട്. ”തത്വമസി” – അത് നീയാകുന്നു എന്നാണ് വേദം പറയുന്നത്. നിര്‍വചനങ്ങള്‍ക്ക് അതീതനാണ് ശ്രീനാരായണഗുരു. വിശാലവും അഗാധവുമാണ് ഗുരുവിന്റെ ദര്‍ശനം. അത് അറിയാന്‍ കൂടിയാണ് ശിവഗിരി തീര്‍ത്ഥാടനം.

ഗുരു പ്രതിമ ഉടനെന്ന്
മുഖ്യമന്ത്രിയുടെ ഉറപ്പ്


കൊല്ലം: കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരു പ്രതിമ എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. ശിവഗിരിയിൽ മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോൾ വെള്ളാപ്പള്ളി നടേശൻ സാംസ്കാരിക സമുച്ചയത്തിൽ ഗുരു പ്രതിമ വൈകുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
2023 മേയ് 4ന് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നപ്പോൾ ഗുരുവുമായി യാതൊരു സാമ്യവുമില്ലാത്ത പ്രതിമയാണ് സ്ഥാപിച്ചിരുന്നത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ശില്പിയെ കണ്ടെത്താനും പ്രതിമ നിർമ്മാണം നിരീക്ഷിച്ച് പൂർണത ഉറപ്പാക്കാനും പ്രത്യേക സമിതിയെ നിയോഗിച്ചെങ്കിലും നടപടികൾ വൈകുകയായിരുന്നു.

തീര്‍ത്ഥാടനത്തിന് അനുമതി നല്‍കുമ്പോള്‍ ഭക്തിക്കൊപ്പം മനുഷ്യജീവിതത്തില്‍ അന്തസ്സും സമാധാനവും സാമ്പത്തിക ഭദ്രതയും വിജ്ഞാനവും വ്യവസായ പുരോഗതിയും കൈവരിക്കാന്‍ കഴിയുന്ന രീതിയിലെ അഷ്ടലക്ഷ്യങ്ങളും പഞ്ചശുദ്ധിയുമാണ് മുന്നോട്ടു വച്ചത്. ആ ഉപദേശങ്ങള്‍ പിന്തുടരുന്നവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പുരോഗതി മാത്രമെ ഉണ്ടായിട്ടുള്ളു. സംഘര്‍ഷാത്മകമായ ലോകത്തിനു മുന്നില്‍ ഗുരുദര്‍ശനം സിദ്ധൗഷധമാണ്.
ഗുരുവിലെ ഈശ്വര ചൈതന്യം, അതു നിറഞ്ഞു തുളുമ്പുന്ന ശിവഗിരിക്കുന്നിലെ മണ്ണില്‍ നില്‍ക്കുമ്പോള്‍ തൊട്ടറിയാം. ജീവശ്വാസത്തില്‍ പോലും അനുഭവിക്കാം. ജാതി, മത, കാലദേശഭേദമന്യേ ഓരോ മനുഷ്യനും ആ ചൈതന്യത്തിന്റെ സൗരഭ്യം നുകരാനാവണം. ശിവഗിരി തീര്‍ത്ഥാടനത്തെയും അതിന്റെ സന്ദേശത്തെയും ഗുരുവിന്റെ ഈശ്വരീയതയെയും ലോകത്തിനു മുന്നിലെത്തിക്കാന്‍ നമുക്കൊരുമിച്ച് പരിശ്രമിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച ‘ഗുരുവും ഗുരുദേവനും’ പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മന്ത്രി വി.എന്‍. വാസവന്‍ നല്‍കി നിര്‍വഹിക്കുന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ സമീപം.
എസ് .എൻ.ഡി. പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നയിച്ച ശിവഗിരി-ഗുരുകുലംതീർത്ഥാടന പദയാത്ര ശിവഗിരിയിൽ എത്തിയപ്പോൾ. ഗുരുവിന്റെ പാദസ്പർശങ്ങളാൽ പവിത്രമായ ചേവണ്ണൂർ കളരിയിൽ നിന്നും സ്വാമി വിശുദ്ധാനന്ദയുടെനേതൃത്വത്തിൽ സമാരംഭം കുറിച്ച പദയാത്രയെവിവിധ യൂണിയനുകളിൽ നിന്നുള്ളപ്രവർത്തകർ അനുധാവനം ചെയ്തു.

യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരുവനന്തപുരം ജില്ലയിലെ യൂണിയന്‍ നേതാക്കളും ശാഖാ നേതാക്കളും ഗംഭീര സ്വീകരണം നല്‍കി.
എസ്.എന്‍.ഡി.പി യോഗം ചിറയിന്‍കീഴ് യൂണിയന്‍ പ്രസിഡന്റ് സി. വിഷ്ണുഭക്തന്‍, ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം. ആറ്റിങ്ങല്‍ യൂണിയന്‍ പ്രസിഡന്റ് എസ്. ഗോകുല്‍ദാസ്, യോഗം കൗണ്‍സിലര്‍ വിപിന്‍രാജ്, ആര്യനാട് യൂണിയന്‍ പ്രസിഡന്റ് വിരണകാവ് സുരേന്ദ്രന്‍, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്‍, പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക യൂണിയന്‍ പ്രസിഡന്റ് ഡി. പ്രേംരാജ്, സിനില്‍മുണ്ടപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ച് പ്രസാദവും വാങ്ങിയാണ് വെള്ളാപ്പളളി നടേശന്‍ മടങ്ങിയത്.

Author

Scroll to top
Close
Browse Categories