ശിവഗിരി തീര്‍ത്ഥാടനം:പ്രഭാഷണ പരമ്പരയും വിശേഷാല്‍ ഗുരുപൂജയും
ശിവഗിരി : ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 ന് ആരംഭിച്ച് ജനുവരി 5 ന് അവസാനിക്കും. ആദ്യ ദിവസം രാവിലെ 4.30 ന് ശിവഗിരി പര്‍ണ്ണശാലയില്‍ സന്യാസിമാരുടേയും ബ്രഹ്മചാരികളുടേയും നേതൃത്വത്തില്‍ സമൂഹശാന്തിഹവന യജ്ഞം നടക്കും. തുടര്‍ന്ന് ശാരദാമഠത്തിലെ വിശേഷാല്‍ പൂജയ്ക്ക് ശേഷം മഹാസമാധി സന്നിധിയില്‍ സന്യാസി ശ്രേഷ്ഠന്‍മാരുടെ ആഭിമുഖ്യത്തില്‍ അഷ്ടോത്തര ശതനാമാവലി, പുഷ്പാര്‍ച്ചന എന്നിവ നടക്കും.
4 മണിയ്ക്ക് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നടക്കും. ദിവസവും വിശേഷാല്‍ ശാശ്വത മഹാഗുരുപൂജ സംഘടിപ്പിക്കും.
പതിനഞ്ചിന് ശേഷം നിത്യേന 11 മണിയ്ക്ക് ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കി പ്രഭാഷണം ഉണ്ടായിരിക്കും.
ശിവഗിരി തീര്‍ത്ഥാടനം നവതി, ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരി സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദി, മഹാകവി കുമാരനാശാന്‍റെ 150-ാം ജയന്തി എന്നിവ പരിഗണിച്ച് വിശേഷാല്‍ പരിപാടികളുണ്ട്. അനാചാരങ്ങളിലേയ്ക്കും അന്ധവിശ്വാസങ്ങളിലേയ്ക്കും വഴുതി പോയ സമൂഹത്തിന് ശാസ്ത്രീയ മാര്‍ഗം ചൂണ്ടിക്കാട്ടുന്നതിന് പര്യാപ്തമായ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും തീര്‍ത്ഥാടന ഭാഗമായി നടക്കുന്നു.
മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേയ്ക്കും യുവാക്കളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന പരിതസ്ഥിതിയില്‍ അതിനെതിരെ ബോധവത്ക്കരണം നല്‍കുന്നതിനാവശ്യമായ പരിപാടികള്‍ പ്രത്യേകമായി നടത്തുന്നു.
മഹാഗുരുപൂജ , പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി കുട്ടികളുടെ വിദ്യാഭ്യാസ വര്‍ദ്ധനവിന് വേണ്ടി പേന പ്രസാദമായി നല്‍കിക്കൊണ്ടുള്ള ശാരദാപൂജ, മഹാശാന്തി ഹവനം എന്നിവ നടത്തും.
ഡിസംബര്‍ 20 മുതല്‍ 25 വരെ രാവിലെ 10 മുതല്‍ ഗുരുദേവകൃതികളേയും മേല്‍പ്പറഞ്ഞ വിഷയങ്ങളേയും ആസ്പദമാക്കി പ്രഭാഷണങ്ങളും പഠനക്ലാസ്സുകളും നടക്കും.
ഗുരുദേവനുപദേശിച്ച തീര്‍ത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി അതാത് വിഷങ്ങളില്‍ പ്രാഗത്ഭ്യം നേടിയവരുടെ പ്രഭാഷണങ്ങളും സമ്മേളനങ്ങളും നടക്കും. ഔദ്യോഗികമായ തീര്‍ത്ഥാടന പദയാത്ര നാഗമ്പടം ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കുന്നതാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമായി തീര്‍ത്ഥാടന പദയാത്രകള്‍ ഡിസംബര്‍ 29 ന് ശിവഗിരിയില്‍ എത്തിച്ചേരും.