വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ
അടിസ്ഥാനത്തില്‍
ഗോകുലം ഗോപാലന്റെ
വക്കീല്‍ അയച്ച
മാനനഷ്ട കേസിനുള്ള മറുപടി

സര്‍,

താഴെ പ്രത്യേകം സമ്മതിക്കുന്നതൊഴിച്ച് താങ്കളുടെ നോട്ടീസിലെ എല്ലാ ആരോപണങ്ങളും പ്രതിപാദ്യങ്ങളും പാടെ നിഷേധിക്കുന്നു. വക്കീല്‍ നോട്ടീസ് അയക്കുന്നതിനു ശരിയായുള്ള നിര്‍ദ്ദേശങ്ങളല്ല താങ്കളുടെ കക്ഷി നില്‍കിയിട്ടുള്ളത്.

നോട്ടീസിലെ ഒന്നാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എനിക്കറിവുള്ളതല്ല. താങ്കളുടെ കക്ഷി ആര്‍ജ്ജവവും സത്യസന്ധതയുമുള്ള അന്തസ്സുറ്റ ഒരു ബിസിനസ്സുകാരനാണെന്നുള്ള അവകാശവാദം താഴെപ്പറയുന്ന കാരങ്ങളാലും മറ്റും ശരിയല്ല. ആയതു നിഷേധിക്കുന്നു. അക്കാരണത്താല്‍ തന്നെ കേരളത്തിലെ പൊതുജനം മുമ്പാകെയും തെക്കെ ഇന്ത്യയിലെ സിനിമാ ലോകത്തും ബിസിനസ് ലോകത്തും താങ്കളുടെ കക്ഷിക്കു വലിയ മതിപ്പും അംഗീകാരവും, പ്രശസ്തിയും പരന്നിട്ടുണ്ടെന്ന അവകാശവാദവും ശരിയല്ല. ആയതും പാടെ നിഷേധിച്ചു കൊള്ളുന്നു.

താങ്കളുടെ നോട്ടീസ്സില്‍ 2ഉം 3ഉം ഖണ്ഡികകളില്‍ ഞാന്‍ പറഞ്ഞതായി കാണിച്ചിരിക്കുന്ന കാര്യങ്ങള്‍ കേരളത്തില്‍ പൊതുവേ താങ്കളുടെ കക്ഷിയെക്കുറിച്ചു ധരിച്ചു വച്ചിട്ടുള്ളതും ആവക കാര്യങ്ങള്‍ ഒരുസമുദായ നേതാവുംപൊതുപ്രവര്‍ത്തകനും എന്ന നിലയില്‍ പൊതുതാല്പര്യാര്‍ത്ഥം, പൊതുജന നന്മയ്ക്കും ആയി യാതൊരു ദുരുദ്ദേശമോ വൈരാഗ്യമോ ഇല്ലാതെ താങ്കളുടെ കക്ഷി പൊതുജനങ്ങളോടും വ്യക്തികളോടും ഇടപെട്ടിട്ടുള്ള പ്രവര്‍ത്തനരീതി പ്രസിദ്ധപ്പെടുത്തിയിട്ടുളള വിവിധ ലേഖനങ്ങളില്‍ നിന്നും ഇരകളായവരുടെയും പ്രസ്ഥാനങ്ങളുടെയും ശിവഗിരി സന്യാസിമാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ പരസ്യമായി പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ഉത്തമ വിശ്വാസത്തോടു പറഞ്ഞിട്ടുള്ളതാണ്. ആയതു താങ്കളുടെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല. മുമ്പേ തന്നെ മേല്‍ പറഞ്ഞ പ്രസിദ്ധീകരണങ്ങളാലും പ്രസ്താവനകളാലും ഉണ്ടായിട്ടുള്ള അപകീര്‍ത്തിയെക്കാള്‍ കൂടുതല്‍ അപകീര്‍ത്തിപ്പെടുന്നത് അല്ല .നേരത്തെ താങ്കളുടെ കക്ഷിയെക്കുറിച്ചു വന്ന പരസ്യ പ്രസ്താവനകള്‍ പൊതുജന നന്മയായി ഉദ്ദേശ ശുദ്ധിയോടെ ആവര്‍ത്തിച്ചു പറയുക മാത്രമാണ് ചെയ്തിട്ടുളളത്. പൊതുജനത്തിന്റെ ദൃഷ്ടിയില്‍ താങ്കളുടെ കക്ഷിയെക്കുറിച്ചുള്ള മതിപ്പും, അംഗീകാരത്തിനു നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ കോട്ടം വരുത്തുന്നതിനായി യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു. എനിക്കു ഈ കാര്യത്തില്‍ യാതൊരു വ്യക്തി താല്പര്യവും ഇല്ല. ആയതിനാല്‍ എന്റെ പ്രസ്താവനകള്‍ താങ്കളുടെ കക്ഷിക്കു അപകീര്‍ത്തികരവും മാനനഷ്ടവും ആണെന്നുള്ള അവകാശവാദം ശരിയല്ല, നിലനില്‍ക്കുന്നതും അല്ല. താങ്കളെ എസ്.എന്‍.ഡി.പി. യോഗത്തില്‍ നിന്നും സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിനും യോഗതാല്പര്യ വിരുദ്ധ പ്രവര്‍ത്തനത്തിനും യോഗം കൗണ്‍സില്‍ 7 കൊല്ലത്തേയ്ക്ക് സസ്പെന്റ് ചെയ്തിരുന്നതും പലവിധ കേസ്സുകള്‍ ആയതിനെതിരെ ഹൈക്കോടതി വരെ ഫയല്‍ ചെയ്തെങ്കിലും നടപടികള്‍ ശരിവച്ചു. അവയെല്ലാം കോടതികള്‍ തളളുകയാണുണ്ടായത്.

5-ാം ഖണ്ഡികയില്‍ താങ്കളുടെ കക്ഷിയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിക്കാതെയും ആരായുകയും ചെയ്യാതെയാണ് പരാമര്‍ശങ്ങള്‍ പറഞ്ഞതു എന്നതു ശരിയല്ല. ഗോകുലം ഗ്രൂപ്പ് ചിട്ടികളും ഫൈനാന്‍സ് സ്ഥാപനനിയമ പ്രകാരം അല്ല. എല്ലാ ചിട്ടികള്‍ക്കും ആറാം തവണ വരെ കുറിയിടുന്നില്ല. ആറാം തവണ കഴിഞ്ഞാലെ ചിട്ടിപിടിക്കാന്‍ പറ്റുകയുള്ളു. അതുവരെ ചിട്ടിക്കാര്‍ പണം വേണമെങ്കില്‍ പറയുന്ന പലിശയ്ക്ക് കടം താങ്കളുടെ കക്ഷിയുടെ സ്ഥാപനത്തില്‍ നിന്നും വാങ്ങേണ്ടി വരും. ഇടയ്ക്ക് പൊഴിഞ്ഞു പോകുന്നവരെ ചേര്‍ത്തു പുതിയ കുറി തുടങ്ങുമ്പോള്‍ ആയതിനു സര്‍ക്കാരിനുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റ് ചെയ്യാതെ നൂറു കണക്കിനു ചിട്ടികള്‍ അനധികൃതമായി നടത്തുന്നു.
”പി. സുഗതന്‍ തന്റെ അനുഭവം ‘പലിശ രാജയുടെ ക്രൂരകൃത്യങ്ങള്‍’ ഗോകുലം ഗോപാലന്‍ എന്റെ കുടുംബത്തെ വഴിയാധാരമാക്കി” എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

അനുഭവം: ലേഖനത്തില്‍
താഴെ പറയും പ്രകാരം വിവരിച്ചിരിക്കുന്നു.

”തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡു നേടിയ വ്യക്തിയാണ് ഞാന്‍. പുളിമാത്ത് പഞ്ചായത്തിലെ മികച്ച കര്‍ഷകനായി എന്നെ തിരഞ്ഞടുത്തിരുന്നു. ഗോകുലം ചിറ്റ്സ് ഫൈനാന്‍സില്‍ നിന്നും വായ്പയെടുത്ത നാള്‍ മുതല്‍ തുടങ്ങിയതാണ് എന്റെ ദുരിതം. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ നിന്നും ലഭിച്ച 50,000/- രൂപ ഗോകുലം ചിട്ടി കമ്പനി ഉടമ ഗോപാലന്‍ കൈപ്പറ്റി. 4 ഏക്കര്‍ 79 സെന്റ് ഭൂമിയില്‍ ഡയറി ഫാം തുടങ്ങാനായിട്ടാണ് ഗോകുലം ചിറ്റ്സ് ഫണ്ടിന്റെ തിരുവനന്തപുരം ശാഖാ മുഖാന്തരം 6% പലിശയില്‍ 25 ലക്ഷം രൂപ കാര്‍ഷിക വായ്പയായി എടുത്തത്. 18-08-2005 ല്‍ 4 ഏക്കര്‍ 79 സെന്റിന്റെ സ്ഥലത്തിന് ഒറ്റിയാധാരം എഴുതിക്കൊടുത്തു. 25 ലക്ഷം രൂപ അടച്ചു വസ്തുവിന്റെ ആധാരവും ഒഴിവു കുറിയും ആവശ്യപ്പെട്ടപ്പോള്‍ പലിശ ഇനത്തില്‍ 25 ലക്ഷം രൂപ അടയ്ക്കണം. ഒടുവില്‍ ഞാനറിയാതെ ഗോകുലം ഗോപാലന്‍ സാര്‍ മറ്റൊരാള്‍ക്കു സ്ഥലം വിറ്റു ആധാരം രജിസ്റ്റര്‍ ചെയ്തു. വസ്തു ലഭിച്ച പ്രദീപ് കുമാര്‍ എന്ന വ്യക്തി എന്റെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനെത്തി. ചുരുക്കത്തില്‍ ജീവിതം വഴി മുട്ടി നില്‍ക്കുന്ന എന്റെ കുടുംബം ആത്മഹത്യ ചെയ്യാതിരി ക്കുന്നത് ഗുരുദേവന്റെ ശക്തി കൊണ്ടാണ്. എന്റെ ജീവിതം തകര്‍ത്ത ഗോകുലം ഗോപാലന്‍ സാറിന്റെ ചിട്ടി സ്ഥാപനത്തിന്റെ ഉയര്‍ച്ച ഇത്തരം ചതിപ്രയോഗങ്ങളില്‍ കെട്ടിപ്പൊക്കിയെടുത്തതാണെന്ന് എന്റെ ജീവിതം തന്നെ തെളിവ്”.

താങ്കളുടെ കക്ഷിയുമായി ബന്ധപ്പെട്ട പി. സുഗതന്റെ അനുഭവം ഇതാണെന്നു അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്നും എനിക്കു മനസ്സിലായി.
”ചെന്നൈ യൂണിയന്‍ കൗണ്‍സില്‍ അംഗം ആയിരുന്ന എസ്. ചന്ദ്രബാബു ‘ഗോകുലം ഗോപാലന്‍ ചെന്നൈയില്‍ തട്ടിയെടുത്തത് ശിവഗിരിയുടെ 350 കോടി എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തില്‍ നിന്ന് :

ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ശിവഗിരിയുടെ അധീനതയിലുള്ള ശ്രീനാരായണ മിഷന്റെ 350 കോടിയുടെ സ്വത്ത് കഴിഞ്ഞ 9 വര്‍ഷമായി സ്വന്തം പോക്കറ്റില്‍ ഒതുക്കി അപഹരിച്ചു കൊണ്ടിരി ക്കുന്ന ഗോകുലം ഗോപാലനെ കാത്തിരിക്കുന്നതും ഗുരുശാപത്തിന്റെ നരകക്കുഴി തന്നെ. ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് വ്യാപാര കേന്ദ്രമായ വെസ്റ്റ് മാമ്പലത്ത് ഒരു ഏക്കറില്‍ സീനിയര്‍ സെക്കന്ററി സ്‌ക്കൂള്‍ ആന്റ് ജൂനിയര്‍ കോളേജും ശ്രീപെരുമ്പത്തൂരില്‍ പത്തര ഏക്കര്‍ ഭൂമിയും ഉള്‍പ്പെടുന്ന ശ്രീനാരായണ മിഷന്റെ 350 കോടിയുടെ സ്വത്തു വഹകള്‍ ഇന്ന് ഭരിക്കുന്നത് ഗോകുലം ഗോപാലനാണ്. ആസൂത്രിതമായാണ് ശിവഗിരിയുടെ സ്വത്ത് അദ്ദേഹം തട്ടിമാറ്റിയത്. മിഷന് ആസ്തിയായപ്പോള്‍ ഗോപാലന്‍ ഒരു സാധാരണ അംഗമായി ചേര്‍ന്നു. വളരെ സാവധാനത്തില്‍ ഭരണത്തില്‍ പിടിമുറുക്കിയ ഗോപാലന്‍ ശ്രീനാരായണ മിഷന്റെ യഥാര്‍ത്ഥ അവകാശികളായ ശിവഗിരി സന്ന്യാസിമാരെ ഭരണ ചുമതലയില്‍ നിന്നും അകറ്റി. സ്വന്തം ആജ്ഞാനുവര്‍ത്തികളെ ലൈഫ് മെമ്പറും എക്സിക്യൂട്ടീവ് മെമ്പറുമൊക്കെയാക്കി ഭരണം സ്വന്തം വരുതിയിലാക്കി. അങ്ങനെ ധര്‍മ്മസംഘം ട്രസ്റ്റ് സന്യാസിമാര്‍ ശ്രീനാരായണ മിഷനില്‍ നിന്നും പുറത്ത്. പകരം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ സന്ന്യാസിമാര്‍ കോടതിയിലെത്തി. ഇപ്പോള്‍ കേസ് നടക്കുന്നത് ചെന്നൈ ഹൈക്കോടതിയില്‍. എന്നാല്‍ ഈയടുത്ത നാള്‍ വരെ ഗോകുലം ഗോപാലന്‍ ശിവഗിരി ഉപദേശക കമ്മിറ്റി അംഗവുമായിരുന്നു.

ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമിയുടെ ശാപ
വാക്കുകള്‍ ഗോപാലന്‍ നേരിട്ടത് ചിരിച്ചു കൊണ്ട്

ശിവഗിരിയെ രക്ഷിക്കാന്‍ കോടികളുടെ പ്രോജക്ടിനെപ്പറ്റി വാതോരാതെ മൈക്ക് കെട്ടി മീറ്റിംഗുകളില്‍ ഘോരഘോരം പ്രസംഗിക്കുന്ന ഗോകുലം ഗോപാലന്‍ ശിവഗിരിയുടെ സ്വത്തിനു വേണ്ടി ധര്‍മ്മസംഘം ട്രസ്റ്റിനെതിരെ ചെന്നൈ കോടതിയില്‍ കേസു വാദിക്കുന്നത് കേരളത്തില്‍ മൂടിവെക്കപ്പെട്ട പരമരഹസ്യമാണ്. എത പേര്‍ക്കറിയാം ഗോപാലന്‍ ശിവഗിരിയിലെ സ്വത്ത് അടിച്ചു മാറ്റാന്‍ ശ്രമിക്കുന്ന കളളനാണെന്ന കാര്യം,. ഒരിക്കല്‍ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ഒരു യോഗത്തില്‍ പങ്കെടുക്കവേ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഗോകുലം ഗോപാലനോട് ഞങ്ങളുടെ സ്ഥാപനം കൈവശം വച്ചു കൊണ്ടിരിക്കുന്ന കാലമത്രയും നിങ്ങള്‍ നശിക്കുകയേയുളളു എന്നു പറഞ്ഞത് ഏറെ ഹൃദയവേദനയോടെയാണ്. ചെമ്പഴന്തിയില്‍ വയല്‍ വാരം വീടിന്റെ സംരക്ഷണ മന്ദിരം ഉദ്ഘാടനം നടന്നതിന്റെ പിറ്റെ ദിവസം ശിവഗിരിയില്‍ ഗോകുലം ഗോപാലന്‍ പങ്കെടുത്ത യോഗത്തില്‍ ചെന്നൈ ശ്രീനാരായണ മിഷനെതിരെയുള്ള കേസ് ചര്‍ച്ചാ വിഷയമായി. ഗോപാലന്റെ ചെയ്തികളെ രൂക്ഷമായി സന്ന്യാസിശ്രേഷ്ഠര്‍ വിമര്‍ശിച്ചു. 350 കോടിയുടെ ചെന്നൈയിലെ ശിവഗിരിയുടെ സ്വത്ത് അപഹരിച്ചതിന്റെ പാപക്കറ കഴുകിക്കളയാനാണ് ഗോകുലം ഗോപാലന്‍ ചെമ്പഴന്തിയില്‍ സംരക്ഷണ മണ്ഡപം നിര്‍മ്മിച്ചതെന്ന് സ്വാമി ഫല്‍ഗുണാനന്ദ ആരോപിച്ചു. തന്റെ ഈ ആരോപണം മിനുറ്റ്സില്‍ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയെല്ലാം ആരോപണങ്ങള്‍ ഉണ്ടായപ്പോഴും യാതൊരു ഉളുപ്പുമില്ലാതെ വളിച്ച ചിരിയുമായി സില്‍ക്ക് ജൂബ്ബയും തിരുമ്മിപ്പിടിച്ചിരുന്നു ഗോപാലന്‍.

കേരളത്തില്‍ ഗോപാലന്‍
ശിവഗിരിയുടെ രക്ഷകന്‍
ചെന്നൈയില്‍ ശിക്ഷകനും

ഒരേ സമയം ഡബിള്‍ റോളിലാണ് ഗോപാലന്‍ വേഷമാടുന്നത്. കേരളത്തില്‍ ശിവഗിരിയുടെ രക്ഷകന്‍. ചെന്നൈയില്‍ ശിക്ഷകനായും,. ചെന്നൈ ഹൈക്കോടതിയില്‍ രണ്ടു കേസ്സുകളാണ് ശ്രീനാരായണ മിഷന്റെ പേരിലുളളത്. O.S NO.6076/2001-ാം നമ്പര്‍ കേസ് ഗോകുലം ഗോപാലന്‍ ശ്രീനാരായണ മിഷനില്‍ നിന്നും പുറത്താക്കിയ ബ്രഹ്മശ്രീ സ്വാമി പ്രകാശാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി നിഷ്‌ക്കളാനന്ദ, സ്വാമി ചിന്ദ്രുപാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംബരാനന്ദ എന്നിവരും ചെന്നൈയിലെ 27 ഗുരുദേവഭക്തരും ചേര്‍ന്ന് നല്‍കിയതാണ്. CS NO..528/2001-ാം നമ്പറിലുളള രണ്ടാമത്തെ കേസ് അനധികൃതമായി അംഗങ്ങളെ ചേര്‍ത്ത് ഗോകുലം ഗോപാലന്‍ ശ്രീനാരായണ മിഷന്‍ തട്ടിയെടുത്തതിനെതിരെയുളളതാണ്. ഈ രണ്ടു കേസ്സുകളിലും പ്രതിസ്ഥാനത്ത് ഗോകുലം ഗോപാലനും വാദി ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘവുമാണ്.

ശിവഗിരിയെ രക്ഷിക്കാന്‍ കോടികളുടെ പ്രോജക്ടിനെപ്പറ്റി വാതോരാതെ മൈക്ക് കെട്ടി മീറ്റുംഗുകളില്‍ ഘോരഘോരം പ്രസംഗിക്കുന്ന ഗോകുലം ഗോപാലന്‍ ശിവഗിരിയുടെ സ്വത്തിനു വേണ്ടി ധര്‍മ്മസംഘം ട്രസ്റ്റിനെതിരെ ചെന്നൈ കോടതിയില്‍ കേസു വാദിക്കുന്നത് കേരളത്തില്‍ മൂടിവെക്കപ്പെട്ട പരമരഹസ്യമാണ്.

ഗോപാലന്‍ ഇപ്പോള്‍ പോക്കറ്റ് സംഘടനയാക്കിക്കൊണ്ടു നടക്കുന്ന ശ്രീനാരായണ മിഷന്റെ ചരിത്രം ഗുരുദേവന്റെ പ്രധാന ശിഷ്യനായ വിദ്യാനന്ദ സ്വാമിയില്‍ നിന്നാണ് തുടങ്ങുന്നത്. ധര്‍മ്മപ്രചാരണത്തിനായി ഗുരുദേവന്റെ നിയോഗാര്‍ത്ഥം ചെന്നൈയിലെത്തിയ വിദ്യാനന്ദ സ്വാമി ഗുരുസന്ദേശ പ്രചാരണത്തിനൊപ്പം വൈദ്യവൃത്തിയിലും ഏര്‍പ്പെട്ടു. പാവപ്പെട്ട രോഗികളെ ശുശ്രൂഷിച്ച് അവര്‍ക്ക് മരുന്നു നല്‍കി. നിഷ്‌കാമത്തോടെയുള്ള സ്വാമികളുടെ ആതുരസേവനത്തില്‍ സംപ്രീതനായ അന്നത്തെ മദിരാശിയിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ ഒരു ഏക്കര്‍ സ്ഥലം ദാനമായി നല്‍കി. ഒരു സൗജന്യ ആയുര്‍വേദ ഡിസ്പെന്‍സറി തുടങ്ങുന്നതിനു വേണ്ടിയാണ് സ്വാമികളുടെ അപേക്ഷ പ്രകാരം മദിരാശി സര്‍ക്കാര്‍ 1927ല്‍ ഒരു ഏക്കര്‍ സൗജന്യമായി നല്‍കിയത്. നമ്മുടെ ഭരണഘടന നിര്‍മ്മാണ സമിതി അംഗമായ അല്ലാടി കൃഷ്ണസ്വാമി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സഹായത്തോടെ വിദ്യാനന്ദ സ്വാമികള്‍ സൗജന്യമായി ഡിസ്പെന്‍സറി പ്രവര്‍ത്തനം വിപുലമാക്കി. പ്രായാധിക്യം മൂലം നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലെത്തിയ സ്വാമികള്‍ പലപ്രാവശ്യം ശിവഗിരിയുമായി ബന്ധപ്പെട്ട സ്വത്ത് വഹകള്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ മനക്കോടം കേശവന്‍ വൈദ്യരുടെ മകന്‍ ഡോ. തിലകനെ ഡിസ്പെന്‍സറിയുടെ ചുമതലയും വസ്തുവിന്റെ രേഖകളും ഏല്പിച്ച് സ്വാമികള്‍ കേരളത്തിലേക്ക് തിരിച്ചു. രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ട്. ചികില്‍സകനായി നിയമിച്ച വൈദ്യനു കൊടുക്കാന്‍ പോലും പണമില്ല. ഈ പരിതസ്ഥിതി നേരിട്ടറിഞ്ഞ മദിരാശിയിലെ കുറെ ഗുരുദേവഭക്തര്‍ എഞ്ചിനീയര്‍ പി. കെ. പാര്‍ത്ഥന്റെ നേതൃത്വത്തില്‍ അവിടെയുള്ള ചില സമ്പന്നരില്‍ നിന്നും സംഭാവന പിരിച്ച് രണ്ടു കടമുറിയോടു കൂടി ഡിസ്പെന്‍സറി വിപുലമാക്കി. കട വാടകയ്ക്ക് കൊടുത്തു. സൗജന്യ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനത്തിന് വീണ്ടും പണം തടസ്സമാകുന്നതു കണ്ട ഗുരുദേവ ഭക്തര്‍ മുന്‍കയ്യെടുത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങി. സ്‌ക്കൂള്‍ പതുക്കെ വികസിച്ചു.

ഇഷ്ടക്കാരിയെ വാഴിക്കാന്‍ ശ്രീനാരായണമിഷന്‍ സെക്രട്ടറിയെയും പ്രിന്‍സിപ്പലിനെയും പുറത്താക്കി

ഗുരുദേവഭക്തര്‍ സ്‌കൂള്‍ വിപുലീകരണത്തിനായി 1000 രൂപ വീതമുള്ള 50 അംഗങ്ങളെ ചേര്‍ത്ത് ശ്രീനാരായണ മിഷന്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടിയാണ് അംഗങ്ങളെ കണ്ടുപിടിച്ചത്. ലൈഫ് അംഗങ്ങള്‍, മൊണാസ്റ്റിക് അംഗങ്ങള്‍ എന്നിങ്ങനെയാണ് അംഗങ്ങളെ തിരിച്ചത്. മൊണാസ്റ്റിക് അംഗങ്ങളായി ആറ് സന്യാസിമാരെ നിശ്ചയിച്ചു. ശിവഗിരി ധര്‍മ്മസംഘത്തിലെ പ്രസിഡണ്ടായി വരുന്ന സന്ന്യാസിവര്യനെ ശ്രീനാരായണമിഷന്റെ പ്രസിഡന്റായും അദ്ദേഹം നിശ്ചയിക്കുന്ന മൂന്നു സന്യാസിമാരെ അംഗങ്ങളായും നിശ്ചയിച്ചു. അന്ന് ധര്‍മ്മസംഘം പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മിഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചു.

പൊതുയോഗം 50 ലൈഫ് മെമ്പര്‍മാരെ ശ്രീനാരായണമിഷനില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. 1000 രൂപയുടെ ഒന്നിലേറെ ഷെയറുകള്‍ പലരെക്കൊണ്ടും എടുപ്പിച്ചു. ഒരു ഷെയര്‍ ഗോകുലം ഗോപാലനും വാങ്ങി. സ്‌കൂള്‍ കെട്ടിടങ്ങള്‍ വിപുലീകരിക്കുന്നതിനായി പല ബാങ്കുളെയും സമീപിച്ചു. പക്ഷെ ഫലം കണ്ടില്ല. തുടര്‍ന്ന് അംഗങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. തുടര്‍ന്ന് ഐ.ഒ.ബിയില്‍ നിന്നും വായ്പ ലഭിച്ചു. മിഷന്‍ സെക്രട്ടറി പാപ്പുവിന്റെ ശ്രമവും കൂടിയായപ്പോള്‍ കെട്ടിടം പണി പൂര്‍ത്തിയായി. പാപ്പുവിന്റെ പ്രവര്‍ത്തനഫലമായി സ്‌കൂളിന് വന്‍ പുരോഗതിയണുണ്ടായത്. സ്‌കൂളിന് ഡിവിഷനുകള്‍ കൂടി. പുതിയ കെട്ടിടങ്ങള്‍ ഉണ്ടായി. ഒടുവില്‍ പ്ലസ്ടുവും ലഭിച്ചു. ശ്രീപെരുമ്പത്തൂരില്‍ 45 ലക്ഷം രൂപയ്ക്ക് പത്തര ഏക്കര്‍ സ്ഥലവും വാങ്ങി. സ്‌കൂളിന്റെ പ്രവര്‍ത്തനവും മിഷന്റെ പ്രവര്‍ത്തനവും വിപുലീകരിക്കപ്പെട്ടു.

എന്നാല്‍ പാപ്പുവിനെതിരെ ഗോകുലം ഗോപാലന്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗോപാലന്റെ ലക്ഷ്യം പാപ്പുവിനെ പുറത്താക്കി അധികാരം നേടിയെടുക്കുക എന്നതായിരുന്നു. ഇതിനു വേണ്ടി തന്റെ ശിങ്കിടികളായ ചിലരെക്കൊണ്ടാണ് പാപ്പുവിനെ പുറത്താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമയിരുന്നു ഇതിലാദ്യത്തേത്. സ്‌കൂളിന്റെ പുരോഗതിക്കു വേണ്ടി പാപ്പുവിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ച കഴിവുറ്റ സീനിയര്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി ഒരു ജൂനിയര്‍ ടീച്ചറിനെ പ്രിന്‍സിപ്പലാക്കാനുള്ള ഗോകുലം ഗോപാലന്റെ ശ്രമം ഒടുവില്‍ പാപ്പുവിനെ ശ്രീനാരായണ മിഷനില്‍ നിന്ന് പുറത്താക്കുന്നതില്‍ കലാശിച്ചു. ഗോകുലം ഗോപാലന് വളരെ വേണ്ടപ്പെട്ട കുട്ടി. ഒടുവില്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ പുറത്ത്. ജൂനിയര്‍ ടീച്ചര്‍ പ്രിന്‍സിപ്പലും. ഈ നടപടി ശ്രീനാരായണ മിഷന്‍ സ്‌ക്കൂളിലെ അദ്ധ്യാപകര്‍ക്കിടയില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചു. സ്‌ക്കൂളിന്റെ പ്രതിച്ഛായയെത്തന്നെ ഇത് മങ്ങലേല്‍പ്പിച്ചു. സ്‌കൂളിന്റെ ഉയര്‍ച്ചയ്ക്ക് അഹോരാത്രം പണിപ്പെട്ട പാപ്പുവിന്റെ വാക്കുകള്‍ക്ക് വിലയില്ലാത്ത അവസ്ഥ. തന്റെ അനുചരനായ സേതുമാധവന്റെ നേതൃത്വത്തില്‍ ഗോകുലം ഗോപാലന്‍ പാപ്പുവിനെതിരെ ആരോപണങ്ങള്‍ നിരത്തി. മനസ്സു മടുത്ത് നിരാശനായ പാപ്പു കേരളത്തിലേക്കു മടങ്ങി. ഗോകുലം ഗോപാലന് സന്തോഷമായി. പാപ്പുവിനെ തെറിപ്പിച്ച് ശ്രീനാരായണമിഷന്റെ സാരഥിയാവാനുളള തന്റെ ആഗ്രഹം ഗോപാലന്‍ പ്രാവര്‍ത്തികമാക്കി. പത്തു പൈസ മുടക്കാതെ യാതൊരു അദ്ധ്വാനവും ചെയ്യാതെ കുത്തിത്തിരിപ്പും കുതന്ത്രങ്ങളും കൊണ്ട് ശിവഗിരിയുടെ സമ്പത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗോപാലന് കഴിഞ്ഞു.

ശിവഗിരി സന്ന്യാസിമാര്‍ പുറത്തും ഗോപാലന്റെ

അനുയായികള്‍ അകത്തും

ഗോപാലന്‍ ഭരണത്തില്‍ വരുന്നതിനു മുമ്പെ സ്‌കൂള്‍ പ്ലസ് ടു വരെ വിപുലീകരിച്ചിരുന്നു.

ഒമ്പതു വര്‍ഷം അധികാരത്തിലിരുന്ന ഗോകുലം സ്‌കൂളിന് എന്തു നേട്ടം ഉണ്ടാക്കി. തന്റെ ചിട്ടി

സാമ്രാജ്യം വിപുലപ്പെടുത്തുക എന്ന ലക്ഷ്യമല്ലാതെ എന്തെങ്കിലും ഒരു പുരോഗതി ശ്രീനാരായണ മിഷന്‍ സ്‌കൂളിനായി നേടാന്‍ ഗോകുലം

ഗോപാലനു കഴിഞ്ഞുവോ?

ഗോപാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മിഷന്റെ യോഗത്തിലുണ്ടായ ആദ്യ തീരുമാനം മൊണാസ്റ്റിക് അംഗങ്ങളെ അതായത് സന്ന്യാസിമാരെ ശ്രീനാരായണ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കാനായിരുന്നു. ഗോപാലന്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായ സേതുമാധവന്‍ വൈസ്‌പ്രസിഡന്റും രാംമോഹന്‍ദാസ് സെക്രട്ടറിയുമായി അക്രമത്തിലൂടെ ചുമതലയേറ്റു. ഗോപാലന്റെ ചിട്ടി സാമ്രാജ്യം വളര്‍ന്നു വരുന്ന കാലമായിരുന്നു. ഗോപാലന്‍ ഗോകുലം ചിറ്റ്സ് ഫണ്ടിന്റെ സഹോദരസ്ഥാപനമായി ശ്രീനാരായണ മിഷനെ കണ്ടപ്പോള്‍ സ്ഥാപനത്തിനു വേണ്ടി വിയര്‍പ്പൊഴുക്കിയവരും സന്ന്യാസിമാരും പുറത്തായി. അങ്ങിനെ സന്ന്യാസിമാരുടെ സ്ഥാപനത്തില്‍ സന്ന്യാസിമാര്‍ക്ക് ഒരു സ്ഥാനവും നല്‍കാതെ ഗോപാലന്‍ മിഷനെ ഞെരിച്ചു. ജനറല്‍ ബോഡി യോഗം ചേരാതായി. മിഷനിലേക്ക് നിക്ഷേപിക്കാനെത്തിയ പലരുടെ സംഖ്യകള്‍ തിരിമറിഞ്ഞതായി ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ഗോകുലം ഗോപാലന്റെ നടപടിയോട് എതിര്‍പ്പ് ശക്തമായപ്പോള്‍ വാര്‍ഷിക യോഗം പോലും ചേരാതായി. ഇതിനിടെ രജിസ്ട്രാര്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഗോപാലന്‍ 33 പേരെ ശ്രീനാരായണമിഷനില്‍ അനധികൃതമായി അംഗങ്ങളാക്കിയതായി തെളിഞ്ഞു. ഇതിനിടയില്‍ ജനറല്‍ ബോഡി യോഗം രഹസ്യമായി വിളിച്ചു ചേര്‍ത്തു.

നവരാത്രി ആഘോഷത്തിന് എല്ലാവരും തിരിക്കിലായിരുന്ന ഒരു ദിവസമാണ് ജനറല്‍ബോഡി ചേര്‍ന്നത്. ശിവഗിരിയില്‍ നിന്ന് പ്രകാശാനന്ദസ്വാമിയും ഋതംബരാനന്ദ സ്വാമിയും കാഞ്ചിപുരം സ്വാമിയും ശിവഗിരിയില്‍ നിന്ന് മറ്റ് മൂന്നു സ്വാമിമാരും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തി. യോഗം നടക്കുന്ന ഹാളിന്റെ വാതിലില്‍ ഗോപാലനും ശ്രീനാരായണ മിഷന്‍ സെക്രട്ടറി മോഹന്‍ദാസും ചേര്‍ന്ന് സ്വാമിമാരെ തടഞ്ഞു. ബഹളമായി. ഒടുവില്‍ കാഴ്ചക്കാരായി ഇരിക്കാമെന്ന വ്യവസ്ഥയില്‍ സ്വാമിമാരെ ഗോപാലന്‍ ഹാളില്‍ പ്രവേശിപ്പിച്ചു. മീറ്റിംഗില്‍ അംഗങ്ങളുടെ പേരുവിവരം മേല്‍വിലാസം സഹിതം പരസ്യപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. ഗോപാലന്‍ ആ പതിവ് തെറ്റിച്ചു. ഒടുവില്‍ പങ്കെടുത്തവരില്‍ എല്ലാവരും ഒപ്പുവച്ച് പിരിയാമെന്ന് ധാരണയായി. പ്രത്യേക ക്ഷണിതാക്കള്‍ എന്ന കോളത്തില്‍ സന്ന്യാസികള്‍ ഒപ്പിടണമെന്ന് ഗോപാലന്‍ നിര്‍ദ്ദേശിച്ചു. ഋതംബരാനന്ദ സ്വാമി ഇതിനെ ചോദ്യം ചെയ്തു. തങ്ങള്‍ മൊണാസ്റ്റിക് അംഗങ്ങളാണെന്നും ആ നിലയ്ക്കാണ് തങ്ങള്‍ ഒപ്പിടുന്നതെന്നും ഋതംബരാനന്ദ സ്വാമികള്‍ പറഞ്ഞപ്പോള്‍ ഗോകുലം ഗോപാലന്‍ ദേഷ്യം കൊണ്ടു വിറച്ചു ഉച്ചത്തില്‍ സന്ന്യാസിമാരെ വിരട്ടി. വീണ്ടും ബഹളം തുടങ്ങി. ജനറല്‍ ബോഡി പിരിഞ്ഞു.

വളരെ വിദഗ്ദ്ധമായി ഗോപാലന്‍ ശ്രീനാരായണ മിഷന്റെ ഉടമസ്ഥരായ സന്ന്യാസിമാരെ പുറത്താക്കി സ്ഥാപനം പിടിച്ചെടുത്തു. പുതുതായി ചേര്‍ന്ന 33 അംഗങ്ങള്‍ ഗോപാലന്റെ മക്കളും മരുമക്കളും മറ്റ് ബന്ധുക്കളും ഗോകുലം ചിറ്റ്സിലെ വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരും ജീവനക്കാരുമായിരുന്നു. ഇതിനിടയില്‍ ചിട്ടിയുടമയുടെ ബുദ്ധിസാമര്‍ത്ഥ്യം സമര്‍ത്ഥമായി വിനിയോഗിച്ചപ്പോള്‍ ഭരണസമിതിയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ഗോകുലം ചിറ്റ്സ് ഫണ്ടിലെ ചിട്ടിയുടമകളും കൂടിയായി. അങ്ങനെ ശ്രീനാരായണമിഷന്റെ പ്രവര്‍ത്തനവും ചിട്ടിക്കമ്പനിയുടെ വൈപുല്യവും പരസ്പരപൂരകമാക്കി ഗോപാലന്‍ മുന്നോട്ടു കൊണ്ടു പോയപ്പോള്‍ ശ്രീനാരായണ മിഷന്‍ അദ്ദേഹത്തിന്റെ പോക്കറ്റിലൊതുങ്ങി.

ശിവഗിരി സന്ന്യാസിമാര്‍ ഗോപാലനെതിരെ കോടതിയിലേക്ക്

ആദ്യകാല പ്രവര്‍ത്തകര്‍ ജനറല്‍ബോഡിയുടെ അംഗീകാരമില്ലാതെ ചേര്‍ന്ന 33 അംഗങ്ങളെ ഒഴിവാക്കണമെന്ന് ഗോകുലം ഗോപാലനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2001 ലാണ് ഗോപാലന്‍ ശ്രീനാരായണ മിഷന്‍ പിടിച്ചെടുക്കുന്നത്. അന്ന് അദ്ദേഹം സ്വന്തം ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് രൂപീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇന്നും നിലനിന്നു പോരുന്നത്.

ഗോപാലന്‍ ഭരണത്തില്‍ വരുന്നതിനു മുമ്പെ സ്‌കൂള്‍ പ്ലസ് ടു വരെ വിപുലീകരിച്ചിരുന്നു. ഒമ്പതു വര്‍ഷം അധികാരത്തിലിരുന്ന ഗോകുലം സ്‌കൂളിന് എന്തു നേട്ടം ഉണ്ടാക്കി. തന്റെ ചിട്ടി സാമ്രാജ്യം വിപുലപ്പെടുത്തുക എന്ന ലക്ഷ്യമല്ലാതെ എന്തെങ്കിലും ഒരു പുരോഗതി ശ്രീനാരായണ മിഷന്‍ സ്‌കൂളിനായി നേടാന്‍ ഗോകുലം ഗോപാലനു കഴിഞ്ഞുവോ? ധാരാളം വിദ്യാര്‍ത്ഥികളുമായി നല്ല നിലവാരം പുലര്‍ത്തി വരികയായിരുന്ന മിഷന്‍ സ്‌കൂളില്‍ ഗോപാലന്റെ കിങ്കരന്മാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ നഷ്ടമായത് സ്വാമി വിദ്യാനന്ദയുടെ പൈതൃകത്തിന്റെ തകര്‍ച്ചയായിരുന്നു. ഈ കാലയളവില്‍ കേരളത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ എത്രയോ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എസ്.എന്‍.ഡി.പി. യോഗത്തിന് നേടിക്കൊടുത്തു. എന്നാലോ സ്‌കൂള്‍ കമ്മിറ്റിയില്‍ നിന്ന് സ്‌കൂളിന്റെ യഥാര്‍ത്ഥ ഉടമകളായ പ്രകാശനന്ദ സ്വാമി, ഋതംബരാനന്ദ സ്വാമി, വിശുദ്ധാനന്ദസ്വാമി, നിഷ്‌കളാനന്ദസ്വാമി, ചിദ്രുപാനന്ദസ്വാമി, സച്ചിതാനന്ദ സ്വാമി എന്നിവരെ സ്വന്തം അധികാരം ഉപയോഗിച്ച് പുറത്താക്കിയതാണ് ഗോപാലന്റെ നേട്ടം. തുടര്‍ന്ന് നാളിതു വരെ സ്‌കൂള്‍ കമ്മിറ്റിയും ചേര്‍ന്നിട്ടില്ല. പുറത്താക്കപ്പെട്ട സന്ന്യാസിമാര്‍ ചെന്നൈ ഹൈക്കോടതിയില്‍ ഗോപാലനെതിരെ കേസ് ഫയല്‍ ചെയ്തു. കേസ് ഇന്നും തുടരുന്നു.

എസ്.എന്‍.ഡി.പി. യോഗത്തില്‍ കുടുംബാധിപത്യം ആരോപിക്കുന്ന ഗോകുലം ഗോപാലന് ശ്രീനാരായണ മിഷന്റെ അംഗങ്ങളുടെ പേരു വിവരം വെളിപ്പെടുത്താന്‍ ചങ്കൂറ്റമുണ്ടോ? പേരുകള്‍ പുറത്തായാല്‍ മിഷന്റെ അംഗങ്ങളില്‍ തന്റെ മക്കളും മരുമക്കളും ബന്ധുക്കളും പിന്നെ ചിട്ടിക്കമ്പനി ജീവനക്കാരും മാത്രമാണെന്ന് വെളിപ്പെടും. ഗോപാലന്റെ ചിട്ടി ബുദ്ധിയും കളളിയും ജനം അറിയും. എസ്.എന്‍.ഡി.പി. യോഗത്തില്‍ ജനാധിപത്യം വേണമെന്നു പറയുന്ന ഗോപാലന്‍ ശ്രീനാരായണ സമിതിയില്‍ ജനാധിപത്യം നിഷേധിച്ചു. എതിര്‍ക്കുന്നവരെ നിശബ്ദരാക്കിയും 9 വര്‍ഷമായി ഓഡിറ്റിംഗ് ഫലപ്രദമായി നടത്താതെയും ഗോപാലന്‍ സ്വന്തം ചിട്ടിക്കമ്പനിയുടെ ഉപസ്ഥാപനമായി 350 കോടി എന്നു മതിപ്പു വില വരുന്ന ചെന്നൈയിലെ ശ്രീനാരായണ മിഷന്റെ സ്വത്ത് സ്വന്തമാക്കി വച്ചിരിക്കുന്നു.

ഗോപാലാ, 9 വര്‍ഷം കൊണ്ട് താങ്കള്‍
ചെന്നൈയില്‍ എന്തു നേടി ?

ഗോകുലം ഗോപാലാ താങ്കള്‍ ഈ 9 വര്‍ഷം കൊണ്ട് എന്തൊക്കെ നഷ്ടപ്പെടുത്തി? ഒരു സ്ഥാപനത്തിന്റെ ഉടമകളായ സന്ന്യാസിമാരെ അടിച്ചിറക്കി ഭരണം പിടിച്ചടക്കിയപ്പോള്‍ ചെന്നൈ നഗരത്തില്‍ എത്രയോ വികസന സാദ്ധ്യതയുണ്ടാകുമായിരുന്ന ശ്രീനാരായണ മിഷന്‍ സ്‌കൂളിന്റെ കടയ്ക്കലാണ് കത്തി വച്ചത്. ഈ 9 വര്‍ഷം താങ്കള്‍ സ്‌കൂളില്‍ എന്തു പുരോഗമനം നടപ്പിലാക്കി. പാപ്പുവിന്റെ കാലത്ത് വാങ്ങിയ ശ്രീപെരുമ്പത്തൂരിലെ പത്തര ഏക്കര്‍ സ്ഥലം ചുറ്റുവേലി പോലും ഇല്ലാതെ താങ്കള്‍ അനാഥമാക്കിയിട്ടിരിക്കുകയല്ലേ ഇപ്പോള്‍. ഇതിന്റെ പലഭാഗങ്ങളും സമീപത്തെ സ്ഥാപനങ്ങള്‍ കയ്യേറി. അതിനെതിരെയും കോടതിയില്‍ കേസുകള്‍ ഉണ്ടല്ലോ. ഇവരില്‍ ചിലരോട് താങ്കളും താങ്കളുടെ ആജ്ഞാനുവര്‍ത്തി സേതുമാധവനും ചേര്‍ന്ന് ഭീമമായ തുക കൈപ്പറ്റി കേസ് ഒതുക്കി തീര്‍ത്ത നാറുന്ന കഥകള്‍ ഏറെയുണ്ട് ഗോപാലാ. ശ്രീപെരുമ്പത്തൂരില്‍ സ്ഥലത്തിന് ഇന്ന് പൊള്ളുന്ന വിലയാണ്. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഏതെങ്കിലുമൊരു പ്രോജക്ട് ഇവിടെ ഈ 9 വര്‍ഷത്തിനിടയില്‍ ആരംഭിക്കാന്‍ താങ്കള്‍ക്ക് കഴിയാതിരുന്നത് എന്തുകൊണ്ട്? സ്‌കൂളില്‍ ഇന്ന് 2500 കുട്ടികള്‍ പഠിക്കുന്നു. വാര്‍ഷിക ഫീസായി ഇവരില്‍ നിന്ന് 18000 രൂപ മുതല്‍ 22000 രൂപ വരെയാണ് താങ്കള്‍ പിരിക്കുന്നത് ഈ തുക സ്‌കൂള്‍ ഫണ്ടിലേക്കോ അതോ താങ്കളുടെ സ്വകാര്യ നിക്ഷേപത്തിലേക്കാണോ ചെന്നു ചേരുന്നത്.

ശ്രീനാരായണമിഷന്‍ വെസ്റ്റ് മാമ്പലത്ത് സ്‌കൂള്‍ തുടങ്ങിയ കാലത്ത് തന്നെയാണ് എസ്.ആര്‍.എം. ഗ്രൂപ്പ് ഒരു ചെറിയ സ്‌കൂള്‍ മിഷന്‍ സ്‌കൂളിനടുത്തു തന്നെ സ്ഥാപിച്ചത്. വിദ്യാഭ്യാസ രംഗത്തേക്കുളള അവരുടെ ആദ്യ ചുവടു വയ്പായിരുന്നു അത്. ഇന്ന് അവര്‍ മാനം മുട്ടെ വളര്‍ന്നു എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകളടങ്ങിയ വന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്രാജ്യമായി അവര്‍ മാറി കഴിഞ്ഞു. ചെന്നൈ നഗര മദ്ധ്യത്തില്‍ വിദ്യയുടെ അഭിമാന സ്തംഭമായി എസ്.ആര്‍.എം.ഗ്രൂപ്പ് നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒപ്പം ആരംഭിച്ച ശ്രീനാരായണ മിഷന്റെ സ്‌കൂള്‍ ചെന്നൈയുടെ നഗരഹൃദയത്തില്‍ നോക്കുകുത്തിയായി നിലനില്‍ക്കുന്നു. ഗോകുലം ഗോപാലന്റെ ഭരണ സാരഥ്യം കൊണ്ട് മിഷന്റെ ആദ്യകാല സാരഥികള്‍ തുടങ്ങി വച്ച അവസ്ഥയിലാണ് സ്‌കൂള്‍ ഇപ്പോഴും.

വലിയ പ്രൊജക്ടുകള്‍ അവിടെ നില്‍ക്കട്ടെ ഗോപാലാ, താങ്കള്‍ വാഗ്ദ്ധാനം ചെയ്ത സംഭാവനയെങ്കിലും തരൂ.

ശിവഗിരി സന്ന്യാസിമാര്‍ക്ക് ഉടമസ്ഥാവകാശമുളള 350 കോടിയുടെ ഒരു സ്ഥാപനം പിടിച്ചടക്കി 9 വര്‍ഷം നിര്‍ജ്ജീവമാക്കിയിട്ട ഗോപാലന് വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്താന്‍ നാണമില്ലേ? മറ്റു പലരും കൊടുത്ത സംഭാവന കൊണ്ട് സ്‌കൂളില്‍ ക്ലാസ് മുറിയും ഓഡിറ്റോറിയവും നിര്‍മ്മിച്ച ഗോപാലന്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഇതുവരെ പത്തുപൈസ ചിലവഴിച്ചിട്ടില്ല. 15000 രൂപ സംഭാവന തരാമെന്ന് ഗോപാലന്‍ ഭരണ സമിതിയില്‍ അംഗമായി ചേര്‍ന്നപ്പോള്‍ വാഗ്ദ്ധാനം നല്‍കിയെങ്കിലും അത് ഇന്ന് വരെ പാലിക്കപ്പെട്ടിട്ടില്ല. സ്‌കൂള്‍ മിനുറ്റ്സില്‍ സംഭാവന തരാമെന്ന് ഗോപാലന്‍ പറഞ്ഞത് രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീനാരായണമിഷന്‍ സ്‌കൂളിന്റെ പുരോഗതിക്കായി അയ്യായിരത്തിനു മേല്‍ സംഭാവന ചെയ്തവരുടെ ലിസ്റ്റ് വലിയൊരു ബോര്‍ഡില്‍ സ്‌കൂള്‍ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എം.പി. പുരുഷോത്തമന്‍ 55,000/- രൂപ, കെ.ജി. പാപ്പു 51,000/-രൂപ, ഇന്‍ഡ്യന്‍ ബാങ്ക് 50,000/- രൂപ, എന്‍.ജയചന്ദ്രന്‍ – 50,000/- രൂപ, ഡോ: വി.എം.ചന്ദ്രഹാസ് – 50,000/- രൂപ, എസ്. രാജേന്ദ്രപ്രസാദ് 41,000/- രൂപ, ആര്‍. രത്നം – 25,000/- രൂപ, ഡോ: കെ.ബി, തിലകന്‍ 15,000/- രൂപ, ആര്‍ ദേവരാജന്‍ – 10,001/- രൂപ, കെ.കെ. ശിവദാസന്‍ – 10,000/- രൂപ ധനലക്ഷ്മി ബാങ്ക് – 10,000/ രൂപ, ഇന്‍ഡ്യന്‍ ഓവര്‍സിസ് ബാങ്ക് – 7,500/- രൂപ, ഇവരുടെയൊക്കെ പുറകിലാണ് ബിസിനസ് മാഗ്‌നറ്റ് എന്നറിയപ്പെടുന്ന ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വെറും 5,000/- രൂപ സംഭാവന നല്‍കിയിട്ടുളളത്. ശ്രീനാരായണ മിഷന്‍ സ്‌കൂളിനു വേണ്ടി ഏറെ വിയര്‍പ്പൊഴുക്കിയ എം.പി. പുരുഷോത്തമനെയും, കെ.ജി. പാപ്പുവിനെയുമൊക്കെ കുതന്ത്രങ്ങള്‍ മെനഞ്ഞ് പുറത്താക്കി സ്‌കൂള്‍ ഭരണം കൗശലത്തോടെ തട്ടിയെടുക്കുകയായിരുന്നു ഗോപാലന്‍, എന്നിട്ടോ സംഭാവനയായി വെറും 5,000 രൂപയും .നമ്മുടെ നാട്ടിലെ കളളപ്പണച്ചിട്ടിക്കാരന്റെ യഥാര്‍ത്ഥമുഖം ഗോപാലനില്‍ തെളിയുന്നു. കേരളത്തില്‍ ഏതെങ്കിലും ഒരു ചെറിയ ശാഖയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു പോലും അയ്യായിരവും പതിനായിരവുമൊക്കെ സംഭാവന ചെയ്യുന്ന എത്രയോ ഗുരുഭക്തരുണ്ട്. മനുഷ്യന്‍ അധപതിച്ചാല്‍ ഗോകുലം ഗോപാലനാകുമോ? ഗോകുലം ഗോപാലന്‍, വെളളാപ്പള്ളി നടേശനെ എതിര്‍ക്കുന്നതിനു മുമ്പ് അദ്ദേഹം ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം. ഒന്ന് ശ്രീനാരായണ മിഷനില്‍ ശിവഗിരി സന്യാസിമാര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കണം. രണ്ട് അനധികൃതമായി ചേര്‍ന്ന അംഗങ്ങളെ ഒഴിവാക്കണം. മൂന്ന് – ചെന്നൈ നഗരത്തില്‍ ഈഴവ സമൂഹത്തിന്റെ അഭിമാനമായി മാറേണ്ട ഒരു സ്ഥാപനത്തെ 9 വര്‍ഷക്കാലം നിര്‍ജ്ജീവമാക്കിയിട്ടതിന് പരസ്യമായി ശ്രീനാരായണ സമൂഹത്തോട് മാപ്പു പറയണം. നാല് – ശ്രീനാരായണ മിഷന്റെ സ്‌കൂളും സ്വത്തും ഉടമസ്ഥരായ സന്ന്യാസിമാര്‍ക്ക് തിരിച്ച് നല്‍കണം. ഇങ്ങിനെ സ്വയം മാതൃക കാട്ടിയ ശേഷം എസ്.എന്‍.ഡി.പി. യോഗം നേതൃസ്ഥാനത്തേക്ക് അദ്ദേഹം മല്‍സരിക്കട്ടെ. വെളളാപ്പളളി നടേശനെ എതിര്‍ക്കട്ടെ. അല്ലാത്ത പക്ഷം ഗോകുലം ഗോപാലനെ കേരളം പുച്ഛിച്ചു തളളും. ഗുരുദേവനിന്ദ കാട്ടിയതിനാല്‍ കാത്തിരിക്കുന്ന ക്രൂരവിധിയില്‍ ഗോപാലന്‍ സ്വയം എരിഞ്ഞടങ്ങും.

ശിവഗിരി മോണിട്ടറിംഗ് സമിതിയില്‍ അംഗം; ഒപ്പം ശിവഗിരി ക്കെതിരെ കേസും; ഈഴവര്‍ അത്ര വിഡ്ഢികളോ ഗോപാലാ?

ശ്രീനാരായണ മിഷന്റെ ഭരണ ഘടന എഴുതുമ്പോള്‍ സാരഥികളുടെ മനസ്സിലുണ്ടായിരുന്നത് ഉടമസ്ഥര്‍ എന്നും ശിവഗിരി ധര്‍മ്മസംഘം ആയിരിക്കണം എന്നതാണ്. ഗുരുദേവ ശിഷ്യനായ വിദ്യാനന്ദസ്വാമിക്ക് ലഭിച്ച സ്വത്തിന്റെ അവകാശം യഥാര്‍ത്ഥത്തില്‍ ശിവഗിരിക്കുളളതു തന്നെയാണ്. ശിവഗിരി സന്ന്യാസിമാര്‍ക്ക് ലഭിച്ച സ്വത്ത് അവരുടെ കാലശേഷം ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റില്‍ വന്നു ചേരും എന്നൊരു കോടതി വിധിപോലുമുണ്ട്. എന്തുകൊണ്ട് ഗോകുലം ഗോപാലന്‍ ഇതൊന്നും കാണുന്നില്ല. കേരളത്തിലെ ഈഴവ സമൂഹത്തെ വിഡ്ഢികളാക്കാനാണോ അദ്ദേഹത്തിന്റെ പുറപ്പാട്. ശിവഗിരി മോണിട്ടറിംഗ് സമിതിയില്‍ അംഗമായിരുന്ന് ശിവഗിരി ധര്‍മ്മ സംഘത്തിനെതിരെ കേസു പറയുക. ഗോപാലന്റെ ഇത്തരം ചിട്ടി തന്ത്രം സഹിക്കാന്‍ മാത്രം പോഴന്‍മാരാണോ കേരളത്തിലെ ഗുരുദേവവിശ്വാസികള്‍. ഗോകുലം ഗോപാലന്‍ വലിയൊരു ചതിപ്രയോഗം മനസില്‍ താലോലിക്കുന്നുണ്ട്. ശ്രീനാരായണ മിഷന്റെ പഴയ അംഗങ്ങളില്‍ പലരും ഇപ്പോള്‍ വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നു. വളരെപ്പേര്‍ ഇതിനകം ഈ ലോകത്തോടു വിടപറത്തിരിക്കുന്നു. ബാക്കിയുള്ള അംഗങ്ങളില്‍ ഭൂരിഭാഗവും പുതുതായി ചേര്‍ന്ന ഗോപാലന്റെ ബന്ധുക്കളും ചിട്ടിക്കമ്പനി ജീവനക്കാരുമായ ചെറുപ്പക്കാരും. ഗോപാലനെ ശക്തമായി എതിര്‍ക്കുന്ന അവശേഷിക്കുന്ന പ്രായമുള്ള അംഗങ്ങള്‍ കൂടി ചരമഗതിയെ പ്രാപിച്ചാല്‍ 350 കോടിയുടെ ശ്രീനാരായണമിഷന്റെ വസ്തുവകകള്‍ ഗോകുലം ഗോപാലന് സ്വന്തം, ഇത്രയും ക്രൂരത മനസ്സില്‍ സൂക്ഷിക്കുന്ന ഗോകുലം ഗോപാലന്‍ കേരളത്തില്‍ എസ്.എന്‍.ഡി.പി. യോഗത്തിന് ബദലുമായി തെരുവില്‍ ഓടി നടക്കുന്നത് കാണുമ്പോള്‍ ആത്മരോഷം കൊള്ളുകയാണ് ഈഴവര്‍, ഈ കപട ഗുരുഭക്തന്റെ ക്രൂരമുഖം തിരിച്ചറിയുന്നവര്‍ ഉള്ളില്‍ തിളച്ചുമറിയുന്ന അമര്‍ഷം ഗുരുദേവഭക്തര്‍ കൂട്ടമായി പ്രകടിപ്പിച്ചാല്‍ ഗോകുലം ഗോപാലന്‍ ഭസ്മീകരിക്കപ്പെടും.

എസ്.എന്‍.ഡി.പി. യോഗത്തില്‍ കുടുംബാധിപത്യം ആരോപിക്കുന്ന ഗോകുലം ഗോപാലന് ശ്രീനാരായണ മിഷന്റെ അംഗങ്ങളുടെ പേരു വിവരം വെളിപ്പെടുത്താന്‍ ചങ്കൂറ്റമുണ്ടോ? പേരുകള്‍ പുറത്തായാല്‍ മിഷന്റെ അംഗങ്ങളില്‍ തന്റെ മക്കളും മരുമക്കളും ബന്ധുക്കളും പിന്നെ ചിട്ടിക്കമ്പനി ജീവനക്കാരും മാത്രമാണെന്ന് വെളിപ്പെടും.

മേല്‍ പറഞ്ഞവയില്‍ നിന്നും താങ്കളുടെ കക്ഷിക്ക് 5-ാം ഖണ്ഡികയില്‍ പറയുന്ന തന്റെ ബിസിനസ്സിലും വ്യക്തി ജീവിതത്തിലും എന്റെ പ്രസ്താവനകള്‍ കൊണ്ടു കൂടുതല്‍ മങ്ങല്‍ ഏല്പിക്കുന്നില്ല. അപകീര്‍ത്തികരമാകുന്നില്ല. താങ്കളുടെ കക്ഷിയെ ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബാധിക്കത്തക്കതല്ല. . നോട്ടീസില്‍ പറയും പ്രകാരം പരാമര്‍ശങ്ങള്‍ കെട്ടുകഥയോ സാങ്കല്പികമോ അല്ല.

മേല്‍ പറഞ്ഞ വസ്തുതകളുടെയും ലഭ്യമായിട്ടുള്ള മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ 6-ാം ഖണ്ഡികയില്‍ ആരോപിക്കും പ്രകാരം എന്റെ പ്രസ്താവനയായി 22-02-2022 ലെ പത്രവാര്‍ത്തയിലും ടിവി ചാനലിലും കൂടിയുള്ള പ്രസരണവും താങ്കളുടെ കക്ഷിക്കു അപമാനക്ഷതം ഏല്പിക്കുന്നതല്ല. താങ്കള്‍ രണ്ടു പ്രാവശ്യം എസ്.എന്‍.ഡി.പി. യോഗ തെരഞ്ഞെടുപ്പില്‍ എനിക്കെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും 10% വോട്ടുപോലും താങ്കളുടെ കക്ഷിക്കു യോഗാംഗങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ല. ആയതു തന്നെ താങ്കളുടെ കക്ഷി അവകാശപ്പെടും പോലെ അംഗീകാരം ഇല്ലെന്നു തെളിയിക്കുന്നതാണ്. ചെന്നൈ ശ്രീനാരായണ മിഷനില്‍ ചെയ്ത അതേ തന്ത്രമാണ് കട്ടച്ചിറ ഗുരുദേവ ട്രസ്റ്റിലും എഞ്ചിനീയറിംഗ് കോളേജിലും പുറംവാതിലില്‍ കൂടി കയറിപ്പറ്റി അനധികൃതമായി അംഗങ്ങളെ ചേര്‍ത്തു നിയന്ത്രണത്തിലാക്കാന്‍ താങ്കളുടെ കക്ഷി ശ്രമിക്കുന്നത്.

നോട്ടീസിലെ 6, 7, 8 എന്നീ ഖണ്ഡികയിലെ ആരോപണങ്ങളും അവകാശ വാദങ്ങളും അടിസ്ഥാന രഹിതമാണ്. താങ്കളുടെ കക്ഷി നോട്ടീസില്‍ അവകാശപ്പെടുന്ന തരത്തില്‍ പൊതുജന മധ്യത്തില്‍ മതിപ്പോ, അംഗീകാരമോ അന്തസ്സോ താങ്കളുടെ കക്ഷി നേടിയിട്ടുള്ളതായി ഞാന്‍ സമ്മതിക്കുന്നില്ല. ഞാന്‍ താങ്കളുടെ കക്ഷിയുടെ താല്പര്യത്തെയോ പൊതുജന മധ്യേയുള്ള മതിപ്പിനേയോ, പ്രശസ്തിയേയോ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. താങ്കളുടെ കക്ഷിയുടെ വ്യവസായത്തെയോ സ്ഥാപനങ്ങളുടെ വളര്‍ച്ചയേയോ എന്റെ പ്രസ്താവന കൊണ്ടു സംഭവിച്ചതായി തെളിയിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായതായി കാണുന്നില്ല. എന്റെ പ്രസ്താവന ശിക്ഷാര്‍ഹമായ ഒരു കുറ്റപ്രവര്‍ത്തിയല്ല. ആയതിനാല്‍ താങ്കളുടെ നോട്ടീസില്‍ ആവശ്യപ്പെട്ട പ്രകാരം മാപ്പു പറഞ്ഞു എന്റെ പ്രസ്താവന പിന്‍വലിച്ചു പ്രസ്താവന പ്രസിദ്ധീകരിക്കേണ്ട ആവശ്യകതയില്ല എന്നു താങ്കളെ ഇതിനാല്‍ തെര്യപ്പെടുത്തുന്നു. താങ്കളുടെ കക്ഷിക്കു യാതൊരു വിധമായ നഷ്ടപരിഹാരത്തിനും എനിക്കെതിരെ അവകാശമില്ല. ആയതിനുള്ള വ്യവഹാര കാരണവും ഇല്ല.

താങ്കളുടെ കക്ഷി 2000 മുതല്‍ എനിക്കും എസ്.എന്‍.ഡി.പി. യോഗത്തിനും എതിരെ ശ്രീ നാരായണ ധര്‍മ്മ വേദി എന്ന പേരില്‍ ഒരു ആളില്ലാ സംഘടന രൂപീകരിച്ചു എതിര്‍ത്തു വരികയാണ്. എസ്.എന്‍.ഡി.പി. യോഗത്തോടും നേതൃത്വത്തെ മാറ്റാനും എതിര്‍ക്കുവാനും യോഗം ലിക്വിഡേറ്റു ചെയ്യുക എന്നീ കാര്യങ്ങള്‍ക്ക് ആയി കോടതികളില്‍ നിരവധി കേ സുകള്‍ ഫയല്‍ ചെയ്തിട്ടും ഇതുവരെ വിജയം കണ്ടിട്ടില്ല. ആയതിനാല്‍ വ്യക്തി വൈരാഗ്യം കൊണ്ടു പക തീര്‍ക്കാനായി ദുരുദ്ദേശത്തോടെയാണ് ഈ നോട്ടീസും തെറ്റായ നിര്‍ദ്ദേശം നല്‍കി അയപ്പിച്ചിട്ടുള്ളത്.

ആയതിനാല്‍ താങ്കളുടെ കക്ഷിയോടു അയച്ച നോട്ടീസ് പിന്‍വലിച്ച് നോട്ടീസില്‍ പറയും പ്രകാരം എനിക്കെതിരെ ഉദ്ദേശിക്കുന്ന എല്ലാ നിയമ നടപടികളും ഉപേക്ഷിക്കണമെന്നു നിര്‍ദ്ദേശിക്കുവാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. അഥവാ അപ്രകാരം തുടര്‍ന്നാല്‍ ആയതില്‍ നിന്നുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും താങ്കളുടെ കക്ഷി മാത്രം ഉത്തരവാദിയായിരിക്കുന്നതാണ്.

എന്ന്
ഒപ്പ്
വി.കെ. നടേശന്‍
ജനറല്‍ സെക്രട്ടറി
എസ്.എന്‍.ഡി.പി. യോഗം

20-4-2022

Author

Scroll to top
Close
Browse Categories