രാജ് ഭവനില്‍ വിരുന്നുകാരായി വെള്ളാപ്പള്ളി നടേശനും കുടുംബവും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ക്ഷണം സ്വീകരിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുടുംബസമേതം രാജ്ഭവനിലെത്തി. അവിട്ടം നാളിലായിരുന്നു സന്ദര്‍ശനം. ശ്രീനാരായണപ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ ചേര്‍ത്തല ശ്രീനാരായണകോളേജില്‍ 2021 ഡിസംബര്‍ 5ന് ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ വെള്ളാപ്പള്ളിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു.
രാജ്ഭവനില്‍ എത്തിയ വെള്ളാപ്പള്ളി നടേശന് ഗവര്‍ണര്‍ക്ക് ഓണപ്പുടവ നല്കി. കുടുംബാംഗങ്ങളും പുടവ സമ്മാനിച്ചു. യോഗം ജനറല്‍ സെക്രട്ടറിക്കും ഭാര്യ പ്രീതിനടേശനും ഗവര്‍ണർ ഓണപ്പുടവ കൈമാറി. പ്രത്യേകം ഒരു പേനയും ഗവര്‍ണര്‍ സമ്മാനിച്ചു. അത്താഴം കഴിച്ച് മണിക്കൂറുകള്‍ ചെലവഴിച്ച ശേഷമാണ് വെള്ളാപ്പള്ളി നടേശന്, ഭാര്യ പ്രീതിനടേശന്‍, മകള്‍ വന്ദന, മരുമകന് ശ്രീകുമാര്‍ എന്നിവര്‍ മടങ്ങിയത്. കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് യോഗം ജനറല്‍ സെക്രട്ടറി ക്ഷണിച്ചപ്പോള്‍ ഉറപ്പായും വരുമെന്ന് ഗവര്‍ണര്‍ മറുപടി നല്കി.
എസ് എൻ ഡി പി യോഗത്തിന്
ലഭിച്ച അംഗീകാരം
യോഗം ജനറൽ സെക്രട്ടറിയെയും കുടുംബത്തേയും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്കാരത്തിനു ക്ഷണിച്ചത് എസ് എൻ ഡി പി യോഗം എന്ന മഹാപ്രസ്ഥാനത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് നിസ്സംശയം പറയാം. ഓണക്കാലമായതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുവാൻ കഴിഞ്ഞു , തിരികെ അദ്ദേഹം ഓണക്കോടിയും പ്രത്യേകം കരുതിവച്ച സ്നോഹോപഹാരവും നൽകിയെന്നത് അതിലേറെ സന്തോഷം പകരുന്നു.
എസ് എൻ ഡി പി യോഗമെന്ന മഹാപ്രസ്ഥാനത്തിന് ഗവര്‍ണര്‍ നൽകിയ ആദരവിന് നന്ദിയും കടപ്പാടും ഗവർണറോടും രാജ്ഭവനോടും അറിയിക്കുന്നു.
വെള്ളാപ്പള്ളി നടേശന്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി