വിടവാങ്ങി,നക്ഷത്രദീപം

ഇരട്ടസഹോദരന്റെ മരണം അദ്ദേഹത്തെ ആകെ തളര്‍ത്തി. ‘രാവിലെ എഴുന്നേറ്റ് അനിയന്റെ വീട്ടിലേക്ക് നോക്കുമ്പോള്‍ വാതിലില്‍ കൈകുത്തി നിന്ന് അവന്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് പോലെ” വിവശനായ ജയന്‍ എസ്. രമേശന്‍നായരോട് പറഞ്ഞു.ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്‌നേഹനിര്‍ബന്ധമാണ് സംഗീത വഴിയിലേക്ക് ജയനെ തിരിച്ചുകൊണ്ടുവന്നത്.

സംഗീതചക്രവാളത്തിലെ ഇരട്ടനക്ഷത്രങ്ങളിൽ ജയനും വിടവാങ്ങി.നക്ഷത്രദീപങ്ങൾ കണ്ണടച്ചപ്പോൾ സംഗീതരംഗത്ത് നിറയുന്നത് നികത്താനാവാത്ത ശൂന്യത.

ഗുരുക്കന്മാരുടെ അനുഗ്രഹം എന്നും ആവോളം ലഭിച്ചിരുന്നു ജയവിജയന്‍മാര്‍ക്ക്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം ഒന്നാം ക്ലാസോടെ പാസായെങ്കിലും തുടര്‍ പഠനത്തിന് വകയില്ലായിരുന്നു. ശ്രീചിത്തിര തിരുനാള്‍ കേരളം ഭരിക്കുന്ന കാലം. കോട്ടയം നാട്ടകത്തുള്ള ബംഗ്ലാവിലെത്തിയ രാജാവിനെ ഇരട്ടകള്‍ മുഖം കാണിച്ചു. കസേരയിലിരിക്കാന്‍ രാജാവ് പറഞ്ഞെങ്കിലും ജയവിജയന്മാര്‍ നിലത്താണ് ഇരുന്നത്. രാജാവും നിലത്തിരുന്നു. പന്തുവരാളി രാഗത്തിലുള്ള ‘സാരസാക്ഷപരിപാലയ’ പാടി. പിന്നെ രാജാവിന്റെ ആവശ്യപ്രകാരം ക്ഷീരസാഗരയും.

തൃശിനാപ്പള്ളിയില്‍ ആലത്തൂര്‍ ബ്രദേഴ്‌സിന്റെ കീഴില്‍ സംഗീതം പഠിക്കാനായിരുന്നു രാജാവിന്റെ നിര്‍ദ്ദേശം. മൂവായിരം രൂപയുടെ ചെക്കും നല്‍കി. തൃശിനാപ്പള്ളിയിലെ പഠനം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രശസ്ത കർണാടക സംഗീതഞ്ജൻ എം.ബാലമുരളികൃഷ്ണയെ കാണണമെന്ന് ജയവിജയന്മാര്‍ക്ക് അതിയായ ആഗ്രഹം. നേരെ ആന്ധ്രയിലേക്ക്.
ആന്ധ്രയിലെ തന്റെ വീട്ടില്‍ താമസിച്ച് സംഗീതം പഠിക്കാന്‍ മുമ്പ് ക്ഷണം കിട്ടിയിരുന്നു ജയവിജയന്മാര്‍ക്ക് .അന്ന് വൈക്കം ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ബാലമുരളികൃഷ്ണയുടെ ക്ഷണം. ക്ഷേത്രത്തില്‍ ബാലമുരളികൃഷ്ണയുടെ കച്ചേരി. മുന്‍നിരയില്‍ തന്നെയുണ്ട് താളം പിടിച്ച് ജയനും വിജയനും. ഇടയ്ക്ക് മഴ പെയ്തപ്പോള്‍ ഇരട്ടകള്‍ ഓടിക്കയറിയത് സ്റ്റേജില്‍ ബാലമുരളികൃഷ്ണയുടെ അടുത്ത്. കച്ചേരിക്ക് മൃദംഗം വായിച്ചിരുന്ന മാവേലിക്കര കൃഷ്ണന്‍കുട്ടിനായര്‍ ഇരുവരേയും ബാലമുരളികൃഷ്ണയ്ക്ക് പരിചയപ്പെടുത്തി. തുടര്‍ന്നായിരുന്നു ആന്ധ്രയിലെ ബാലമുരളികൃഷ്ണയുടെ വസതിയിലേക്കുള്ള ക്ഷണം. സാമ്പത്തിക ചുറ്റുപാടുകള്‍ ഒട്ടും അനുകൂലമല്ലാത്തതിനാല്‍ ആ ക്ഷണം അന്നു സ്വീകരിക്കാനായില്ല.

ആ ആഗ്രഹമാണ് ഇപ്പോള്‍ സഫലമാകുന്നത്. ബാലമുരളികൃഷ്ണക്ക് അന്ന് വിജയവാഡ ആകാശവാണിയിലായിരുന്നു ജോലി. അദ്ദേഹത്തിന്റെ വീടിന്റെ ഔട്ട്ഹൗസിലായിരുന്നു ജയവിജയന്‍മാരുടെ സംഗീത പഠനം. 1964ല്‍ ബാലമുരളീകൃഷ്ണക്ക് മദ്രാസിലേക്ക് സ്ഥലംമാറ്റം. കൂടെ പോന്നു ഇരുവരും. ഒറ്റ പൈസ പ്രതിഫലം വാങ്ങിക്കാതെയായിരുന്നു ബാലമുരളീകൃഷ്ണ ജയവിജയന്‍മാരെ സംഗീതം പഠിപ്പിച്ചത്.

സംഗീതം ജീവിതമാക്കി

സംഗീതം ജീവിതമാക്കിയ മഹാസംഗീതജ്ഞനായിരുന്നു കെ.ജി. ജയൻ.ചെമ്പൈവൈദ്യനാഥഭാഗവതരുടെ കൂടെ സംഗീത സപര്യയ്ക്ക്
ഭാഗ്യം ലഭിച്ചിട്ടുള്ള ജയൻ ആയിരക്കണക്കിന് വേദികളിൽ കച്ചേരി നടത്തി. കർണാടക സംഗീതരംഗത്ത് മാത്രമല്ല,ചലച്ചിത്രഗാനങ്ങളിലും ഭക്തി ഗാനരംഗത്തും
സ്വന്തംശൈലിക്ക് രൂപം നൽകിയ പ്രതിഭയായിരുന്നു ജയൻ. ഭക്തർ എപ്പോഴും മനസിൽ കൊണ്ടുനടക്കുന്ന നിരവധി ഗാനങ്ങൾ ഒരുക്കി. ഈ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത് . എക്കാലവും എന്റെ നല്ല സുഹൃത്തായിരുന്ന ജയന് പ്രണാമം.
വെള്ളാപ്പള്ളി നടേശൻ
എസ് .എൻ. ഡി. പി യോഗം
ജനറൽ സെക്രട്ടറി

പിന്നീട് പത്തുവര്‍ഷം ചെമ്പൈ സ്വാമിയുടെ കീഴിലായിരുന്നു സംഗീത പഠനം. മൃദംഗവിദ്വാന്‍ ടി.വി. ഗോപാലകൃഷ്ണനാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യരാകാന്‍ വഴിയൊരുക്കിയത്. ചെമ്പൈ ദക്ഷിണപോലും വാങ്ങിയില്ല. ”അവരെത്തന്നെ ഞാന്‍ ദക്ഷിണയായി സ്വീകരിച്ചിരിക്കുന്നു” ചെമ്പൈ പറഞ്ഞു. ചെമ്പൈയോടൊപ്പം പത്തുവര്‍ഷം രാജ്യം മുഴുവന്‍ സഞ്ചരിച്ച് കച്ചേരി നടത്തി.
ആറാം വയസ്സിലാണ് ജയവിജയന്‍മാര്‍ സംഗീതം പഠിച്ചുതുടങ്ങിയത്. പത്താംവയസ്സില്‍ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റം. നാടകസംഗീതത്തിലൂടെ തുടക്കം. ‘പ്രിയപുത്രന്‍’ എന്ന നാടകം അവതരിപ്പിക്കുമ്പോള്‍ ‘സംഗീതം ജയവിജയ ‘എന്ന് അനൗണ്‍സ് ചെയ്തത് നടന്‍ ജോസ്‌പ്രകാശ്. ഇടയ്ക്ക് കാരാപ്പുഴ ഗവ.സ്‌കൂളില്‍ അദ്ധ്യാപക ജോലി ലഭിച്ചെങ്കിലും രാജിവെച്ചു.

ജയനും വിജയനും

പിന്നണി ഗായകന്‍ കൂടിയായ ഡോ. ബാലമുരളീകൃഷ്ണയ്‌ക്കൊപ്പം സ്റ്റുഡിയോകളില്‍ റിക്കാര്‍ഡിംഗിന് പോയ സന്ദര്‍ഭങ്ങളിലാണ് ചലച്ചിത്ര നിര്‍മ്മാതാക്കളുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. അധികം സിനിമകള്‍ ഉണ്ടായില്ല, എന്നാല്‍ ചെയ്തതെല്ലാം നല്ല ഗാനങ്ങള്‍.
നടന്‍ സത്യനുമായുള്ള സൗഹൃദം ‘കുരുതിക്കളം’ എന്ന സിനിമയുടെ സംഗീതസംവിധാനം ചെയ്യാനുള്ള അവസരം ലഭിക്കാന്‍ കാരണമായി.
ഉത്രാടരാത്രി, തെരുവുഗീതം, നിറകുടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍. ‘നിറകുടം’ എന്ന സിനിമയില്‍ ജയവിജയന്‍മാര്‍ സംഗീതം പകര്‍ന്ന ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’ മലയാള സിനിമാ സംഗീതത്തിലെ നാഴികക്കല്ലായി. ചെമ്പൈ സ്വാമിയുടെ കച്ചേരിയെ വര്‍ണിക്കുന്ന പാട്ട്. ബിച്ചുതിരുമലയുടെ വരികളില്‍ പാലക്കാട് മണിഅയ്യരുടെ മൃദംഗവും ചൗഡയ്യായുടെ വയലിനുമെല്ലാം കടന്നുവരുന്നു. ഗൗരി മനോഹരി, ശങ്കരാഭരണം, ആഭോഗി രാഗങ്ങള്‍ ഉപയോഗിച്ചുള്ള രാഗമാലികയാണ് ഒരുക്കിയത്.

രാഷ്ട്രപതി ഭവനിൽ പത്മശ്രീ പുരസ്കാരം
സ്വീകരിക്കുന്നു
നവതി ആഘോഷത്തിനിടയിൽ കുടുംബാംഗങ്ങളോടൊപ്പം

രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ജയവിജയന്മാര്‍ കച്ചേരി നടത്തി. ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കി അണിയിച്ച് ദീപാരാധന നടത്തുംമുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വര്‍ഷങ്ങളോളം ”72 വര്‍ഷങ്ങള്‍ ഞാനും അനിയനും തുടര്‍ച്ചയായി സന്നിധാനത്ത് പാടിയിട്ടുണ്ട്. തിരുവാഭരണ ഘേഷയാത്ര സന്നിധാനത്ത് എത്തുമ്പോള്‍ പാട്ട് തുടങ്ങും. ഞങ്ങളുടെ പാട്ട് കഴിഞ്ഞേ മകരവിളക്ക് ദിവസം നടതുറക്കുകയുള്ളൂ”ജയന്‍ പറഞ്ഞു.
പത്താംവയസ്സിലായിരുന്നു ആദ്യ ശബരിമല ദര്‍ശനം. കോട്ടയത്ത് നിന്നു നടന്നാണ് ആദ്യം ശബരിമലയില്‍ എത്തിയത്.

പിതാവ് ഗോപാലൻ തന്ത്രികൾ

ജയവിജയന്മാര്‍ ഒരുക്കിയ ഭക്തിഗാന ആല്‍ബങ്ങള്‍ എന്നും ഭക്തജനങ്ങള്‍ക്ക് പ്രിയങ്കരമായിരുന്നു. അയ്യപ്പ സുപ്രഭാതം, പള്ളിവേട്ടപാട്ട്, ഹരിവരാസനം, തുളസിമാല, അയ്യപ്പതൃപ്പാദം, പ്രണവം, ഹരിമുരളി, ശ്രീചക്കുളത്തമ്മ, ദേവിഗീതം അങ്ങെന ഒട്ടേറെ ഭക്തിഗാന ആല്‍ബങ്ങള്‍ ജനഹൃദയങ്ങളെ കീഴടക്കി. ‘ശ്രീകോവില്‍ നടതുറന്നു’ ‘എല്ലാം എല്ലാം അയ്യപ്പന്‍, ‘ഷണ്‍മുഖസോദരാ’ തുടങ്ങിയ ജയവിജയന്‍മാര്‍ സ്വയംസംഗീതം നൽകി പാടിയ ഗാനങ്ങള്‍ ഭക്തി നിറഞ്ഞു തുളുമ്പുന്നതായിരുന്നു.’രാധ തന്‍ പ്രേമത്തോടാണോ’, ‘ചന്ദനചര്‍ച്ചിത’ തുടങ്ങി മലയാളത്തിലെ എക്കാലത്തേയും മികച്ച കൃഷ്ണഭക്തിഗാനങ്ങളും ഒരുക്കി.

ജയവിജയ എന്ന പേരുപോലെ ലയമുള്ളതായിരുന്നു ഇരുവരുടെയും ബന്ധവും. കാഴ്ചയിലും സംഗീതശൈലിയിലുമെല്ലാം അത്രമേല്‍ പൊരുത്തം കാത്തവര്‍. ഘനഗംഭീരമായ സ്വരത്തില്‍ പാടുന്നതൊരു മേളക്കെട്ട് തന്നെയായിരുന്നു”

  • യേശുദാസ്.

1988ല്‍ തൃശിനാപ്പള്ളിയില്‍ കച്ചേരി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു സഹോദരന്‍ വിജയന്റെ അപ്രതീക്ഷിത വിയോഗം. ഇരട്ടസഹോദരന്റെ മരണം ജയനെ ആകെ തളര്‍ത്തി. ‘രാവിലെ എഴുന്നേറ്റ് അനിയന്റെ വീട്ടിലേക്ക് നോക്കുമ്പോള്‍ വാതിലില്‍ കൈകുത്തി നിന്ന് അവന്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് പോലെ” വിവശനായ ജയന്‍ എസ്. രമേശന്‍നായരോട് പറഞ്ഞു.
ജീവിതം സംഗീതമാക്കിയ സംഗീതജ്ഞന്‍ പിന്‍വാങ്ങുന്നത് ആരാധകര്‍ക്ക് നോക്കി നില്‍ക്കാനാകുമോ?
ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്‌നേഹനിര്‍ബന്ധമാണ് സംഗീത വഴിയിലേക്ക് ജയനെ തിരിച്ചുകൊണ്ടുവന്നത്. തരംഗിണിക്ക് വേണ്ടി ‘മയില്‍പ്പീലി’ എന്ന കൃഷ്ണഭക്തിഗാനങ്ങള്‍ ഒരുങ്ങി. ‘ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍” തുടങ്ങി എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചത്. ആസ്വാദകര്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാനങ്ങളാണ് ‘മയില്‍പ്പീലി’യില്‍. ‘ചെമ്പൈ സംഗീതവും ജീവിതവും’ എന്ന പേരില്‍ ചെമ്പൈയുടെ ജീവചരിത്രവും ഇരുവരും ചേര്‍ന്ന് എഴുതിയിട്ടുണ്ട്. 91ല്‍ സംഗീതനാടക അക്കാദമി, 2013ല്‍ ഹരവരാസനം പുരസ്‌കാരങ്ങള്‍ നേടിയ കെ.ജി. ജയനെ 2019ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

അന്ത്യനിദ്ര

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി വര്‍ക്കലയില്‍ തന്ത്രവിദ്യ പഠിച്ച കോട്ടയം നാഗമ്പടം കടമ്പൂത്തറ മഠത്തില്‍ കെ. ഗോപാലന്‍തന്ത്രിയുടെയും കെ. നാരായണിഅമ്മയുടെയും മകനായി 1934 നവംബര്‍ 21നായിരുന്നു ജയന്റെ ജനനം. ഭാര്യ അദ്ധ്യാപികയായ വി.കെ. സരോജിനിഅമ്മ, മക്കള്‍: നടന്‍ മനോജ് കെ. ജയന്‍, ബിജു. കെ. ജയന്‍. മരുമക്കള്‍: പ്രിയബിജു, ആശ.
“കര്‍ണാടക സംഗീതത്തിലെ അറിവിന്റെ ആഴമാണ് ജയവിജയന്‍മാരുടെ സംഗീതസംവിധാനത്തിന്റെ അടിസ്ഥാനം. രാഗങ്ങളെ സാധാരണക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ പാട്ടുകളില്‍ ഉപയോഗിക്കാനുള്ള മിടുക്ക് അസാദ്ധ്യമായിരുന്നു.” യേശുദാസ് പറയുന്നു.
സംഗീത ലോകത്തെ വിസ്മയിപ്പിച്ച ആ ഇരട്ട നക്ഷത്രങ്ങള്‍ ഇനിയില്ല. പൊലിഞ്ഞു പോയ നക്ഷത്രദീപം സംഗീത ലോകത്തിന് എന്നും മാര്‍ഗദര്‍ശിയാവും

Author

Scroll to top
Close
Browse Categories