മടങ്ങിവരും,മഹാനടൻ
ഫിസിയോ തെറാപ്പിയിലൂടെയും മറ്റു ചികിത്സാമുറകളിലൂടെയും ജഗതി എന്ന നടനെ പ്രേക്ഷകർക്കും കുടുംബത്തിനും പഴയതു പോലെ കൊണ്ടു തരുമെന്നു തന്നെയാണ് പ്രത്യാശിക്കുന്നത്-
മകൻ രാജ് കുമാർ
പറയുന്നു
മലയാളസിനിമയിൽ ഏറ്റവും അധികം തിരക്കുണ്ടായിരുന്ന ഒരു നടനാണ് അച്ഛൻ. ലൊക്കേഷനിൽ നിന്ന് ലൊക്കേഷനുകളിലേക്ക് രാപ്പകലില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്ന അച്ഛന്റെ ഓണദിനങ്ങളിലെ ആഘോഷത്തിന്റെ രീതികൾ എങ്ങനെയൊക്കെയായിരുന്നു ?
അച്ഛന്റെ സിനിമാജീവിതത്തിൽ തിരക്കുകൾ കൂടുതലായിരുന്നു എന്നത് വാസ്തവമാണ്. ആ തിരക്കുകൾക്കിടയിലും അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട് വീണുകിട്ടുന്ന ചില മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ഓണദിനങ്ങൾ. ഓണത്തിന്റെ മൂന്നോ നാലോ ദിനങ്ങൾ കുടുംബവുമായി ചെലവഴിക്കുന്ന ഒരു രീതി എത്ര തിരക്കുകളുടെ കാലത്തിലും പതിവായിരുന്നു. ലൊക്കേഷൻ എവിടെയാണെങ്കിലും അവിടെ നിന്നും വീട്ടിലേക്കു വരികയും അമ്മയോടൊപ്പം ചേർന്ന് ഭക്ഷണം പാകം ചെയ്യുകയും ഒക്കെ ചെയ്യുമായിരുന്നു. പാചകം ചെയ്യുന്നത് വളരെ ഇഷ്ടമായിരുന്നു. നാടൻ കറികൾ ഒക്കെ ഉണ്ടാക്കി ഞങ്ങൾക്കു തരുമായിരുന്നു. അച്ഛൻ വെയ്ക്കുന്ന കറികൾക്കൊക്കെ രുചി കൂടുതലായിരുന്നു. രുചികരമായ കറികൾ ഉണ്ടാക്കുമെന്നതു കൊണ്ടു തന്നെ ഞങ്ങൾ കൊതിയോടെ അതിനായി കാത്തിരിക്കുമായിരുന്നു. ഓണത്തിന് വരുമ്പോൾ ഞങ്ങൾക്കുള്ള ഡ്രസ്സൊക്കെ വാങ്ങിയാണ് എത്താറ്. ഈ സന്തോഷവും ആഘോഷവുമൊക്കെ അങ്ങനെ മൂന്നുനാലു ദിവസങ്ങളിൽ തുടരുമായിരുന്നു. സിനിമയെ കുറിച്ചുള്ള ഭാരങ്ങൾ ഒന്നുമില്ലാതെ അച്ഛനെ ഞങ്ങൾ കണ്ടിട്ടുള്ളതും ആ ദിവസങ്ങളിലാണ്. അത് ഞങ്ങൾ മക്കൾക്കും അമ്മയ്ക്കുമൊക്കെ വലിയ കൗതുകം പോലെ തോന്നിയിട്ടുണ്ട്. അത്ഭുതത്തോടെ അതിനെ നോക്കി നിന്നിട്ടുമുണ്ട്. പക്ഷെ ഇപ്പോൾ ഓണം അടുത്തു വരുമ്പോൾ ഒരു ചെറിയ മാനസിക ഉലച്ചിൽ ഞങ്ങൾക്കെല്ലാമുണ്ട്. അച്ഛന്റെയും ഞങ്ങളുടെയും ഇഷ്ടങ്ങൾ ഒന്നും നടപ്പാക്കാൻ പറ്റാത്ത ഓണമാണിതല്ലോയെന്ന് ഓർത്തുപോകും. എന്നിരുന്നാലും കൂടെയുണ്ടല്ലോ എന്ന ആശ്വാസം ചെറുതല്ലാത്ത സന്തോഷം നൽകുന്നുണ്ട്.
സിനിമാ തിരക്കുകൾക്കിടയിൽ നിന്ന് ഇങ്ങനെ മൂന്നു നാളുകൾ വിട്ടു നിൽക്കുമ്പോൾ അച്ഛന് അത് നേരിയ തോതിലെങ്കിലും ഒരുതരം ടെൻഷനോ മറ്റോ നൽകിയിട്ടുണ്ടോ ?
ശരിക്കും പറഞ്ഞാൽ അത് ടെൻഷന്റെ മൂന്നു നാളുകൾ തന്നെയാണ്. എങ്കിലും അതൊന്നും അച്ഛൻ പ്രകടിപ്പിക്കാറില്ല. ഇരുപത്തിനാല് മണിക്കൂറും ക്യാമറയ്ക്കു മുമ്പിൽ ചെലവിടുന്ന അച്ഛന്റെ ഒരു ഫ്രീ മൈന്റാണ് ആ ദിനങ്ങളിൽ ഞങ്ങൾ കാണുന്നത്. പിന്നെ സിനിമാലൊക്കേഷനിലെ കാര്യങ്ങളൊന്നും ഞങ്ങളുമായി ചർച്ച ചെയ്യാറില്ല. പക്ഷെ ഞങ്ങളെ അമ്പരപ്പിക്കുന്ന ചില സംഗതികളിലൊന്നിതാണ് – മൊബൈൽ ഫോൺ പോലുമില്ലാതിരുന്ന കാലത്ത് അച്ഛൻ ഈ കാര്യങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്തിരുന്നുവെന്നതാണത്. ഇവിടുത്തെ ഒരാളെ പോലെ ജീവിക്കാൻ അച്ഛന് വീണുകിട്ടിയിരുന്ന ആ മൂന്നു നാളുകളിൽ നിന്ന് ലൊക്കേഷനിലേക്ക് തിരികെ വിളിക്കുമ്പോൾ ചെറുതിലേ ഒക്കെ ഞങ്ങൾക്ക് സങ്കടം തോന്നിയിരുന്നു. പിന്നെ ഒഴിവാക്കാനാവാത്ത കാര്യമായതുകൊണ്ടു തന്നെ ആ സങ്കടത്തെ ഞങ്ങൾ പെട്ടെന്ന് ഉരുക്കി കളയുമായിരുന്നു.
അപ്പം തരുന്നവനെയാണ് അപ്പൻ എന്നു വിളിച്ചിരുന്നത് എന്നൊരു നാട്ടുപറച്ചിലുണ്ട്. ജഗതി എന്ന നടൻ ഒരച്ഛൻ എന്ന നിലയിൽ എങ്ങനെയാണ് കുടുംബത്തിൽ വ്യാപരിച്ചിരുന്നത് ?
ഞങ്ങൾ കുടുംബാംഗങ്ങളെ അപേക്ഷിച്ച് പ്രേക്ഷകർ അച്ഛനെ എങ്ങനെയായിരിക്കും കാണുന്നത് എന്ന ഒരു സന്ദേഹവും ആശങ്കയും ഇപ്പോഴുമുണ്ട്. ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം അച്ഛൻ സിനിമയിൽ ചെയ്യുന്ന കോമഡികൾ തന്നെയാണ്. കുടുംബത്തിൽ കോമഡികൾ പറയുമ്പോഴും അച്ഛൻ ഒരു സീരിയസ് ആളായിരുന്നു. കുടുംബത്തിന് ഒരു നല്ല അച്ഛനായിരുന്നു. ഞങ്ങൾക്ക് എന്തും തുറന്നു പറയാമായിരുന്നു. മുഴുനീള കോമഡിയിൽ അഭിനയിക്കുന്ന ഒരച്ഛനെ അപ്പോൾ നമുക്ക് കാണാനാവില്ല. ഞങ്ങൾക്ക് പക്ഷെ ഒരേ സമയം അച്ഛൻ നല്ലൊരു സുഹൃത്തുമായിരുന്നുവെന്നതാണ് വാസ്തവം.
അപ്പോൾ നിങ്ങൾ എന്തെങ്കിലും കുസൃതികളൊക്ക കാട്ടിയാൽ അതിനെയും അച്ഛൻ ഗൗരവരഹിതമായിട്ടാണോ കണ്ടിരുന്നത്?
അച്ഛന് കുടുംബത്തെ കുറിച്ചൊക്കെ കൃത്യമായ ഒരു ഡിസൈനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിലെ ഓരോ കാര്യങ്ങളിലും അച്ഛൻ തീരുമാനങ്ങളും എടുത്തിരുന്നു. ചില തെറ്റുകൾ സംഭവിക്കുമ്പോഴും പിഴവുകൾ ഉണ്ടാകുമ്പോഴും ഞങ്ങളെ തല്ലിയിട്ടുമുണ്ട്. അപ്പോഴും മക്കളായ ഞങ്ങൾക്ക് സ്നേഹവും ഗൗരവം തുളുമ്പുന്നതും കെയറിങ്ങിന്റെ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്തതുമായ ഒരച്ഛനായിരുന്നു മലയാളിക്ക് പ്രിയപ്പെട്ട ജഗതി എന്ന നടൻ. ഞങ്ങൾക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ ദിശ തെളിച്ചു തരാനും അച്ഛൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞങ്ങളെ ഏറ്റവും അധികം പ്രചോദിപ്പിച്ചത് “തനിയെ അദ്ധ്വാനിക്കുക , തനിയെ സമ്പാദിക്കുക ” എന്നീ പ്രായോഗിക തത്വചിന്തകളാണ്. അതുകൊണ്ടു തന്നെ പതിനെട്ടു വയസ്സു മുതൽ ഞങ്ങളെ സ്വതന്ത്രമായി വിടുകയായിരുന്നു.
ഓണദിനങ്ങൾ എന്നത് സൗഹ്യദ സന്ദർശനങ്ങളുടെ കൂടി ദിനങ്ങളാണല്ലോ. സിനിമാ മേഖലയിൽ നിന്ന് ആരൊക്കെയാണ് സാധാരണ സന്ദർശകരായി എത്തുന്നത് ?
സിനിമാമേഖലയിലുള്ളവരൊക്കെ ഓരോരോ തിരക്കുകളിലായിരിക്കുമല്ലോ. അതുകൊണ്ട് പലരും വിളിച്ച് ക്ഷേമം അന്വേഷിക്കാറാണ് പതിവ്. എന്നിരുന്നാലും പതിവായി സന്ദർശിക്കുന്നത് ചില രാഷ്ട്രീയക്കാരാണ്. പേരെടുത്തു പറയാനാണെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ എല്ലാ ഓണത്തിനും വീട്ടിലെത്തി അച്ഛന് ഓണം ആശംസിക്കാറുണ്ട്.
ജഗതി എന്ന നടനെയും അച്ഛൻ സ്വരൂപത്തെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാക്കിയുളള കുടുംബാംഗങ്ങളോടും പ്രേക്ഷകരോടും എന്താണ് പറയാനുള്ളത് ?
മലയാളിയെ ചിരിപ്പിച്ച എന്റെ അച്ഛൻ ഇപ്പോൾ നടക്കുന്ന ഫിസിയോതെറാപ്പിയിലൂടെയും മറ്റു ചികിത്സാമുറകളിലൂടെയും തിരിച്ചുവരാൻ നിങ്ങളും ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവം ജഗതി എന്ന നടനെ പ്രേക്ഷകർക്കും അച്ഛനെ കുടുംബത്തിനും പഴയതു പോലെ കൊണ്ടു തരുമെന്നു തന്നെയാണ് പ്രത്യാശിക്കുന്നത്.