അതിജീവനത്തിന്റെ
കഥയില്‍
ആത്മവിശ്വാസത്തോടെ
ഒരു വ്യാഴവട്ടക്കാലം മുന്‍പ് കുടുംബജീവിതത്തിന്റെ സ്വകാര്യതകളിലേക്ക് ഒതുങ്ങിക്കൂടിയ നവ്യാ നായര്‍ ഇടയ്ക്ക് ഒരു സിനിമ ചെയ്തിരുന്നെങ്കിലും അഭിനയരംഗത്ത് സജീവമായിരുന്നില്ല. ദൃശ്യത്തിന്റെ കന്നട റീമേക്കിലെ നായികയെന്ന നിലയില്‍ ലഭിച്ച വിജയം പകര്‍ന്ന ആത്മവിശ്വാസമാണ് മലയാളത്തില്‍ കൂടുതല്‍ നല്ല കഥാപാത്രങ്ങളിലേക്ക് നടന്നു കയറാന്‍ അവരെ പിന്തുണച്ചത്. ധാരാളം കഥകള്‍ കേട്ടെങ്കിലും അഭിനേത്രി എന്ന നിലയില്‍ മോഹിപ്പിച്ച കഥാപാത്രങ്ങളൊന്നും തേടി വന്നില്ല. ആ ഇടവേളയില്‍ യാദൃശ്ചികമായാണ് ഒരുത്തിയുമായി തിരക്കഥാകൃത്ത് സുരേഷ്ബാബു എത്തുന്നത്.
സാമ്പത്തികശേഷിയും സ്വാധീനശക്തിയുമുളള അധീശവിഭാഗങ്ങളാല്‍ അതിക്രൂരമായി വഞ്ചിക്കപ്പെട്ട സാധാരണക്കാരിയായ രാധാമണിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരുത്തി തീയറ്ററുകളില്‍ എത്തിയപ്പോള്‍ പരീക്ഷാക്കാലമായിരുന്നിട്ട് പോലും കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു . നവ്യാ നായരുമായുള്ള അഭിമുഖത്തില്‍ നിന്ന്…
ഒരുത്തി പറയാന്‍ ശ്രമിക്കുന്നത് നീതിനിഷേധത്തിന്റെയും അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെയും കഥയാണ്. ഏതെങ്കിലും തരത്തില്‍ വ്യക്തിജീവിതത്തില്‍ നീതിനിഷേധം നേരിടേണ്ടി വന്നിട്ടുണ്ടോ?
ഏതൊരു പെണ്ണിനെയും പോലെ നേരിയ ചില അനുഭവങ്ങള്‍ ഒഴിച്ചാല്‍ എനിക്ക് കാര്യമായ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. സാമ്പത്തികമായും സ്വാധീനശക്തികൊണ്ടും മുന്‍നിരയില്‍ നില്ക്കുന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാവാം. എന്നാല്‍ നീതി നിഷേധിക്കപ്പെട്ട ധാരാളം പേരുടെ അനുഭവങ്ങള്‍ കണ്മുന്നിലുണ്ട്. എന്റെ സഹപ്രവര്‍ത്തക അടക്കം ഇത്തരം അനുഭവങ്ങളുടെ ബലിയാടുകളാണ്. ഇന്നും പെണ്ണിനെ രണ്ടാം തരം പൗരനായി കാണുന്ന ധാരാളം പേരുണ്ട്. സ്ത്രീകളോട് എന്തും ആവാം എന്നതാണ് ഇവരുടെ ഉളളിലിരിപ്പ്. ഇതിനൊരു മാറ്റം വന്നേ തീരു. ഏറെക്കുറെ വന്ന് തുടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയാം.
സിനിമയിലുടനീളം കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചുകൊണ്ട് ഒരിടത്ത് അടങ്ങിയിരിക്കാന്‍ കഴിയാതെ നിരന്തരം ഓടുകയാണ് രാധാമണി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരമൊരു കഥാപാത്രം. ഇത് അവതരിപ്പിക്കുമ്പോഴുളള മാനസികാവസ്ഥ എന്തായിരുന്നു?
ശരിക്കും രാധാമണിയുടെ ഫീല്‍ ഉള്‍ക്കൊണ്ട് തന്നെയാണ് അഭിനയിച്ചത്. ശാരീരികമായും മാനസികമായും ഏറെ ക്ളേശങ്ങള്‍ സഹിച്ചു. അതിന്റെ ഫലം ലഭിച്ചു തുടങ്ങിയിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണ് സിനിമ കണ്ടവരില്‍ നിന്ന് ലഭിക്കുന്നത്. പ്രത്യേകിച്ചും സ്ത്രീപ്രേക്ഷകര്‍ പടം ഏറ്റെടുത്തു കഴിഞ്ഞു.
രാധാമണിക്ക് ഒരു ഭര്‍ത്താവ് ഉണ്ടെങ്കിലും അയാളുടെ ഫിസിക്കല്‍ പ്രസന്‍സില്ല. രാധാമണി തനിച്ചാണ് എല്ലാ പ്രതിസന്ധികളെയും നേരിടുന്നത്. ഒരു പുരുഷന്റെ പിന്‍ബലമില്ലാതെയും ഒരു സ്ത്രീക്ക് ഏത് തരം പ്രതിസന്ധികളെയും നേരിടാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?
എത്രയോ സ്ത്രീകള്‍ തനിച്ച് നിന്ന് ജീവിതത്തെ നേരിടുന്നു. ജസ്റ്റിസ് ഫാത്തിമാ ബിവി മുതല്‍ ജയലളിതയും മമതാ ബാനര്‍ജിയും അടക്കം ഉരുക്കുവനിതകളെന്ന് കരുതുന്ന പലരും വിവാഹം പോലും കഴിച്ചിട്ടില്ല. വിധവകളും വിവാഹമോചിതരുമായ സ്ത്രീകള്‍ വിവാഹിതയായിരുന്ന കാലത്തേക്കാള്‍ നന്നായി ജീവിക്കുന്നില്ലേ. മനസുണ്ടെങ്കില്‍ വഴിയുമുണ്ട് എന്നതാണ് സത്യം. അതിന് സ്ത്രീ മാനസികമായി പാകപ്പെടണമെന്ന് മാത്രം.
ഒരു പെണ്ണ് മനസ് വച്ചാല്‍ ഏതറ്റം വരെയും പോരാടി ജയിക്കാന്‍ കഴിയും എന്ന ഒരു നിശ്ശബ്ദ സന്ദേശം കൂടി സിനിമ മൂന്നോട്ട് വയ്ക്കുന്നില്ലേ? യഥാര്‍ത്ഥത്തില്‍ അത്രയ്ക്ക് കരുത്തുളള ഒരു ജന്മമാണോ സ്ത്രീ?
ഇന്ദിരാഗാന്ധിയെ പോലെ മാര്‍ഗരറ്റ് താച്ചറെ പോലെയുളള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലില്ലേ? എന്തിന് യാതൊരു വിധ അധികാരത്തിന്റെയും പിന്‍ബലമില്ലാത്ത സാധാരണ സ്ത്രീകള്‍ പോലും ജീവിതത്തെ സമര്‍ത്ഥമായി നേരിടുന്നു. കുടുംബശ്രീ പോലുളള വനിതാ കൂട്ടായ്മകള്‍ എത്ര ഭംഗിയായി അടുക്കും ചിട്ടയോടെയും നടക്കുന്നു. പുരുഷന് പോലും സാധിക്കാത്ത കാര്യങ്ങളാണിത്. തനിച്ചു നിന്നും പോരാടുന്ന ധാരാളം വനിതകളുണ്ട്.
ഒരുത്തി നായികാ പ്രാധാന്യമുളള സിനിമയാണ്. ഈ സിനിമയുടെ ഭാരം പൂര്‍ണ്ണമായും താങ്ങുന്നത് നായികയാണ്. സ്വാഭാവികമായും വലിയ ഉത്തരവാദിത്തമാണ് ഏതെങ്കിലും ഘട്ടത്തില്‍ ഭയം തോന്നിയോ?
ഇല്ല. നന്ദനം അടക്കം സ്ത്രീപ്രാധാന്യമുളള വേഷങ്ങള്‍ അവതരിപ്പിച്ച ഘട്ടങ്ങളിലെല്ലാം പ്രേക്ഷകര്‍ എനിക്കൊപ്പം നിന്നിട്ടുണ്ട്. രണ്ടാംവരവിലും അവര്‍ ആ പിന്തുണ നല്‍കുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. സിനിമയുടെ വിജയം അതാണ് തെളിയിക്കുന്നത്.
നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയരംഗത്ത് സജീവമായി നില്‍ക്കുമോ?
തീര്‍ച്ചയായും. ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടാവണമെന്ന് മാത്രം.
സിനിമാ സംവിധാനത്തിനുളള ശ്രമങ്ങളും ഒരുക്കങ്ങളും നടക്കുന്നതായി അറിയാം. ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് ക്രിയേറ്റീവായ തലത്തിലേക്ക് വഴിമാറുന്നത് എന്തിനാണ്?
അഭിനേതാവ് ചെയ്യുന്നത് തിരക്കഥാകൃത്ത് എഴുതി വച്ച് സംവിധായകന് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളാണ്. അവരുടെ മനസും ആശയങ്ങളും നമ്മള് എന്ന ഉപകരണത്തിലുടെ പുറംലോകത്ത് എത്തിക്കുകയാണ്. പകരം നമുക്ക് പറയാനുളള കാര്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കണമെങ്കില്‍ സ്വന്തമായി എഴുതി സിനിമ സംവിധാനം ചെയ്യണം. നമ്മുടെ ക്രിയേറ്റിവിറ്റി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത് ആ സന്ദര്‍ഭത്തിലാണ്. എല്ലാ പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുകളും ഒരു പടമെങ്കിലും സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചേക്കാം.
ഒരുത്തി കണ്ടിട്ട് മകന് എന്ത് പറഞ്ഞു? അമ്മ അഭിനയിക്കുന്നതിനെക്കുറിച്ച് സായിയുടെ അഭിപ്രായം എന്താണ്?
അവന് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. ഞാന്‍ സീരിയസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കാണുന്നതാണ് അവനിഷ്ടം. അവന് പൊതുവെ സീരിയസ് സിനിമകളുടെ ആളാണ്. തനിയാവര്ത്തനമൊക്കെ കണ്ടിട്ട് സിബി അങ്കിളിനെ വിളിച്ച് സംസാരിച്ചയാളാണ് കക്ഷി.
മകനും നടനായി അരങ്ങേറാനിടയുണ്ടോ?
അഭിനയിക്കണമെന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അവന് അങ്ങനെയൊരു യോഗമുണ്ടെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും.
വ്യക്തി ജീവിതത്തില്‍ വളരെ സെന്‍സിറ്റീവാണെന്ന് അറിയാം. രാധാമണിയുടെ ആര്‍ജ്ജവം നവ്യയ്ക്കുണ്ടോ? പ്രതിസന്ധികളോട് ഒറ്റയ്ക്ക് നിന്ന് പൊരുതാന്‍ ധൈര്യമുണ്ടോ? അത്രയധികം ഫയര്‍ ഉളളില്‍ സൂക്ഷിക്കുന്നുണ്ടോ?
ഞാന്‍ വലിയ ധൈര്യവതിയോ തന്റേടിയോ ഒന്നുമല്ല. എന്ന് കരുതി പ്രശ്നങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളുമല്ല. അവസാന നിമിഷം വരെ പോരാടുന്ന ഒരു മനസുണ്ട്. ബാക്കിയൊക്കെ ദൈവത്തിന് വിട്ടുകൊടുക്കും.
ഒരിക്കല്‍ സുന്ദരിയല്ലെന്ന അപകര്‍ഷതാബോധം സൂക്ഷിച്ചിരുന്നെന്നും ഇന്ന് അതൊന്നും ഒരു പ്രശ്നമല്ലെന്നും ഒരു അഭിമുഖത്തില്‍ കണ്ടു. എങ്ങനെയാണ് ഈ തിരിച്ചറിവില്‍ എത്തിയത്?
ഒരാളൂടെ ഭംഗി അയാളുടെ മനസിലാണ് ഇരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉളള കാര്യം ഉളള പോലെ തുറന്ന് പറയുന്ന ഒരാളാണ് ഞാന്‍. മനസിലൊന്ന് വച്ച് മറ്റൊരു രീതിയില്‍ പെരുമാറാന്‍ അറിയില്ല. വളരെ സെന്‍സീറ്റീവാണ്. ആരെയും വേദനിപ്പിക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. മറ്റുളളവരെ സ്നേഹിക്കുന്ന ഒരു മനസുണ്ട്. ഇതൊക്കെയല്ലേ നമ്മുടെ ഭംഗി.
ശബ്ദത്തിലുടെ മാത്രം പിന്തുണയ്ക്കുന്ന പുരുഷന്. ഒരു വീഡിയോ കാളില്‍ വരുമ്പോള്‍ അത് കട്ട് ചെയ്ത് നോര്‍മല്‍ കാള്‍ ചെയ്യാനാണ് രാധാമണി ഭര്‍ത്താവിനോട് പറയുന്നത്. മാനസികമായി പിന്തുണ തരുന്ന പുരുഷന്റെ ശബ്ദം മതിയോ ഒരു സ്ത്രീക്ക് മുന്നോട്ട് പോകാന്‍? സാമീപ്യം നിര്‍ബന്ധമല്ലേ?
ഞാനുണ്ട് ഒപ്പം അല്ലെങ്കില്‍ കൂടെയുണ്ട് എന്ന ഒരു വാക്ക് മാത്രം മതി സ്ത്രീക്ക് ജീവിക്കാന്‍. പക്ഷെ അത് അയാളുടെ ഹൃദയാന്തരത്തില് നിന്ന് വരുന്നതാവണം. സ്നേഹവും ആത്മാര്‍ത്ഥതയും അതിലുണ്ടാവണം എന്ന് മാത്രം.
നവ്യ ഭയങ്കര അംബീഷ്യസ് ആണെന്ന് കരുതുന്നവരുണ്ട്. അഭിനയം, നൃത്തം, സംവിധാനം,എഴുത്ത്…ഒരുപാട് മോഹങ്ങള്‍?
തീര്‍ച്ചയായും. ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം താത്പര്യമുണ്ട്. പ്രവര്‍ത്തിക്കാന്‍ ആഗ്രഹവുമുണ്ട്. നമ്മുടെ മനസിന്റെ പല ഭാവങ്ങള്‍ പ്രകടിപ്പിക്കാനുളള ഏത് അവസരവും പാഴാക്കില്ല. നമുക്ക് ആകെയുളളത് ഒരു ജീവിതമാണ്. അതില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യണം.
ഈയിടെ ഒരു മിനികൂപ്പര്‍ സ്വന്തമാക്കിയിരുന്നല്ലോ. കാറുകള്‍ അത്ര ക്രേസാണോ?
ക്രേസ് എന്നൊന്നും പറയാനാവില്ല. പക്ഷെ കാലത്തിനൊത്ത് നമ്മളും മാറണ്ടേ?
ഇന്നോവ ഇറങ്ങിയ കാലത്ത് അത് ആദ്യം സ്വന്തമാക്കിയവരില്‍ ഒരാളായിരുന്നു ഞാന്‍. മിനികൂപ്പറൂം ഒരു മോഹമായിരുന്നു.
കൊച്ചിയിലേക്ക് താമസം മാറ്റിയത് നൃത്തത്തിലും അഭിനയത്തിലും കൂടുതല്‍ സജീവമാകാനുളള ശ്രമത്തിന്റെ ഭാഗമായാണോ?
തീര്‍ച്ചയായും. നൃത്തപഠനം, നൃത്തപരിപാടികള്‍, അഭിനയം എല്ലാം ലക്ഷ്യങ്ങളിലുണ്ട്. മകനെ ചോയ്സ് സ്കൂളില്‍ ചേര്‍ത്തു. കൊച്ചിയില്‍ ആദ്യം വാടകയ്ക്ക് ആയിരുന്നു. ഇപ്പോള്‍ പടമുകളില്‍ സ്വന്തമായി വീട് വച്ചു.
കുടുംബജീവിതം മാത്രമായി ഒതുങ്ങിക്കഴിഞ്ഞ പത്ത് വര്‍ഷക്കാലം?
ആളും ബഹളവും ആരാധകരുമൊക്കെയായി സദാ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഒരാള്‍ മുംബൈയിലെ ഫ്ളാറ്റില്‍ തനിച്ച് കഴിയുന്ന സ്ഥിതി ഒന്നോര്‍ത്ത് നോക്കൂ. സന്തോഷേട്ടന് രാവിലെ ജോലിക്ക് പൊയ്ക്കഴിഞ്ഞാല് പിന്നെ ഫ്ളാറ്റില്‍ ഞാന്‍ മാത്രം. വെറുതെ ലിപ്സ്റ്റിക്ക് ഒക്കെയിട്ട് ഒരുങ്ങി കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്വയം അഭിനയിച്ചു നോക്കും. മോന് വന്നതോടെ ആ ഏകാന്തതയില്‍ കുറച്ച് മാറ്റം വന്നു. അവന് സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഞാന്‍ വീണ്ടും തനിച്ചായി.
അതിനിടയില്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തു. കന്നടയില്‍ ദൃശ്യത്തിന്റെ റീമേക്കില്‍ അഭിനയിച്ചു.
ജീവിതത്തില്‍ ഏറ്റവും പ്രധാനമായി കരുതുന്നത് എന്താണ്?
മനസമാധാനം. ഉളളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ എനിക്കറിയാം. കഞ്ഞിയും പയറും കിട്ടിയാലും മതിയെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഒരു ഇടത്തരം കൂടുംബത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടുളള ഗുണമാണ് അത്.
ഇടയ്ക്ക് ഒരു പുസ്തകം എഴുതിയിരുന്നു. പിന്നീട് എഴുത്തില്‍ കണ്ടില്ല?
ഒരു മാഗസിനില്‍ എന്റെ അനുഭവക്കുറിപ്പുകള്‍ എഴുതിയിരുന്നു. അത് പിന്നീട് നവരസങ്ങള്‍ എന്ന പേരില്‍ പുസ്തകമായി. ഒരു എഴുത്തുകാരി എന്നൊന്നും വിശേഷിപ്പിക്കാന്‍ കഴിയില്ല. നമുക്ക് അറിയുന്ന ചില കാര്യങ്ങള്‍ നമ്മുടേതായ ഭാഷയില്‍ പകര്‍ത്തിവച്ചു എന്ന് വേണമെങ്കില്‍ പറയാം. അതിനപ്പുറം ഒന്നുമില്ല. നാളെ മറ്റൊരു സന്ദര്‍ഭത്തില്‍ ഒരുപക്ഷെ ഇനിയും എഴുതിയെന്ന് വരാം.
ധാരാളം വായിക്കുന്ന കൂട്ടത്തിലാണെന്ന് അറിയാം?
ബഷീറിന്റെ വലിയ ആരാധികയാണ് ഞാന്‍. വലിയ ജീവിതസത്യങ്ങള്‍ ലാളിത്യത്തിന്റെ പുറംതോടില്‍ ഒളിപ്പിച്ചു വച്ച് കഥ പറയാനുളള അദ്ദേഹത്തിന്റെ കഴിവ് എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. സമീപകാലത്ത് എന്നെ എക്സൈറ്റ് ചെയ്യിച്ച മറ്റൊരു രചന സജില്‍ശ്രീധറിന്റെ വാസവദത്ത എന്ന നോവലാണ്. എന്തൊരു റീഡബിള്‍ ആണത്. അതേസമയം മീനിംഗ് ഫുളളായ നോവല്‍. കയ്യിലെടുത്ത പുസ്തകം മൂന്നു മണിക്കുര്‍ കൊണ്ട് ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. ഭക്ഷണം പോലും കഴിച്ചത് അതിനു ശേഷമാണ്.
ഇടക്കാലത്ത് നൃത്തത്തില്‍ ഏറെ ആക്ടീവായിരുന്നല്ലോ?
ഇപ്പോഴും അതെ. ഡാന്‍സ് ക്ളാസുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നു. നൃത്തത്തില്‍ സ്വയം നവീകരിക്കുക എന്നതിന് വളരെ പ്രാധാന്യമുണ്ട്. നൃത്തപരിപാടികള്‍ ചെയ്യാറുണ്ട്. കൊവിഡ് വന്ന ശേഷം പൊതുപരിപാടികള്‍ കുറഞ്ഞതു കൊണ്ടാണ് ഇടയ്ക്ക് ഒന്ന് മാറി നിന്നത്.
മഞ്ജുവാര്യര്‍ വലിയ പ്രചോദനമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്?
ചേച്ചി എനിക്ക് ശരിക്കും ഒരു മൂത്ത സഹോദരിയെ പോലെയാണ്. എന്റെ പുസ്തകം പ്രകാശനം ചെയ്തത് ചേച്ചിയാണ്. ഒരുത്തിയുടെ പത്രപരസ്യങ്ങളില്‍ പോലും ചേച്ചി പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുമപ്പുറം മഞ്ജുചേച്ചിയുടെ നിലപാടുകള്‍ ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകാത്ത ആരും തന്നെയില്ല. നമ്മള് അതിനെ എങ്ങനെ നേരിടുന്നു, അതിജീവിക്കുന്നു എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ ഞാനടക്കം ഒരുപാട് പേര്‍ക്ക് ചേച്ചി ഒരു പ്രചോദനം തന്നെയാണ്.
കുടുംബജീവിതത്തെക്കുറിച്ച് ചില ഗോസിപ്പുകള്‍ ഉയരുന്നത് ശ്രദ്ധിക്കാറുണ്ടോ?
സോഷ്യല്‍ മീഡിയ ആര്‍ക്കും എന്തും വിളിച്ചു കൂവാവുന്ന അണ്‍എഡിറ്റഡ് പ്ലാറ്റ്ഫോം ആണ്. അതില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാവണമെന്നില്ല. എന്ന് കരുതി എല്ലാം ഭദ്രമാണെന്ന് ഒന്നും ഞാന്‍ പറയുന്നില്ല. ഏതൊരു കുടുംബത്തിലും സ്വാഭാവികമായുണ്ടാകാവുന്ന പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളും ഞങ്ങള്‍ക്കിടയിലും ഉണ്ട്. എന്നാല്‍ അതിനെയൊക്കെ അതിജീവിച്ച് ഞങ്ങള്‍ മൂന്നോട്ട് പോകുന്നു.
എന്റെ കലാപ്രവര്ത്തനങ്ങളിലെല്ലാം ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ വീട്ടുകാരുടെയും പരിപൂര്‍ണ്ണ പിന്തുണയുണ്ട്. അതില്ലാതെ ഒരു കലാകാരിക്ക് എങ്ങനെ മനസമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയും.
അച്ഛനെക്കുറിച്ച് ഒരുപാട് വാചാലയായി കേട്ടിട്ടുണ്ട്?
എല്ലാവരെയും പോലെ അച്ഛന് എനിക്കും ഒരു വലിയ തണല്‍ ആണ്. അങ്ങനെയൊരു മനുഷ്യന്റെ കരുതലും സ്നേഹവും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഞാന്‍ ഇവിടെ വരെ എത്തുമായിരുന്നില്ല. എന്നു കരുതി അമ്മയുമായുളള ബന്ധത്തിനും കുറവൊന്നുമില്ല. ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്. എന്നാലും അച്ഛന് വലിയ ഒരു സ്വാധീനശക്തിയാണ്. അനുജന് കണ്ണനും എനിക്ക് ഏറെ പ്രിയപ്പെട്ടവനാണ്. മകന് സായി വന്ന ശേഷം ഇപ്പോള്‍ അവനാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.
ആത്യന്തികമായി എന്താണ് ഒരുത്തിയിലൂടെ പറയാന്‍ ശ്രമിക്കുന്നത്?
സ്ത്രീയുടെ പ്രതികരണശേഷിയെക്കുറിച്ചും അതിജീവനത്വരയെക്കുറിച്ചും തന്നെയാണ്. നമ്മള് ഫെമിനിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീകളെ പോലെ വീട്ടമ്മമാര്‍ അടക്കമുളള സാധാരണ പെണ്ണുങ്ങള്‍ക്ക് എടുത്തുചാടി പ്രതികരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ കാലാന്തരത്തില്‍ അവരും സ്വയം പ്രതികരണശേഷി കൈവരിക്കേണ്ടത് ഒരു അനിവാര്യതയാണ്. ഇന്നത്തെ സ്ത്രീകള്‍ അതിന് പ്രാപ്തരുമാണ്. ഒതുങ്ങിക്കൂടി ജീവിച്ച ഒരു സ്ത്രീയുടെ വീണ്ടെടുപ്പിന്റെ കഥ തന്നെയാണ് ഒരുത്തി. അതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.