പത്താമൂഴം
സമുദായം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ തമ്മിൽതല്ലാതെ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടു പോകണം. ട്രസ്റ്റിനെ ഛിന്നഭിന്നമാക്കാനും റിസീവർ ഭരണത്തിലെത്തിക്കാനും കേസുകൾ നൽകിയവർ തെറ്റുതിരുത്തി മുഖ്യധാരയിലേക്ക് എത്തുകയാണ് വേണ്ടത്. കേരളത്തിലെ ഏറ്റവും വലിയ സമുദായം ഇന്നും തമ്മിൽ തല്ലിയും പരസ്പരം പോരടിച്ചും കഴിയുമ്പോൾ സമുദായത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെയാണ് അത് ബാധിക്കുന്നത്.
അത്യപൂർവമായ രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയിലാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷൻ
ശ്രീനാരായണ ഗുരുവും ആദ്യ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കുമാരനാശാൻ 15 വർഷവും ആർ. ശങ്കർ 11 വർഷവും സേവനമനുഷ്ഠിച്ച പദവിയിൽ 26-ാമത്തെ ജനറൽ സെക്രട്ടറിയായി 27 വർഷം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നതാണ് വെള്ളാപ്പള്ളി നടേശന്റെ ആദ്യ ചരിത്രനിയോഗം. രണ്ടാമത്തേത് ശ്രീനാരായണ ട്രസ്റ്റിന്റെ അമരക്കാരനായി പത്താമൂഴത്തിലേക്ക് കടക്കുന്ന അദ്ദേഹം അതേസ്ഥാനത്ത് തുടർച്ചയായി 28 -ാം വർഷത്തിലേക്ക് കടന്നുവെന്നതാണ്. രണ്ട് സ്ഥാനങ്ങളിലും അജയ്യനായ അദ്ദേഹം എതിരാളികളില്ലാത്ത പോരാളിയും കരുത്തുറ്റ തേരാളിയും ആണെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. സാമൂഹിക, സാമുദായിക പ്രവർത്തനത്തിലൂടെ ചരിത്രം സൃഷ്ടിച്ചവർ ചുരുക്കമാണ്. ഒരു പ്രസ്ഥാനത്തെ തുടർച്ചയായി പത്താം തവണയും നയിക്കുകയെന്നത് അത്യപൂർവമായി മാത്രം സംഭവിക്കുന്നതാണ്. ദൃഢനിശ്ചയം, നേതൃപാടവം, ദീർഘദൃഷ്ടി, പ്രായോഗികബുദ്ധി, കൃത്യനിഷ്ഠ എന്നിവ കൈമുതലാക്കിയ വെള്ളാപ്പള്ളി നടേശൻ, സ്വന്തമായി പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യം വിട്ടൊഴിഞ്ഞ് ഗുരു നിയോഗം പോലെ ശ്രീനാരായണ ട്രസ്റ്റിന്റെ അമരക്കാരനായി തുടർച്ചയായ പത്താമൂഴത്തിലേക്ക് പദമൂന്നുമ്പോൾ ശ്രീനാരായണ ഗുരുവും കണിച്ചുകുളങ്ങര ദേവിയും നൽകുന്ന ശക്തിയും ജനശക്തിയും ചേർന്ന മഹാശക്തിയാണ് 87-ാം വയസ്സിലും ഊർജ്ജസ്വലതയോടെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്ന് തെളിയിക്കുന്നു. സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും വ്യവസായത്തിലൂടെയും കടന്നു പോയ കാലഘട്ടം പിന്നീട് സമുദായ പ്രവർത്തനത്തിലേയ്ക്ക് വഴിമാറിയപ്പോൾ കേരളത്തിലെ ഏറ്റവും പ്രബലമായ ഈഴവ സമുദായത്തിന് ലഭിച്ചത് അജയ്യനായ തേരാളിയെ. ഗുരു ദർശനം ശിരസ്സാവഹിച്ച ആർ.ശങ്കറിന്റെ ദീർഘദൃഷ്ടിയാൽ സ്ഥാപിതമായ എസ്.എൻ ട്രസ്റ്റിന്റെ സുവർണകാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന 27 വർഷങ്ങളാണ് കടന്നുപോകുന്നത്. സംഘടിച്ച് ശക്തരാവുക, വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്നരുളിച്ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ഉദ്ബോധനങ്ങൾ ശ്രീനാരായണ ട്രസ്റ്റിലൂടെ പ്രാവർത്തികമാക്കിയ ആർ.ശങ്കറിനു ശേഷം ഇത്രയും നീണ്ടകാലം ട്രസ്റ്റിനെ നയിക്കുന്ന മുന്നണി പോരാളിയാണ് വെള്ളാപ്പള്ളി നടേശൻ. ട്രസ്റ്റ് സെക്രട്ടറിയായി പത്താംതവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സഹഭാരവാഹികൾക്കൊപ്പം നവംബർ 27 ന് കൊല്ലത്ത് ട്രസ്റ്റ് ആസ്ഥാനത്തെത്തി ചുമതലയേറ്റു. കൂടുതൽ പദ്ധതികളല്ല, നിലവിലുള്ള പദ്ധതികൾ പൂർവ്വാധികം ഭംഗിയായി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം കേരളത്തിലെ ഏറ്റവും വലിയ സമുദായത്തിന്റെ നേതാവെന്ന നിലയിൽ സമുദായത്തിന് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ചോദിച്ചുവാങ്ങാനുള്ള നീക്കങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുകയും ചെയ്യും. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ സ്ഥിതിയെ തന്റേതായ രീതിയിൽ വിലയിരുത്തുന്ന അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
1ട്രസ്റ്റിന്റെ അമരത്ത് പത്താമൂഴമെത്തി, എന്താണ് പുതിയ പദ്ധതികൾ ?
പുതിയ പദ്ധതികളിലല്ല, ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ കൂടുതൽ സുതാര്യതയോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 1996 ഫെബ്രുവരി 2 ന് ആദ്യമായി ഈ ചുമതല ഏറ്റെടുക്കുമ്പോൾ 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ട്രസ്റ്റിനുണ്ടായിരുന്നത്. ഇന്ന് 16 എയ്ഡഡ് കോളേജുകൾ, 13 സ്വാശ്രയ കോളേജുകൾ, 17 ഹയർ സെക്കൻഡറി സ്കൂളുകൾ, ലാ കോളേജ്, നഴ്സിംഗ് കോളേജ്, പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (സിംസ്) എന്നിവയടക്കം 143 സ്ഥാപനങ്ങളായി. എസ്.എൻ.ഡി.പി യോഗത്തിന്റെ നിയന്ത്രണത്തിൽ ഏഴ് പുതിയ കോളേജുകളും 11 ഹയർ സെക്കൻഡറി സ്കൂളുകളുമുണ്ട്. മിക്കവാറും എല്ലാ എസ്.എൻ കോളേജുകളിലും പുതിയ കെട്ടിടം നിർമ്മിച്ചു. ചാത്തന്നൂർ എസ്.എൻ കോളേജിലെ ബഹുനില മന്ദിരം പൂർത്തിയായി. ഉടൻ ഉദ്ഘാടനം നടത്തും. ചെങ്ങന്നൂർ ആലകോളേജിലും ഉടൻ കെട്ടിടം നിർമ്മിക്കും. അതിന്റെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കൊല്ലത്ത് ശ്രീനാരായണ സെൻട്രൽ സ്കൂളിനോടനുബന്ധിച്ചുള്ള കെ.ജി സെക്ഷൻ അന്തർദ്ദേശീയ നിലവാരത്തിൽ ഒരുകോടിയോളം രൂപ ചിലവിൽ നവീകരിച്ച് കൊല്ലത്തെ ഏറ്റവും മികച്ച സ്കൂളാക്കിമാറ്റും. അതിന്റെ എസ്റ്റിമേറ്റ് നടപടികൾ തുടങ്ങി. സമുദായത്തിന്റെ ജീവൽതുടിപ്പായ കൊല്ലം ശങ്കേഴ്സ് ആശുപത്രിയെ അതിന്റെ പഴയ പ്രൗഢിയിൽ എത്തിക്കാനും പരിശ്രമിക്കും. മുമ്പ് കൊല്ലത്ത് ശങ്കേഴ്സ് അടക്കം ചുരുക്കം ആശുപത്രികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് കൊല്ലം ജില്ലയിൽ മൂന്ന് മെഡിക്കൽ കോളേജുകളും നിരവധി സ്വകാര്യ ആശുപത്രികളുമുണ്ട്. കൊല്ലം നഗരത്തിലെ മറ്റു സ്വകാര്യ ആശുപത്രികളിലും സ്ഥിതി മെച്ചമല്ല. ശങ്കേഴ്സ് ആശുപത്രിയുടെ വികസനത്തിന് ട്രസ്റ്റ് ബോർഡ് യോഗം ചേർന്ന് 5 കോടി രൂപ വായ്പയെടുക്കാൻ തീരുമാനിച്ചിരുന്നു. ട്രസ്റ്റ് സ്കീം പ്രകാരം വായ്പഎടുക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. എന്നാൽ ഒരുവിഭാഗം അതിനെതിരെ കോടതിയിൽ കേസ് നൽകി ഇത് തടസ്സപ്പെടുത്തി. ഇപ്പോൾ ട്രസ്റ്റിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ആശുപത്രി പ്രവർത്തിപ്പിക്കുന്നത്. ആശുപത്രിയെ തകർക്കാനായാണ് കഴിഞ്ഞ കുറെക്കാലമായി ചിലർ ശ്രമിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരെ സംഘടിപ്പിച്ച് ആശുപത്രിക്ക് മുന്നിൽ കുടിൽകെട്ടി വരെ സമരം നടത്തി. ആശുപത്രിയെ തകർക്കാനും രോഗികൾ വരാതിരിക്കാനും എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുകയാണ് ഒരുകൂട്ടർ.
1 ആരാണ് ട്രസ്റ്റിനെതിരെ
കേസുകൾ നൽകുന്നത് ?
ട്രസ്റ്റിന്റെ ചരിത്രം പരിശോധിച്ചാൽ സ്വസമുദായത്തിലുള്ളവർ തന്നെയാണ് വിവിധ കോടതികളിൽ കേസുകൾ നൽകി പലതവണ ട്രസ്റ്റിനെ റിസീവർ ഭരണത്തിലെത്തിച്ചതെന്ന് കാണാം. ആർ. ശങ്കറിന്റെ കാലത്ത് ഉന്നതിയിലേക്ക് പോയപ്പോഴാണ് അത്തരക്കാർ കോടതിയിൽ പോയി ട്രസ്റ്റിനെ റിസീവർ ഭരണത്തിനു കീഴിലാക്കിയത്. പിന്നീട് എം.കെ രാഘവൻ വക്കീലിന്റെ കാലത്തും ഇതാവർത്തിച്ചു. ഇവർ ഇരുവരുടെയും കാലത്ത് ഏറെക്കാലം റിസീവർ ഭരണത്തിലായപ്പോൾ ട്രസ്റ്റിന്റെ വളർച്ചയെ ആണ് ഇക്കൂട്ടർ തകർത്ത് തരിപ്പണമാക്കിയത്. നാനാമുഖമായ വളർച്ചയെയും വികസനത്തെയും അത് സാരമായി ബാധിച്ചപ്പോൾ അവർ അത് കണ്ടാസ്വദിക്കുകയായിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും ചിലർ അത്തരത്തിൽ കേസുകൾ കൊടുത്ത് നേതൃത്വത്തെ തളർത്താമെന്ന് വ്യാമോഹിക്കുകയാണ്. മുമ്പും ട്രസ്റ്റിനെ തകർക്കാൻ ശ്രമിച്ച ശക്തികളുടെ പിൻഗാമികളാണ് ഇന്നും ഈ തൊഴിലുമായി നടക്കുന്നത്. ട്രസ്റ്റിനെ വീണ്ടും റിസീവർ ഭരണത്തിലാക്കാമെന്ന ചിലരുടെ വ്യാമോഹം കോടതിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് നടക്കാതെ പോയത്. ട്രസ്റ്റിൽ ഏത് വികസനം നടന്നാലും അതിനെയെല്ലാം കണ്ണടച്ച് എതിർക്കുകയും കേസുകൾ നൽകി തടസ്സപ്പെടുത്തുകയും ചെയ്യുന്ന വികസന വിരോധികളുടെ മനോനില സമുദായാംഗങ്ങളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്ന രക്തദാഹികളുടേതാണ്. യഥാർത്ഥത്തിൽ ഇവർ ഈ സമുദായത്തിനോ പ്രസ്ഥാനത്തിനോ വേണ്ടി ഒരുകാലത്തും ഒന്നും ചെയ്യാത്തവരാണ്. ട്രസ്റ്റിന്റെ വളർച്ചയ്ക്കായി ഏതെങ്കിലും കാലത്ത് എന്തെങ്കിലും സഹകരണമോ സഹായമോ ചെയ്തിട്ടുള്ളവരല്ല ഇക്കൂട്ടർ. സമൂഹമാധ്യമങ്ങളിലൂടെയും ചില പത്ര, ദൃശ്യമാധ്യമങ്ങളിലൂടെയും നട്ടാൽ കുരുക്കാത്ത നുണപ്രചാരണങ്ങളാണ് ട്രസ്റ്റിനെതിരെയും എനിക്കും എന്റെ കുടുംബത്തിനും എതിരെപോലും അവർ നടത്തിയത്. വികസനവിരോധികളുടെ കൂട്ടായ്മയാണത്. ഇക്കൂട്ടർ ഇനിയെങ്കിലും നിഴൽ യുദ്ധം അവസാനിപ്പിച്ച് മുഖ്യധാരയിലെത്തണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഞാൻ ട്ര സ്റ്റിന്റെ ചുമതലയേറ്റിട്ട് 27 വർഷമായി. ഒരിയ്ക്കൽപോലും സെക്രട്ടറി സ്ഥാനത്തേക്ക് ആരും എതിർത്ത് മത്സരിച്ചില്ല. എതിരാളികളുടെ സ്വാധീനം എത്രയുണ്ടെന്ന് ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ആകെയുള്ള10 മേഖലകളിൽ അഞ്ചിടത്ത് മാത്രമാണ് മത്സരമുണ്ടായത്. കൊല്ലം മേഖലയിൽ മാത്രമാണ് പൂർണ പാനലായി മത്സരിച്ചത്. എന്നാൽ ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. ജനവിധിയും കോടതി വിധിയും അനുകൂലമായി മാറിയിട്ടും അതിനെയും അംഗീകരിക്കാതെ വീണ്ടും കോടതിയിലേക്ക് പോകാനുള്ള നീക്കത്തിലാണവർ.
2 ഈഴവരുടെ
രാഷ്ട്രീയഭാവി ?
സമുദായം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ തമ്മിൽതല്ലാതെ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ട് പോകുകയാണ് വേണ്ടത്. ട്രസ്റ്റിനെ ഛിന്നഭിന്നമാക്കാനും റിസീവർ ഭരണത്തിലെത്തിക്കാനും കേസുകൾ നൽകിയവർ തെറ്റുതിരുത്തി മുഖ്യധാരയിലേക്ക് എത്തുകയാണ് വേണ്ടത്. കേരളത്തിലെ ഏറ്റവും വലിയ സമുദായം ഇന്നും തമ്മിൽ തല്ലിയും പരസ്പരം പോരടിച്ചും കഴിയുമ്പോൾ സമുദായത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെ ആണ് അത് ബാധിക്കുന്നത്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സമുദായത്തിന് ലഭിക്കുന്നില്ല, കേരളത്തിലിന്ന് എല്ലാവരും ജാതിപറഞ്ഞാണ് തങ്ങളുടെ അവകാശങ്ങൾ പിടിച്ചുപറ്റുന്നത്. ഈഴവ സമുദായത്തിനായി ശബ്ദിക്കാൻ ഇന്ന് ഒരു രാഷ്ട്രീയമുന്നണിയിലും ആരുമില്ല. ഏറെ ആനുകൂല്യം ലഭിച്ചവർ തന്നെ വീണ്ടും വാങ്ങിയെടുക്കുകയാണ്. ഒന്നും കിട്ടാത്ത നമുക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ല. മറ്റു സമുദായങ്ങൾക്കായി ശബ്ദിക്കാൻ എല്ലാവരുമുണ്ട്. അധികാരത്തിലും രാഷ്ട്രീയത്തിലും നമ്മൾ അന്യം നിൽക്കുന്ന അവസ്ഥയാണ്. ഈഴവർക്ക് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നീതി ലഭിക്കണം. അതിന് സംഘടിതരായി നിന്നെങ്കിലേ നീതി ലഭിക്കൂ. മറ്റു സമുദായങ്ങൾ ശക്തി സമാഹരണം നടത്തി ഭരണത്തിനകത്തു നിന്നായാലും പുറത്തുനിന്നായാലും അവകാശങ്ങൾ പിടിച്ചുവാങ്ങുന്നു. ചോദിക്കും മുമ്പേ കൊടുക്കാൻ തയ്യാറായി ഭരണക്കാരും നിൽക്കുന്നു. അതിനാൽ സമൂഹത്തോടും സമുദായത്തോടും സ്നേഹമുള്ളവരെല്ലാം ഒരുമിച്ച് ഒറ്റക്കെട്ടായി എസ്.എൻ.ഡി.പി യോഗത്തെയും ട്രസ്റ്റിനെയും പുരോഗതിയിലേക്ക് നയിക്കാൻ ഒരുമയോടെ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഇനിയും സമുദായത്തിന് തിരിച്ചടികൾ നേരിടേണ്ടി വരും.
110 ശതമാനം മുന്നാക്ക സംവരണത്തെ
എങ്ങനെ വിലയിരുത്തും ?
മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം അധികസംവരണം നൽകിയ നടപടി സാങ്കേതികമായും ശാസ്ത്രീയമായും തെറ്റാണ്. സംസ്ഥാനത്ത് മുന്നാക്കക്കാർ 15 ശതമാനം മാത്രമേയുള്ളു. അവർക്ക് 10 ശതമാനം സംവരണം നൽകുന്നത് തികച്ചും തെറ്റായ നടപടിയാണ്. ദേവസ്വം ബോർഡുകളിൽ നിലവിൽ തന്നെ 95 ശതമാനവും മുന്നാക്കക്കാരാണ്. അവർക്ക് വീണ്ടും 10 ശതമാനം സംവരണം കൂടി നൽകിയതിലൂടെ കടുത്ത വിവേചനമാണ് സർക്കാർ കാട്ടിയത്. സാമൂഹ്യനീതിയ്ക്കായി സമുദായം ഒറ്റക്കെട്ടായി പേരാടേണ്ട സമയമാണിത്. സമുദായത്തിന് അർഹമായത് ചോദിച്ചുവാങ്ങാൻ അഭിപ്രായവ്യത്യാസങ്ങൾ തടസ്സമാകരുത്. സമുദായത്തിൽ എന്നും പ്രശ്നങ്ങളാണെന്ന് വരുത്തിത്തീർക്കാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ഏതർത്ഥത്തിലാണെന്നറിയില്ല. സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുകയെന്ന നയം സർക്കാരിനില്ലെന്നും പുതിയ ചിലവിഭാഗങ്ങൾ സംവരണത്തിലേക്ക് വരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജാതി അടിസ്ഥാനത്തിൽ മാത്രമല്ലാത്ത സംവരണവും വ്യവസ്ഥാപിതമായ രീതിയിൽ സംവരണം നടപ്പാക്കുന്നതും കേരളത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറയുന്നു.
3 മുസ്ലിം ലീഗിനെ കൂടെക്കൂട്ടാൻ സി.പി.എം നേതാക്കൾ മത്സരിക്കുകയാണല്ലോ ?
മുസ്ലിം ലീഗിനു പിന്നാലെ നടന്ന് സി.പി.എം അഭിമാനം കളയരുതെന്നാണ് എനിക്ക് പറയാനുള്ളത്. ചില ലീഗ് നേതാക്കൾക്കും എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്നുണ്ട്. എൽ.ഡി.എഫിനെ അധികാരത്തിലെത്തിച്ചത് പിന്നാക്കക്കാരും അധസ്ഥിത വിഭാഗങ്ങളുമാണ്. ലീഗിന് അതിൽ ഒരു പങ്കുമില്ല. പാണക്കാട് തങ്ങൾ പറഞ്ഞത് കരണത്തടിയേറ്റതു പോലായില്ലേ ? നാണം കെടുത്തിയില്ലേ ? സി.പി.എമ്മും എൽ.ഡി.എഫും വഴിവിട്ട് സഞ്ചരിച്ചാൽ ഒപ്പം പാറപോലെ ഉറച്ചുനിന്നവർ നിരാശരാകും. അവർ വിട്ടുപോയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ എൽ.ഡി.എഫിന് മൂന്നാമതും അധികാരം ലഭിക്കും. എന്നാൽ ലീഗിന്റെ സി.പി.എം അനുകൂല നിലപാട് യു.ഡി.എഫുമായി വിലപേശി അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി നേടുകയെന്ന അടവ് തന്ത്രമാണ്. ഈ അടവുനയം കോൺഗ്രസിനാണ് വിനയാകുന്നത്. ഉമ്മൻചാണ്ടി ക്ഷേമ പെൻഷൻ കുടിശ്ശികയാക്കിയെന്നായിരുന്നു ആക്ഷേപം. 600 രൂപയായിരുന്ന പ്രതിമാസ പെൻഷൻ കുടിശ്ശിക വരുത്തിയതിനെതിരെ പ്രതിഷേധിച്ച എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ കുടിശ്ശിക തീർത്തു. പെൻഷൻ തുക 1600 രൂപയാക്കി ഉയർത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ 4 മാസം കുടിശ്ശികയായി. ആ പാവങ്ങളുടെ കണ്ണീര് ഭൂമിയിൽ വീഴാൻ പാടില്ല. അവർക്ക് ദു:ഖം വരാത്തവിധംമുൻഗണന നൽകണം. പെൻഷൻ നൽകാനെന്ന് പറഞ്ഞാണ് ഇന്ധന സെസ് പിരിയ്ക്കുന്നത്. സെസ് ഇനത്തിൽ ദിവസേന ലക്ഷങ്ങൾ കിട്ടുന്നുണ്ട്. എന്നിട്ടും പെൻഷൻ നൽകാത്തത് അനീതിയാണ്.
ലേഖകന്റെ ഫോൺ: 9446564749