സുന്ദര വില്ലൻ

പുറത്തു കണ്ടാൽ പ്രേക്ഷകർക്ക് കൈകാര്യം ചെയ്യാൻ തോന്നും വിധം വെള്ളിത്തിരയിൽ ക്രൂരകഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവൻ സിനിമകളിൽ ഇപ്പോഴും വില്ലനായി വിലസുകയാണ്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ 400 ഓളം സിനിമകളിൽ അഭിനയിച്ചു, അതിലേറെയും വില്ലൻ വേഷങ്ങൾ.
സിനിമയിൽ ക്രൂരനായ വില്ലനെങ്കിലും ജീവിതത്തിൽ എല്ലാം തികഞ്ഞ
പച്ചയായൊരു സാധു മനുഷ്യനാണ് ദേവൻ.

ഇടതും വലതും മാറിമാറി അധികാര രാഷ്ട്രീയം കൈയാളുന്ന കേരളത്തിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടിക്ക് അധികാരം കിട്ടുക സമീപഭാവിയിലെങ്ങും നടക്കാത്ത കാര്യമാണ്. രണ്ട് മുന്നണികളും കഴിഞ്ഞാൽ പിന്നെ അല്പം ഇടമുള്ളത് ബി.ജെ.പിക്കാണ്. അതും കഴിഞ്ഞാൽ പിന്നൊരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ പച്ചപിടിക്കുകയെന്നത് അസാദ്ധ്യം. നിരവധി പേർ സ്വന്തം പാർട്ടി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇടതിനോടോ വലതിനോടോ ചേർന്ന് നിൽക്കാതെ ആരും പച്ചപിടിച്ച ചരിത്രമില്ല. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമ നടൻ സ്വന്തം പാർട്ടി രൂപീകരിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത് തെലുഗുദേശം പാർട്ടി അദ്ധ്യക്ഷനായിരുന്ന എൻ.ടി രാമറാവുവാണ്. കേരളത്തിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ധൈര്യം കാണിച്ച ഒരേ ഒരു സിനിമ നടനേയുള്ളു. നിരവധി സിനിമകളിൽ ക്രൂരതയുടെ പര്യായമായ കൊടും വില്ലൻ വേഷങ്ങളണിഞ്ഞ ദേവൻ. സിനിമയിലെ ‘സുന്ദരവില്ലൻ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ദേവൻ സുമുഖനായ വില്ലനെന്നതിനാലാണ് അങ്ങനെയൊരു വിശേഷണം ചാർത്തി നൽകിയത്. തന്റെ നാടിനും ജനങ്ങൾക്കും വേണ്ടി എന്തെങ്കിലും സേവനം ചെയ്യണമെന്ന ചിന്തയാണ് ദേവനിലെ രാഷ്ട്രീയക്കാരനെ ഉണർത്തിയത്. കേരളത്തിലെ ഇടതും വലതും ബി.ജെ.പിയും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന തോന്നലിൽ നിന്ന് 2004 ൽ ‘കേരള പീപ്പിൾസ് പാർട്ടി” എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. സിനിമയ്ക്കൊപ്പം സീരിയലിലും അഭിനയിക്കുന്ന ദേവൻ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ ‘കന്യാദാന”ത്തിന്റെ കൊല്ലത്തെ സെറ്റിൽ വച്ചാണ് തന്റെ രാഷ്ട്രീയ, സിനിമ അനുഭവങ്ങൾ പങ്കുവച്ചത്. ഭാവി രാഷ്ട്രീയ, സിനിമ പ്രതീക്ഷകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും ദേവൻ മനസ്സ് തുറന്നു.

സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും ദേവൻ ഇപ്പോൾ ബി.ജെ.പിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശ പ്രകാരം കേരള പീപ്പിൾസ് പാർട്ടിയെ ബി.ജെ.പി യിൽ ലയിപ്പിക്കുകയായിരുന്നു. സമീപഭാവിയിൽ കേരളത്തിലുണ്ടാകാൻ പോകുന്ന ഒരു വലിയ മാറ്റത്തെ മുന്നിൽ കണ്ടാണ് ബി.ജെ.പിയുമായി അടുത്തതെന്നാണ് ദേവൻ പറയുന്നത്. ഈ മാറ്റത്തെ നേരിടാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞു. സ്വന്തം പാർട്ടിയുമായി നടന്നാൽ കേരളത്തിൽ കാര്യമായി ഒന്നും ചെയ്യാനാകില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഡൽഹിയിൽ പോയി അമിത്ഷായെ കണ്ടത്. സ്വന്തം പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കാമോ എന്നാണ് അമിത്ഷാ ആരാഞ്ഞത്. സമ്മതമാണെന്ന് പറഞ്ഞു. തുടർന്ന് അമിത്ഷാ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോൾ പൊതു വേദിയിൽ വച്ചാണ് അദ്ദേഹം ബി.ജെ.പി അംഗത്വം നൽകിയത്. രാജ്യത്ത് ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ബി.ജെ.പിക്കാണ്. കേരളത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് 10 സീറ്റെങ്കിലും ലഭിക്കുമെന്നാണ് സംസ്ഥാന, ദേശീയനേതൃത്വങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കയ്യിലുണ്ടായിരുന്ന നേമം സീറ്റ് പോലും ലഭിക്കില്ലെന്ന് അന്ന് താൻ പറഞ്ഞിരുന്നു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളുടെയും സ്വഭാവം പഠിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ തന്റെ അഭിപ്രായം ബി.ജെ.പി നേതാക്കൾ പോലും തള്ളിക്കളഞ്ഞു. കേരളത്തിലെ ബി.ജെ.പി യിൽ സമൂലമായ ഒരഴിച്ചുപണി വേണ്ടതുണ്ട്. അധികം വൈകാതെ അതുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ.

വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ കോൺഗ്രസ് അനുഭാവിയായിരുന്ന ദേവൻ. തൃശൂർ മോഡൽ സ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ പഠനകാലത്ത് കെ.എസ്.യു വിന്റെ സജീവ പ്രവർത്തകനായിരുന്നു. അന്നത്തെ യുവതുർക്കികളായിരുന്ന എ.കെ ആന്റണി, വി.എം സുധീരൻ, ഉമ്മൻചാണ്ടി, വയലാർരവി എന്നിവരിൽ എറെ പ്രതീക്ഷയുണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തി ആന്റണി മുഖ്യമന്ത്രിയും മറ്റു നേതാക്കൾ മന്ത്രിമാരും ആയി മാറിയപ്പോൾ കേരളത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കണ്ട് നിരാശ തോന്നി. നേതാക്കളുടെ അതിപ്രസരം മൂലം അനുസരിക്കാൻ അണികളില്ലാത്തതാണ് കേരളത്തിലെ കോൺഗ്രസിന്റെ ദുര്യോഗം. കോൺഗ്രസിൽ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കാൻ വകയില്ലെന്ന് മനസ്സിലായതോടെ തോന്നിയ നിരാശയിൽ നിന്നാണ് സ്വന്തം പാർട്ടി രൂപമെടുത്തത്.

സോണിയയുമായി
കൂടിക്കാഴ്ച

യു.പി.എ അദ്ധ്യക്ഷയായിരിക്കെ സോണി യാ ഗാന്ധിയെ ഡൽഹി ജൻപഥിൽ പോയി നേരിട്ട് കാണാൻ ദേവന് അവസരം ലഭിച്ചിരുന്നു. കോൺഗ്രസ് നേതാവ് കപിൽ സിബലാണ് അവസരം ഒരുക്കിയത്. 2008 ൽ യു.പി.എ ഭരണകാലത്ത് അമേരിക്കയുമായി ആണവകരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്ന കാര്യം സജീവചർച്ചയായി നിൽക്കെ ഡൽഹിയിൽ ഇതുസംബന്ധിച്ച് നടന്ന ഒരു സെമിനാറിൽ കേരള പീപ്പിൾസ് പാർട്ടിയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. ആണവകരാറിൽ ഇന്ത്യ ഒപ്പു വച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് തന്റേതായ കാഴ്ചപ്പാടുകൾ സെമിനാറിൽ അവതരിപ്പിച്ചു. കപിൽസിബൽ ദേവനെ ശ്രദ്ധിക്കുന്നത് അവിടെ വച്ചാണ്. കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ പറഞ്ഞ കപിൽ സിബൽ, സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി. വെറും 5 മിനിറ്റാണ് അനുവദിച്ചത്. സോണിയയെ കണ്ട ദേവൻ ‘കേരളത്തിലെ കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നത്” എന്ന തലക്കെട്ടിൽ കാര്യകാരണ സഹിതം 9 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിലെ കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകലുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് സോണിയ താത്പര്യത്തോടെ കേട്ടു. കോൺഗ്രസിൽ ചേർന്നുകൂടേ എന്ന് സോണിയ ചോദിച്ചു. തുടർന്ന് സോണിയ തിരുവനന്തപുരത്തെത്തിയപ്പോൾ കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിന്റെയും സഹായം ഇല്ലാതെ രാജ്ഭവനിലെത്തി സോണിയയെ നേരിൽകണ്ടു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇത് ഒട്ടും രുചിച്ചില്ല. അവരുടെ പിന്തുണയില്ലാതെ കേരളത്തിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാൽ പിന്നീട് കോൺഗ്രസുമായി അകന്നു. സ്വന്തം പാർട്ടിയുമായിത്തന്നെ മുന്നോട്ട് പോയി.

തിരഞ്ഞെടുപ്പുകളിൽ
സ്ഥാനാർത്ഥി

സ്വന്തം പാർട്ടിയുടെ ലേബലിൽ രണ്ട് തവണ നിയമസഭാ സ്ഥാനാർത്ഥിയായ ദേവന് കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല. 2004 ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലാണ് ആദ്യം സ്ഥാനാർത്ഥിയായത്. മന്ത്രിയായി സ്ഥാനമേറ്റ കെ.മുരളീധരന് എം.എൽ.എ ആകാൻ വേണ്ടി നടന്ന തിരഞ്ഞെടുപ്പിൽ ദേവന് 949 വോട്ട് കിട്ടി. പക്ഷെ മുരളീധരൻ തോറ്റു. അതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. കോൺഗ്രസിന് ലഭിക്കേണ്ട വോട്ടാണ് തനിക്ക് ലഭിച്ചതെന്നാരോപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. മത്സരത്തിനിടെ തനിക്ക് നേരെ ഭീഷണിയും ഉണ്ടായിരുന്നു. പിന്നീട് 2006 ലെ പൊതു തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ മത്സരിച്ചു. 2900 വോട്ട് ലഭിച്ചു. സ്വന്തം പാർട്ടിയുമായി രംഗത്തിറങ്ങിയ ദേവന് ഭ്രാന്താണെന്ന് പലരും പറഞ്ഞപ്പോൾ ‘ഞാൻ ആ ഭ്രാന്തിൽ വിശ്വസിക്കുന്നു’ എന്നായിരുന്നു ദേവന്റെ നിലപാട്. കേരളത്തിൽ എല്ലാ തിരഞ്ഞെടുപ്പുകളിലും 70 മുതൽ 80 ശതമാനം വരെ ആൾക്കാർ മാത്രമാണ് വോട്ട് ചെയ്യുന്നത്. ഓരോ പാർട്ടിക്കും വോട്ട് ചെയ്യുന്ന പാർട്ടി അനുഭാവികളെക്കൂടാതെ നിഷ്പക്ഷമതികളുണ്ട്. വോട്ട് ചെയ്യാത്ത 20 ശതമാനത്തെയും നിഷ്പക്ഷരെയും കാര്യം ബോദ്ധ്യപ്പെടുത്തി ഒപ്പം കൂട്ടാനായാൽ തന്റെ പാർട്ടിക്ക് ഇടം ഉണ്ടെന്നതായിരുന്നു ദേവന്റെ രാഷ്ട്രീയ ഗണിതശാസ്ത്രം. കേരളത്തിലെ നല്ലൊരുവിഭാഗം ജനങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം ആർക്ക് കൊണ്ടുവരാനാകുമെന്നാണ് അവർ ഉറ്റു നോക്കുന്നത്.

ദേവൻ എന്ന നടന്റെ ഉദയം

ചെമ്മീൻ, നെല്ല് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയെ ലോകത്തിനു മുന്നിലെത്തിച്ച അതുല്യ പ്രതിഭാശാലി രാമുകാര്യാട്ടിന്റെ സഹോദരീ പുത്രനായ ദേവൻ അദ്ദേഹത്തിന്റെ ലേബലിലല്ല സിനിമാക്കാരനായത്. പട്ടാളക്കാരനാകാനായിരുന്നു ചെറുപ്പത്തിലെ ഏറ്റവും വലിയ ആഗ്രഹം. ആദ്യം നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനത്തിന് ശ്രമിച്ചു, നടന്നില്ല. പിന്നീട് ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് ഇന്റർവ്യൂ വരെയെത്തിയെങ്കിലും പ്രവേശനം ലഭിച്ചില്ല. പരിശീലനം തന്ന മേജർ രംഗാചലം പറഞ്ഞു, നിന്റെ വഴി ഇതല്ല, ഇതായിരുന്നെങ്കിൽ പ്രവേശനം കിട്ടുമായിരുന്നു. അതോടെ പട്ടാളക്കാരനാകാനുള്ള മോഹം ഉപേക്ഷിച്ചു. പിന്നീട് എം.ബി.എ എടുത്ത് ബിസിനസ് സംരംഭം തുടങ്ങാൻ പുറപ്പെട്ടു. തൃശൂരിൽ നടൻ ടി.ജി രവിയാണ് റബ്ബറുമായി ബന്ധപ്പെട്ട ഫാക്ടറി തുടങ്ങാൻ ഉപദേശിച്ചത്. അതിനായി കെട്ടിടം വരെ നിർമ്മിച്ചപ്പോൾ കേരളത്തിന്റെ ശാപമായ തൊഴിൽ പ്രശ്നം ഉന്നയിച്ച് തൊഴിലാളി യൂണിയനുകളെത്തി. അതോടെ സംരംഭം ഉപേക്ഷിച്ച് ചെന്നൈയിലെത്തി. അമ്പത്തൂർ വ്യാവസായിക എസ്റ്റേറ്റിൽ സ്ഥലവും മറ്റു സൗകര്യങ്ങളും ലഭിച്ചു. ബാങ്ക്‌ലോണും ശരിയായി. അവിചാരിതമായി അതും മുടങ്ങി. ചെന്നൈയിലെ താമസത്തിനിടെയാണ് എൻ.എൻ പിഷാരടിയുടെ ‘വെള്ളം’ എന്ന നോവൽ വായിക്കാനിടയായത്. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ തകർച്ചയും കമ്മ്യൂണിസത്തിന്റെ വളർച്ചയും പ്രതിപാദിക്കുന്ന നോവലിനെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിച്ച് സംവിധാനം ചെയ്താലോ എന്ന ആഗ്രഹം ഉടലെടുത്തു. സുഹൃത്തും എഴുത്തുകാരനും പത്രപ്രവർത്തകനുമായ വിക്ടർ ലീനസ്, അറിയാത്ത കാര്യത്തിലേക്ക് എടുത്തു ചാടരുതെന്ന് ഉപദേശിച്ചു. അങ്ങനെയാണ് സംവിധായകൻ ഹരിഹരനെ കാണുന്നത്. വെള്ളം സംവിധാനം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. എം.ടി യെക്കൊണ്ട് തിരക്കഥ എഴുതിച്ചു. 22-ാം വയസ്സിൽ മലയാളത്തിലെ ആദ്യ സിനിമസ്കോപ്പ് ചിത്രമായ വെള്ളത്തിന്റെ നിർമ്മാതാവായി ദേവൻ. പ്രേംനസീർ, മധു, കെ.ആർ വിജയ തുടങ്ങിയ പ്രശസ്ത താരനിരയായിരുന്നു. സാങ്കേതികകാരണങ്ങളാൽ സിനിമ റിലീസ് ചെയ്യാൻ വൈകി. പിന്നീട് റിലീസ് ചെയ്തപ്പോൾ പ്രതീക്ഷിച്ച പോലെ സിനിമ ഓടിയില്ല. ആ പരാജയത്തിൽ നിന്നാണ് ദേവൻ എന്ന നടന്റെ ഉദയം.

അഭിനയിക്കില്ലെന്ന് പറഞ്ഞയാൾ അഭിനേതാവായി

‘വെള്ള’ത്തിൽ ഒരു പ്രധാന വേഷം ചെയ്യാൻ ഹരിഹരൻ ദേവനെ നിർബ്ബന്ധിച്ചെങ്കിലും ആ പണിക്ക് താനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. ആ വേഷം പിന്നീട് ചെയ്തത് സത്താറാണ്. എന്നാൽ കൈയ്യിൽ കാശില്ലാതായതോടെ ചെന്നൈയിൽ ജീവിക്കാൻ ബുദ്ധിമുട്ടായി. അങ്ങനെ ചെറിയ റോളുകളിൽ അഭിനയിക്കാൻ തുടങ്ങി. ആദ്യ ചിത്രം കണിക്കൊന്നയായിരുന്നു. പിന്നീട് രാജസേനന്റെ ആദ്യചിത്രമായ ‘ആഗ്രഹ’ത്തിൽ നായകനായി. മേനകയായിരുന്നു നായിക. തുടർന്ന് അമ്പിളിയുടെ ചിത്രം. ഹരിഹരന്റെ ‘അമൃതംഗമയ’ യിൽ ഒരു റൗഡിയുടെ വേഷം ചെയ്തുകൊണ്ടാണ് വില്ലൻ വേഷങ്ങൾക്ക് തുടക്കമിട്ടത്. . ജോഷിയുടെ ‘ന്യൂഡൽഹി’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ പ്രധാന വില്ലനായ ആഭ്യന്തര മന്ത്രി ശങ്കറിന്റെ വേഷം മമ്മൂട്ടിയെപ്പോലെ ദേവനും ബ്രേക്കായി. തുടർന്ന് ജോഷിയുടെ ‘നാടുവാഴികളി’ലെ വില്ലൻ വേഷം തെലുങ്കിലും അഭിനയിച്ചതോടെ തമിഴിൽ നിന്നും വില്ലൻ വേഷങ്ങൾ ദേവനെ തേടിയെത്തി. അങ്ങനെ തെന്നിന്ത്യൻ ഭാഷാ സിനിമകളിലെ സ്ഥിരം വില്ലനായി മാറി. ആരണ്യകം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തുവെങ്കിലും അത്തരം കഥാപാത്രങ്ങൾ പിന്നീട് ലഭിച്ചില്ല. വിജയകാന്ത് നായകനായ ‘ഹോണസ്റ്റ് രാജ’ എന്ന സിനിമയിലെ വില്ലൻ വേഷമാണ് തമിഴിൽ വൻ ബ്രേക്കായത്. തുടർന്ന് രജനീകാന്തിന്റെ ‘ബാഷ’ യിൽ വില്ലൻ വേഷം ലഭിച്ചു. വില്ലൻ വേഷം അത്ര പെട്ടെന്ന് അഭിനയിച്ചു ഫലിപ്പിക്കാവുന്നതല്ലെന്നാണ് ദേവന്റെ വിലയിരുത്തൽ. ഒരു നടനെന്ന നിലയിൽ കഴിവ് തെളിയിക്കാൻ കഴിയുന്നത് വില്ലൻ വേഷങ്ങളിലൂടെയാണ്.

സുമ, ദേവന്റെ ദേവിയായി

അമ്മാവനായ രാമുകാര്യാട്ടിന്റെ മകൾ സുമ, ദേവന്റെ ഭാര്യയായത് അദ്ദേഹത്തിന്റെ 23- ാം വയസ്സിലാണ്. ഒട്ടും നിനച്ചിരിയ്ക്കാതെയായിരുന്നു ആ വിവാഹം. സുമ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. രാമുകാര്യാട്ടിനായിരുന്നു ഇക്കാര്യത്തിൽ താത്പര്യമെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്മാർക്കും ബന്ധുക്കൾക്കുമൊക്കെ എതിർപ്പായിരുന്നു. ദേവനും ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ലായിരുന്നു. ഒരുദിവസം ദേവൻ ഒരു കത്തെഴുതി സുമയ്ക്കയച്ചു. കത്ത് പൊട്ടിച്ചുപോലും നോക്കാതെ സുമ വീട്ടുകാരെ ഏൽപ്പിച്ചു. പ്രേമലേഖനമെന്ന് പറഞ്ഞ് ആകെ പുകിലായി. ദേവനെ പ്രേമലേഖനം എഴുതിയെന്ന് പറഞ്ഞ് എല്ലാവരും കൂടി ഒരു പരുവമാക്കി. ആരും കത്തിലെ ഉള്ളടക്കം വായിക്കാതെയായിരുന്നു വിമർശനവും കുറ്റപ്പെടുത്തലുകളും. വിവാഹത്തെക്കുറിച്ച് വീട്ടുകാർ സംസാരിക്കുന്നു, നിനക്ക് ഇതിൽ എന്താണഭിപ്രായം എന്ന് സുമയോട് ചോദിച്ചു കൊണ്ടായിരുന്നു കത്ത്. അല്ലാതെ അത് പ്രേമലേഖനമൊന്നും ആയിരുന്നില്ല. രാമുകാര്യാട്ടിന്റെ പുതിയ ചിത്രമായ ‘ദ്വീപ്’ പുറത്തിറങ്ങിയ സമയം. അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിനോടനുബന്ധിച്ച് ഡൽഹിയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ അമ്മാവൻ ദേവനെക്കൂടി കൊണ്ടുപോയി. ചിത്രത്തെക്കുറിച്ച് അന്തർദ്ദേശീയ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങുന്നതിനിടെ ചിത്രത്തെക്കുറിച്ച് എന്താണ് ദേവന്റെ അഭിപ്രായമെന്ന് ചോദിച്ചു. ദേവൻ സത്യസന്ധമായി കാര്യം തുറന്നടിച്ചു. ‘ചിത്രം ബോറായാണ് എനിക്ക് തോന്നിയത്’
ഇതുകേട്ട് കാര്യാട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു. ‘എന്റെയും അഭിപ്രായം അതാണ്,
നീ ചങ്കൂറ്റത്തോടെ അക്കാര്യം തുറന്നു പറഞ്ഞു’ എന്നിട്ട് കാര്യാട്ട് ദേവനോട് പറഞ്ഞു. ‘നീ ചങ്കൂറ്റമുള്ളവനാണ്, എന്റെ മകളെ ഞാൻ നിനക്ക് തരും’പിന്നെ എതിർപ്പുകളൊക്കെ കെട്ടടങ്ങി. സുമ, ദേവന്റെ ദേവിയായി. ഇവരുടെ ഏകമകൾ ലക്ഷ്മി ഭർത്താവുമൊത്ത് ചാലക്കുടിയിലാണ് താമസം.

ദേവനെ തളർത്തി
ദേവിയുടെ വിയോഗം

സുമയുടെ അപ്രതീക്ഷിതമായ വിയോഗമാണ് ദേവനെ ഇപ്പോഴും തളർത്തുന്നത്. ആ ഓർമ്മകൾ അദ്ദേഹത്തെ വികാരാധീനനാക്കും. ഉള്ളിലെ ഏതോ കോണിൽ നിന്ന് വരുന്ന നോവിന്റെ നൊമ്പരം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കും. 2018 സെപ്തംബറിലായിരുന്നു അത് സംഭവിച്ചത്. ഒരു പ്രത്യേകതരം അലർജിയുണ്ടായിരുന്നു സുമയ്ക്ക്. വർഷങ്ങൾക്ക് മുമ്പേ അത് കണ്ടെത്തിയ ഡോക്ടർമാർ ഉപദേശിച്ചിരുന്നു. ഒരിയ്ക്കലും ഐസ്ക്രീം കഴിക്കരുതെന്ന്. കൊവിഡ് കാലത്ത് ദേവൻ ചേർത്തലയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. ചാലക്കുടിയിൽ മകളുടെ വസതിയിലായിരുന്നു സുമ. മകളുടെ കുട്ടിക്ക് വാങ്ങി വച്ചിരുന്ന ഐസ്ക്രീം സുമ അറിയാതെ കഴിച്ചു. അതോടെ ആകെ പ്രശ്നമായി. ശ്വാസതടസ്സം നേരിട്ടു. വീട്ടിൽ വേലക്കാരി മാത്രം. അവർ ഉടനെ ദേവനെ വിവരം അറിയിച്ചു. ചേർത്തലയിൽ നിന്ന് ദേവൻ പാഞ്ഞെത്തുമ്പോൾ കാണുന്നത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ഭാര്യയെയാണ്. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ തിരിച്ചടിയെക്കുറിച്ച് പറയുമ്പോൾ ഒരു നിമിഷം അദ്ദേഹം മൗനത്തിലായി. അപ്പോഴേക്കും അടുത്ത ഷോട്ടെടുക്കാൻ സമയമായെന്ന അറിയിപ്പുമായി ക്രൂവിലെ ഒരംഗം എത്തി. കൂടിക്കാഴ്ചയ്ക്ക് നന്ദി പറഞ്ഞ് ദേവൻ അടുത്ത സീൻ അഭിനയത്തിൽ ലയിച്ചു.

Author

Scroll to top
Close
Browse Categories