മരിച്ചവരുടെ ചിത്രങ്ങൾ

കുറേ കൊല്ലം മുമ്പാണ്. ഞാൻ ഈ പത്രത്തിൽ പ്രാദേശിക ലേഖകനായി ജോലി തുടങ്ങിയ കാലം. പത്രങ്ങൾ തമ്മിലുള്ള മത്സരം അന്നുമുണ്ട്. നമ്മുടെ പത്രത്തിന്റെ കാര്യം പറയേണ്ടല്ലോ. ഇന്നത്തെപ്പോലെ തന്നെ അന്നും. സർക്കുലേഷനിൽ മുന്നിൽനിൽക്കണം. ഒരിഞ്ച് താഴാൻ പാടില്ല.
ഒരു ദിവസം ബ്യൂറോ ചീഫ് എന്നെ വിളിച്ചു. പഴയകാലമല്ലേ . ബ്യൂറോയിൽ ആകെ രണ്ട് ലേഖകർ കാണും. ഞാൻ പ്രാദേശിക ലേഖകനല്ലേ. ചെറിയ തെറ്റുവന്നാൽ മതി പുറത്തുപോകും. ആരും ചോദിക്കാനില്ല. തലനരച്ചതുവരെ ഞാൻ പിടിച്ചുനിന്നതു തന്നെ വലിയകാര്യം. അന്ന് ബ്യൂറോ ചീഫ് എനിക്ക് തന്ന അസൈന്മെന്റ് മരിച്ച ഒരാളുടെ ഫോട്ടോ സംഘടിപ്പിക്കാനായിരുന്നു. ബോംബയിൽ എവിടെയോ വണ്ടിയിടിച്ചു മരിച്ചതാണ്. ഇൗ നാട്ടുകാരനാണ്. അവിടെ ഏതോ ചെറിയ കമ്പനിയിലെ ജോലിക്കാരനാണ്. വാർത്ത അവിടെ നിന്ന് വരും. ഫോട്ടോ കൊടുക്കണം. മറ്റേതെങ്കിലും പത്രത്തിന് കിട്ടും മുമ്പ് പടം സംഘടിപ്പിക്കണം.

പറഞ്ഞല്ലോ. ഇന്നത്തെ കാലമല്ല. മൊബൈൽ ഫോണും ടിവിയും ഒന്നുമില്ല. ആകെയുള്ളത് ഒരു ലാൻഡ് ഫോണാണ്. അത് കറക്കി എവിടേക്കെങ്കിലും വിളിച്ചാൽ കിട്ടിയാൽ കിട്ടി. അത്രതന്നെ. മരിച്ച ഒരാളുടെ ഫോട്ടോയ്ക്ക് വല്ല ബുദ്ധിമുട്ടുണ്ടോ ഇന്ന് . ഫേസ് ബുക്കും വാട്‌സ് ആപ്പുമൊക്കെയില്ലേ. ഫോട്ടോ മാത്രമല്ല, വാർത്ത കിട്ടാൻ തന്നെ പ്രയാസമുണ്ടോ. പണ്ട് അപകടത്തിൽ മരിച്ചവരുടെ ഫോട്ടോ കിട്ടാൻ മരിച്ചവന്റെ വീട്ടിൽ ചെല്ലണം. നമ്മുടെ പത്രത്തിന് മരിച്ചവരുടെ ഫോട്ടോ നിർബന്ധമാണല്ലോ. അതിലൊരു മന:ശാസ്ത്രമുണ്ട്. പ്രാദേശിക ലേഖകർക്കുള്ള ക്‌ളാസിൽ അന്നത്തെ ന്യൂസ് എഡിറ്റർ പറഞ്ഞതാണ്. മരിച്ചവരുടെ ജീവനോടെയുള്ള മുഖം അവസാനമൊന്നുകാണാൻ ആരും കൊതിക്കും. ജീവനുള്ള മുഖത്തോട് മാത്രമേ സ്‌നേഹം തോന്നു,. അതുകൊണ്ടാണ് മരിച്ചവരുടെ മുഖത്തേക്ക് രണ്ട് സെക്കന്റ് നോക്കിയ ശേഷം ആളുകൾ സ്ഥലം കാലിയാക്കുന്നത്. തൊട്ടുമുന്നേ നേരിട്ടു കണ്ടവരാണെങ്കിലും മരിച്ചു കഴിഞ്ഞാൽ പിറ്റേന്ന് പത്രത്തിൽ ഫോട്ടോ കാണണമെന്ന് തോന്നുന്ന ഒരു മന:ശാസ്ത്രം വായനക്കാർക്കുണ്ട്. അതുകൊണ്ട് ഫോട്ടോ ചേർക്കുന്നതിൽ ഉഴപ്പരുത്. അന്ന് ന്യൂസ് എഡിറ്റർ പറഞ്ഞത് ഇന്നലെയെന്നോണം എനിക്ക് ഓർമ്മയുണ്ട്. അതുകൊണ്ടൊക്കെയാണല്ലോ ഇത്രനാളും ഞാൻ മിടുക്കനായ ലേഖകനായി പിടിച്ചുനിന്നത്.
മുംബയിൽ മരിച്ചത് ഒരു പതിനെട്ടുകാരനായിരുന്നു. അവിടെ ഏതോ ചെറിയ കമ്പനിയിലെ ജോലിക്കാരൻ . ബ്യൂറോ ചീഫ് പറഞ്ഞ അഡ്രസ് കുറിച്ചെടുത്ത് ഞാൻ എന്റെ ചേതക് സ്കൂട്ടറിൽ പുറപ്പെട്ടു. വൈകുന്നേരമാണ്. ഏഴുമണിക്ക് മുമ്പ് ഫോട്ടോ എത്തിച്ചാലേ സ്‌കാൻ ചെയ്ത് കോട്ടയത്തേക്ക് അയയ്ക്കാൻ പറ്റു. വൈകിക്കിട്ടുന്ന വാർത്തകൊളൊന്നും പത്രത്തിൽ കയറാത്ത കാലമല്ലേ. പത്തിരുപത് കിലോമീറ്റർ അലഞ്ഞാണ് ഞാൻ മരിച്ചവന്റെ വീട് കണ്ടുപിടിച്ചത്. നാട്ടുകാരാരും അപകട വാർത്ത അറിഞ്ഞിട്ടില്ല. എങ്ങനെ അറിയാൻ . നാളെ പത്രത്തിൽ വന്നാലല്ലേ അറിയു. അപകടവിവരം ആരോടും ഞാൻ പറഞ്ഞതുമില്ല.
വണ്ടിയും വള്ളവുമെത്താത്ത കുഗ്രാമമാണ്.
ഒരു കുന്നിന്റെ മുകളിലേക്കായിരുന്നു വഴി. ഞാൻ സ്‌കൂട്ടർ റോഡിൽ വച്ച് കുന്നുകയറി. വെട്ടുകല്ലുകൊണ്ട് കെട്ടിയ ഓടുമേഞ്ഞ പഴയ വീട്. രണ്ടുമുറികാണും. വരാന്തപോലെ ഒരു ഇറക്കും. അതിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന മാറാലകൾ. ആരുമില്ലേയെന്ന് ഞാൻ രണ്ടു തവണ വിളിച്ചുചോദിച്ചു. അപ്പോഴാണ് എങ്ങനെ ഫോട്ടോ ചോദിക്കുമെന്ന് ഓർത്തത്. മരണത്തെക്കുറിച്ച് അറിയാത്ത വീട്ടിൽ നിന്ന് മരിച്ചവന്റെ ഫോട്ടോ വാങ്ങുക. എന്തൊരു ഗതികെട്ട ജീവിതമാണ് പത്രപ്രവർത്തകന്റേത്. എന്തുചെയ്യണമെന്ന് ഞാൻ പരുങ്ങി നിൽക്കെ അകത്തുനിന്ന് മുഷിഞ്ഞ കൈലിയും ബ്‌ളൗസും ധരിച്ച ഒരു സ്ത്രീ ഇറങ്ങിവന്നു. ഭിത്തിയിൽ പിടിച്ച് മെല്ലെമെല്ലെ വരുന്ന അവരുടെ കുഴിഞ്ഞ കണ്ണുകൾ ചലിക്കുന്നില്ലായിരുന്നു. അവരുടെ കണ്ണുകളും മരിച്ചതായിരുന്നു. ചെറുപ്പത്തിലേ വൃദ്ധയായിപ്പോയ ഒരു സാധു സ്ത്രീ.
“ആരാ പോസ്റ്റുമാനാണോ. ബാലചന്ദ്രന്റെ എഴുത്തുണ്ടോ” – സ്ത്രീ ചോദിച്ചു.
ഞാൻ പോക്കറ്റിൽ കുറിച്ചിട്ട അഡ്രസ് എടുത്തുനോക്കി. അതെ, മരിച്ചവന്റെ പേര് ബാലചന്ദ്രനെന്നാണ്.
“കഴിഞ്ഞ മാസം അവൻ പൈസ അയച്ചില്ല. പാവം അവിടെ പെടാപ്പാട് പെടുകാ…”- സ്ത്രീ പറഞ്ഞുകൊണ്ടിരുന്നു. ഞാൻപോസ്റ്റുമാനാണെന്നാണ് അവർ ധരിച്ചത്. ഞാൻ തിരുത്താൻ പോയില്ല. അവരുടെ സങ്കടം കേൾക്കാനല്ലല്ലോ ഞാൻ വന്നത്. മരിച്ചവന്റെ ഫോട്ടോയാണ് എനിക്ക് വേണ്ടത്. സങ്കടങ്ങൾ വാർത്തയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. കണ്ണുകാണാത്ത ഈ സ്ത്രീ ആ ഫോട്ടോ എവിടെ നിന്ന് കണ്ടെടുത്തുതരുമെന്നായിരുന്നു എന്റെ ചിന്ത. അച്ഛൻ മരിച്ച മകനെ കഷ്ടപ്പെട്ട് വളർത്തിയ കഥകൾ അവർ പറഞ്ഞുകൊണ്ടിരുന്നു. ഞാനെന്ന വ്യാജ പോസ്റ്റുമാൻ അതെല്ലാം മൂളിക്കേട്ടു.
ആറുമണിയാകുന്നു. എനിക്ക് പരിഭ്രാന്തികൂടി. ഏഴുമണിക്ക് മുമ്പ് ഒാഫീസിൽ ഫോട്ടോ എത്തിക്കണം. അപ്പോഴാണ് അത് കണ്ടത്. വെട്ടുകൽ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ശ്രീകൃഷ്ണന്റെ ചില്ലുപൊട്ടിയ ചിത്രത്തിന്റെ കോണിൽ കുത്തിവച്ചിരിക്കുന്ന പാസ് പോർട്ട് സൈസ് ഫോട്ടോ. ചുരുളൻ മുടിക്കാരനായ മീശകുരുക്കാത്ത ഒരു കൊച്ചുപയ്യൻ. അതുതന്നെയായിരിക്കുമോ മരിച്ചവൻ. ഞാൻ ശബ്ദമുണ്ടാക്കാതെ ഒരു കള്ളനെപ്പോലെ , അല്ല കള്ളനായി വരാന്തയിലേക്ക് കയറി. ഫോട്ടോയെടുത്ത് മെല്ലെ തിരിച്ചിറങ്ങി.
എന്റെ കൈയിലിരിക്കുന്നത് മരിച്ചവന്റെ ചിത്രമാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. ഭാഗ്യത്തിന് അപ്പോഴാണ് അടുത്തവീട്ടിലെ സ്ത്രീ അവിടേക്ക് വന്നത്. ഞാൻ കൈയിലെ ഫോട്ടോ കാണിച്ചു ചോദിച്ചു- :” ഇതാണോ ബാലചന്ദ്രൻ ?”
“അതേ “- അവർ പറഞ്ഞു.
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. മറ്റൊരു പത്രത്തിലും വരാത്ത മരിച്ചവന്റെ ഫോട്ടോ നാളെ എന്റെ പത്രത്തിൽ മാത്രം വരുന്നു. ഞാൻ ആഹ്‌ളാദത്തോടെ കുന്നിറങ്ങി.
” ബാലചന്ദ്രന് എന്തുപറ്റി ?”- സ്ത്രീ പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു.
തിരിഞ്ഞുനോക്കാതെ ഞാൻ പറഞ്ഞു – ” മരിച്ചുപോയി. അപകടത്തിൽ”.
പിന്നിൽ എന്തു സംഭവിച്ചെന്ന് ശ്രദ്ധിക്കാതെ ഞാൻ ഓഫീസിലേക്ക് പാഞ്ഞു. മറ്റൊരു പത്രത്തിലും പിറ്റേന്ന് ആ ഫോട്ടോ ഇല്ലായിരുന്നു. നമുക്ക് മാത്രം.
ഇത്രയും പറഞ്ഞുനിർത്തി ജോസഫ് കുര്യൻ മറ്റുള്ളവരെ നോക്കി. പത്രത്തിൽ ദീർഘകാലം പ്രാദേശിക ലേഖകനായി ജോലിചെയ്ത ഒരാൾ പിരിഞ്ഞുപോകുമ്പോൾ ഒരു മര്യാദയ്‌ക്കെന്നോണം അയാൾക്കൊപ്പം ചായകുടിക്കാൻ കാന്റീനിലെത്തിയതായിരുന്നു മറ്റുള്ളവർ. കാലത്തിനൊപ്പം മുഖംമിനുക്കിയ പത്രത്തിലെ യുവ ജേർണലിസ്റ്റുകളായിരുന്നു ജോസഫ് കുര്യന്റെ ശ്രോതാക്കൾ. അയാൾ പറഞ്ഞതൊന്നും അവർക്ക് മനസിലായതേയില്ല. വെറുമൊരു പ്രാദേശിക ലേഖകന്റെ വാക്കുകളെ അത് അർഹിക്കുന്ന അവജ്ഞയോടെയാണ് അവർ കേട്ടിരുന്നത്. ഫോണില്ലാത്ത, ഫേസ്ബുക്കും ഇൻസ്റ്റയുമില്ലാത്ത, ടി.വിയില്ലാത്ത കാലം അവരുടെ ചിന്തയിലേ എത്തിയില്ല. പിന്നയല്ലേ മരിച്ചവന്റെ ചിത്രവും മരിച്ച കണ്ണുള്ളവളുടെ ജീവിതവും അവരെ തൊടുന്നത്.
ജോസഫ് കുര്യൻ തന്റെ ആത്മകഥയിലെ ഒരേട് അനാവരണം ചെയ്യുന്നത് ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു അവരെല്ലാം. പത്രത്തിലെ പ്രാദേശിക ലേഖകനും സ്ഥിരം ജീവനക്കാരും എന്ന അകലം പിരിഞ്ഞുപോകുന്ന വേളയിലെ ചായ പങ്കിടലിലൂടെ ഇല്ലാതാകുന്നതല്ലല്ലോ.
” “അപ്പോൾ ശരി അച്ചായാ “എന്ന ഹൃദ്യമായ ഷേക്ക് ഹാൻഡ് നൽകി അവർ മടങ്ങുകയും ജോസഫ് തനിച്ചാവുകയും ചെയ്തു.
അയാൾ പുറത്തേക്കിറങ്ങി. ആവർത്തനവിരസമായ പലതരം പണികൾക്കായി പത്രം ഓഫീസിലേക്ക് വരുന്ന മറ്റ് ജീവനക്കാർ പിരിഞ്ഞുപോകുന്ന അയാളെ അഭിവാദ്യം ചെയ്ത് തിരക്കിട്ട് നടന്നുപോയി. നീണ്ട മുപ്പത്തിയഞ്ചു വ ർഷം അയാൾ നടന്ന അതേ തിരക്കിന്റെ വഴികളിലൂടെ. പക്ഷേ തിരക്കുകളും സമ്മർദ്ദങ്ങളുമില്ലാത്ത ഈ നിമിഷം ജോസഫ് കുര്യനെ വല്ലാതെ അനാഥനാക്കിക്കളഞ്ഞു.
മുപ്പത്തിയഞ്ചു വർഷം താൻ പണിയെടുത്ത പത്രസ്ഥാപനത്തിലേക്ക് അയാൾ തിരിഞ്ഞുനോക്കി. മരവിച്ച ഗർവോടെ അത് തലയുയർത്തി നിൽക്കുന്നു. ഞാനും അവിടെ ഉണ്ടായിരുന്നെന്ന് ചിരിച്ചുകാട്ടി ജോസഫ് നടന്നു.
മരിച്ചവന്റെ ചിത്രത്തെക്കുറിച്ച് ഈ വിരമിക്കൽ ദിവസമാണല്ലോ താൻ ഓർക്കുന്നതെന്ന് അയാൾ ചിന്തിച്ചു. വാർത്തകളുടെ തിരക്കൊഴിഞ്ഞ ആദ്യ ദിവസത്തെ ആദ്യ ഓർമ്മ. അപ്പോൾ അയാൾക്ക് ഓഫിസീലെ പഴയ പ്യൂൺ കൃഷ്ണൻകുട്ടിയെയും ഓർമ്മ വന്നു. മൂന്നും നാലും മാസം കൂടുമ്പോൾ പത്രം ഓഫീസിലെ പഴയ ഫോട്ടോകൾ കത്തിച്ചുകളയുന്നത് കൃഷ്ണൻകുട്ടിയായിരുന്നു. ഓഫീസിന് പിന്നിൽ കൂട്ടിയിട്ട ഫോട്ടോകളിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഉണ്ടാകും. തീപിടിച്ചുരുകുന്ന അവയ്ക്കരികിൽ പഴയ ഹരിശ്ചന്ദ്രൻ സിനിമയിലെ തിക്കുറിശിയുടെ ചുടലപ്പറമ്പിലെ കഥാപാത്രത്തെപ്പോലെ വടി പിടിച്ച് കൃഷ്ണൻകുട്ടിയെ കാണാം . വാർത്താ ചിത്രങ്ങളുടെ ചുടലപ്പറമ്പിലെ കാവൽക്കാരനായി. പൊള്ളിക്കുടുന്നും വളഞ്ഞുപുളഞ്ഞും ഫോട്ടോയിലെ ഓരോ മുഖങ്ങളും ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്നത് ജോസഫ് നോക്കി നിന്നിട്ടുണ്ട്. കണ്ണുകാണാത്ത സ്ത്രീയുടെ മകന്റെ ഫോട്ടോയും ആ ചുടലയിൽ എരിഞ്ഞു തീർന്നിട്ടുണ്ടാകും. ആ സ്ത്രീയുടെ വീട്ടിൽ മകന്റെ വേറെ ഫോട്ടോ ഉണ്ടാകാനിടയില്ലെന്നും ആകെയുള്ള ഒരോയൊരു ഫോട്ടോയായിരിക്കും താൻ മോഷ്ടിച്ചതെന്നും അന്നേരമാണ് ജോസഫ് ഓർത്തത്. വാർത്തകളുടെ ലഹരി പിടിച്ച തിരക്ക് ഒഴിയുമ്പോൾ വിരമിച്ച പത്രപ്രവർത്തകനെ ഇങ്ങനെയുള്ള ആധികൾ വന്നു മുടുമായിരിക്കും.
വീട്ടിലെത്തുമ്പോൾ രാത്രിയായി. ഭാര്യ അയാളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നീണ്ട നാളുകളിലെ വാർത്തയുടെ ലോകത്തുനിന്ന് ശൂന്യമായ മറ്റൊരു ലോകത്തേക്ക് എത്തിയതുപോലെ തോന്നി അയാൾക്ക്.
” സ്വസ്ഥമായി അല്ലേ “- ഭാര്യ ചോദിച്ചു.
അയാൾ പറഞ്ഞു- ” വല്ലാത്ത ക്ഷീണം. എനിക്കൊന്നു കിടക്കണം.”
രാത്രി അത്താഴ നേരത്ത് ഭാര്യ വിളിച്ചിട്ടും അയാൾ ഉണർന്നില്ല. ഉണർന്നിട്ടു കാര്യമില്ലല്ലോ. വാർത്തകളുടെ വിഭ്രമിപ്പിക്കുന്ന ലോകം അയാളെ കാത്തിരിക്കുന്നില്ലല്ലോ. പിന്നെന്തിന് ഉണരണം.
രാത്രി വൈകി അയാളുടെ മരണ വാർത്ത അറിയുമ്പോൾ പത്രം ഓഫീസിൽ നിന്ന് ആദ്യം ഉയർന്ന ചോദ്യം മരിച്ചയാളുടെ ഫോട്ടോ ഉണ്ടോ എന്നായിരുന്നു.
പുതിയ കുട്ടികൾ പരുങ്ങി. പുരാതന മുഖമുള്ള ഒരു പ്രാദേശിക ലേഖകന്റെ ഫോട്ടോ അവരുടെ കൈവശമില്ലായിരുന്നു.
” എന്തൊരു കഷ്ടമാണിത്.” – ന്യൂസ് എഡിറ്റർ അരിശപ്പെട്ടു- “പത്ത് മുപ്പത്തിയഞ്ച് കൊല്ലം ഇവിടെ പണിയെടുത്ത മനുഷ്യനാണ്. അയാളുടെ ഫോട്ടോ ഈ സ്ഥാപനത്തിലെ ആരുടെയും കൈയിൽ ഇല്ലെന്നോ.”
” അയാൾ ഫേസ് ബുക്കിലോ ഇൻസ്റ്റയിലോ ഉണ്ടോ ? ” – യുവ ജേണലിസ്റ്റുകൾ പരസ്പരം അടക്കം ചോദിച്ചു.
രാത്രി വൈകുകയാണ്. ഇത്രനാൾ ജോലി ചെയ്ത് മരിച്ചുപോയവന്റെ ചിത്രമില്ലാതെ നാളെ പത്രം പുറത്തിറങ്ങുന്നതോർത്ത് ന്യൂസ് എഡിറ്റർക്ക് ദേഷ്യം ഇരട്ടിച്ചു.- ” സ്വന്തം ജീവനക്കാരന്റെ മരണ വാർത്തയ്ക്കൊപ്പം ഫോട്ടോ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കുലേഷനിൽ ഒന്നാമതാണെന്നൊക്കെ പൊങ്ങച്ചം പറഞ്ഞിട്ടെന്ത്? “- ന്യൂസ് എഡിറ്റർ അമർഷത്തോടെ ചോദിച്ചു- ” എന്റെ ഫോട്ടോ ആരുടെയെങ്കിലും കൈയിലുണ്ടോ… നാളെ ഒരാവശ്യം വരുമ്പോൾ ഇങ്ങനെ തപ്പി നടക്കേണ്ടി വരരുത്.”
അത് പറഞ്ഞു കഴിഞ്ഞ ശേഷം അയാൾ പേടിയോടെ തലയ്ക്കടിച്ച് നിശബ്ദമിരുന്നുപോയി