രണ്ടു വാക്കുകൾ
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പടികള്‍ ഇറങ്ങിവന്ന പേരക്കിടാവിനോട് മത്തായി സാര്‍ പറഞ്ഞു. ‘ജിതിന്‍ മോനെ വല്യപ്പച്ചന്റെ ഫോണില്‍ നിന്ന് പുറത്തോട്ട് വിളിക്കാന്‍ പറ്റുന്നില്ലല്ലോ. ഒന്നു നോക്കാമോ?’ ‘ഉം’
വല്യപ്പച്ചന്റെ വിടര്‍ന്ന കണ്ണുകളിലെ തെളിമ കാണാന്‍ ചെറു മകന്റെ ശിരസു ഉയര്‍ന്നില്ല .ഊണ് കഴിയുമ്പോള്‍ നോക്കുമായിരിക്കും .മത്തായി സാര്‍ ഡ്രോയിങ് റൂമിലെ ചാരുകസേരയില്‍ ചാഞ്ഞിരുന്നു . ജിതിന്‍ വീണ്ടും സ്റ്റെപ്പുകള്‍ കയറുന്നത് കണ്ടപ്പോള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു
‘മോനെ വല്യപ്പച്ചന്റെ ഫോണ്‍…….’
‘കുറച്ചു കഴിയട്ടെ’
അവന്‍ പടികള്‍ അമര്‍ത്തി ചവിട്ടി ഉയരങ്ങളിലേക്ക്. കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും കാര്യത്തില്‍ നമ്മള്‍ വെറും ഇല്ലിറ്ററേറ്റ് ആയിപ്പോയല്ലോ എന്ന് ഭാര്യയോട് പറഞ്ഞു സ്വയം അടങ്ങാറുണ്ട് മത്തായി സാര്‍. അവര്‍ രണ്ട് പഴയ എല്‍ പി സ്‌കൂള്‍ അധ്യാപകര്‍. മൊബൈല്‍ ഫോണ്‍ വ്യാപകമാകുന്നതിനും എത്രയോ മുന്നേ പെന്‍ഷന്‍ പറ്റി പിരിഞ്ഞവര്‍. രണ്ടുപേര്‍ക്കും ആകെ അറിയാവുന്നത് അക്കങ്ങളില്‍ വിരല്‍ അമര്‍ത്തി അങ്ങോട്ട് വിളിക്കാനും ഇങ്ങോട്ട് വരുന്ന കോള്‍ അറ്റന്‍ഡ് ചെയ്യാനും മാത്രം. അതിന്റെ ആവശ്യമല്ലേ തങ്ങള്‍ക്കുള്ളു. ജിതിന്‍ മോന്‍ ആണെങ്കില്‍ എപ്പോഴും ഫോണില്‍ മുകളിലേക്കും താഴേക്കും വിരല്‍ ഓടിച്ചു കൊണ്ടിരിക്കുന്നത്
കാണാം. എങ്ങനെയെന്നോ എന്തിനെന്നോ മനസ്സിലാക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടേയില്ല രണ്ടുപേരും. ഇനിയിപ്പോള്‍ ഇതിന്റെയൊക്കെ ആവശ്യം എന്ത്? ഇലകള്‍ കൊഴിഞ്ഞ് ജീവകോശങ്ങള്‍ നിര്‍ജീവമായ ഉണക്കമരം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് വൃക്ഷങ്ങള്‍. ഗ്രീഷ്മത്തിലെ വരണ്ടുണങ്ങിയ കരിയില നിറമുള്ള പുല്‍മേടുകള്‍ക്ക് പച്ചനിറമേകാന്‍ ആഷാഢത്തിലെ ഒരൊറ്റ മഴ മാത്രം മതിയാകും എന്നത് പ്രകൃതി നിയമം. എന്തിനാണ് ഈമാതിരി പാഴ് ചിന്തകള്‍ ! മത്തായി സാറില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു. അത്താഴം കഴിഞ്ഞപ്പോള്‍ മത്തായി സാര്‍ പറഞ്ഞു.
‘മോനെ എന്റെ ഫോണിന്റേ കാര്യം..?
ഞാന്‍ ഒരല്പം ബിസിയാണ് വല്യപ്പച്ചാ. നാളത്തേക്കുള്ള കുറച്ച് നോട്‌സ് പ്രിപ്പയര്‍ ചെയ്യാന്‍ ഉണ്ട് .’
‘ശരി മോനെ
അടുത്ത ദിവസം രാവിലെ
യൂണിഫോമിന്റെ മുകളിലേക്ക് സ്‌കൂള്‍ ബാഗ് തൂക്കിയിടുന്ന കൊച്ചു മകനോട് അച്ചാമ്മച്ചി ചോദിച്ചു .
‘മോനെ വല്യപ്പച്ചന്റെ ഫോണ്‍ നന്നാക്കിയാരുന്നോ ‘
‘ഓ തുടങ്ങി ‘
അവന്റെ ആത്മഗതം അടുത്തു നിന്നിരുന്ന മത്തായി സാറിന്റേ കര്‍ണ ഇന്ദ്രിയങ്ങളോളം എത്തി.
‘ഞാന്‍ പോയിട്ട് വരട്ടെ ബസ് വരാറായി’
അവന്‍ ഗേറ്റ് കടന്ന് റോഡിലേക്ക് ഓടി. അടുത്തദിവസം അവധി ആയിരുന്നതിനാല്‍ വലിയപ്പച്ചന്‍ വീണ്ടും ജിതിന്റെ അടുത്തെത്തി. അവന്‍ മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഗെയിം ഒന്ന് തീര്‍ന്നിട്ട് വേണ്ട..!എല്ലാം കണ്ടും കേട്ടും ഇരുന്ന അച്ചാമ്മച്ചി ജിതിനോട് പറഞ്ഞു
‘വല്യപ്പച്ചന് അത്യാവശ്യമായിട്ട് ഒരാളെ വിളിക്കാന്‍ ഉണ്ടായിരുന്നു. ശരിയാക്കി കൊടുക്കാഞ്ഞത് വല്യപ്പച്ചന് വലിയ സങ്കടം ആയിപ്പോയി. അതുകൊണ്ട് അപ്പച്ചന്‍ ഇന്ന് മൊബൈലുകടയില്‍ പോയി ഫോണ്‍ നന്നാക്കി. വലിയോരു പറയുന്നത് മക്കള്‍ കേള്‍ക്കണ്ടേ കുഞ്ഞേ.എപ്പോളായാലും വലിയവര്‍ പറയുന്നത് നമ്മള്‍ അനുസരിക്കണം മോനെ അവര്‍ ഒരിക്കലും നമുക്ക് ദോഷം വരുന്നതൊന്നും പറയേല മറിച്ച് ഗുണം ഉണ്ടാവുകയും ചെയ്യും.”
ജിതിന്‍ പെട്ടെന്ന് മുറിവിട്ടിറങ്ങി അവന്റെ അമ്മയുടെ അടുത്ത് ചെന്നു.
‘മമ്മി. എനിക്ക് ഇതൊന്നും തീരെ പിടിക്കുന്നില്ല കേട്ടോ .അചാമ്മച്ചി ആണെങ്കില്‍ ആകെ ആറ്റിറ്റിയൂഡിലാ. ഒരാള്‍ അനുസരിപ്പിക്കാനും വേറൊരാള്‍ ഉപദേശിക്കാനും.
എല്ലാം കേള്‍ക്കാനിടയായ മത്തായി സാര്‍ മകളോട് പറഞ്ഞു. ‘ഇവന്റെ ഡാഡി കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് ഫോണ്‍ ചെയ്തപ്പോള്‍ മോള്‍ക്ക് കോളേജിലെയും ഹോസ്റ്റലിലെയും ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് നാളെയാണെന്നും നിന്റെ അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെന്നും രാജുവിനോട് പറയുന്നത് ഞാന്‍ കേട്ടായിരുന്നു. എന്റെ ഒരു സുഹൃത്തിനെ വിളിച്ചു അയാള്‍ എനിക്ക് തരാനുള്ള കുറച്ച് പൈസ ഉടനെ തരണമെന്ന് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഫോണ്‍ ശരിയാക്കാന്‍ പറഞ്ഞത്. കഷ്ടകാലത്തിന് അയാളുടെ ഫോണ്‍ നമ്പര്‍ എനിക്ക് കാണാതെ അറിയാനും പാടില്ലാതെ പോയി. ഏതായാലും ഫോണ്‍ ശരിയായല്ലോ. അയാള്‍ ഇന്ന് പണം ഇവിടെ കൊണ്ടുവന്നു തരും.’
തിരിഞ്ഞു നടക്കുന്നതിനിടയില്‍ മത്തായി സാര്‍ ഒന്നു കൂടി പറഞ്ഞു ‘ഇക്കാലത്തെ നിഘണ്ടുവില്‍ നിന്ന് രണ്ടു വാക്കുകള്‍ അത്യാവശ്യമായി നീക്കം ചെയ്യേണ്ടതാണ്. ഒന്നാമത്തെത് ‘അനുസരണ’യും രണ്ടാമത്തേത് ‘ഉപദേശവും”. അര്‍ത്ഥമില്ലാത്ത ഈ വാക്കുകള്‍ കൊണ്ട് ഇനി ആര്‍ക്കും ഒരു പ്രയോജനവും ഇല്ല